Total Pageviews

Saturday, March 22, 2008

കുട്ടനാട്ടിലെ നെല്ലും പതിരും

നേരം വെളുത്തെന്നും വെളുത്തില്ലെന്നും പറഞ്ഞ് രണ്ട് കുരുവികള്‍
തര്‍ക്കിച്ച കഥയുണ്ട്. ഈ കഥയാണ്
കുട്ടനാട്ടിലെ കൃഷിനാശം സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കം കാണുമ്പോള്‍ ഓര്‍മ്മ വരിക.കാലം തെറ്റി വന്ന മഴയാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമെന്ന് ഭരണപക്ഷം.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ കെ എസ് കെ റ്റി യു വിന്‍റെ യന്ത്രവിരുദ്ധ നിലപാടാണ് ഇത്രയധികം നഷ്ടം വരുത്തിവച്ചതെന്ന് പ്രതിപക്ഷം.

സത്യം ഇവയ്ക്കു രണ്ടിനും ഇടയിലാണ്.മഴക്കോളു പോലും മാനത്തില്ലാതിരുന്ന ദിവസങ്ങളില്‍ തന്നെ കൈരളി ഒഴികെയുള്ള ചാനലുകളും ചില പത്രങ്ങളും കൊയ്ത്തു യന്ത്രം പാടത്തിറക്കുന്നതിനെതിരെ കെ എസ്സ് കെ റ്റി യു രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.നിനച്ചിരിക്കാതെ വേനല്‍മഴ തിമര്‍ത്ത് പെയ്യുകയും കൂടി ചെയ്തപ്പോള്‍ കുട്ടനാട്ടെ വിളഞ്ഞു കിടന്ന നെല്ലു മുഴുവന്‍ വെള്ളത്തിലായി.കൃഷിക്കാര്‍ ദുരിതക്കയത്തിലും.തടിയുടെ വളവും പണിക്കാരന്‍റെ കുറ്റവും ഉണ്ടെന്നു പറഞ്ഞപോലെ തൊഴില്‍ സമരവും മഴയും കൂടിയാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്.

എന്തും രാഷ്ട്രീയദൃഷ്ടിയില്‍ കൂടി മാത്രം കാണുന്ന മലയാളിയുടെ പൊതുസ്വഭാവം കൃഷിനാശപ്രശ്നത്തിലും
പ്രതിഫലിച്ചിട്ടുണ്ട്.കുട്ടനാട്ടിലാണ് അത് അധികം കണ്ടത്.കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്നതിനേക്കാള്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.കുട്ടനാട്ടില്‍ യന്ത്രമിറക്കാന്‍ യൂണിയന്‍ അനുവദിക്കത്തതു കൊണ്ടാണെന്നു സമ്മതിച്ചാല്‍തന്നെ തൃശൂരിലും കോട്ടയത്തും ഉണ്ടായ നെല്‍കൃഷി നാശത്തിന് എന്താണു കാരണം പറയുക?അനവസരത്തിലെ മഴ വിതച്ച ദുരിതത്തിനു
കേന്ദ്രത്തില്‍ നിന്നു കിട്ടാന്‍ സാദ്ധ്യതയുള്ള സഹായം ഇല്ലാതാക്കാനേ ഇത്തരം പ്രചരണങ്ങള്‍ ഉപകരിക്കൂ.
ആരുടെ ഒത്താശയുണ്ടായാലും പ്രകൃതി കനിഞ്ഞില്ലെങ്കില്‍ യന്ത്രക്കൊയ്ത്തും നടക്കില്ലെന്ന് പ്രതിപക്ഷ നേതാവിനും സംഘത്തിനും ബോദ്ധ്യമായിട്ടും ആരോപണം ആവര്‍ത്തിക്കുന്നത് കര്‍ഷകന് ഗുണം ചെയ്യില്ല.

ഭരണപക്ഷം ചെയ്യുന്ന എന്തിനെയും എതിര്‍ക്കുകയാണ് പ്രതിപക്ഷത്തിന്‍റെ (ഇപ്പോഴത്തെ മാത്രമല്ല മുമ്പത്തെയും)ചുമതല എന്ന് ധരിച്ചു വശായ ജനാധിപത്യ സംസ്കാരം നിലനില്‍ക്കുന്നിടത്തോളം അവരെ കുറ്റം
പറയുന്നതില്‍ കാര്യമില്ല.അപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടണ്ടത് ഭരണകക്ഷികളാണ്.യന്ത്രത്തെ തടഞ്ഞെ
ന്ന ആരോപണം പാര്‍ട്ടിയും യൂണിയനും നിഷേധിക്കുന്നുണ്ടെങ്കിലും ആരും അതു മുഖവിലയ്ക്കെടുക്കുന്നില്ല.
ഭരണം കൈയില്‍ കിട്ടുമ്പോഴെല്ലാം മാര്‍ക്സിസ്റ്റു പാര്‍ട്ടി പോഷക സംഘടനകളെ കയറൂരി വിടും എന്ന
അപഖ്യാതി പണ്ടേ ഉള്ളതാണ്.അത്തരം ആരോപണങ്ങള്‍ അടിസ്ഥാനമുള്ളതാണെന്ന് ഒരിക്കല്‍ കൂടി പാര്‍ട്ടി
തെളിയിച്ചിരിക്കുന്നു.നെല്‍കൃഷിക്കും കര്‍ഷകര്‍ക്കും വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള മുഖ്യമന്ത്രിയ്ക്ക്,
മറ്റു പലകാര്യത്തിലുമെന്നപോലെ, തലവേദന സൃഷ്ടിക്കാനുള്ള പാര്‍ട്ടിയിലെ മറുഭാഗത്തിന്‍റെ ഗൂഢനീക്കമായിരു
ന്നോ യന്ത്രവിരോധ സമരമെന്നും സംശയമുണ്ട്.

ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കണ്ടാ എന്ന് കരുതിയവരെയെല്ലാം താഴെയിറങ്ങിയപ്പോള്‍ പട്ടി
കടിച്ചു കീറിയിട്ടുണ്ട്.അധികാരത്തിന്‍റെ പിന്‍ബലത്തില്‍ പരദ്രോഹത്തിനു മുതിരുന്നവര്‍ അതു മറക്കരുത്;
ഗ്രൂപ്പ് കളിക്കുന്നവരും.പ്രകടനപത്രികയില്‍ മതിമയങ്ങിയവരുടെ വോട്ടുകളല്ല ,മറിച്ച് ഭരണത്തില്‍ സഹികെട്ടവരുടെ വോട്ടു കൊണ്ടാണ് രണ്ടുകൂട്ടരും മാറിമാറി അധികാരത്തിലെത്തിയതെന്നു കൂടി ഓര്‍ക്കുക.

Fans on the page

8 comments:

dethan said...

സംസ്ഥാനത്ത് കാലം തെറ്റിയെത്തിയ മഴ വരുത്തിയ കെടുതികളും അവ രാഷ്ട്രീയാന്തരീക്ഷത്തില്‍ സൃഷ്ടിച്ച
കോലാഹങ്ങളും ചെറുതായി ചര്‍ച്ച ചെയ്യുന്നു

Radheyan said...

കൃഷി എന്ന സംഭവം തന്നെ വളരെ തളര്‍ച്ചയിലായിരുന്നു മുന്‍ സര്‍ക്കാരിന്റെ കാലത്ത്.(അവര്‍ കൂടുതലും ശ്രദ്ധിച്ചത് വന്‍ വ്യവസായങ്ങള്‍ വരുത്താനായിരുന്നു).

സ്ഥിതി കുറച്ച് ഭേദമായിട്ടുണ്ട് ഇപ്പോള്‍.കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞിരിക്കുന്നു.കൃഷി എന്ന ഉപജീവനത്തിനു കുറച്ചു കൂടി ശ്രദ്ധ കിട്ടിയിരിക്കുന്നു.അത് ഈ സര്‍ക്കാരിന്റെ മേന്മ എന്നൊന്നും പറഞ്ഞു കൂട.എങ്കിലും എന്തൊക്കെയോ ചെയ്യുവാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്.

കുട്ടനാട്ടില്‍ ആളുകളെ കൃഷിയിലേക്ക് തിരികേ കൊണ്ടുവന്നത് നെല്ലു സംഭരണവും നെല്ലിന്റെ സംഭരണവിലയുമാണ്.ഇപ്പോള്‍ മില്ലുകാര്‍ പറയുന്ന വിലയ്ക്ക് നെല്ല് കൊടുക്കേണ്ടി വരുന്നില്ല.നെല്ലിന് ഒരു മിനിമം അഷുവേര്‍ഡ് വില കിട്ടുന്നു.

പക്ഷെ കുട്ടനാട്ടിലെ കര്‍ഷക-കര്‍ഷക തൊഴിലാളി ബന്ധം എന്നും അത്ര സുഖകരമായിരുന്നില്ല.അത് കൊണ്ട് തന്നെ കാര്‍ഷിക മേഖലയില്‍ ആവശ്യമുള്ള അത്ര യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.ഇതില്‍ പലപ്പോഴും അധികാരത്തില്‍ വരുന്ന പാര്‍ട്ടി എന്ന ഉത്തരവാദിത്തം സി.പി.എം കാട്ടിയില്ല.നിലവിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ കാര്യമായി നഷ്ടമാവാതെ യന്ത്രവല്‍ക്കരണം നടപ്പാക്കിയാല്‍ മാത്രമേ കുട്ടനാടിനു നെല്ലറയായി നിലനില്‍പ്പുള്ളൂ.

തൊഴിലാളികളെയും കര്‍ഷകരെയും തമ്മില്‍ തല്ലിച്ച് ചോര കുടിക്കാന്‍ നടക്കുന്ന ജംബുകഭാവമായിരുന്നു കൊയ്ത് യന്ത്രത്തില്‍ നിന്നും ഇരുന്നും വിജയാഘോഷം മുഴക്കിയ യുഡീഎഫ് നേതാക്കള്‍ക്ക്.ഇവര്‍ ഭരിച്ചിരുന്നപ്പോള്‍ കര്‍ഷകര്‍ക്കായി നല്‍കിയത് എകലക്സില്‍ കുഴച്ച കണ്ണീര്‍ ഉരുളകളോ ഒരു മുഴം കയറോആയിരുന്നു

അവശേഷിക്കുന്ന ഓരോ കര്‍ഷക തൊഴിലാളിയും സംരക്ഷിക്കപ്പെടണം, തൊഴില്‍ എന്ന രീതിയിലും ഭക്‍ഷ്യോല്പാദനമെന്ന രീതിയിലും കര്‍ഷകന്റെ ഉപജീവനമെന്ന നിലയിലും കൃഷി ഇവിടെ നിലനില്‍ക്കണം. അതിനായി

1. കൃഷിക്ക് പലിശയില്ലാത്ത വായ്പ നല്‍കണം.
2. വിളകള്‍ സര്‍ക്കാര്‍ ഇന്‍ഷുര്‍ ചെയ്യണം
3. കുട്ടനാടിന്റെ ജൈവ വ്യവസ്ഥ നിലനിര്‍ത്താന്‍ ഒരു നെല്ലും ഒരു മീനും കൃഷി ചെയ്യണം.കുട്ടനാടിനെ സമ്പൂര്‍ണ്ണമായി ജൈവ കൃഷിയിടമാക്കണം
4.കുട്ടനാട്ടിലെ നെല്ലും മീനും ബ്രാന്ഡ് ചെയ്ത് വില്‍ക്കണം.
5.ഹൌസ് ബോട്ടുകളും വന്‍‌കിട ഹോട്ടലുകളും നിയന്ത്രിക്കണം.ഹോം സ്റ്റേ ടൂറിസം
പ്രോത്സാഹിപ്പിക്കണം.
6.കള്ള് ചെത്തി പുളിപ്പിക്കാതെ വില്‍ക്കാന്‍ തെങ്ങ് കര്‍ഷകനെ അനുവദിക്കണം.
7.ഗവേഷണ കേന്ദ്രങ്ങളെ ബയോറ്റെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളാക്കണം.ശാസ്ത്രത്തിന്റെ ഫലം കര്‍ഷകനു നേരിട്ട് ലഭിക്കണം
8.യന്ത്രവല്‍ക്കരണം അടുത്ത 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണമാക്കണം

Nishedhi said...

നന്നായിട്ടുണ്ട്‌, ആശംസകള്‍!

dethan said...

പ്രിയ രാധേയന്‍,
ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.പക്ഷേ കൃഷിക്കാരുടെ പ്രശ്നങ്ങള്‍ക്ക് ശ്വാശത പരിഹാരം കാണണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ആര്‍ക്കും ഇല്ലെന്നാണ് കരുതേണ്ടത്.കഴിഞ്ഞ സര്‍ക്കാരിന് കൃഷിയിലെന്നല്ല സംസ്ഥാനപുരോഗതിയിലൊന്നിലും താല്പര്യം ഇല്ലായിരുന്നെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണല്ലോ.
അതുകൊണ്ടാണ് ഇപ്പോള്‍ പ്രതിപക്ഷത്ത്ഇരിക്കേണ്ടി വന്നത്.താങ്കള്‍ പറയുമ്പോലെ ,ഇപ്പോള്‍ സ്ഥിതി കുറേ മാറിയിട്ടുണ്ട്.പക്ഷേ കൃഷിമന്ത്രിയും മുഖ്യമന്ത്രിയും കാട്ടുന്ന താല്പര്യം ധനമന്ത്രിക്കുണ്ടോ എന്ന് സംശയമാണ്.കിസ്സാന്‍ശ്രീ പദ്ധതിയിലും മറ്റും അദ്ദേഹം സ്വീകരിച്ച നിലപാട് ഓര്‍ക്കുക.

പ്രിയ നിഷേധിക്ക്,
നന്ദി

mayavi said...

.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ കെ എസ് കെ റ്റി യു വിന്‍റെ യന്ത്രവിരുദ്ധ നിലപാടാണ് ഇത്രയധികം നഷ്ടം വരുത്തിവച്ചതെന്ന്രാധേയോ...ഈ ഗവര്മെന്റ് വന്നതില്പ്പിന്നെ, എന്തൊരു വളര്ച്ചയാ കൃഷിക്ക് അല്ലെ, ഹൊ തലശ്ശേരിയില്‍ എന്നാ വിളവെടുപ്പായിരുന്നു, തല കൊയ്ത് കൊയ്ത് കൂട്ടുവല്ലിയോ, അണ്ണോ.. ദുഫായില്‍ ബഹുരാഷ്ട്ര കമ്പനീന്ന് കിട്ടുന്നത് എല്ലിക്കുത്തുന്നുണ്ടായിരിക്കുമല്ലെ? പാവപ്പെട്ടവരും ജീവിച്ച്പോട്ടെടോ.. അവരെ ബഹുരാഷ്ട്രത്തിനെതിരാക്കിയിട്ട് തന്നെപ്പൊലുള്ള അതിബുദ്ധിമാന്മാര്‍ കാശുണ്ടാക്കുന്നു...ഒന്നു നിറ്ത്ത്ചങ്ങാതീ ഈ പ്രസംഗം മനസാക്ഷികുത്തില്ലാത്ത മനുഷ്യാ(*?)...

പിന്നെ പോസ്റ്റണ്ണനെന്താപറഞ്ഞത്, കഴിഞ്ഞഗവറ്മെന്റിന്‍ നാടു നന്നാക്കുന്നതിലേ താല്പര്യമില്ലയിരുന്നെന്നോ...അപ്പൊ ഇടതുമുന്നണി നാട് സ്വര്ഗമാക്കി മാറ്റുന്നെന്നാണോ? അതോ നിങ്ങളൂടെയൊക്കെ തലച്ചോര്‍ മരവിച്ചപോലെ, കണ്ണും കാണാതായോ?
ഏത്കോപ്പന്‍ അധികാരത്തില്‍ വന്നാലും ഗള്ഫില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ അവന്സ്ഥ കാണായിരുന്നു. പിന്നെ ഇപ്പൊഴുള്ളകോപ്പന്മാര്‍ എന്തോ ഒണ്ടാക്കുന്നു എന്ന രീതിയില്‍ ഗള്ഫില്‍ വന്ന് കാശുണ്ടാക്കുന്ന ചിലര്‍ എമ്പോക്കിത്തരം വിളമ്ബുന്നത് കണ്ട് പ്രതികരിച്ച്താണേയ്....

dethan said...

പ്രിയ മായാവി അനിയാ,
രോഷം കൊള്ളാം.മറഞ്ഞു നിന്ന് പോഴത്തം വിളമ്പാന്‍ ഏത് എമ്പോക്കിക്കും കഴിയുമനിയാ.('എമ്പോക്കി' പ്രയോഗത്തിന് താങ്കളോട് കടപ്പാട്)രാധേയന്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു.മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് ഇപ്പോഴത്തെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഗുണകരമായ ചിലത് ചെയ്തു എന്നു പറഞ്ഞതിന് അര്‍ത്ഥം
സ്വര്‍ഗ്ഗം തീര്‍ക്കും എന്നല്ല.ഈ സര്‍ക്കാരിന്‍റെ ഏറ്റവും അന്ധനായ അനുഭാവി പോലും അങ്ങനെ അവകാശപ്പെടു
മെന്നു തോന്നുന്നില്ല.കഴിഞ്ഞ സര്‍ക്കാരിനെക്കുറിച്ചുള്ള എന്‍റെ അഭിപ്രായം ശരിയാണെന്നു തന്നെ ഇപ്പോഴും
വിശ്വസിക്കുന്നു.
പിന്നെ;ഗള്‍ഫ് പണമില്ലായിരുന്നെങ്കില്‍ കേരളം മുങ്ങിപ്പോകുമെന്നു പറയുന്ന താങ്കള്‍ തന്നെ 'ഗള്‍ഫില്‍ വന്നു കാശുണ്ടാക്കുന്ന ചിലരുടെ' അഭിപ്രായത്തെ 'എമ്പോക്കിത്തര'മെന്ന് വിശേഷിപ്പിക്കുന്നതില്‍ ചെറിയ വൈരുദ്ധ്യമില്ലേ?ഗള്‍ഫ് മലയാളികള്‍ അവിടെ പോയി കാശ് നിര്‍മ്മിച്ചെടുക്കുകയോ കുഴിച്ചെടുക്കുകയോ അല്ല.അദ്ധ്വാനിച്ചാണ് പണമുണ്ടാക്കുന്നത്;കൂലി വേലക്കാരനായാലും ഉന്നത ഉദ്യോഗസ്ഥാനായാലും.
ക്രോധം ബുദ്ധി നാശത്തിനു കാരണമാകുമെന്ന് ഭഗവദ്ഗീതയില്‍ വായിച്ചിട്ടുണ്ടെങ്കിലും യുക്തിബോധത്തിനു കേടു വരുത്തുമെന്ന് കരുതിയില്ല.

-ദത്തന്‍

maramaakri said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

dethan said...

മരമാക്രീ,

പുഴയിലെ ശശിധരനെന്ന തെറിപ്പാട്ടുകാരന്‍ നികൃഷ്ടനെപ്പോലും തെറിവിളിക്കാറില്ല.പിന്നെന്തിനാ മരമാക്രീ താങ്കളെ?

-ദത്തന്‍