Total Pageviews

Wednesday, June 6, 2012

ഗണേഷ്കുമാറിന്റെ വ്യാജ പരിസ്ഥിതിവാദി




സുഗതകുമാരിയെ മന്ത്രി ഗണേഷ് കുമാർ അധിക്ഷേപിച്ചെന്നും അതിൽ പ്രതിഷേധിച്ച് അവർ വേദി വിട്ടു പോയി എന്നുമാണു ആദ്യം ഫ്ലാഷ് ചെയ്ത വാർത്ത.പ്രതിഷേധിച്ചല്ല പോയതെന്നും മറ്റൊരു പരിപാടിയിൽ സംബന്ധിക്കാനുണ്ടായിരുന്നതു കൊണ്ട് നേരത്തേ ഇറങ്ങിയതാണെന്നുമാണു സുഗതകുമാരി പിന്നീട് മാദ്ധ്യമങ്ങളോടു പറഞ്ഞത്.“ടീച്ചറെ എനിക്ക് എന്നും ബഹുമാനമാണെന്നും നിഷ്ക്കളങ്കയായ ടീച്ചറെ മുൻ നിർത്തി പ്രവർത്തിക്കുന്നവർ പലരും വ്യാജ പരിസ്ഥിതി വാദികളാണെന്നും”ആണു താൻ പറഞ്ഞതെന്നു മന്ത്രിയും വിശദീകരികയുണ്ടായി.ദോഷം പറയരുതല്ലോ, മന്ത്രി പ്രസംഗിച്ചത് അങ്ങനെ തന്നെയായിരുന്നു.ടീച്ചറെ വേദിയിൽ ഇരുത്തിക്കൊണ്ടാണു ഇതെല്ലാം പറഞ്ഞതും.

സംഭവം വിവാദമായപ്പോൾ നടന്നതെന്താണെന്ന് രണ്ടു കൂട്ടരും വിശദീകരിച്ചെങ്കിലും മാദ്ധ്യമങ്ങൾ വിടാൻ ഭാവമില്ല.മന്ത്രി ആ അവസരത്തിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് സുഗതകുമാരി പറഞ്ഞതിൽ നിന്ന് അവർക്ക് പ്രസ്തുത പരാമർശങ്ങൾ രസിച്ചില്ല എന്നു വ്യക്തമാണു.പക്ഷെ അതേ വേദിയിൽ വച്ച് മറുപടി പറയാൻ അവർക്ക് കഴിയാതെ പോയത് കഷ്ടമായി.ബോധപൂർവ്വം ഓഴിഞ്ഞുമാറിയതാണെന്ന ആക്ഷേപത്തിനു ഇടയാക്കുകയും ചെയ്തു.റ്റി.പിചന്ദ്രശേഖരൻ വധത്തിൽ പ്രതികരിച്ചില്ലെന്ന ആക്ഷേപിച്ച കെ.മുരളീധരനും മറ്റും ഇരുന്ന സത്യഗ്രഹ പന്തലിൽ വച്ച് ,തൊട്ടടുത്ത ദിവസം തന്റെ പ്രതികരണം പ്രസിദ്ധീകരിച്ച വീക്ഷണം പത്രം കോൺഗ്രസ്കാർ വായിച്ചില്ലേ?കണ്ടില്ലേ? എന്ന് പൊട്ടിത്തെറിച്ച അവർ ബോധപൂർവ്വം ഒഴിഞ്ഞതാണെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല.സുഗതകുമാരി ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കിമ്പോൾ ആരാണു വ്യാജ പരിസ്ഥിതി വാദികളെന്ന് പേരെടുത്തു പറയാനുള്ള തന്റേടം മന്ത്രി കാണിക്കണമായിരുന്നു എന്നാണു സി.പി.മുഹമ്മദ് എം.എൽ.എ അഭിപ്രായപ്പെട്ടത്.

വന്യമൃഗങ്ങളുടെ തോലും മറ്റും ഉപയോഗിച്ചുകൊണ്ട് പരിസ്ഥിതി സ്നേഹം പ്രസംഗിക്കുന്ന വ്യാജന്മാരെ തനിക്കറിയാമെന്നും അവരുടെ മുഖം മൂടി താൻ വലിച്ചുകീറുമെന്നും മറ്റുമാണു പരിസ്ഥിതി ദിനത്തിൽ ഗണേഷ് കുമാർ പ്രസംഗിച്ചത്.പേരെടുത്തു പറഞ്ഞില്ലെങ്കിലും അദ്ദേഹം ആരെയാണുദ്ദേശിക്കുന്നത് എന്ന് വ്യക്തമാണു.അദ്ദേഹത്തിന്റെസ്വന്തം പിതാവിനെയല്ലതെ  മറ്റാരെയും ആകാൻ സാദ്ധ്യതയില്ല.അതു തുറന്നു പറഞ്ഞാൽ പി.എ.യ്ക്കു കിട്ടിയതിന്റെ ബാക്കി തനിക്കും കിട്ടുമെന്നറിയാം.ആ നിലയ്ക്ക് തടി കേടാകാതെ നോക്കുന്നതല്ലേ ബുദ്ധി?

“മാന്തോൽ പുതച്ച ചെന്നായ്ക്കൾ”എന്ന വള്ളത്തോൾ പ്രയോഗം മന്ത്രി മറന്നു പോയതുകൊണ്ടാകണം  പറയാതിരുന്നത്.തനിക്കെതിരെ പാരയുമായി നടക്കുന്ന പിതാശ്രീയെ പൂശാൻ കിട്ടിയ അവസരം ഗണേഷ് കുമാർ വിനിയോഗിച്ചത് മാദ്ധ്യമങ്ങൾ വേണ്ടവണ്ണം മനസ്സിലാക്കാഞ്ഞതാണു ഈ തെറ്റിദ്ധാരണയ്ക്കൊക്കെ കാരണം.


മന്ത്രിയും പിതാവും തമ്മിലുള്ള ഇപ്പോഴത്തെ ഇരുപ്പുവശം വച്ച് നോക്കുമ്പോൾ,മന്ത്രി സുഗതകുമാരിയെ ആക്ഷേപിക്കാൻ യാതൊരു സാദ്ധ്യതയും ഇല്ല.തന്ത പണ്ട് അവരെ പുലഭ്യം പറഞ്ഞത് ഗണേഷ്കുമാറിനു ഓർമ്മകാണും.സൈലന്റ് വാലി സമരത്തിന്റെ മുൻ നിരയിൽ സുഗതകുമാരിയുണ്ടായിരുന്നപ്പോഴാണു അന്ന് ആർ.ബാലകൃഷ്ണപിള്ള,“ആ സ്ത്രീയെ ആരെങ്കിലും അമേരിക്കയിലൊക്ക കൊണ്ടു പോകണം”എന്നു തുടങ്ങി അയാളുടെ പതിവു പ്രയോഗത്തിലൂടെ സുഗതകുമാരിയെ അധിക്ഷേപിച്ചത്.(നവഭാരത വേദിയുടെ ഒരു യോഗത്തിൽ വച്ച് പിള്ളയ്ക്ക് സുകുമാർ അഴീക്കോട് അതിനു ശരിക്കു മറുപടി കൊടുത്തു എന്നതു വേറേകാര്യം)
തന്റെ പുതിയ ശത്രുവായ പിതാവിന്റെ പഴയ ശത്രുവിനോട് ഗണേഷ് കുമാറിനു ബഹുമാനം തോന്നുക സ്വാഭാവികം മാത്രം. 



Fans on the page

6 comments:

Anonymous said...

Only a pervert can think like this, its little bit drama between father and son, no real enimity. Pillai want Ganesh to be like Rabri Devi thats only reason.

kaalidaasan said...

ദത്തന്‍,

ഗണേശകുമാരന്‍ ലക്ഷ്യം വച്ചത് സ്വന്തം പിതാവിനെ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കുമാരന്‍ പറഞ്ഞ വക്തി, വ്യാജ പരിസ്തിതി വാദിയാണെന്നും ആ വ്യക്തി സുഗതകുമാരിയെ വഴി തെറ്റിക്കുന്നു എന്നുമാണ്. കൊട്ടാരക്കര തമ്പുരാന്‍ സുഗതകുമാരിയുമായി അത്ര സ്വരചേര്‍ച്ചയിലല്ല. സൈലന്റെ വാലി വിഷയത്തിലും, ആണവനിലയപ്രശ്നത്തിലും ഇവര്‍ തമ്മില്‍ വലിയ വാക് പയറ്റിലേക്ക് നയിച്ചിട്ടുണ്ട്.

ഇതിലെ ഗുരുതര പ്രശ്നം മറ്റൊന്നാണ്. കേരളത്തിലെ ഒരു മന്ത്രിയാണു ഗണപതി. ഈ ഗണപതി പരസ്യമായി പറഞ്ഞത് വന്യ ജീവിയുടെ തോല്‍ സൂക്ഷിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകനെ അറിയാം. അയാളുടെ പേരു പറഞ്ഞാല്‍ ഞെട്ടും എന്നാണ്. ഇതിലെ നിയമ പ്രശ്നം അതീവഗുരുതരമാണ്.നിയമം പാലിക്കാന്‍ ബാധ്യസ്ഥനായ മന്ത്രിയാണ്, ഒരു നിയമ ലംഘനം നടന്നിട്ടുണ്ട് എന്നറിഞ്ഞിട്ടും അത് നീതി പീഠത്തിന്റെ ശ്രദ്ധയില്‍ പെടുത്താതെ വച്ചിരിക്കുന്നത്.

dethan said...

സുശീലൻ,
താങ്കൾ പറയുന്നതു പോലെ വാണിയൻ വാണിയത്തി യുദ്ധമാകാം തന്തയും മോനും തമ്മിൽ നടത്തിക്കൊണ്ടിരിക്കുന്നത്.ഗണേശന്റെ പ്രസംഗത്തെ പരിഹസിക്കാൻ ശ്രമിച്ചതാണു.എന്റെ എഴുത്തിന്റെ കുഴപ്പം കൊണ്ടാകാം താങ്കൾക്ക് അതു മനസ്സിലായില്ല.ക്ഷമിക്കുക.

dethan said...

കാളിദാസൻ,

മറ്റാരെയോ ഉദ്ദേശിച്ചാണു ഗണേശൻ പറഞ്ഞത്.സി.പി.മുഹമ്മദ് പറഞ്ഞതു പോലെ അത് ആരാണെന്നു വെളിപ്പെടുത്താനുള്ള തന്റേടം ഗണേശൻ കാണിക്കണമായിരുന്നു.താങ്കൾ സൂചിപ്പിച്ചതു പോലെ “അതിലെ നിയമ പ്രശ്നം അതീവ ഗുരുതരമാണു.മോഹൻ ലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പു പിടിച്ചെടുത്തപ്പോൾ, അതിന്റെ പേരിൽ കേസ്സെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ ആളാണു ഈ മന്ത്രി.സ്വന്തക്കാരുടെ കാര്യത്തിൽ നിയമം പാലിക്കാൻ ഇദ്ദേഹവും തയ്യാറല്ല.അതിൽ ഇദ്ദേഹം അച്ഛനെയും കടത്തി വെട്ടും.

ഞാൻ ഗണേശന്റെ പ്രസ്താവനയെ പരിഹസിക്കാൻ ഒരു ശ്രമം നടത്തി നോക്കിയതാണു.

മുക്കുവന്‍ said...

ഒരു നിയമ ലംഘനം നടന്നിട്ടുണ്ട് എന്നറിഞ്ഞിട്ടും അത് നീതി പീഠത്തിന്റെ ശ്രദ്ധയില്‍ പെടുത്താതെ വച്ചിരിക്കുന്നത്....

wow man.. if every one does this work,there shouldn;t be police any more.

dethan said...

മുക്കുവൻ,

അങ്ങനെയായാലും പോലീസ് ഇല്ലാതാകില്ല; നിയമവാഴ്ച ശക്തിപ്പെടും.മന്ത്രിക്ക് ഉത്തരവാദിത്വ ബോധമില്ലെങ്കിലും അതുള്ള ജനമുണ്ട്. അതുകൊണ്ടാണല്ലോ ഇപ്പോൾ മന്ത്രിക്കെതിരേ ഒരാൾ കേസ് കൊടുത്തിരിക്കുന്നത്.