Total Pageviews

Tuesday, September 11, 2012

ഉന്തിത്തള്ളുന്ന നായർക്ക്...........



             
“ഉന്തിത്തള്ളുന്ന നായർക്ക് നിരങ്ങിയടുക്കുന്ന അച്ചി”എന്നൊരു ചൊല്ലുണ്ടു മലയാളത്തിൽ.എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള ആലിംഗനവും കൈകുലുക്കലും ജാതകം കൈമാറ്റവും ഒക്കെ കാണുമ്പോൾ ഈ പഴഞ്ചൊല്ലാണു ഓർമ്മ വരുന്നത്.ഭൂരിപക്ഷ സമുദായങ്ങൾക്ക് അർഹമായതൊന്നും കൊടുക്കാതെ ന്യൂനപക്ഷങ്ങളെ സർക്കാർ പ്രീണിപ്പിക്കുന്നതു കണ്ട് സഹികെട്ടാണു പഴയ കൂറുപാടും കുശുമ്പും കീരി-പാമ്പ് “സൗഹാർദ്ദങ്ങ”ളും എല്ല്ലാം ഉപേക്ഷിച്ച് ചക്കരയും ഈച്ചയും പോലെ ഒത്തുചേരാൻ മാന്യ സെക്രട്ടറിമാർ തീരുമാനിച്ചത്.ന്യൂനപക്ഷങ്ങളും സർക്കരും കൂടി തട്ടിപ്പറിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ കൈമെയ് മറന്നു സഹകരിക്കുവാൻ കച്ച കെട്ടിയ ഇവർ, ഭൂരിപക്ഷ വർഗ്ഗം തന്നെ ഭൂരിപക്ഷാംഗങ്ങളെ ഉപദ്രവിക്കുന്നതു കാണുന്നില്ല.

ആറന്മുള ക്ഷേത്രത്തിൽ ദേവസ്വം ബോഡ് നിയമിച്ച ശാന്തിയെ അബ്രാഹ്മണനാണന്ന കാരണത്താൽ അവിടെ ചുമതല വഹിക്കാൻ സമ്മതിക്കാതെ മറ്റൊരിടത്തേക്കു മാറ്റിയത് ന്യൂനപക്ഷക്കാർ ആരുമല്ല.“നാലു വർഷമായി ഒരു ക്ഷേത്രത്തിൽ പൂജാരിയായിക്കഴിയുന്ന എന്റെ സർട്ടിഫിക്കറ്റ് പരിശോധിച്ച് ജാതി മനസ്സിലാക്കിയതോടെ ആറന്മുള ദേവസ്വം കമ്മീഷണറുടെ മട്ടു മാറി.എന്റെ പൂജാ പ്രാവീണ്യം തെളിയിക്കുന്ന,തന്ത്രി പുതുമന ശ്രീധരൻ നമ്പൂതിരിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും കമ്മിഷണറുടെ മുഖം തെളിഞ്ഞില്ല.മണിക്കൂറുകൾക്കകം  അവിടെനിന്നും സ്ഥലം മാറ്റി.”എന്നാണു മനു ആനന്ദ് എന്ന അബ്രാഹ്മണ പൂജാരി വേദനയോടെ പത്രക്കാരോടു പറഞ്ഞത്.സവർണ്ണനല്ലാത്തതിന്റെ പേരിൽ ഈ ഭൂരിപക്ഷ സമുദായക്കാരനായ യുവാവിനെ അപമാനിച്ചതിനെതിരെ പ്രതികരിക്കാത്ത വെള്ളാപ്പള്ളിയും സുകുമാരൻ നായരും കൂടി വിളിച്ചുകൂവുന്ന ഭൂരിപക്ഷ സ്നേഹത്തിനു എന്തു വിശ്വാസ്യതയാണുള്ളത്?

അമൃതാനന്ദമയിയുടെ ഗുണ്ടകൾ ഒരു ഭൂരിപക്ഷ സമുദായ യുവാവിനെ മൃഗീയമായി കൊലപ്പെടുത്തിയപ്പോഴും ചേർത്തല,പെരുന്ന ബ്രദേഴ്സിനു മിണ്ടാട്ടമുണ്ടായില്ല.തങ്ങളുടെ പൊന്നു പിത്തളയായതിനു പണിതവനെ കുറ്റം പറയുവാൻ മാത്രമേ പുതിയ “നസു”(നടേശ,സുകുമാര)
ഐക്യം കൊണ്ടു കഴിയൂ എന്ന് വീണ്ടും തെളിയുകയാണു.  



Fans on the page

5 comments:

mini//മിനി said...

അമൃതാനന്ദമയിയുടെ ഗുണ്ടകൾ ,,, അത് മാത്രം മിണ്ടരുത്,,, സദാചാര ഗുണ്ടകൾ വാഴും കാലമാണ്,,,

Anonymous said...

യു ഡീ എഫ് ഭരണം പൊതുവേ കൊണ്ഗ്രസിന്റെ കഴിവില്ലായ്മയാലും മന്ത്രിമാരുടെ പരിചയക്കുറവു കൊണ്ടും ലീഗ് മാണി ഭരണം ആയി മാറിയത് കണ്ടു ഹിന്ദുക്കള്‍ നിഷ്ക്രിയരായി നിന്നാല്‍ പറ്റില്ല എന്ന് മനസ്സിലാക്കി നായര്‍ ഈഴവ ഐക്യം ഉണ്ടാക്കിയതാണ് , അതുകൊണ്ട് ഈ ലോകത്ത് നടക്കുന്ന എല്ലാത്തിനെതിരെയും പ്രതികരിക്കണം എന്ന് ദത്തന്‍ വാശി പിടിക്കരുത്, അമ്ര്താനന്ദ മയിയുടെ ആശ്രമത്തില്‍ യാ അള്ള എന്ന് നിലവിളിച്ചു പാഞ്ഞടുത്ത ഒരാള്‍ ആണ് മരിച്ചത്, അയാള്‍ ഹിന്ദു ആണോ മുസ്ലീം തീവ്രവാദി ആണോ എന്ന് അറിയാന്‍ അപ്പോള്‍ മാര്‍ഗമില്ല കൊന്നത് ഏതായാലും പോലീസ് അല്ലാ, മാനസിക രോഗാശുപത്രികാര്‍ ആണ് (പണം കൊടുത്തിരിക്കണം ഏതായാലും കേസ് തെളിയിക്കാന്‍ തിരുവന്ചൂരിനു താല്‍പ്പര്യം ഇല്ല താനും) , ഏതായാലും ഈ വടക്കെ ഇന്ത്യക്കാരന്‍ ഈ ആശ്രമത്തില്‍ പോകേണ്ട ഒരു കാര്യവും ഇല്ല, അവന്‍ ഒരു കത്തിയെടുത് അമ്മയെ കുത്തിയിരുന്നു എങ്കില്‍ എന്ത് ചെയ്യുമായിരുന്നു? ദത്തന്റെ അമ്മ വീട്ടില്‍ ഇരുന്നു കാര്യം പറയുമ്പോള്‍ പരിചയമില്ലാത്ത ഒരുത്താന്‍ ചാടി വന്നു അമ്മയെ കെട്ടിപ്പിടിക്കാന്‍ വന്നാല്‍ ദത്തന്‍ എന്ത് ചെയ്യും? ആ ഇന്‍സ്ടന്റിലെ പ്രതികരണം സത്യ സന്ധമായി പറയുക

dethan said...

മിനി,
പറഞ്ഞതുമല്ല പട്ടിക്കു പല്ലും വന്നു എന്ന ചൊല്ലു പോലായല്ലോ.മിനി പറഞ്ഞു തീരും മുമ്പേ അമൃതാനന്ദമയീ ഭക്തൻ ചാടി വീണിരിക്കുന്നു അമ്മച്ചിയുടെ നിരപരാധിത്വ വാദവുമായി.

dethan said...

സുശീലൻ,

നായരും ഈഴവനും മാത്രം ചേർന്നാൽ ഹിന്ദു ആകുമോ?പറയനും പുലയനും ധീവരനും ഒന്നും ഹിന്ദുവല്ലേ?മനു ആനന്ദ് എന്ന ശാന്തി ഹിന്ദുവല്ലേ?ലോകത്തുള്ള സകലതിനോടും പ്രതികരിക്കണ്ടാ,ഹിന്ദുവിനെ രക്ഷിക്കാനായി ഐക്യമുണ്ടാക്കിയവർക്ക് ഒരു ഹിന്ദുവിന്റെ പ്രശ്നത്തിൽ അഭിപ്രായം പറയാൻ ബാദ്ധ്യതയുണ്ട്.
അമൃതാനന്ദമയിയും സംഘവും നടത്തിയ കൊലപാതകത്തിൽ ഒരു ഹിന്ദു നേതാവും പ്രതിഷേധിക്കില്ല.

അമൃതാനന്ദമയിയുടെ പഞ്ച നക്ഷത്ര സങ്കേതത്തിൽ വച്ച് അവരുടെ ഗുണ്ടകൾ സത്നാം സിംഗിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അവരുടെ തന്നെ ക്യാമറ ഒപ്പിയെടുത്തത് ചാനലുകൾ പ്രദർശിപ്പിച്ചതു സുശീലൻ കണ്ടില്ലേ?അല്ലെങ്കിൽ തന്നെ ഭരണകൂടങ്ങളെ വിലയ്ക്കെടുക്കുന്ന ആൾദൈവത്തിനു ഡോക്റ്റർമാരെയും പോലീസുകാരെയും സ്വാധീനിക്കാനാണോ പാട്?അന്വേഷണത്തിനു നേതൃത്വം കൊടുത്ത ഐജി മാഡത്തിന്റെ മകൾ അമൃതാ മെഡിക്കൽ(മേടിക്കൽ)കോളേജിലാണു പഠിക്കുന്നത്.അപ്പോൾ അന്വേഷണത്തിന്റെ ഫലം എന്താകും എന്ന് ഊഹിച്ചുകൂടെ?ആൾ ദൈവവും ഗുണ്ടകളും അക്രമം ചെയ്തു ശീലമില്ലാത്തവരാണെന്നു പറഞ്ഞാൽ പണ്ട് ഒരുപാടു പേർ വിശ്വസിക്കുമായിരുന്നു.വേതനം കൂട്ടിച്ചോദിച്ച നഴ്സുകളുടെ മുട്ടു ഇവർ തല്ലിയൊടിച്ച സംഭവത്തിനു ശേഷം കാരുണ്യത്തിന്റെ പരിപ്പ് അത്ര പെട്ടെന്നു മലയാളിക്കു മുമ്പിൽ വേകില്ല.

ബീഹാറുകാരനും ജന്മം കൊണ്ടു ബ്രാഹ്മണനുമായ സത്നാം സിംഗ് മുസ്ലീം തീവ്രവാദിയാണോ എന്നു സംശയിക്കുന്നത് എന്തടിസ്ഥാനത്തിലാണു?അമൃതാനന്ദമയിയുടെ സങ്കേതത്തിലല്ല അയാൾ ആദ്യമായി ആത്മീയത അന്വേഷിച്ചു ചെന്നത്.വർക്കല നാരായണഗുരുകുലത്തിൽ സ്വാമി മുനിനാരായണപ്രസാദിനൊപ്പം 20 ദിവസം ഉണ്ടായിരുന്നു.ബിസ്മില്ലാഹി എന്നു തുടങ്ങുന്ന പ്രാർത്ഥന അവിടുത്തെ സർവ്വമത പ്രാർത്ഥനയിൽ നിന്നു ഗ്രഹിച്ചതാകണം.
ബിസ്മില്ലാഹി ചൊല്ലിയതുകൊണ്ടു മാത്രം അയാൾ മുസ്ലീം തീവ്രവാദിയാകുമോ?എങ്കിൽ ഗുരുകുലത്തിലെ അന്തേ വാസികളെല്ലാം തീവ്ര വാദികളാകണമല്ലോ?
"ദത്തന്റെ അമ്മ വീട്ടില്‍ ഇരുന്നു കാര്യം പറയുമ്പോള്‍ പരിചയമില്ലാത്ത ഒരുത്തന്‍ ചാടി വന്നു അമ്മയെ കെട്ടിപ്പിടിക്കാന്‍ വന്നാല്‍ ദത്തന്‍ എന്ത് ചെയ്യും?"
എന്നു താങ്കൾ ചോദിക്കുന്നു.എന്റെ അമ്മ വഴിയേപോന്നവരെയെല്ലാം കെട്ടിപ്പിടിക്കുന്ന സ്ത്രീ ആയിരുന്നില്ല.അമൃതാനന്ദമയിയെപ്പൊലെ അന്യരെ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുകയും സ്നേഹപ്രകടനം നടത്തുകയും ചെയ്യുന്ന സ്ത്രീ ആയിരുന്നില്ല എന്റെ അമ്മ.ആ നിലയ്ക്ക് പുറത്തു നിന്ന് ആരും വന്ന് അമ്മയെ കെട്ടിപ്പിടിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.കെട്ടിപ്പിടിച്ചും ഉമ്മവച്ചും ഭക്തരെ അനുഗ്രഹിച്ചിരുന്ന നിങ്ങളുടെയൊക്കെ “അമ്മ”ക്ക് എന്തായിരുന്നു സത്നാം സിംഗിനോടു അയിത്തം?അയാളുടെ കീശയിൽ ഒന്നും ഇല്ലായിരുന്നതുകൊണ്ടോ?അതിനു കൊല്ലണമായിരുന്നോ?

തുളസി said...

നല്ല മറുപടി...........