Total Pageviews

Wednesday, March 12, 2008

ഉച്ച തിരിയുന്ന എസ്.എസ്.എല്‍.സി പരീക്ഷ

ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്കു ശേഷമാണ് ആരംഭിച്ചത്.ചോദ്യക്കടലാസ് ചോര്‍ച്ചയുള്‍പ്പടെ ഉള്ള ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് സമയ മാറ്റം എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.ചോര്‍ച്ചയ്ക്കുള്ള ഒരു പഴുത് ഈ പരിഷ്ക്കാരം മൂലം അടയ്ക്കാന്‍
ചിലപ്പോള്‍ കഴിഞ്ഞേക്കാം.പക്ഷേ സമയമാറ്റം സൃഷ്ടിക്കാനിടയുള്ള ക്രമക്കേടുകളെക്കുറിച്ച് ഗൗരവമായി സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ എന്നു സംശയമാണ്.

1964-ല്‍ (ഓര്‍മ്മയില്‍നിന്ന് എഴുതുകയാണ്)കേരള സര്‍വ്വകലാശാലയിലുണ്ടായ ചോദ്യക്കടലാസ് ചോര്‍ച്ച
സംബന്ധിച്ച് അന്വേഷണം നടത്തിയ ജ.വേലുപ്പിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അസാധാരണ ഗസറ്റായി
പ്രസിദ്ധീകരിച്ചിട്ടുണ്ട്.ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുള്ള സകല സാദ്ധ്യതകളും വിശകലനം ചെയ്ത് പരിഹാരം നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ടില്‍‍ പരീക്ഷയോടനുബന്ധിച്ചു നടക്കാനിടയുള്ള മറ്റു ക്രമക്കേടുകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്.അവ ഒഴിവാക്കാന്‍ പ്രതിവിധിയും സൂചിപ്പിക്കുന്നു.

അതിലൊന്ന് പരീക്ഷകള്‍ രാവിലെ നടത്തണമെന്നതാണ്.ഉച്ച കഴിഞ്ഞു നടത്തിയാല്‍ ഉത്തരക്കടലാസുകള്‍
യൂണിവേഴ്സിറ്റിയിലേക്ക് അന്നു തന്നെ അയക്കാന്‍ കഴിയില്ല.പരീക്ഷാകേന്ദ്രങ്ങളില്‍ സൂക്ഷിക്കുമ്പോള്‍ ഉത്തരക്കടലാസ് മാറ്റി വയ്ക്കുന്നതുപോലുള്ള ക്രമക്കേടുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് ഈ നിര്‍ദ്ദേശം വച്ചത്.സര്‍വ്വകലാശാലാ പരീക്ഷയ്ക്കു മാത്രമല്ല,എസ്.എസ്.എല്‍.സി പരീക്ഷയ്ക്കും ഇതു ബാധകമാണ്.പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ഉത്തരക്കടലാസ്സുകള്‍ അന്നു തന്നെ പരീക്ഷാഭവനിലോ മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളിലോ എത്തിക്കാന്‍ കഴിയില്ല.

വേലുപ്പിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പൂര്‍ണ്ണമായും കേരള സര്‍വ്വകലാശാലയില്‍ നടപ്പാക്കിയിരുന്നു.
അന്നൊന്നും അവിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയോ മറ്റു ക്രമക്കേടോ ഉണ്ടായില്ല.റിപ്പോര്‍ട്ടനുസരിച്ച് നടപ്പാക്കിയ
പരിഷ്ക്കരങ്ങള്‍ പലതും,എളുപ്പത്തിനും മാറി മാറി വന്ന സിന്‍‍ഡിക്കേറ്റിലെ ചില പ്രമാണിമാരുടെ സൗകര്യത്തിനും വേണ്ടി സര്‍വ്വകലാശാല പിന്നീട് എടുത്തു കളഞ്ഞു.അതിന്‍റെ ഫലമായി അവിടെ വര്‍ഷങ്ങള്‍ക്കു ശേഷം ചോദ്യക്കടലാസ് ചോര്‍ച്ചയും മറ്റു ക്രമക്കേടുകളും നടന്നു.

നിലവിലുള്ള പൊതു പരീക്ഷാ സമ്പ്രദായത്തില്‍ ഒരു പഴുതടയ്ക്കുമ്പോള്‍ ഒന്‍പത് പഴുതുകള്‍ തുറക്കുവാന്‍
സാദ്ധ്യതയുണ്ട്.ആസ്ഥിതിക്ക്,ദീര്‍ഘകാലത്തെ അന്വേഷണത്തിനും പഠനത്തിനും ശേഷം സമര്‍പ്പിക്കപ്പെട്ട ഇത്തരം
റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ കൂടി എസ്.എസ്.എല്‍.സി പരീക്ഷാ പരിഷ്കാരം നടപ്പാക്കിയപ്പോള്‍ പരിഗണിക്കണമായിരുന്നു.സര്‍വ്വകലാശാലയിലെ അനുഭവം മുമ്പിലുള്ളപ്പോള്‍ വിശേഷിച്ചും.

4 comments:

dethan said...

എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയ മാറ്റം കൊണ്ട് സംഭവിക്കാനിടയുള്ള ഒരപകടം ചൂണ്ടിക്കാണിക്കുകയാണിവിടെ.

ദത്തന്‍

ഹരിത് said...

May be we should not try to solve a 2008 problem with a 1964 solution!
the same logic can apply to 12th exams too, which were being conducted in the afternoon till last year.
the very same SSLC exams used to be conducted both in the morning as well as in the afternoon on the same day.
i had only 2 uses with my SSLC exam.
1)the 10th class marks helped me to get the stream of my choice in pre degree.
2)it helped me to identify myself, my date of birth and cast

Are we not giving too much importance to SSLC?

preetha thrikodithanam said...

ചോദ്യപേപ്പര്‍ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള
റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുക

dethan said...

ഹരിതിന്,

2008 ലെ പ്രശ്നം പരിഹരിക്കുന്നതിന് 1964 ലെ പ്രതിവിധി പ്രായോഗികമല്ലെന്ന താങ്കളുടെ നിരീക്ഷണം
ഭാഗികമായി മാത്രമേ ശരിയാകൂ.കാരണം വര്‍ഷം തമ്മില്‍ വലിയ അന്തരമുണ്ടെങ്കിലും പരീക്ഷാ രീതിക്കും ക്രമക്കേടുകള്‍ക്കും നേരിയ വ്യത്യാസം പോലുമില്ല.ഉത്തരക്കടലാസ് മാറ്റി വയ്ക്കുന്നതിന് കാലവ്യത്യാസം തടസ്സമാകില്ല.ആ നിലയ്ക്ക് അന്നത്തെ പോംവഴി ഇന്നും പ്രായോഗികവും അതുകൊണ്ടു തന്നെ പ്രസക്തവുമാണ്.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാം അമിത പരിഗണന നല്‍കുന്നു എന്നത് സത്യമാണ്.അത് നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തിന്‍റെ പ്രത്യേകത കൊണ്ടാകണം.

പ്രീതയ്ക്ക്,

പ്രതികര‍ണത്തിന് നന്ദി.