Total Pageviews

Saturday, December 8, 2012

നീതിപീഠത്തിനും വിവേചനമോ ?



കോടതിയുടെ നടപടികളെ ,വിധിന്യായങ്ങളെ ഒക്കെ വിമർശിക്കുന്നവർക്കെതിരേ കോടതി നേരിട്ട് കേസ്സെടുക്കുന്നതാണു പതിവ്.മുൻ മന്ത്രി പാലൊളിമുഹമ്മദ് കുട്ടിയും സി.പി.എം നേതാവ് എം.വി.ജയരാജനും കോടതിവിധിയെയും ന്യായാധിപന്മാരെയും വിമർശിച്ചതിന്റെ പേരിൽ കോടതി സ്വമേധയാ കേസ്സെടുത്തിട്ട് അധികനാളായില്ല.മാപ്പു പറഞ്ഞു തടിയൂരിയതുകൊണ്ട് പാലൊളിയ്ക്ക് ശിക്ഷ കിട്ടിയില്ല.ജയരാജനു ഒരാഴ്ചയോളം ജയിലിൽ കിടക്കേണ്ടി വന്നു.

പക്ഷേ ഭൂമിദാനക്കേസ്സിൽ തനിക്കെതിരേ തയ്യാറാക്കിയ എഫ്.ഐ.ആർ റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ ഹൈക്കോടതിയിൽ നല്കിയ കേസിൽ അദ്ദേഹത്തിനു അനുകൂലമായ സിംഗിൾ ബഞ്ച് വിധി ഉണ്ടായതു മുതൽ ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി.ജോർജ്ജ് ജഡ്ജിക്കെതിരേ ഓടിനടന്നു പുലഭ്യം പറഞ്ഞിട്ടും ഒരു നടപടിയും എടുത്തു കാണുന്നില്ല.വിജിലൻസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ സർക്കാർ നിശ്ശബ്ദരാക്കുകയണോ എന്നു ജഡ്ജി എസ്.എസ്.സതീശ് ചന്ദ്രൻ വിധിന്യായത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.കേസ്സന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥനു ക്രിമിനൽ കേസ്സന്വേഷണത്തിന്റെ ബാലപാഠം പോലും അറിയില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി.സർക്കാരിനെതിരേ അതിരൂക്ഷമായ വിമർശനം നടത്തിയതാണു ചീഫ് വിപ്പിനെ പ്രകോപിപ്പിച്ചത്.ജ.സതീശ് ചന്ദ്രനെ മാത്രമല്ല സകലമാന ന്യായാധിപന്മാരെയും അടച്ചാക്ഷേപിച്ചുകൊണ്ട് അഴിഞ്ഞാടുകയാണു പി.സി.ജോർജ്ജ്.

സിംഗിൾബഞ്ച് ജഡ്ജിയുടെ വിമർശനം ശരിവയ്ക്കുന്നതാണു മണിക്കൂറുകൾക്കുള്ളിൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽ കൊടുത്ത സർക്കാർ നടപടി.വിധിപ്പകർപ്പിന്റെ സർട്ടിഫൈഡ് കോപ്പി കിട്ടുന്നതിനു മുമ്പേ ധൃതിപ്പെട്ട് അപ്പീൽ കൊടുക്കാൻ തക്ക അടിയന്തിര സ്വഭാവം ഉള്ളതല്ല ഈ കേസ്സെന്ന് ആർക്കും മനസ്സിലാകും.തന്നെയുമല്ല സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിനു അപകടം പറ്റുന്ന കേസ്സുകളിൽ പോലും അപ്പീൽ നല്കാൻ മാസങ്ങളോളം അമാന്തം കാണിച്ച ചരിത്രമുള്ള ഈ സർക്കാർ സൂപ്പർസോണിക് വേഗതയിൽ സിംഗിൾ ബഞ്ച് വിധിക്കെതിരേ അപ്പീൽ ഫയൽ ചെയ്തത് വി.എസ്സിനോടുള്ള രാഷ്ട്രീയ വിരോധം മൂലമാണെന്നു വ്യക്തമല്ലേ?വി.എസ്സിനെ പ്രതി ചേർക്കാൻ തക്ക തെളിവുകളില്ലെന്ന, ആദ്യം കിട്ടിയ നിയമോപദേശം മറികടക്കാൻ വേറേ അനുകൂല നിയമോപദേശം എഴുതിപ്പിച്ചു വാങ്ങിയ സർക്കാർ വ്യഗ്രത മറ്റെന്താണു പ്രകടിപ്പിക്കുന്നത്?

സിംഗിൾ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്തെങ്കിലും സർക്കാരാഗ്രഹിച്ചതുപോലെയുള്ള വിധിയല്ല ഡിവിഷൻ ബഞ്ചിൽ നിന്നും കിട്ടിയത്.അന്തിമ വിധിവരെ കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന്ന ഡിവിഷൻ ബഞ്ചിന്റെ വിലക്ക് സിംഗിൾ ബഞ്ച് വിധിയെ ഒരളവു വരെ ശരിവയ്ക്കുന്നതാണു.അതുകൊണ്ടായിരിക്കണം ജ. സതീശ് ചന്ദ്രനിൽ മാത്രം ഒതുക്കാതെ പി.സി.ജോർജ്ജ്, തെറിയഭിഷേകം എല്ലാ ജഡ്ജിമാർക്കും മേൽ നടത്തുന്നത്!

ജഡ്ജിമാർക്കു നേരെ ജോർജ്ജ് കുരച്ചു ചാടുന്നത് ഇത് ആദ്യമായല്ല.പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ട ജഡ്ജിയെ ഇയാൾ മയവും മര്യാദയുമില്ലാതെ  ചീത്ത വിളിക്കുകയുണ്ടായി.ജഡ്ജിമാരെ മാത്രമല്ല സമൂഹത്തിൽ ഒരുമാതിരി നിലയും വിലയുമുള്ളവരെയെല്ലാം ചീത്തവിളിച്ചിട്ടുണ്ട്.ഇങ്ങനെ തെറി വിളിക്കാൻ  ഇയാൾക്ക് ആരാണു ലൈസൻസ് കൊടുത്തിട്ടുള്ളത്?ഫേസ് ബുക്കിൽ അഭിപ്രായമെഴുതിയതിന്റെ പേരിൽ രണ്ടു പെൺ കുട്ടികളെ അറസ്റ്റു ചെയ്ത് ഉപദ്രവിച്ച ചരിത്രമുള്ള നാട്ടിൽ ജഡ്ജിമാരെയും നീതിന്യായ വ്യവസ്ഥിതിയെയും വെല്ലുവിളിച്ചും പുലഭ്യം പറഞ്ഞും തെരുവുതെമ്മാടികളും തോല്ക്കുന്ന മട്ടിൽ അഴിഞ്ഞാടുന്ന പി.സി.ജോർജ്ജിനെതിരെ നടപടിയെടുക്കാൻ എന്താണു തടസ്സം?ചീഫ് വിപ്പിനു മറ്റൊരു പൗരനുമില്ലാത്ത പ്രത്യേക നിയമപരിരക്ഷയുണ്ടോ?അതോ ഇടതുപക്ഷക്കാർ,വിശേഷിച്ച് സി.പി.എം കാർ പറയുന്നതു മാത്രമേ കോർട്ടലക്ഷ്യമാവുകയുള്ളു എന്നുണ്ടോ?


Fans on the page

No comments: