പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി ശ്രീ അനൂപ് ജേക്കബ്,പന്തീരായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നു. എൽ.ഡി.എഫിലെ ശ്രീ.എം.ജെ.ജേക്കബിനെയാണു അനൂപ് പരാജയപ്പെടുത്തിയത്.അദ്ദേഹത്തിന്റെ പിതാവു ടി.എം.ജേക്കബ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ചത് 157 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു.യു.ഡി.എഫ് സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലായിരിക്കും ഈ ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷവും ഒരുപോലെ പറഞ്ഞിരുന്നു.
അവിടുത്തെ ജയപരാജയങ്ങളുടെ കാരണങ്ങൾ ചാനൽ പണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണു.വരും ദിവസങ്ങളിലും അതു തുടരാനാണു സാധ്യത.എൽ.ഡി.എഫിലെ പൊതുവായ വിലയിരുത്തൽ എന്തു തന്നെയായാലും സി.പി.എം പൂർണ്ണമായി അംഗീകരിക്കാറില്ല.കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ അപ്രതീക്ഷിത വിജയത്തിനു പിന്നിലെ പ്രധാന ഘടകം വി.എസ്.അച്യുതാനന്ദന്റെ പ്രചരണ നേതൃത്വമായിരുന്നു എന്ന് മുന്നണിയിലെ മറ്റു കക്ഷികൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടും അതു സമ്മതിക്കാൻ സി.പി.എമ്മിന്റെ നേതൃത്വം തയ്യാറായിരുന്നില്ല.തെരഞ്ഞെടുപ്പു കാലത്ത് വി.എസ്സിന്റെ പടം വച്ചും അദ്ദേഹത്തെ മണ്ഡലങ്ങളിലുടനീളം കൊണ്ടുപോയി പ്രചാരണം നടത്തിയും വിജയിച്ചവർ പോലും പാർട്ടി സമ്മേളനത്തിൽ അദ്ദേഹത്തെ ഹിംസിക്കാൻ വാളോങ്ങുന്നത് എല്ലാവരും കണ്ടതാണു.പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും വിജയശില്പിയായി വി.എസ്സിനെ അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല.
മാത്രമല്ല അദ്ദേഹത്തിന്റെ ചെറുമകനാകാൻ പോലും പ്രായമില്ലാത്ത ചില “പിതൃശൂന്യൻ”മാരെക്കൊണ്ട് അദ്ദേഹത്തിനു “ക്യാപ്പിറ്റൽ പണിഷ്മെന്റ്” തന്നെ നല്കണമെന്ന് വാദിപ്പിക്കുകയും ചെയ്തു.അദ്ദേഹത്തിനെ പ്രതിരോധിക്കാൻ പുറപ്പെട്ട ഒരംഗത്തെ പാർട്ടി സെക്രട്ടറി നേരിട്ട് ഭീഷണിപ്പെടുത്തിയതും വാർത്തയായിരുന്നു.വി.എസ്സിനെപ്പോലെ ശിക്ഷാർഹനായ ഒരാളുടെ മാത്രം നേതൃത്വത്തിൽ പിറവത്തു തെരഞ്ഞെടുപ്പു പ്രചരണം വേണ്ടാ എന്നു കരുതിയിട്ടാകും പാർട്ടിസെക്രട്ടറിയും വിശ്വസ്തരായ ജയരാജന്മാരും അവിടെ തമ്പടിച്ചു പ്രചരണത്തിനു ചുക്കാൻ പിടിച്ചത്.അച്യുതാനന്ദനെ അടുപ്പിക്കാതെ പാർട്ടി സെക്രട്ടറിയും ശിങ്കിടികളും ചേർന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ചപ്പോഴും ഫലം വ്യത്യസ്തമായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ്സിനെ പ്രചരണത്തിനു നിയോഗിച്ചതോടെ സ്ഥിതി മാറി ഫലവും മാറി.പക്ഷേ പാലം കടന്നപ്പോൾ അദ്ദേഹത്തിനെ കഴുവേറ്റണമെന്നായി നേതൃത്വം.
സെക്രട്ടറിയും ശിങ്കിടികളും പാർട്ടിക്കുള്ളിലും പുറത്തും കാണിക്കുന്ന ധാർഷ്ട്യവും ക്രൗര്യവും മനസ്സിലാക്കിയ ജനം നല്കിയ “ക്യാപ്പിറ്റൽ പണിഷ്മെന്റ്”ആണു പിറവത്തെ തെരഞ്ഞെടുപ്പു ഫലം.വി.എസ്.പോലും ഈ വസ്തുത സമ്മതിക്കുമെന്നു തോന്നുന്നില്ല.പക്ഷേ സത്യമതാണു.പാർട്ടി രൂപവല്ക്കരണ വേളയിൽ ഉണ്ടായിരുന്നവരിൽ അവശേഷിക്കുന്ന ഏക നേതാവായ വയോധികനോടു പോലും മര്യാദയ്ക്കു സംസാരിക്കാത്തവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറുമെന്ന് സംശയിക്കുന്ന സാമാന്യ ജനത്തിന്റെ പ്രതികരണമാണിത്.അഹങ്കാരത്തിന്റെ ആനപ്പുറത്തുനിന്നും ഇറങ്ങാതെ പാവപ്പെട്ടവന്റെ മനസ്സിൽ കയ്യറിപ്പറ്റാമെന്ന് ആരും കരുതരുത്.
1 comment:
പിറവത്തെ ഒരു വോട്ടര്‍ എന്ന നിലയില്‍ പറയട്ടെ..പിറവം ഒരു ഇയടതുപക്ഷ മണ്ഡലമല്ല,എന്നാല്‍ ഇയടതുപക്ഷം ഇവിടെ ജയിച്ചിട്ടുണ്ട് എന്നത് മറ്റു പലസാഹച്ര്യങ്ങളിലായുരുന്നു എന്നു മാത്രം.ആന്റണി കോണ്‍ഗ്രസ്സ് ഇടതുപക്ഷത്തായിരുന്നപ്പോള്‍ പി സി ചാക്കോ ഇവിടനിന്ന് ജയിച്ചിരുന്നു.സി പൗലോസ് കോണ്‍ഗ്രസ്സ് വിമതനായിരുന്നപ്പോള്‍ ഗോപി കോട്ടമുറിക്കല്‍ വിജയിച്ചു.2006 ല്‍ എം.ജെ.ജേക്കബിനെ വിജയിപ്പിച്ചത് കോണ്‍ഗ്രസ്സുകാര്‍ തന്നെയായിരുന്നു.ഡിക്കില്‍ പോയതിന് അവര്‍ നല്‍കിയ പ്രതികാരമായിരുന്നു അത്.2011 ലും കോണ്‍ഗസ്സിന് ടി.എം.ജേക്കബ്ബിനെ ജയിപ്പിക്കുവാന്‍ കോണ്‍ഗ്രസ്സ് ഒന്നും ചെയ്തില്ലന്നതാണ് സത്യം.മണ്ഡല പുനര്‍ക്രമീകരണത്തിന്റെ ഭാഗമായി ഇലഞ്ഞി പഞ്ചായത്ത് പിറവം മണ്ഡലത്തില്‍ ചെര്‍ത്തു.ഇവിടെ മാണി കോണ്‍ഗ്രസ്സിനു നല്ല സ്വാധീനമുള്ള മണ്ഡലമാണ്.അതിനാല്‍ 2011 ല്‍ കഷ്ടി രക്ഷ്പ്പെട്ടന്നു മാത്രം.ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യം മറ്റോന്നായിരുന്നു.ഇവിടെ ജയം കോണ്‍ഗ്രസ്സിന്‍് അത്യാവശ്യമായിരുന്നു. അവര്‍ പണിയെടുത്തു അവര്‍ക്കു കിട്ടി.അതിനായി എന്തെല്ലാമാണാ് ചെയ്തതെന്ന് ഇവിടത്തെ വോട്ടര്‍മാര്‍ക്കറുയാം..
Post a Comment