Total Pageviews

Friday, August 15, 2014

വിദ്യാഭ്യാസ മന്ത്രിയും പുതിയ ബിരുദവും

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി താൻ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നാണു ബിരുദം എടുത്തിട്ടുള്ളത് എന്നാണു ഇപ്പോൾ അവകാശപ്പെടുന്നത്.ഒരാഴ്ച,എം.പിമാർക്കു വേണ്ടി യൂണിവേഴ്സിറ്റി നടത്തിയ ക്ലാസ്സിൽ പങ്കെടുത്ത വകയിൽ ആണത്രെ ബിരുദം ലഭിച്ചത്!പ്ലസ് ടു വരെമാത്രം പഠിച്ചിട്ടുള്ള(പാസ്സായോ എന്ന് സംശയമാണു്)ഇവരെ വിദ്യാഭ്യാസ മന്ത്രിയാക്കിയതിൽ പല ഭാഗത്തു നിന്നും എതിർപ്പുകൾ ഉയർന്നപ്പോൾ കഴിവിന്റെ മാനദണ്ഡം വിദ്യാഭ്യാസമല്ല എന്ന വാദവുമായിട്ടാണു മോഡി,ബിജെപി ഭക്തന്മാർ അതിനെ നേരിട്ടത്.കാമരാജ് മുതൽ ഗ്യാനി സെയിൽ സിംഗ് വരെയുള്ള ഭരണാധികാരികളെ, തങ്ങളുടെ വാദം സമർത്ഥിക്കാനായി അവർ എടുത്തു കാട്ടുകയും ചെയ്തു.തന്റെ പ്രവർത്തനം നോക്കി വേണം താൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യയാണോ എന്ന് വിലയിരുത്തേണ്ടതെന്നു ശ്രീമതി സ്മൃതിയും പറഞ്ഞു.ബി.ജെ.പി എം.പി മാരിൽ കഴിവും വിദ്യാഭ്യാസവുമുള്ളവർ നിരവധി ഉണ്ടെന്നിരിക്കെ വിദ്യാഭ്യാസം കുറഞ്ഞ ഒരുത്തിയെ വിദ്യാഭ്യാസവകുപ്പ് ഏല്പ്പിക്കുക വഴി,വിദ്യാഭ്യാസമുള്ള സകല ഭാരതീയരെയും അപമാനിക്കുകയാണു പ്രധാനമന്ത്രി ചെയ്തത്.ഒരു പാവയെ മന്ത്രിയാക്കിയാൽ ആ വകുപ്പിന്റെ താക്കോലും തന്റെ കൈപ്പിടിയിൽ ഒതുക്കാം എന്ന ദുരുദ്ദേശവും ഈ വകുപ്പു വിഭജനത്തിന്റെ പിന്നിൽ അദ്ദേഹത്തിനു ഉണ്ടായിരിക്കണം.

വിദ്യാഭ്യാസവും ഉന്നത ബിരുദവും ഒന്നും യോഗ്യതയുടെ മാനദണ്ഡമല്ലെന്ന് വാദിച്ച മന്ത്രി ഇപ്പോൾ പിന്നെന്തിനാണു അമേരിക്കയിലെ പ്രശസ്തമായ ‘യേൽ’സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്  എന്നു വീമ്പടിക്കുന്നത്?ഇന്ത്യയിൽ നിന്നുള്ള 11 എം.പിമാർക്ക് കഴിഞ്ഞ വർഷം ജൂണിൽ യേൽ സർവ്വകലാശാല ആറു ദിവസം നടത്തിയ ലീഡർഷിപ് പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ ഡിഗ്രി ലഭിച്ചു എന്നാണു മന്ത്രിയുടെ അവകാശവാദം.ബാക്കി പത്ത് എം.പി മാരും ഇത്തരം ഒരു ബിരുദലാഭത്തെ കുറിച്ചു പറഞ്ഞിട്ടില്ല.ആറു ദിവസം ഒരു കോഴ്സ് അറ്റന്റു ചെയ്താൽ ബിരുദം കിട്ടുമെങ്കിൽ 12ദിവസത്തെ കോഴ്സിൽ പങ്കെടുത്താൽ ബിരുദാനന്തര ബിരുദം കിട്ടണമല്ലോ!യേൽ സർവ്വകലാശാലയെ അനുകരിച്ചാൽ നമ്മുടെ സർവ്വകലാശാലകൾക്ക് എന്തെന്തു വിപ്ലവം വിദ്യാഭ്യാസമേഖലയിൽ വരുത്തിക്കൂടാ.

6 ദിവസത്തെ കോഴ്സിൽ പങ്കെടുത്തതിനു യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് കൊടുത്തു കാണും.അതു ബിരുദമാണെന്നും പറഞ്ഞു നടക്കുന്ന മന്ത്രി വിദ്യാഭ്യാസവകുപ്പു ഭരിക്കാൻ സർവ്വഥാ യോഗ്യതന്നെ.ആട്ടിൻ കാട്ടവും കടലക്കയും തിരിച്ചറിയാൻ വയ്യാത്തവരെ പാചകം ഏല്പിക്കുന്നതാണല്ലോ കറി നന്നാകാൻ നല്ലത്.

സര്‍ട്ടിഫിക്കറ്റ് ബിരുദമാണെന്നു തെറ്റിദ്ധരിച്ച് ടി.വി.അഭിമുഖത്തിലും ട്വിറ്ററിലും തട്ടിവിടുന്ന അപക്വ
മതിയില്‍ നിന്ന് എന്ത് മഹത്തായ പ്രവൃത്തിയാണോ ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടത്.







Fans on the page

No comments: