വി.എസ്.അച്യുതാനന്ദൻ സിന്ധു ജോയിയെ എന്തോ വേണ്ടാത്തത് പറഞ്ഞെന്നും പറഞ്ഞ് യു.ഡി.എഫ് മഹിളാസംഘടനകൾ ചന്ദ്രഹാസമിളക്കി നടക്കുകയാണല്ലോ.പ്രയോഗത്തിലെ ന്യായാന്യാങ്ങൾ ഇരിക്കട്ടെ.സിന്ധു ജോയിക്കു മാത്രമേ മാനാപമാനങ്ങൾ ഉള്ളോ?അവർ മാത്രമേ സ്ത്രീ പട്ടികയിൽ പെടുകയുള്ളോ? സൂര്യനെല്ലിയിലെ പെൺകുട്ടിക്ക് ഇപ്പറയുന്ന മാനവും അപമാനവും ഇല്ലേ?കള്ളക്കേസ്സിൽ കുടുക്കി ഉമ്മൻ ചാണ്ടിയുടെ പോലീസ് ആ പെൺകുട്ടിയെ വേട്ടയാടുന്നത് മഹിളാകോൺഗ്രസിലെ മഹതികൾ അറിഞ്ഞില്ലേ?അവർ സ്ത്രീയുടെ ഇനത്തിൽ പെടില്ലേ? അതോ കോൺഗ്രസ് മന്ത്രിയുടെ പോലീസ് ദ്രോഹിക്കുന്നത് ദ്രോഹമല്ലെന്നു വരുമോ?
സൂര്യനെല്ലിയിലെ പെൺകുട്ടിയോടൊപ്പമുള്ള മറ്റു മൂന്ന് പ്രതികളെ അറസ്റ്റു ചെയ്യാതെ അവരെ മാത്രം അറസ്റ്റു ചെയ്തു പ്രദർശിപ്പിച്ചത് എന്തു കൊണ്ടാണു?ആറ്റുകാൽ പൊങ്കാലയിട്ട സ്ത്രീകൾക്കെതിരെ എടുത്ത കേസ് താൻ അറിയാതെയാണെന്നു പറഞ്ഞ് നിരപരാധി ചമയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം അവലംബിക്കുന്നത് എന്തുകൊണ്ടാണു?ഈ കേരളത്തിൽ സിന്ധു ജോയി മാത്രമേ പെണ്ണായിട്ടുള്ളോ?സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത് സിന്ധു ജോയി ,ഉമ്മൻ ചാണ്ടിയുടെ പോലീസിന്റെ ഗ്രനേഡ് ഏറേറ്റ് റോഡിൽ കിടന്നു പിടഞ്ഞപ്പോൾ ഒരു മഹിളാ കോൺഗ്രസ്സുകാരിയേയും കണ്ടില്ലാല്ലൊ.അന്ന് സിന്ധു ജോയി പെണ്ണായിരുന്നില്ലേ?
നിയമ സഭയിലെ ഒരു വനിതാ വാച്ച് ആൻഡ് വാർഡിനെ ചില എം.എൽ.എ മാർ കൈയ്യേറ്റം ചെയ്തതു സംബന്ധിച്ച് ചീഫ് വിപ് പി.സി.ജോർജ്ജ് നടത്തിയ അശ്ലീല പരാമർശങ്ങൾ കേട്ടിട്ട് ഈ മഹിളാമണികളുടെ ചോര തിളയ്ക്കാതിരുന്നതെന്തേ?വാളകത്തുവച്ച് ആക്രമിക്കപ്പെട്ട അദ്ധ്യാപകന്റെ ഭാര്യയും ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ ഹെഡ്മിസ്ട്രസ്സുമായ സ്ത്രീയെ ബാലകൃഷ്ണ പിള്ള പരസ്യമായി പച്ചത്തെറിപറഞ്ഞാക്ഷേപിച്ചപ്പോൾ മഹിളാകോൺഗ്രസ്സുകാരുടെ സ്ത്രീസ്നേഹം എവിടെപ്പോയിരുന്നു?ഇപ്പോൾ വനിതാരക്ഷകർ ചമയുന്ന മുഖ്യമന്ത്രിയും കെ.പി.സി.സി.പ്രസിഡന്റും എന്തേ നാവടക്കിയിരുന്നത്?
ഇനി നമുക്ക് വി.എസ്.ന്റെ പ്രയോഗത്തിൽ എന്താണു കുഴപ്പം എന്ന് പരിശോധിക്കാം. "‘അഭിസാരികകളെ ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്നതു പോലെ’ സിന്ധു ജോയിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണു ചെയ്തത്.സെൽ വരാജിന്റെ ഗതിയും അതു തന്നെയായിരിക്കും".എന്നാണദ്ദേഹം പറഞ്ഞത്.ഇതിൽ എവിടെയാണു വേണ്ടാതീനവും സ്ത്രീവിരോധവും അശ്ലീലവും?സിന്ധുജൊയിയെ തെരഞ്ഞെടുപ്പു പ്രചരണത്തിനു ഉപയോഗിച്ചെന്നാണു സൂചിപ്പിച്ചത്.അല്ലാതെ കാമശമനത്തിനുപയോഗിച്ചു എന്നല്ല.മാത്രവുമല്ല, അതേ ഗതി സെൽ വരാജനും വരും എന്നു പറഞ്ഞതിൽ നിന്ന് അദ്ദേഹം പറഞ്ഞത് രാഷ്ട്രീയമാണു, വ്യഭിചാര കഥയല്ല എന്ന് സ്പഷ്ടവുമാണു.ആ സ്ഥിതിയ്ക്ക് അദ്ദേഹം ഉദ്ദേശിക്കാത്ത ദുരർത്ഥം നല്കിയ മാദ്ധ്യമ പണ്ഡിതരും യു.ഡി.എഫ് പൂവാലന്മാരും മഹിളാകോൺഗ്രസ് കുശുമ്പികളുമാണു സിന്ധുജോയിയെ അപമാനിച്ചത്.ആ പ്രയോഗം അദ്ദേഹം നടത്തിയില്ലായിരുന്നെങ്കിൽ സിന്ധു ജോയിക്കു മുമ്പ് ശ്രീമതി എന്നു ചേർത്തില്ല എന്നാകുമായിരുന്നു ആക്ഷേപം.ശ്രീമതി എന്നു ചേർത്തു പറഞ്ഞെങ്കിൽ,കല്യാണം കഴിക്കാത്ത കുട്ടിയെ അങ്ങനെ വിളിച്ചതിൽ ദുരുദ്ദേശമുണ്ടെന്നാകുമായിരുന്നു ആരോപണം.മുമ്പ് ഈ ലലനാമണിയെ ഒരുത്തി എന്നു വിശേഷിപ്പിച്ചതിനെ ചൊല്ലിയായിരുന്നല്ലോ പുകിൽ?
ഇഷ്ടമില്ലാത്തച്ചി തൊട്ടതൊക്കെ കുറ്റം എന്ന മനോഭാവം മാത്രമാണു ഇപ്പോഴത്തെ അച്യുതാനന്ദാക്രമണത്തിനു പിന്നിലുള്ളത്.പിറവം ഉപതെരഞ്ഞെടുപ്പായതിനാൽ വിശേഷിച്ചും.
“അച്ചി”എന്നു പറഞ്ഞത് നായന്മാരെ ആക്ഷേപിക്കാനാണെന്നു പറഞ്ഞ് എന്റെ മേൽ ആരോപണം ഉന്നയിക്കാവുന്നതാണു. അതുകൊണ്ട് “ഇഷ്ടമില്ലാത്ത ചോത്തി”,“കുറത്തി”,“പെമ്പിള” “ഉമ്മാച്ചി”തുടങ്ങി ഇഷ്ടം പോലെ പകരം പ്രയോഗിച്ചു വായിക്കാൻ മാദ്ധ്യമ പണ്ഡിതർ ശ്രദ്ധിക്കണമെന്ന് അപേക്ഷ.