Total Pageviews

Monday, November 17, 2014

പിണറായിക്കു മറവി രോഗം ബാധിച്ചോ?


ബാർ ഉടമകളിൽ നിന്നും കെ.എം മാണി കോഴ വാങ്ങിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും മാണിക്കെതിരേ ഒരക്ഷരം ഉരിയാടാതിരുന്ന പിണറായി വിജയൻ,ദിവസങ്ങൾക്കു ശേഷം മാണി രാജിവയ്ക്കണമെന്ന ഒരു അഴകൊഴമ്പൻ  പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു.കള്ളൻ കേറിയതിന്റെ ഏഴാം പക്കം പട്ടി കുരയ്ക്കുന്നു എന്നു പറഞ്ഞതു പോലെ.ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാത്ത ഒരു അന്വേഷണം ആവശ്യപ്പെടുക കൂടി ചെയ്തപ്പോൾ പിണറായിയുടെയും കൂട്ടരുടെയും ഉള്ളിലിരിപ്പ് എന്താണെന്ന് ജനത്തിനു മനസ്സിലായി.ജുഡീഷ്യൽ അന്വേഷണം  വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പ്രത്യക്ഷ സമരമാർഗ്ഗം സ്വീകരിച്ചതോടെ നില ഒന്നുകൂടി പരുങ്ങലിലായ പിണറായി മുഖം രക്ഷിക്കാൻ തിരക്കിട്ടു വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാകട്ടെ ഏറെ അപഹസിച്ചത്  സി.പി ഐ.നേതാക്കളെ.

മാണിയെ രക്ഷിക്കാനാണ്‌ സി.പി.എം പാർട്ടി നേതൃത്വം ശ്രമിക്കുന്നതെന്ന് ആദ്യം പറഞ്ഞതു പന്ന്യൻ രവീന്ദ്രനല്ല. സ്വന്തം പാർട്ടിക്കാരനായ സ:വി.എസ് അച്യുതാനന്ദനാണ്‌.അദ്ദേഹം കേന്ദ്ര നേതൃത്വത്തിനു പരാതി നല്കുക വരെ ചെയ്തു.എന്നിട്ടും പിണറായി വിജയന്റെ അരിശം മുഴുവൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളോടായിരുന്നു.ജീവിച്ചിരിക്കുന്നവരെ മാത്രമല്ല കാല യവനികയ്ക്കുള്ളിൽ മറഞ്ഞവരെയും ആക്ഷേപിക്കുവാൻ അദ്ദേഹം തുനിഞ്ഞു.ഇന്ത്യയിൽതന്നെ ഇന്നേവരെ ഉണ്ടായിട്ടുള്ള മുഖ്യമന്ത്രിമാരിൽ എറ്റവും പ്രഗത്ഭനായ സ:സി.അച്യുതമേനോൻ മരിച്ചപ്പോൾ പോലും നല്ലവാക്കു പറയാതെ അപവദിച്ച ഇ.എം.എസ്സ്.നമ്പൂതിരിപ്പടിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിൽ മുമ്പനാണു് പിണറായി എന്ന് ഇപ്പോഴും തെളിയിച്ചിരിക്കുന്നു.പക്ഷേ അച്യുതമേനോന്റെ ഭരണകാലത്തെ കുറിച്ചു പരാമർശിച്ചപ്പോൾ അദ്ദേഹത്തിനു മറവിരോഗം ബാധിച്ചിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

“1964 മുതൽ കോൺഗ്രസ്സുമായി ചേർന്നു മന്ത്രിസഭ വേണമെന്നു ദേശീയ അടിസ്ഥാനത്തിൽ തീരുമാനിച്ചതിന്റെ ഫലമായാണു അടിയന്തിരാവസ്ഥയുടെ ഘട്ടത്തിൽ അതിന്റെ സംരക്ഷകനായി അച്യുതമേനോൻ മുഖ്യമന്ത്രിയായത്.” എന്നാണു പിണറായി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സ: അച്യുതമേനോൻ ആദ്യം മുഖ്യമന്ത്രിയാകുന്നത് 1969 നവംബർ ഒന്നു മുതൽ1970 ഓഗസ്റ്റ് ഒന്നു വരെയാണ്‌..1970 ഒക്റ്റോബർ 4 നാണു അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നത്.1975 ജൂണിൽ ആണു രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.അതായത് അച്യുതമേനോൻ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ നാലു മാസം പോലുംതികച്ചില്ലാതിരുന്നപ്പോഴാണ്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെന്നു സാരം.അടിയന്തിരാവസ്ഥക്കു മുമ്പുതന്നെ മുഖ്യമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തിനു ചെയ്യാവുന്ന  എല്ലാ നല്ലകാര്യങ്ങളും അച്യുതമേനോൻ ചെയ്തു കഴിഞ്ഞിരുന്നു.അന്ന് അത്ഭുതമേനോൻ എന്നും മറ്റും പരിഹസിച്ച് ട്രാൻസ്ഫോമറുകൾ മറിക്കാനും തീ വയ്ക്കാനും ആളുകളെ ബസ്സിലിട്ടു ചുട്ടുകരിക്കാനും മറ്റും നടന്ന മാർക്സിസ്റ്റുകാർക്ക് നല്ല കാര്യങ്ങൾ കാണാൻ പറ്റാതെപോയതിൽ അത്ഭുതമില്ല.രണ്ടു പ്രാവശ്യം പാർട്ടിയും മുന്നണിയും വെള്ളിത്താലത്തിൽ വച്ചു നീട്ടിയ മുഖ്യമന്ത്രി പദം ശരിയായി വിനിയോഗിക്കാൻ അറിയാത്ത വക്രബുദ്ധിയായ സ്വന്തം നേതാവിന്റെ ഭരണ പരാജയത്തെ കുറിച്ച് ഓർക്കാൻ ഒരു പക്ഷേ പിണറായിയും സംഘവും ഇഷ്ടപ്പെടുന്നുണ്ടാവില്ല.അതുകൊണ്ട് സ്വന്തം നേതാവിനേക്കാൾ പ്രഗത്ഭനും മാന്യനും സംസ്കാര സമ്പന്നനും ആയ ഒരു വ്യക്തിയെ അസത്യവും ഭാഗിക സത്യവും അപവാദവും കലർത്തി അപകീർത്തിപ്പെടുത്താമെന്ന് പിണറായിയും ഈ കള്ളത്തരം കാലങ്ങളായി പറഞ്ഞു നടക്കുന്ന മാർക്സിസ്റ്റ് നേതാക്കളും കരുതണ്ടാ.

സെക്രട്ടറിയേറ്റിനു മുമ്പിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സ:പന്ന്യൻ രവീന്ദ്രൻ സി.പി.എമ്മിനെ വിമർശിച്ചതു ഇഷ്ടപ്പെടാഞ്ഞ പിണറായി “പന്ന്യന്റെ തെരുവു പ്രസംഗത്തിനു മറുപടി പറയുന്നില്ല” എന്നാണു പ്രതികരിച്ചത്.അദ്ധ്വാനവർഗ്ഗത്തിന്റെ,പട്ടിണിക്കാരന്റെ ,തെരുവു മക്കളുടെ, പാർട്ടി എന്നു വീമ്പിളക്കുന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയുടെ ഉള്ളിലിരിപ്പ് ഇതിൽ നിന്നു വ്യക്തമാണ്‌.ശീതികരിച്ച മുറികളിൽ പഞ്ച നക്ഷത്ര സൗകര്യങ്ങൾ ആസ്വദിച്ചും ചലിക്കുന്ന കൊട്ടരങ്ങളിൽ സഞ്ചരിച്ചും ശീലിച്ചവർക്ക് തെരുവു പ്രസംഗവും പ്രസംഗകരെയും ഇഷ്ടമാകില്ല.യഥാർത്ഥത്തിൽ പിണറായി അപമാനിച്ചത് തെരുവു പ്രസംഗം നിരോധിച്ചതിനെതിരെ പ്രസംഗിച്ചതിന്റെ പേരിൽ ജയിലിൽ പോയ എം.വി.ജയരാജനെ പോലുള്ള സ്വന്തം സഖാക്കളെയാണ്‌. ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് പന്ന്യനെ ഓർമ്മിപ്പിക്കുന്ന പിണറായി ആദ്യം സ്വന്തം സ്ഥാനത്തെ പറ്റി ഓർക്കുക.










Fans on the page

2 comments:

ഭ്രമരന്‍ said...

You said the trith loudly

dethan said...

ഭ്രമരൻ,
നന്ദി