Total Pageviews

Tuesday, September 25, 2012

മഹാനടനും അനുശോചന നടനവും



ലോക നടന്മാരോട് കിടപിടിക്കുന്ന മലയാളത്തിന്റെ അഭിനയ ചക്രവർത്തി അരങ്ങൊഴിഞ്ഞു.സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങൾ നമുക്കു സമ്മാനിച്ച ആ മഹാ പ്രതിഭയുടെ ഓർമ്മയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ.

തിലകൻ എന്ന നടന്റെ അഭിനയ വൈഭവത്തെയും സ്വഭാവ വൈചിത്ര്യത്തെയും വിലയിരുത്തുവാൻ അർഹതയുള്ളവരും ഇല്ലാത്തവരും ഇതിനകം തന്നെ ഏറെ വിലയിരുത്തിക്കഴിഞ്ഞു.സിനിമയുടെ മായിക ലോകത്ത് നടക്കുന്ന കുത്തിത്തിരുപ്പിന്റെയും കുതികാൽ വെട്ടിന്റെയും പാര വയ്പിന്റെയും പാലം വലിപ്പിന്റെയും തീവ്രത മലയാളിക്കു മനസ്സിലാക്കിത്തന്നതു തിലകന്റെ ജീവിതമാണു.ആരുടെയും മുമ്പിൽ തല കുനിക്കാത്ത ആ മനുഷ്യന്റെ മരണമാകട്ടെ അനുശോചനത്തിലും അഭിനയ മുഹൂർത്തങ്ങൾക്കു സാദ്ധ്യതയുണ്ടെന്നു തെളിയിച്ചിരിക്കുന്നു.ആത്മ വഞ്ചനയുടെ അവതാരങ്ങളാണു മിക്ക സൂപ്പർ സ്റ്റാറുകളും സാദാ സ്റ്റാറുകളും അവരുടെ ഉപഗ്രഹങ്ങളും എന്ന് മനസ്സിലാക്കാനും തിലകന്റെ വേർപാടിനു സാധിച്ചു.

കേരളകൗമുദിയുടെ കാർട്ടൂണിസ്റ്റ്,സുജിത് സുചിപ്പിച്ച,“അമ്മ”(താരസംഘടന​)‍മഴക്കാർ ഒഴുക്കിയ മുതലക്കണ്ണീരിൽ തിലകന്റെ ചിതാഭസ്മം പോലും ഒഴുകിപ്പോയിട്ടുണ്ടാകണം.അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്റെ പേരിൽ തിലകനെ വേട്ടയാടിയവർ,അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ ചൊരിഞ്ഞ പ്രശംസാ വചനങ്ങളും ദു:ഖപ്രകടനങ്ങളും കേൾക്കുകയും കാണുകയും ചെയ്തപ്പോൾ ഓക്കാനമാണു തോന്നിയത്.ഷൂട്ടിങ്ങ് ലൊക്കേഷനിലല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കാണാൻ പോലുമെത്താത്ത സൂപ്പർ സ്റ്റാറുമാരും അവരുടെ വാലുകളും കൂടി ആടിയ അനുശോചനനടനം കണ്ടിരുന്നെങ്കിൽ ശവപ്പെട്ടിയിൽ നിന്നും എഴുന്നേറ്റു വന്ന് തിലകൻ രണ്ടു പൊട്ടിക്കുമായിരുന്നു.ആത്മവഞ്ചകരുടെ ഈ അഴിഞ്ഞാട്ടത്തിനിടയിലും ആത്മാർത്ഥതയുടെ മിന്നാലാട്ടം കണ്ടതു പറയാതിരിക്കാൻ കഴിയില്ല.തിലകൻ മരിച്ചതിന്റെ  ആഹ്ലാദം മറച്ചു വയ്ക്കാൻ കാവ്യാ മാധവനു കഴിഞ്ഞില്ല.അപ്പൂപ്പനാകാൻ പ്രായമുള്ള അദ്ദേഹത്തെ “ചേട്ടൻ”എന്നു പരാമർശിച്ചു കൊണ്ട് താരസുന്ദരി സുസ്മേരവദനയായി നടത്തിയ അനുശോചനപ്രസംഗത്തിൽ ഒരു ശല്യം ഒഴിഞ്ഞതിന്റെ ആശ്വാസവും സന്തോഷവും പ്രകടമായിരുന്നു.

ജീവിച്ചിരിക്കെ “അമ്മ” എന്ന താര  സംഘടനയുടെ മറവിൽ  സൂപ്പർ സ്റ്റാറുകളും ചിന്നസ്റ്റാറുകളും സൂപ്പർ സംവിധായകരും പെട്ടിയെടുപ്പുകാരും കൂടി തിലകനെതിരെ ചെയ്ത ദ്രോഹങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതായിരുന്നില്ല.ഊരുവിലക്കും ഭ്രഷ്ടും തൊഴിൽ നിഷേധവും നടപ്പാക്കാൻ ശ്രമിച്ചവർ, സീരിയലിൽ പോലും അഭിനയിക്കാൻ സമ്മതിക്കാതിരുന്നവർ, ഒക്കെ ഇപ്പോൾ തിലകന്റെ അഭിനയെ സിദ്ധിയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നതു കേട്ടാൽ കാണ്ടാമൃഗങ്ങൾ പോലും നാണിച്ചു പോകും.തിലകന്റെ വളയാത്ത നട്ടെല്ലിനെ കുറിച്ചും കുനിയാത്ത ശിരസ്സിനെകുറിച്ചും ഇപ്പോൾ അഭിമാന പുരസ്സരം ഓർമ്മിക്കുന്ന താരമന്നന്മാർ ആ നട്ടെല്ലു വളയ്ക്കാനും തലതച്ചു തകർക്കാനും ഒളിച്ചും പാത്തും നേരിട്ടും നടത്തിയ അശ്ലീലകരമായ ആക്രമണങ്ങൾ മലയാളികൾ മറക്കാറായിട്ടില്ല.

തിലകന്റെ മൃതദേഹം പൊതു ദർശനത്തിനു വയ്ക്കാനും വിലാപയാത്രയും ശവദാഹവും ഗംഭീരമാക്കാനും ഉത്സാഹിച്ച സിനിമാ മന്ത്രി പുംഗവനും സുഹൃത്തായ സംഗീത “പ്രതിഭ”യും കൂടി രണ്ടാമന്റെ ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കെ തിലകനെയും സുകുമാർ അഴീക്കോടിനെയും പറ്റി പറഞ്ഞ പോഴത്തങ്ങൾ നിരവധി പേരുടെ മനസ്സിൽ ഇപ്പോഴും മങ്ങാതെയുണ്ട്.തിലകൻ കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു എന്ന് ഇപ്പോൾ അഭിമാനം കൊള്ളുന്ന സംസ്കാരത്തിന്റെ പഴയ സോൾ എജന്റ്, മന്ത്രിയായിരുന്ന കാലത്ത് തന്നോടു കാട്ടിയ നീതിനിഷേധത്തിന്റെ കഥകൾ തിലകൻ തന്നെ വെളിപ്പെടുത്തിയത് പത്രത്താളുകളിൽ നിന്നു മാഞ്ഞു പോയിട്ടില്ല.
 
തിലകനെപ്പറ്റി അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും എന്തെങ്കിലും പറയാൻ അർഹതയുള്ള സിനിമാക്കാർ ആരെങ്കിലുമുണ്ടെങ്കിൽ അത് സംവിധായകരായ വിനയനും രഞ്ജിത്തും അലി അക്ബറുമാണു.തിലകനെ വച്ച് സിനിമാ പിടിച്ചതിന്റെ പേരിൽ അലി അക്ബറിന്റെ കാറും വീടും എല്ലാം തല്ലിപ്പൊളിച്ചിട്ട് അധിക നാളുകളായില്ല.തിലകനെതിരെ ഉണ്ടായ എല്ലാ ആക്രമണങ്ങളെയും അദ്ദേഹത്തിനൊപ്പം നിന്ന് നേരിട്ട ആളാണു വിനയൻ.മാഫിയാ സംഘമെന്ന് തിലകൻ വിശേഷിപ്പിച്ച“അമ്മ”യുടെ മക്കൾഗുണ്ടകളുടെ എതിർപ്പ് അവഗണിച്ച് വീണ്ടും മുഖ്യധാരാ സിനിമയിൽ അഭിനയിപ്പിക്കാൻ ചങ്കൂറ്റം കാട്ടിയ സംവിധായകനാണു രഞ്ജിത്ത്.

ഡോ.സുകുമാർ അഴീക്കോട് ഇല്ല്ലായിരുന്നെങ്കിൽ, ഇന്ന് മുതലക്കണ്ണീർ പൊഴിക്കുന്ന താര‘കങ്കാളങ്ങ'ളും സംവിധായക സൃഗാലങ്ങളും കൂടി എന്നേ തിലകനെ ചവിട്ടിക്കൂട്ടുമായിരുന്നു.താൻ ഒറ്റയ്ക്കല്ലെന്ന ബോധമുണ്ടാക്കുവാനും വർദ്ധിതവീര്യത്തോടെ സിനിമാക്കാരുടെ മാഫിയപ്രവർത്തനത്തിനു തടയിടാനുള്ള ഊർജ്ജം പകരാനും അഴീക്കോടിന്റെ ഇടപെടൽ തിലകനെ ഒട്ടൊന്നുമല്ല സഹായിച്ചത്.അതിന്റെ പേരിൽ അഴീക്കോടിനു മതിഭ്രമമാണെന്നു പറഞ്ഞ് ആക്ഷേപിക്കാനാണു ഒരു സൂപ്പർ സ്റ്റാർ മുതിർന്നത്.കാശിനും പ്രസിദ്ധിയ്ക്കും വേണ്ടി എന്തും ചെയ്യുന്ന ഒരു സ്ത്രീവേഷത്തെ എഴുന്നള്ളിച്ച് അദ്ദേഹത്തിനെ അപമാനിക്കുവാനും സൂപ്പർ സ്റ്റാറും മാഫിയാ സംഘവും ശ്രമിക്കുകയും ചെയ്തു.പക്ഷേ വ്യാജയൗവ്വന വേഷക്കാരും പ്രായത്തിനു തോല്പിക്കാനാകാത്ത യൗവ്വനം മനസ്സിൽ സൂക്ഷിക്കുന്ന രണ്ടു വൃദ്ധരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വ്യാജന്മാർ പരാജയപ്പെട്ടു .

ഹോളിവുഡ് സിനിമയിൽ അഭിനയിക്കാൻ കരാർ ചെയ്യപ്പെട്ട തിലകനെ അതിൽ അഭിനയിപ്പിക്കാതിരിക്കാൻ “അമ്മ”മാഫിയാകൾക്കു കഴിഞ്ഞെങ്കിലും തനിക്കു കിട്ടാനുള്ള പ്രതിഫലം തിലകൻ സമരം ചെയ്തു വാങ്ങുകതന്നെ ചെയ്തു.പകരം വയ്ക്കാൻ മറ്റാരുമില്ലെന്നു തിരിച്ചറിഞ്ഞിട്ടും മരണം വരെ അദ്ദേഹത്തിനെതിരെ ഏർപ്പെടുത്തിയ വിലക്കു പിൻവലിക്കാൻ സന്മനസ്സുകാട്ടാത്തവർ ഇപ്പോൾ അദ്ദേഹം അഭിനയത്തിന്റെ പെരുന്തച്ചനായിരുന്നു എന്നു പറഞ്ഞ് കണ്ണു നിറയ്ക്കുമ്പോൾ തങ്ങൾ സിനിമാലോകത്തെയും പ്രേക്ഷകരെയും പൊതു സമൂഹത്തെയും വഞ്ചിക്കുകയായിരുന്നു എന്നു സമ്മതിക്കുകയാണു.മലയാള സിനിമയ്ക്കും തിലകനും വരുത്തിവച്ച നഷ്ടം അപരിഹാര്യമണു.അതുകൊണ്ടു തന്നെ ഈ മഹാ അപരാധത്തിനു നിരുപാധികം മാപ്പു ചോദിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഇവർ കാണിക്കണം.


Fans on the page

4 comments:

kaalidaasan said...

ദത്തന്‍,

മാപ്പു ചോദിക്കാനോ? ഇവരോ? അതിനു മനുഷ്യ ജാതിയില്‍ ജനിക്കണം.

dethan said...

കാളിദാസൻ,
ശരിയാണു.ഇവർ മനുഷ്യരല്ലല്ലോ.നക്ഷത്രങ്ങളല്ലേ?

sarada said...

All praise to Ranjith who enabled Thilakan to go with his head held high! And Vinayan,Ali Akbar and Sukumar Azhikode who stood by him and had to pay the price.

dethan said...

ശാരദ,
തിലകനെ സംരക്ഷിക്കാൻ പോയി ഏറെ പരുക്കേറ്റ സിനിമാക്കാരൻ വിനയനാണു.പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തിലകനു പാര വച്ചവരുടെ പഴയ വാമൊഴികൾ കൊടുത്തിട്ടുണ്ട്.