സമകാലിക രാഷ്ട്രീയ മണ്ഡലത്തിലെ ഒരു വിശുദ്ധമായ വിപ്ലവ താരകം കൂടി പൊലിഞ്ഞു.രോഗഗ്രസ്തനായിരുന്നെങ്കിലും ഇത്രപെട്ടന്ന് സ.സി.കെ.ചന്ദ്രപ്പൻ യാത്രയാകുമെന്ന് ആരും കരുതിയില്ല.എതിരാളികളോടു പോലും മാന്യമായി മാത്രം ഇടപെട്ടിരുന്ന അദ്ദേഹം സാധാരണ രാഷ്ട്രീയക്കാരിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനായിരുന്നു.എല്ലാപ്പാർട്ടികളിലും പെട്ട ഇന്നത്തെ രാഷ്ട്രീയനേതാക്കൾ പലരും,മഹാകവി കുമാരനാശാൻ പറഞ്ഞതു പോലെ,
“പരപുച്ഛവുമഭ്യസൂയയും
ദുരയും ദുർവ്യതിയാനസക്തിയും
കരളിൽ കുടിവച്ച“ വരാണു.
എതിർ ചേരിയിൽ നില്ക്കുന്നവരെല്ലാം മോശപ്പെട്ടവരും വിവരദോഷികളുമാണെന്ന മട്ടിലാണു അവരൊക്കെ കരുതുന്നതും പെരുമാറുന്നതും.ചില നിർണ്ണായക നിമിഷങ്ങളിൽ അവരുടെ ചെമ്പു തെളിഞ്ഞ് അപഹാസ്യരാകാറുമുണ്ട്.എന്നാൽ ആലോചിച്ചും കാര്യമാത്ര പ്രസക്തമായും മാത്രമേ സ.സി.കെ അഭിപ്രായം പറഞ്ഞിരുന്നുള്ളു.അദ്ദേഹം വർത്തമാനം പറഞ്ഞത് ആരെയും സുഖിപ്പിക്കാൻ വേണ്ടി ആയിരുന്നില്ല.അതിരൂക്ഷമായി പ്രതികരിക്കുമ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചു.അദ്ദേഹം മാതൃകാ കമ്യൂണിസ്റ്റു മാത്രമായിരുന്നില്ല അനുകരണീയനായ ഒരു രാഷ്ടീയ നേതാവും പൊതു പ്രവർത്തകനും കൂടിയായിരുന്നു.കാര്യങ്ങൾ പഠിച്ചിട്ടു മാത്രമേ അഭിപ്രായം പറഞ്ഞിരുന്നുള്ളൂ.പാർലമെന്റംഗത്വം, യാത്രപ്പടിയും ദിനബത്തയും പറ്റാനും മറ്റ് സർക്കാർ ആനുകൂല്യങ്ങൾ വശത്താക്കാനും ഉള്ള പദവിയായിരുന്നില്ല സ.ചന്ദ്രപ്പനു.നാട്ടുകാർക്കു വേണ്ടി അർത്ഥവത്തായും പ്രയോജനകരമായും പലതും ചെയ്യാൻ ഒരു പാർലമെന്റംഗത്തിനു കഴിയുമെന്ന് അദ്ദേഹം കാണിച്ചുതന്നു.
കമ്യുണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി കുറച്ചു കാലം മാത്രമേ അദ്ദേഹത്തിനു പ്രവർത്തിക്കുവാൻ സാധിച്ചുള്ളു.ആ ചുരുങ്ങിയ സമയം കൊണ്ടുതന്നെ പാർട്ടിയുടെ അന്തസ്സും വ്യക്തിത്വവും കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹം കാട്ടിക്കൊടുത്തു.ഏറെ പ്രതീക്ഷകളോടെ എല്ലാവരും ഉറ്റുനോക്കിയിരിക്കുമ്പോഴാണു കാലം ആ അനുപമനായ നേതാവിനെ തട്ടിയെടുത്തത്.സമാനതകളില്ലാത്ത പ്രിയ സഖാവിന്റെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ.
3 comments:
സഖാവ് ചന്ദ്രപ്പന് ആദരാഞ്ജലികള്‍
സഖാവ് ചന്ദ്രപ്പന് ആദരാഞ്ജലികള്‍
ഒരിക്കലും നികത്താനാവാത്ത നഷ്ടം!
Post a Comment