Total Pageviews

Tuesday, June 19, 2012

മോഹൻലാലിന്റെ കൊമ്പ്



ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡിൽ മോഹൻ ലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കിട്ടിയിട്ട് ഏതാണ്ട് ഒരു വർഷത്തോളമായി.അന്നു പത്രക്കാർ ചോദിച്ചപ്പോൾ വനം വകുപ്പു മന്ത്രി ഗണേഷ്കുമാർ പറഞ്ഞത്
മോഹൻ ലാലിനെതിരെ കേസ്സെടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണു.ഒരേതൂവൽ പക്ഷികളായ മന്ത്രിയും മോഹൻലാലും തമ്മിലുള്ള ഗാഢബന്ധമറിയാവുന്നവർ ആ പ്രതികരണത്തിൽ അസ്വാഭാവികത ദർശിച്ചിട്ടുണ്ടാകില്ല.പക്ഷേ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ഗണേഷ് കുമാർ അങ്ങനെ പറയാൻ പാടില്ലായിരുന്നു.“പ്രീതിയോ വിദ്വേഷമോ കൂടാതെ ഉത്തരവാദിത്ത്വം നിറവേറ്റും” എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണത്.

എന്നാലിപ്പോൾ വനം വകുപ്പ് കേസ്സെടുത്തിരിക്കുകയാണു.അതു പക്ഷേ നീതിബോധത്തിൽ നിന്നോ കർത്തവ്യ വ്യഗ്രതയിൽ നിന്നോ ഉണ്ടായ നടപടിയല്ല.ഒരു പൊതു പ്രവർത്തകൻ, വിവരാവകാശ നിയമപ്രകാരം  ചോദിച്ച ചില സംശയങ്ങൾക്ക് കൃത്യമായ മറുപടി നല്കാൻ കഴിയാത്ത ഗതികേടു വന്നപ്പോൾ തിടുക്കത്തിൽ കേസ്സെടുക്കുകയായിരുന്നത്രേ.സുഹൃത്തുക്കൾ തന്നെ സൂക്ഷിക്കാൻ ഏല്പിച്ചതാണു ആനക്കൊമ്പെന്നാണു പോലും മോഹൻലാലിന്റെ വിശദീകരണം.വീട്ടിൽ നിന്നു കണ്ടെടുത്ത കണക്കിൽ കൊള്ളാത്തവയൊക്കെ ഇങ്ങനെ സുഹൃത്തുക്കൾ സൂക്ഷിക്കാൻ ഏല്പിച്ചതാകുമോ?എന്തായാലും ശ്രീനിവാസന്റെ “സരോജ് കുമാർ” സിനിമയിലെ നായകനെപ്പോലെ വീട്ടിൽ നിന്നുമെടുത്തത് കാളക്കൊമ്പാണെന്നു പറഞ്ഞില്ലല്ലോ.അത്രയും ആശ്വാസം!

നികുതിവെട്ടിപ്പും ആനക്കൊമ്പ് കടത്തും നടത്തുന്ന ഒരുവനെ ഇപ്പോഴും ലഫ്റ്റനന്റ് കേണൽ പദവിയിൽ(ടെറിട്ടോറിയൽ ആർമിയുടേതാണെങ്കിൽ പോലും)തുടരാൻ അനുവദിക്കുന്നത് ഇന്ത്യൻ സേനയ്ക്ക് ഒന്നാകെ അപമാനമാണു.ഒരു സാധാരണ പൗരൻ ആനക്കൊമ്പ് കൈവശം വച്ചാൽ അയാൾക്ക് ഊണു ജയിലിനകത്താകാൻ വലിയ താമസമുണ്ടാകില്ല.ഇവിടെ ഒരു താരരാജാവ് എല്ല്ലാ നിയമങ്ങളും ലംഘിച്ച് ആനക്കൊമ്പ് കൈവശം വച്ചിട്ട് ഒരു നടപടിയും ഇല്ല.അതിന്റെ പേരിൽ ചോദ്യം ചെയ്യുന്നതു പോലും അദ്ദേഹത്തിന്റെ സമയവും സൗകര്യവും നോക്കി മാത്രം!!സൂപ്പർ സ്റ്റാറിനു പ്രത്യേക നിയമം വല്ലതും നിലവിലുണ്ടോ?മുഖം നോക്കാതെ നടപടിയെടുക്കുമെന്നൊക്കെയുള്ള മുഖ്യമന്ത്രിയുടെ വീരവാദം താരരാജാവിനെ ഒഴിവാക്കിയാണോ?

നാട്ടുകാരുടെ കണ്ണിൽ പൊടിയിടുവാൻ വേണ്ടി ഇപ്പോൾ ചാർജു ചെയ്തിരിക്കുന്ന കേസ്സിൽ പോലും സൂപ്പർ സ്റ്റാറിനു ഊരിപ്പോരാൻ പഴുതുകൾ ധാരാളം ഉണ്ടെന്നാണറിയുന്നത്.ആളും തരവും നോക്കി നിയമം നടപ്പിലാക്കിയാൽ എങ്ങനെയാണു ഇവിടെ നിയമവാഴ്ച നേരാം വണ്ണം നടക്കുന്നത്?അധോലോക നായകന്മാരെ സിനിമയിൽ അവതരിപ്പിച്ചവതരിപ്പിച്ച് അധോലോക രാജാക്കന്മാരുടെ സ്വഭാവം കൈവരിച്ച ഇത്തരം സൂപ്പർ സ്റ്റാറുകളെ സംരക്ഷിക്കുന്ന നിലപാട് ഒരു സർക്കാരിനും ഭൂഷണമല്ല.ഇവരെ ആരാധിക്കുന്ന പുതു തലമുറയ്ക്കും സമൂഹത്തിനും അത് തെറ്റായ സന്ദേശമാകും നല്കുക.




Fans on the page

7 comments:

മുക്കുവന്‍ said...

I do not think there is only one elephant tusk in all over india. just because it got from MohanLal its a case here :)

yea... I do agree that all citizen should be treated same.

dethan said...

മുക്കുവൻ,
ഇന്ത്യയിൽ മോഹൻലാലിന്റെ കൈവശം മാത്രമേ ആനക്കൊമ്പ് ഉള്ളൂ എന്ന് ഞാൻ പറഞ്ഞിട്ടില്ല.ആരു കൈവശം വച്ചാലും അതു ശിക്ഷാർഹമയ കുറ്റമാണു.താങ്കൾ സൂചിപ്പിച്ചതു പോലെ ആനക്കൊമ്പ് ലാലിന്റെ പക്കൽ നിന്നു കണ്ടെടുത്തതു കൊണ്ടാണു ഇത്ര വാർത്താ പ്രാധാന്യം നേടിയത്.വീരപ്പനല്ലല്ലോ മോഹൻ ലാൽ.വീരപ്പനു പോലും ബാധകമാക്കിയ നിയമം മോഹൻ ലാലിനു ബാധകമല്ലെന്നു വരുന്നതു ശരിയോ?

kaalidaasan said...

ദത്തന്‍,

ഒരു വര്‍ഷമായിട്ടും ആദായനികുതി വകുപ്പോ, പോലീസോ വനം വകുപ്പോ കെസെടുത്തിട്ടില്ല. ഇപ്പോള്‍ കോടതി നിര്‍ദ്ദേശപ്രകാരം കേസെടുക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്ന തിരിച്ചറിവുണ്ടായപ്പോള്‍ വനം വകുപ് രക്ഷപ്പെടുത്താന്‍ വേണ്ടി തന്നെയാണു കേസെടുത്തിരിക്കുന്നത്.

മോഹനലാലന്‍ ഇപ്പോള്‍ സ്വന്തം അനക്കൊമ്പിനു ഉടമസ്ഥനെയും ദത്തെടുത്തു കഴിഞ്ഞു. ആനക്കൊമ്പു സൂക്ഷിക്കാന്‍ മറ്റാരോ കൊടുത്തതാണെന്ന് വ്യാജരേഖയുണ്ടാക്കുന്നു. നിയമവ്യവസ്ഥയുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. നിയമ വ്യവസ്ഥയെ വ്യഭിചരിക്കുന്ന, വ്യാജ രേഖയുണ്ടാക്കുന്ന ഒരു ക്രിമിനലിനല്ല ലെഫ്റ്റനന്റ് കേണല്‍ പദവി കൊടുക്കേണ്ടത്. അത് തിരിച്ചെടുക്കുന്നതാണുചിതം.

മുക്കുവന്‍ said...

കേണല്‍ പദവി, അത് കൊടുത്തവനെ തല്ലണം അല്ലാതെ ഇനി തിരിച്ചെടുത്താലെന്ത് ഇല്ലെങ്കിലെന്ത്!

dethan said...

കാളിദാസൻ,

ആനക്കൊമ്പ് തട്ടിപ്പു മാത്രമല്ല നികുതി കൊടുക്കാതിരിക്കുന്നതും കള്ളപ്പണം ഒളിപ്പിക്കുന്നതും എല്ലാം ക്രിമിനൽ പ്രവൃത്തികളാണു.എങ്ങനെ നോക്കിയാലും ലഫ്റ്റനന്റ് കേണൽ പദവിയും സർക്കാർ കൊടുത്ത മറ്റു പദവികളും മോഹൻലാലിൽ നിന്നും തിരിച്ചെടുക്കേണ്ടതാണു.അത്രയും മാത്രമല്ല.ഈ കുറ്റങ്ങൾക്കെല്ലാം നിയമം അനുശാസിക്കുന്ന ശിക്ഷയും നല്കണം.

dethan said...

മുക്കുവൻ,

കാളിദാസൻ പറഞ്ഞതാണു ശരി.അർഹതയില്ലാത്ത ശിരസ്സിലാണു ലഫ്റ്റനന്റ് കേണലിന്റെ തൊപ്പി ചാർത്തിക്കൊടുത്തിരിക്കുന്നത് എന്ന് ബോധ്യമായാൽ അതു തിരിച്ചെടുക്കുകയാണു പിന്നീടു ചെയ്യാവുന്ന ഉചിതമായ നടപടി.

മുക്കുവന്‍ said...

ദത്താ... ആ പറഞ്ഞത് ഒരു കണക്കിനു ശരിയാണെന്ന് തോന്നുന്നു... കോര്‍ട്ട്മാര്‍ഷല്‍ പോലെ പബ്ലികായി ഒരു കേണല്‍ പദവി തിരിചെടുക്കലുണ്ടായാല്‍ ഇനി മേലില്‍ ഇങ്ങനെ ഒരു പദവി ആരും കാശ് കൊടുത്ത് വാങ്ങില്ലാ‍ാ...