Total Pageviews

Thursday, November 13, 2014

ഗാന്ധിജി വെറും തൂപ്പുകാരനോ?
“മോഹൻ ലാൽ കരം ചന്ദ് ഗാന്ധി”എന്ന് ഇന്ത്യയിൽ വച്ചു മോഡി പറഞ്ഞപ്പോൾ നാവു പിഴച്ചതാണെന്നു നമുക്കു തോന്നി.അമേരിക്കയിൽ ചെന്നും അതാവർത്തിച്ചപ്പോൾ നാക്കു പിഴച്ചതാണെന്നു കരുതുക പ്രയാസം. ഗാന്ധിജിയെ അവഹേളിച്ചാൽ ആദ്യം പ്രതികരിക്കേണ്ട കോൺഗ്രസ്സുകാരുടെ പ്രതികരണം അറിയാനുള്ള ടെസ്റ്റ് ഡോസ്സുകളായിരുന്നു അതൊക്കെ എന്ന് എല്ലാം കൂട്ടി ചേർത്തു വായിക്കുമ്പോൾ മനസ്സിലാകുന്നു.പക്ഷേ ആ മന്ദബുദ്ധികൾക്ക് അതു ലവലേശം മനസ്സിലായിട്ടില്ല.ഭയന്നിട്ടാണോ എന്നും സംശയം ഉണ്ട് .സ്തുതിക്കുകയാണെന്ന മട്ടിൽ ഗാന്ധിജിയെ മോഡി നിരന്തരം നിന്ദിച്ചുകൊണ്ടിരിക്കുകയാണ്‌.

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി വെറും തൂപ്പുകാരനായിരുന്നോ?പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ആഹ്വാനം കേട്ട ശശിതരൂരിനെ പോലുള്ള ചില കോൺഗ്രസ്സുകാരും ധരിച്ചിരിക്കുന്നത് ഗാന്ധിജി ശുചീകരണത്തിൽ മാത്രം ശ്രദ്ധ ഊന്നിയിരുന്ന പൊതു പ്രവർത്തകനായിരുന്നു എന്നാണ്‌.പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും ഗാന്ധിജിയെ അങ്ങനെ ചിത്രീകരിക്കേണ്ടത് ആവശ്യമായിരിക്കും.ശാരീരികമായി ഗാന്ധിജിയെ ഇല്ലാതാക്കിയവരുടെ പിന്മുറക്കാർ അദ്ദേഹത്തിന്റെ യശ്ശസ്സിനെയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതു സ്വാഭാവികമാണു.
ഗാന്ധിജി രക്തസാക്ഷിയായതു ഹിന്ദു മുസ്ലീം ഐക്യത്തിനു വേണ്ടിയാണ്‌.സർവ്വമത മൈത്രിയും സാഹോദര്യവും സഹിഷ്ണുതയുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിപാടിയിലെ മുഖ്യ അജണ്ട.സത്യമാണു ദൈവമെന്നു വിശ്വസിച്ച ആളാണദ്ദേഹം.അദ്ദേഹത്തിന്റെ പ്രധാന തത്വങ്ങളെ അപ്രധാനമാക്കി, ശുചീകരണത്തിന്റെ വക്താവു മാത്രമാക്കി ചുരുക്കുന്നത് അദ്ദേഹത്തെ അപമാനിക്കുവാനാണ്‌. ഗാന്ധിജിയുടെ മതേതരസങ്കല്പത്തെ കപടമതേതരത്വം എന്ന് ആക്ഷേപിക്കുകയും രാജ്യത്തുടനീളം വർഗ്ഗീയ സംഘട്ടനങ്ങൾ സൃഷ്ടിക്കുകയും വംശഹത്യയ്ക്കു കൂട്ടു നില്ക്കുകയും ചെയ്തവരുടെ ഗാന്ധിപ്രേമം തികഞ്ഞ കാപട്യമാണ്‌.പട്ടേലിനെ കൂടാതെ ഗാന്ധിജി പൂർണ്ണനാകില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഗാന്ധിജിയെ അദ്ദേഹത്തിനു മനസ്സിലായിട്ടില്ല എന്നതിന്റെ പ്രകടനമാണ്‌.മഹാത്മാവ് എന്ന് ടാഗോർ ഗാന്ധിയെ അഭിസംബോധന ചെയ്തത് ഒരു പട്ടേലിനെയും കണ്ടിട്ടായിരുന്നില്ല.ഗാന്ധിജിക്കു വളരെ പ്രിയപ്പെട്ടവനായിരുന്ന ജവഹർലാലിന്റെ സഹായം പോലും ആവശ്യമില്ല അദ്ദേഹത്തിനു പൂർണ്ണനാകാൻ.
ശൂദ്രമഹര്ഷിയായ ശംബൂകനെ രാമന്‍ വധിച്ചിട്ടുള്ളത് കൊണ്ടു ശൂദ്രരില്ലാത്തതോ ശൂദ്രരെ ഉന്മൂലനം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളതോ ആയ രാജ്യം എന്നാണു "രാമരാജ്യം"കൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത് എന്ന് പോലും ഇക്കൂട്ടര്‍ വ്യാഖ്യാനിക്കാന്‍ മടിക്കില്ല."എന്റെ ജീവിതമാണ് എന്റെ സന്ദേശം "എന്ന് പറഞ്ഞ ഗാന്ധിജിയെ ഇവര്‍ക്കൊന്നും മനസ്സിലാകില്ല.സംശുദ്ധ ഭരണത്തെ കുറിച്ചു സംസാരിക്കുകയും ക്രിമിനലുകളെ മന്ത്രിമാരായി അവരോധിക്കുകയും ചെയ്യുന്നവര്‍ക്ക് ഗാന്ധിജിയെ എങ്ങനെ മനസ്സിലാകാനാണ്?എവറസ്റ്റ് കൊടുമുടിയുടെ പൊക്കത്തില്‍  പ്രതിമയുള്ള ഏതു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിനെക്കാളും പൊക്കം നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിക്ക് ഉണ്ട്.എത്ര വലിയ ഭൂരിപക്ഷം നേടിയ പ്രധാനമന്ത്രിക്കും ആ ഔന്നത്യം കുറയ്ക്കാന്‍  കഴിയില്ല.Fans on the page

No comments: