Total Pageviews

Tuesday, April 19, 2016

വകതിരിവ് കെട്ട വി.വി.ഐ.പികള്‍

പരവൂറ്‍ വെടിക്കെട്ടു ദുരന്തം അറിഞ്ഞു വന്ന വി.വി.ഐ.പികള്‍ വാസ്തവത്തില്‍ ഉപദ്രവമാണുണ്ടാക്കിയതെന്ന പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മേധാവികളുടെ പ്രസ്താവനയെ ചൊല്ലി വലിയ വാദകോലാഹലമാണു നടക്കുന്നത്‌.സര്‍ക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊന്നും പറയാത്ത ഇവര്‍ രണ്ടുപേരും സഹികെട്ട്‌ സത്യം പറഞ്ഞുപോയതാണ്‌.അവര്‍ പറഞ്ഞതിലെ വാസ്തവം ഉള്‍ക്കൊള്ളേണ്ടതിനു പകരം അതില്‍ രാഷ്ട്രീയം കലര്‍ത്താനും യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയ ഉദ്യോഗസ്ഥ മേധാവികളെ കുറ്റപ്പെടുത്താനുമാണ്‌ ബിജെപിയും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണകക്ഷിക്കാരും തുനിഞ്ഞത്‌.നിഷ്പക്ഷത ചമയുന്ന ചില പത്രങ്ങളും അത്തരം നിലപാടു സ്വീകരിക്കുകയുണ്ടായി.രാപ്പകല്‍ രക്ഷാപ്രവര്‍ത്തനം നടത്തി അത്യന്തം ക്ഷീണിതരായിരുന്ന പൊലീസുകാരെ വീണ്ടും പരിക്ഷീണരാക്കുന്നതിനു പുറമേ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നും മനസ്സിലായതു കൊണ്ടാണു ഉടനടി ദുരന്തസ്ഥലം സന്ദര്‍ശിക്കാനുള്ള നീക്കം പ്രധാനമന്ത്രി ഉപേക്ഷിക്കണമെന്ന്‌ ഡി.ജി.പി പറഞ്ഞത്‌.പ്രധാനമന്ത്രി എല്ലാ നിയമങ്ങള്‍ക്കും അതീതനാണെന്ന അഹംഭാവവും താന്‍ പരമകരുണാവാന്‍ ആണെന്നു ലോകരെ ബോദ്ധ്യപ്പെടുത്തേണ്ടത്‌ തെരഞ്ഞെടുപ്പ്‌ അടുത്ത സമയത്ത്‌ അത്യാവശ്യമാണെന്ന തോന്നലും ഫോട്ടോമാനിയ ബാധിച്ച അനുയായികളുടെ പ്രേരണയും എല്ലാം കൂടിയാണ്‌ മോഡിയെ ദുരന്ത സ്ഥലവും ആശുപത്രിയും സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്‌.തീവ്രപരിചരണ വിഭാഗത്തില്‍ അനുയായികളുമായി മോഡിയും മറ്റു വി.വി.ഐ.പികളും നടത്തിയ സന്ദര്‍ശനം അങ്ങേയറ്റം ക്രൂരമായിപ്പോയി. ഇവരുടെ സന്ദര്‍ശനം മൂലം പല അടിയന്തിര ചികിത്സാ നടപടികളും തടസ്സപ്പെട്ടു എന്നുള്ളതും വസ്തുതയാണ്‌. 
വെടിക്കെട്ടു ദുരന്തത്തില്‍ മോഡി കാണിച്ച അമിതകാരുണ്യം കാപട്യമാണ്‌.അദ്ദേഹം ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അവിടുത്തെ ആരോഗ്യമന്ത്രിയും മോഡിയുടെ വലം കയ്യുമായിരുന്ന ശ്രീമതി മായ കോറ്റ്നാനി യുടെ നേതൃത്വത്തില്‍ നരോദ പാട്യ എന്ന സ്ഥാലത്ത്‌ 100 ല്‍ അധികം പേരെ ചുട്ടുകൊല്ലുകയുണ്ടായി. അതിന്റെ പേരില്‍ അവര്‍ ഇരട്ട ജീവപര്യന്തിനു ശിക്ഷിക്കപ്പെടുകയും ചെയ്തു.ആ കൂട്ടക്കുരുതി നടന്നിടത്തേക്ക്‌ പത്തു ദിവസം വരെ തിരിഞ്ഞു നോക്കിയില്ല അന്നു മുഖ്യമന്ത്രി ആയിരുന്ന മോഡിജി.ഒടുവില്‍ പ്രധാനമന്ത്രി വജ്പേയി കുരുതിക്കളം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍, നിവൃത്തിയില്ലാതെ അദ്ദേഹത്തിന്റെ കൂടെ പോയ ആളാണ്‌ വെടിക്കെട്ടി പുക അടങ്ങുന്നതിന്റെന്‍ മുമ്പ്‌ ദുരന്ത ഭൂമിയില്‍ എത്തിയത്‌!!അന്നു മുഖ്യമന്ത്രി മാത്രമായിരുന്നു.പ്രധാനമന്ത്രി ആയപ്പോള്‍ വീക്ഷണം വിശാലമായി,ദയാവായ്പു വര്‍ദ്ധിച്ചു എന്നായിരിക്കും മറുപടി.അങ്ങനെയാണെങ്കില്‍ ഗോമാംസം ഭക്ഷിച്ചെന്ന്‌ ആരോപിച്ച്‌ ഒരു സാധുവിനെ സംഘികള്‍ തല്ലിക്കൊന്നത്‌ പ്രധാനമന്ത്രിയുടെ വിളിപ്പാടകലെ വച്ചായിട്ടും അവിടൊന്നു പോയി നോക്കാന്‍ ദയ തോന്നാഞ്ഞതെന്തുകൊണ്ടാണ്‌? ചുട്ടു കരിക്കപ്പെട്ടാലേ അനുതാപം ഉണ്ടാകൂ എന്നാണെങ്കില്‍ രണ്ടു ദളിത്‌ ബാലന്‍മാരെ ഹരിയനയില്‍ സവര്‍ണ്ണര്‍ ചുട്ടു കരിച്ചപ്പോഴും ഈ സഹതാപമൂര്‍ത്തിയെ അവിടെയെങ്ങും കണ്ടില്ല.കേരളത്തില്‍ അടുത്തുതന്നെ ഒരു തെരഞ്ഞെ ടുപ്പ്‌ നടക്കുന്നില്ലായിരുന്നെങ്കില്‍ നൂറല്ല ആയിരം പേര്‍ ചത്തെന്നറിഞ്ഞാലും തിരിഞ്ഞു നോക്കുമായിരുന്നില്ല ഇദ്ദേഹം.
മുന്‍പു മുന്‍ മന്ത്രി ബേബി ജോണ്‍ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടന്നപ്പോള്‍ അദ്ദേഹത്തെ കാണാന്‍ അന്ന്‌ രാഷ്ട്രപതി ആയിരുന്ന കെ.ആര്‍.നാരായണന്‍ വന്നതിനു സാക്ഷിയായ പ്രസിദ്ധ ന്യൂറോ സര്‍ജനും കേരള സര്‍വ്വകലാശാലാ മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ.ബി.ഇക്ബാല്‍ ആ സംഭവം വിവരിക്കുന്നുണ്ട്‌.ഡോക്റ്റര്‍മാര്‍ നിര്‍ബ്ബന്ധിച്ചിട്ടു പോലും ഐ.സി.യു വില്‍ കയറാതെ ബന്ധുക്കളോടും ഡോക്റ്റര്‍മാരോടും രോഗവിവരം അന്വേഷിക്കുകയാണ്‌ അദ്ദേഹം ചെയ്തതത്രെ. അതേസമയം അനുയായികളുടെയും സെക്യൂരിറ്റി ഭടന്‍മാരുടെയും അകമ്പടിയോടെ, 90 ശതമാനം പൊള്ളലേറ്റ്‌ ,മരണത്തോടു മല്ലടിക്കുന്ന പാവങ്ങളെ കാണാന്‍ മോഡിജി ഐസിയുവിലേക്ക്‌ ഇടിച്ചു കയറുകയാണു ചെയ്തത്‌.സഹതാപ പ്രവാഹത്തിനു പിന്നിലെ ദുരുദ്ദേശം നാട്ടുകാര്‍ക്കു മനസ്സിലായതിന്റെ ജാള്യം മറയ്ക്കാ നാണ്‌, മറ്റുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കുറ്റം കണ്ടെത്തുന്നതെന്ന്‌, കുട്ടിക്കുരങ്ങുകളെക്കൊണ്ടും കുഴലൂത്തുകാരെ കൊണ്ടും പറയിക്കുന്നത്‌. പ്രധാനമന്ത്രി ആയാലും പ്രസിഡണ്ട് ആയാലും വകതിരുവ്‌ ഇല്ലെങ്കില്‍ എന്തു ചെയ്യാന്‍?

Fans on the page

No comments: