Total Pageviews

Saturday, May 23, 2015

വി.എസ്സോ ഔദ്യോഗിക നേതൃത്വമോ?



ആരാണു പ്രതിസന്ധിയുണ്ടാകുമ്പോൾ യു.ഡി.എഫിന്റെ രക്ഷക്കെത്താറുള്ളത്?പാർട്ടിയിൽ വിഭാഗീയത വളർത്തുന്ന പ്രസ്താവനകളും നടപടികളും ചെയ്യുന്നതാരാണ്‌? വി.എസ്.അച്യുതാനന്ദനോ ജയരാജ വിജയന്മാരും കരീം ബാലാദികളും അടങ്ങുന്ന ഔദ്യോഗിക പക്ഷമോ?പാർട്ടിയുമായി ബന്ധമില്ലാത്തവരും പാർട്ടിയുടെ ഔദ്യോഗിക കുഴലൂത്തുകാർ അല്ലാത്ത സാധാരണ അംഗങ്ങളും ഒരേസ്വരത്തിൽ ഔദ്യോഗിക നേതൃത്വമാണെന്നേ പറയുകയുള്ളൂ.സി.പി.എം സംസ്ഥാന കമ്മിറ്റി വി.എസ്സിനെതിരേ ഇന്നലെ പുറത്തിറക്കിയ കുറ്റപത്രം തന്നെ ഇതിന്റെ തെളിവാണ്‌.മലബാർ സിമന്റ്സിന്റെ മുൻ എം.ഡി. മജിസ്ട്രേറ്റ് മുമ്പാകെ 164 ആം വകുപ്പനുസരിച്ചു നല്കിയ മൊഴിയിൽ മുൻ വ്യവസായമന്ത്രി എളമരം കരീമിന്നു ചാക്ക് രാധാകൃഷ്ണൻ രൂപ കൊടുത്തെന്നും മറ്റുമുള്ള ആരൊപണങ്ങൾ ഉള്ള സ്ഥിതിക്ക് കരീമിനെതിരെ അന്വേഷണം നടത്തുകയും കേസ്സെടുക്കുകയും ചെയ്യെണ്ടേ എന്ന പത്രക്കാരുടെ ചോദ്യത്തിനു,“നിങ്ങൾക്കിപ്പോൾ കരേമിനെതിരെ കേസ്സെടുക്കണം എന്ന് എന്നെക്കൊണ്ടു പറയിക്കണം.അല്ലേ? അതു നടപ്പില്ല”എന്നാണു വി.എസ്.ആദ്യം മറുപടി നല്കിയത്.164 അനുസരിച്ച് കോടതിയിൽ നല്കിയ മൊഴിയനുസരിച്ചു കേസ്സിടുക്കണ്ടേ എന്ന ആവർത്തിച്ചുള്ള ചോദ്യം വന്നപ്പോഴാണ്‌ ‘കേസ്സെടുക്കണം;എനിക്കെതിരേ ആയാലും കേസ്സെടുക്കണം’ എന്ന് അദ്ദേഹം പറയുന്നത്.ബാർ കോഴ ആരോപണത്തിൽ 164 അനുസരിച്ച് ബിജു രമേശ്  എക്സൈസ് മന്ത്രി കെ.ബാബുവിനെതിരേ നല്കിയ മൊഴിയുടെ വെളിച്ചത്തിൽ കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട വി.എസ്സിന്‌ അങ്ങനെയേ പറയാൻ പറ്റൂ.അതാണ്‌ അന്തസ്സുള്ള രാഷ്ട്രീയ നേതാവ് ചെയ്യേണ്ടതും.അത്തരം ഒരു മറുപടി കൊടുത്ത അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനു പകരം അവഹേളിക്കുവാനും അച്ചടക്കമില്ലാത്തവനെന്ന് കുറ്റം ചാർത്താനുമാണ്‌ സംസ്ഥാന നേതൃത്വം തുനിഞ്ഞത്.കരീമിന്റെ പേർ മൊഴിയിൽ ഉണ്ടെന്നു കേട്ട ഉടനെ പത്രക്കുറിപ്പു വഴിയോ പത്ര സമ്മേളനം നടത്തിയോ അദ്ദേഹത്തിനെതിരെ അന്വേഷണവും കേസ്സും വേണമെന്ന് വി.എസ്.ആവശ്യപ്പെട്ടിട്ടില്ല.കരീമിനെതിരേ കേസ്സെടുക്കണമെന്നു വിളിച്ചു കൂവിയ യു.ഡി.എഫ് നേതൃത്വം അതേ സ്ഥിതിയിലുള്ള കെ. ബാബുവിനെതിരേ കേസ്സു വേണ്ടെന്നു പറയുന്നതിലെ അപഹാസ്യതയും പക്ഷപാതിത്വവും ചൂണ്ടിക്കാട്ടാൻ വി.എസിന്റെ പ്രസ്താവനയെ ആയുധമാക്കേണ്ട അവസരമാണ്‌ വിഭാഗീയതയുടെ വിഷം തീണ്ടിയ സംസ്ഥാന നേതൃത്വം നഷ്ടപ്പെടുത്തിയത്.

സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ്സിന്റെയും സംസ്ഥാന സമ്മേളനത്തിന്റെയും തീരുമാനങ്ങൾക്ക് കടകവിരുദ്ധമായി,ലീഗിനെ ഇടതു മുന്നണിയിൽ ഉൾക്കൊള്ളിക്കുമെന്ന്  ഇ.പി.ജയരാജൻ പത്രക്കാരോടു പറഞ്ഞിട്ടു യാതൊരു കുഴപ്പവും സംസ്ഥാന നേതൃത്വത്തിനു തോന്നിയില്ല.വീരേന്ദ്ര കുമാർ അങ്ങോട്ടു ചെന്നു വി.എസ്സിനെ കണ്ടതു മഹാ പാതകവും. ഇതല്ലേ വിഭാഗീയത?

യു.ഡി.എഫ്,വിശേഷിച്ചു മുസ്ലീം ലീഗ് പ്രതിസന്ധിയിൽ ആകുമ്പോഴെല്ലാം രക്ഷകരായി എത്തിയിട്ടുള്ളവർ ആരാണെന്ന് മാലോകർക്കറിയാം.ഇപ്പോഴും ലീഗിനെ ആശ്ളേഷിക്കുവാൻ തക്കം പാർത്തു കഴിയുന്ന സ്വന്തം ഗ്രൂപ്പുകാർ ചെയ്യുന്ന പാർട്ടിവിരുദ്ധ,മുന്നണി വിരുദ്ധ പ്രവർത്തനങ്ങൾ കാണാതിരിക്കുകയും വി.എസ് തിരിഞ്ഞിരുന്നാൽ പാർട്ടി വിരുദ്ധപ്രവർത്തനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് ആണോ പാർട്ടി അച്ചടക്കം?
മുമ്പ്, ഇതുപോലെ സൂര്യനെല്ലി പെൺ വാണിഭ കേസ്സിൽ നിന്നും പി.ജെ.കുര്യനെ രക്ഷിക്കാൻ വേണ്ടി അന്ന് മുഖ്യമന്ത്രി ആയിരുന്ന എ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പി. ശശിയും അഡ്വക്കേറ്റ് ജനറൽ ആയിരുന്ന എം.കെ. ദാമോദരനും ചേർന്നു നടത്തിയ കള്ളക്കളികൾ,പാർട്ടി അംഗവും പ്രമുഖ അഭിഭാഷകനുമായിരുന്ന ജി.ജനാർദ്ദനക്കുറുപ്പ് തന്റെ ആത്മകഥയിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്.പി.ശശി പിന്നീടു പെണ്ണുകേസ്സിൽ പിടിക്കപ്പെട്ടപ്പോൾ അയാളെ സംരക്ഷിക്കാൻ അവസാനം വരെ ശ്രമിച്ചത് ജയരാജ വിജയന്മാരും കോടിയേരിയും ഉൾപ്പെട്ട ഔദ്യോഗിക നേതൃത്വമാണ്‌.പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോഴും അയാളെ സഹായിക്കുന്നതിൽ ഇവർ പരസ്പരം മത്സരിക്കുകയാണു്.

എളമരം കരീമിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന വി.എം.സുധീരന്റെയും കെ.പി.സി.സിയുടെയും ആവശ്യത്തെ നിരാകരിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതിന്നു പിന്നിൽ അന്വേഷണം ഉണ്ടായാൽ കുഞ്ഞാലിക്കുട്ടിയും കുടുങ്ങും എന്ന ഭയമാണുള്ളത്.അപ്പോൾ യുഡി എഫിനെ സഹായിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നത് വി.എസ് അല്ല ഔദ്യോഗിക നേതൃത്വമാണെന്നു വ്യക്തമല്ലേ?













Fans on the page

2 comments:

kaalidaasan said...

എല്ലാ കുറ്റങ്ങളും  വി എസില്‍ ചാര്‍ത്തുക എന്നതാണല്ലോ കേരള സി പി എമ്മിലെ അവസ്ഥ. വി എസ് ഇനിയും ഈ പാര്‍ട്ടിയില്‍ തുടരുന്നതിനോട് എനിക്ക് യാതൊരു അനുഭാവവുമില്ല.

dethan said...

കാളിദാസന്‍,
വീ.എസ്സിന് പാര്‍ട്ടിയില്‍ തുടരുകയല്ലാതെ മറെന്താണ് മാര്‍ഗ്ഗം?ഇവിടെ വിഷയം അതല്ല.സി.പി.എം എന്ന പാര്‍ട്ടിക്ക് കഴിഞ്ഞ 4 വര്‍ഷമായി ഓട അജണ്ട മാത്രമേ ഉള്ളൂ...വി.എസ്. അതുകൊണ്ടു രാജ്യത്ത് നടക്കുന്ന മറ്റൊന്നും അവര്‍ക്ക് പ്രശ്നമല്ല.ഇത് മൂലം അവര്‍ മാത്രമല്ല ഇടതു മുന്നണിയിലെ മറ്റു കക്ഷികളും അപഹാസ പാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്.