അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മ വാര്‍ഷികം പ്രമാണിച്ച് ഐ.എസ്.ആര്‍ .ഒ മുന്‍ ചെയര്‍മാന്‍ ഡോ . ജി.മാധവൻ നായർ പത്രമാസികകളില്‍,അവരുടെ അത്ഭുത സിദ്ധികളെക്കുറിച്ചും ദിവ്യത്വത്തെ കുറിച്ചും എഴുതി വിടുന്ന ലേഖനങ്ങള്‍ ആലോചനാ ശേഷിയും യുക്തി ബോധവുമുള്ള സകലരെയും അവഹേളിക്കുന്ന തരത്തിലുള്ളവയാണ്."'അമ്മ ചെവിയിൽ ഉരുവിട്ട വാക്കുകൾ മാന്ത്രിക സ്വാധീനം എന്നിലുണ്ടാക്കി " എന്നാണ് ഒരു ലേഖനത്തില്‍ അദ്ദേഹം കോൾമയിർ കൊള്ളുന്നത്.പക്ഷെ എന്ത് സ്വാധീനമാണ് ഉളവാക്കിയതെന്നു വിശദീകരിക്കുന്നില്ല.ഒരു ദിവസം 'അമ്മ'യുടെ മുമ്പിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന യുവ അദ്ധ്യാപ കനോട് അയാള്‍ക്ക് ഏതോ ആപത്ത് വരാനിരിക്കുന്നു എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അടുത്തദിവസം പ്രാര്‍ത്ഥനാ സമയത്ത് അയാളുടെ മകള്‍ കായലില്‍ വീണെന്ന് ഫോണ്‍ കാള്‍ വന്നെന്നും അയാള്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചതിനാല്‍ കുട്ടിക്ക് ജീവന്‍ തിരിച്ചു കിട്ടി എന്നും മാധവന്‍ നായര്‍ അവകാശപ്പെടുന്നു.മരിച്ച കുട്ടിയെ ജീവിപ്പിച്ച ഈ ആള്‍ ദൈവത്തിനു ആ കുട്ടിയെ വെള്ളത്തില്‍ വീഴാതെ നോക്കാമായിരുന്നില്ലെ?
ഇതിനേക്കാള്‍ വമ്പന്‍ നുണയാണ് ട്യൂമര്‍ പിടിപെട്ട ഒരു സീനിയര്‍ ശാസ്ത്രജ്ഞന്റെ ട്യൂമര്‍ 'അമ്മ' നല്‍കിയ വിഭൂതി കഴിച്ച് പൂര്‍ണ്ണമായി ഭേദമായി എന്ന സാക്ഷ്യം പറച്ചില്‍.ഇത്തരം അത്ഭുത കഥകള്‍ പ്രചരിപ്പിക്കുന്ന ഇദ്ദേഹം ശാസ്ത്രജ്ഞനാണോ എന്ന് സംശയമുണ്ട്.ഈ കെട്ടുകഥ ശാസ്‌ത്ര ബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ?അമ്മയുടെ വിഭൂതിയ്ക്ക് ഇത്ര ശക്തിയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് റീജിയണല്‍ ക്യാന്‍സര്‍ സെന്ററുമായി യോജിച്ച് ട്യൂമര്‍ രോഗികളെ സുഖപ്പെടുത്താന്‍ ഡോ.മാധവന്‍ നായര്‍ ശ്രമിക്കാത്തത്?സ്നേഹത്തിന്റെ കടലാണെന്ന് ഭക്തര്‍ കൊണ്ടാടുന്ന 'അമ്മ' എന്തുകൊണ്ടാണ് വേദന അനുഭവിക്കുന്ന പാവങ്ങളെ തന്റെ ദിവ്യ വിഭൂതി കൊണ്ട് രക്ഷിക്കാന്‍ തുനിയാത്തത്?ഒന്നും വേണ്ടാ; ശ്രീ. മാധവന്‍ നായരുടെ മകന്റെ ഭാര്യക്ക് ബ്രയിന്‍ ട്യൂമര്‍ വന്നപ്പോള്‍ എന്തേ 'അമ്മ' യില്‍ നിന്നും വിഭൂതി വാങ്ങിക്കൊടുത്ത് സുഖപ്പെടു ത്താഞ്ഞത്? എങ്കില്‍ ആ പെണ്‍കുട്ടി അകാലത്തില്‍ മരിക്കില്ലായിരു ന്നല്ലോ.അതോ മരുമകളോടുള്ള അമ്മായി അച്ഛന്‍പോര് മൂലം , അവൾ മരിച്ചു പോകട്ടെ എന്ന് കരുതിയോ?മാധവന്‍ നായരുടെ സ്വന്തം മരുമകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത "അമ്മ"യുടെ വിഭൂതി കൊണ്ട് ഏതോ ശാസ്ത്രജ്ഞന്റെ ട്യൂമര്‍ ഭേദമാക്കിയെന്ന് അദ്ദേഹം പറഞ്ഞാല്‍ ജനം വിശസിച്ചു കൊള്ളണം.എന്തൊരു ശാസ്‌ത്ര ബുദ്ധി!!!
വിശ്വാസികളും ആരാധകരും കെട്ടിച്ചമച്ച കഥകള്‍ പത്മവിഭൂഷണ്‍ മാധവന്‍ നായര്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി പൊലിപ്പിച്ചതാകാം എന്ന് വേണമെങ്കില്‍ സമാധാനിക്കാം.പക്ഷേ സുനാമീ ചരിത്ര വിവര ണത്തിലൂടെ ദിവ്യമാതാവിന്റെ നുണ അണപൊട്ടി ഒഴുകുന്നതാണ് കാണാന്‍ കഴിയുന്നത്.2004 ഡിസംബർ 26 നാണ് സുനാമിയുണ്ടാകു ന്നത്.അമൃതാനന്ദമയിയുടെ പഞ്ചനക്ഷത്ര സങ്കേതത്തിനടുത്താണ് സ്രായിക്കാട്,ആലപ്പാട് കടപ്പുറങ്ങൾ.നിരവധി മനുഷ്യരും വളര്‍ത്തു മൃഗങ്ങളും അവിടെ കൊല്ലപ്പെട്ടു. അനേകം വീടുകള്‍ കടലെടുത്തു. അപ്പോഴൊന്നും അമ്മയോ ശിഷ്യരോ പുറത്തിറങ്ങിയില്ല.എല്ലാം നഷ്ട പ്പെട്ട നിരവധി പേര്‍ 'അമ്മ'യുടെ സങ്കേതത്തില്‍ ഗതികേടുകൊണ്ട് അഭയം തേടിയെത്തി എന്നതു വാസ്തവമാണ്.അവരില്‍ ചിലരെ പിടിച്ചു മടിയില്‍ കിടത്തി ഫോട്ടോയെടുത്തിട്ട് ,"സുനാമി ബാധിതരെ അമ്മ ആശ്വസിപ്പിക്കുന്നു"എന്ന തലക്കെട്ടോടെ ചില പത്രങ്ങളില്‍ പ്രസിദ്ധം ചെയ്തു. അമ്മയും അവരുടെ മാര്‍ക്കറ്റിംഗ് മാനേജര്‍മാരും മാരുംകൂടി ആകെ ചെയ്ത രക്ഷാ പ്രവര്‍ത്തനം അത്രയും മാത്രമാ ണ്.സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തതും സത്യമാണ്.അല്ലാതെ ആര്ത്തലച്ച് വന്ന തിരമാലകളെ വരുതിക്ക് നിര്‍ത്തി ആളുകളെ രക്ഷിച്ചു എന്നൊക്കെയുള്ള അവരുടെ വീമ്പു പറച്ചില്‍ സത്യവിരുദ്ധ മാണ്.
സുനാമിയുണ്ടായി നാല്പതോ നാല്പത്തൊന്നോ ദിവസം കഴിഞ്ഞു ദേശീയ ,അന്തര്‍ദ്ദേശീയ മാദ്ധ്യമങ്ങളുടെ ഫോട്ടോഗ്രാഫര്മാരുടെ സാന്നിദ്ധ്യത്തില്‍ മരിച്ചവര്‍ക്ക് ബലിയിടാന്‍ എത്തിയപ്പോഴാ ണ് സുനാമി ദുരിതം വിതച്ച കടപ്പുറം അവര്‍ കാണുന്നത് തന്നെ.അ ന്നത്തെ പത്ര,ദൃശ്യ, മാദ്ധ്യമങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാ കും.കേവലം ഒരു വ്യാഴവട്ടം കഴിയും മുമ്പേ,എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായി ജനകോടികളും ചരിത്ര സാമഗ്രികളും ഉണ്ടായിട്ടും ഇത്തരം കള്ളം തട്ടി മൂളിക്കുന്ന അമൃതാനന്ദമയിയും അവരുടെ മെഗഫോണായി പ്രവര്‍ത്തിക്കുന്ന മാധവന്‍ നായരെ പോലുള്ള വ്യാജ ശാസ്ത്രജ്ഞരും ജനങ്ങളുടെ ഓര്‍മ്മശക്തിയെയും യുക്തിബോധ ത്തെയും പരിഹസിക്കുകയാണ്.
'അമ്മ'യുടെ കാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ചാണ് രാഷ്ട്രപതിയ്ക്കും മറ്റുമൊപ്പം മാധവന്‍ നായരെപ്പോലുള്ള അന്ധവിശ്വാസികളും ഏറെ പാടിപ്പുകഴ്ത്തുന്നത്.സ്വന്തം കണ്മുന്നില്‍ വച്ച് സത്നാം സിംഗ് എന്ന ചെറുപ്പക്കാരനെ ഗുണ്ടാകള്‍ തല്ലിച്ചതച്ചപ്പോള്‍ "അരുത്" എന്ന് പറയാത്ത അവര്‍ക്ക് എന്ത് കാരുണ്യമാണ് ഉള്ളത്?അവരുടെ സ്വന്തം മെഡിക്കല്‍ കോളജില്‍ വേതന വര്‍ദ്ധനവിനു വേണ്ടി സമരം ചെയ്ത നഴ്സുകളുടെ കാലും കൈയുംതെമ്മാടികളെ വിട്ടു തല്ലിഒടിപ്പിച്ച അമൃതാനന്ദമയിക്ക് എന്ത് കാരുണ്യം?ഇന്ത്യയുടെ മംഗള്‍ യാന്‍ ദൌത്യം വിജയിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ച ജി. മാധവന്‍ നായര്‍ ഇത്തരം തരം താണ അന്ധവിശ്വാസ പ്രചാരണത്തിന് നടക്കുന്നത് ശാസ്ത്രലോകത്തിനൊന്നാകെ അപമാനകരമാണ്.
Fans on the page
No comments:
Post a Comment