“കള്ള് ചെത്തരുത്;കുടിക്കരുത്;വില്ക്കരുത്”,“ചെത്തുന്നവനെ നാറും;അവന്റെ വീടും നാറും”, എന്ന് ശ്രീനാരായണഗുരു വർഷങ്ങൾക്കു മുമ്പു പറഞ്ഞതാണു.ഇപ്പോൾ കേരള ഹൈക്കോടതിയും പറയുന്നു കള്ളുകച്ചവടം അവസാനിപ്പിക്കണമെന്ന്.പക്ഷേ ഗുരുവിന്റെ പേരിൽ സ്ഥാപിതമായ “എസ്.എൻ.ഡി.പി യോഗം(ശ്രീനാരായണ ധർമ്മ പരിപാലന യോഗം)ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയ്ക്കു നേരേ ചീറിയടുക്കുന്നു!!എലിയെ തോല്പ്പിച്ച് ഇല്ലം ചുടുന്നതിനു തുല്യമാണത്രേ ഹൈക്കോടതിയുടെ നിർദ്ദേശം.നിയമങ്ങളും ചട്ടങ്ങളും കർശനമാക്കി കള്ളുവ്യവസായത്തെ സംരക്ഷിക്കുകയാണു വേണ്ടത് എന്നാണു നടേശഗുരുവിന്റെ ഉപദേശം.
കള്ളിന്റെ മറവിൽ ചാരായവും വ്യാജമദ്യവും വില്ക്കുന്നതു തടയാനും സമൂഹത്തിലെ പാവപ്പെട്ടവരെ മദ്യത്തിന്റെ ദൂഷ്യ ഫലങ്ങളിൽ നിന്നു സരക്ഷിക്കാനും കള്ളു കച്ചവടം അവസാനിപ്പിക്കയാണു വേണ്ടതെന്ന ഹൈക്കോടതിയുടെ നിർദ്ദേശമാണു നടേശനെ ചൊടിപ്പിച്ചത്.കള്ളുകച്ചവടം നിർത്തിയാൽ തൊഴിലാളികൾക്കു പണിയില്ലാതാകും എന്നാണു വെള്ളാപ്പള്ളിയുടെ വാദം.തൊഴിലാളികളുടെ പണി പോകുമെന്ന ആശങ്ക അസ്ഥാനത്തണെന്നും കെട്ടിട നിർമ്മാണം,കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിൽ സാദ്ധ്യതയുണ്ടെന്നും കോടതി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.എന്നിട്ടും വെള്ളാപ്പള്ളി പഴകിത്തേഞ്ഞ പല്ലവി ആവർത്തിച്ച് കള്ളുകച്ചവടത്തെയും ചെത്തിനെയും ന്യായീകരിക്കുകയാണു.
ഈ പ്രശ്നത്തിൽ ഹൈക്കോടതിയോടു മാത്രമല്ല നടേശനു കലഹം .കള്ളു കച്ചവടത്തിനെതിരേ സംസാരിക്കുന്ന സകലരേയും കടിച്ചു കീറാൻ നില്ക്കുകയാണദ്ദേഹം.കോടതി പരാമർശത്തെ അനുകൂലിച്ചതിന്റെ പേരിൽ ആർ.ബാലകൃഷ്ണപിള്ളയ്ക്കെതിരേയാണു ഇന്ന് യോഗം ജനറൽ സെക്രട്ടറിയുടെ രോഷം .കള്ളു വില്പന നിർത്തണമെന്നു പറയുന്നവരോട് ഇത്ര അമർഷവും വിരോധവുമാണുള്ളതെങ്കിൽ കള്ളു ചെത്തരുതെന്നും കുടിക്കരുതെന്നും വില്ക്കരുതെന്നും പറഞ്ഞ ഗുരുവിനോട് എന്തുമാത്രം ദേഷ്യം കാണും നടേശനു?ശ്രീനാരായണഗുരു ചെത്തുകാരുടെ നേതാവാണെന്നു എഴുതിപ്പിടിപ്പിച്ചവർക്കെതിരേ കേരളീയ സമൂഹം ഒന്നടങ്കം പ്രതിഷേധിക്കുമ്പോഴാണു കള്ളുമാഹാത്മ്യ സ്തോത്രങ്ങൾ ഉരുവിട്ട് നടേശൻ, ഗുരുവിനെയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും മലിനമാക്കുന്നത്!
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്യവർജ്ജനവും അയിത്തോച്ചാടനവും അതിന്റെ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുത്തുന്നതിനും എത്രയോ മുമ്പ് ഈ രണ്ടു വിഷയങ്ങളിലും സക്രിയമായി പ്രതികരിച്ച ആളാണു ശ്രീനാരായണ ഗുരു.മദ്യത്തോടും ചെത്തിനോടും ഉള്ള അദ്ദേഹത്തിന്റെ വെറുപ്പ് വെറും പ്രകടനമായിരുന്നില്ല.“ചെത്തരുത്,കുടിക്കരുത്,വില്ക്കരുത്”എന്നത് മദ്യവർജ്ജനക്കാർക്ക് ജാഥയിൽ വിളിക്കാൻ എഴുതിക്കൊടുത്ത മുദ്രാവാക്യവുമായിരുന്നില്ല.മദ്യത്തിന്റെ പിടിയിൽ പെട്ട് നാശത്തിന്റെ പടുകുഴിയിൽ പതിച്ച നിരവധി കുടുംബങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കിയ ഒരു മഹാഗുരുവിന്റെ ഉള്ളിൽ നിന്നു പുറപ്പെട്ട ഉപദേശ രൂപത്തിലുള്ള ശാസനയായിരുന്നു.
“ചെത്താനുപയോഗിക്കുന്ന കത്തി കൊണ്ട് കുറഞ്ഞത് നാലു ക്ഷൗരക്കത്തിയുണ്ടാക്കാം.ക്ഷൗരം ചെയ്തുണ്ടാക്കുന്ന പണം ചെത്തിയുണ്ടാക്കുന്നതിനേക്കാൾ എത്ര അന്തസ്സുള്ളതാണു.”എന്ന ഗുരുവിന്റെ വാക്കുകളിൽ ചെത്തിനോടും കള്ളിനോടുമുള്ള എതിർപ്പിന്റെ കാഠിന്യം വ്യക്തമാണു.ഒരു ചെത്തുകാരൻ ഭാര്യയുമായി വഴക്കിട്ട് ശിവഗിരിയിൽ എത്തി ,തനിക്കു സന്യസിക്കണമെന്നു പറഞ്ഞപ്പോൾ,“ഓ! ചെത്തിന്റെ ഉത്തരകാണ്ഡം സന്യാസമാണോ?”എന്നു പരിഹസിച്ചു വിടുകയാണു സ്വാമി ചെയ്തത്.ചെത്തു നിർത്തിയാൽ കുടുംബം പട്ടിണിയാകുമെന്നു പറഞ്ഞ മറ്റൊരുവനോട്,മീൻ കച്ചവടം ചെയ്യാൻ ഉപദേശിക്കുക മാത്രമല്ല അതിനാവശ്യമായ പണവും നല്കി.
വെള്ളാപ്പള്ളി നടേശനു ഗുരുവിന്റെ ഈ ഉപദേശങ്ങളോട് എതിർപ്പുണ്ടാകുന്നതിൽ കുറ്റപ്പെടുത്താനാകില്ല.തനിക്ക് ഉത്തമവിശ്വാസമുള്ള കാര്യത്തിനു വേണ്ടി സംസാരിക്കുന്നതും പോരാടുന്നതും അന്തസ്സുള്ള കാര്യമാണു;ആണത്തവുമാണു.പക്ഷേ ചെത്തിനെയും കള്ളു കച്ചവടത്തെയും അങ്ങേയറ്റം വെറുത്ത ഗുരുവിന്റെ ധർമ്മം (ഇതുമാത്രമല്ല ഗുരു ധർമ്മം) പരിപാലിക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട സംഘടനയായ എസ്. എൻ.ഡി.പി.യോഗത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് കള്ളുകച്ചവടത്തിനു വേണ്ടി സംസാരിക്കുന്നത് ആണത്തമല്ല.എന്നു മാത്രമല്ല മര്യാദകേടും ഗുരു നിന്ദയുമാണു.നടേശനു അല്പമെങ്കിലും അന്തസ്സുണ്ടെങ്കിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി പദവി രാജിവച്ചിട്ടു വേണം കള്ളു ചെത്തുന്നതും വില്ക്കുന്നതും മഹത്തായ കാര്യമാണെന്നു വിളിച്ചു കൂവാൻ.
Fans on the page
1 comment:
“കള്ളു ചെത്തി വില്ക്കേണം
ചാരായം വാറ്റിയെടുക്കേണം
രണ്ടുമല്പം ഭുജിക്കേണം
സ്വാമിപാദം ജയിക്കേണം“
-സി.വി.കുഞ്ഞുരാമൻ
Post a Comment