Total Pageviews

Sunday, January 9, 2011

ഇത് ഏതു കരുണാകരന്‍?



മരിച്ചവരെ കുറിച്ച് നല്ലതു മാത്രം പറയുന്നതാണ് നമ്മുടെ ശീലം.സംസ്കാരമുള്ളവര്‍ അങ്ങനെയേ ചെയ്യുകയുള്ളു.മനുഷ്യരോടു മാത്രമല്ല മൃഗങ്ങളോടുള്ള സമീപനം പോലും അതു തന്നെയാണ്.അപ്പോള്‍ പിന്നെ അന്തരിച്ച മനുഷ്യന്റെ അപദാനങ്ങള്‍ വിവരിക്കുവാന്‍ അത്യുക്തിയും അതിശയോക്തിയും ഒക്കെ പ്രയോഗിക്കപ്പെടുന്നത് സ്വാഭാവികം മാത്രം.കഥാവശേഷനായ ആള്‍ പ്രശസ്തനും കൂടിയാണെങ്കില്‍ പറയുകയും വേണ്ട.

പക്ഷേ നട്ടാല്‍ കുരുക്കാത്ത നുണയും കേരളീയരുടെ ഓര്‍മ്മ ശക്തിയേയും ചിന്താശേഷിയേയും പരിഹസിക്കുന്ന "ചരിത്ര" കഥനവും സ്തുതിഗീതങ്ങളാകമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവഹേളിക്കപ്പെടുന്നത് മരിച്ചു പോയ മനുഷ്യനാണ്.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന കെ.കരുണാകരന്‍ മരിച്ച ഉടന്‍ തന്നെ ഏഷ്യാനെറ്റ് പുറപ്പെടുവിച്ച ജീവിത രേഖയില്‍ അദ്ദേഹം "പത്താം ക്ലാസ് പസ്സായ ശേഷം സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമാ നേടി" എന്നാണ് തട്ടിവിട്ടത്.കണ്ണില്‍ വെള്ളം വന്നു നിറയുന്ന ഒരു തരം രോഗം കാരണം എട്ടാം ക്ലാസ്സില്‍ വച്ച് സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചെങ്കിലും പിന്നീട് ചിത്ര കല പഠിച്ചു എന്നാണ് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്.അടുത്ത ദിവസം വന്ന പത്ര വാര്‍ത്തകളിലും അങ്ങിനെയാണ് കണ്ടത്.
കരുണാകര വീരചരിത വര്‍ണ്ണനയ്ക്കു മാറ്റുകൂട്ടാന്‍,കരുണാകരനേക്കാള്‍ മുമ്പേ കേരളത്തിന്റെ ആഭ്യന്തരമ
ന്ത്രിയും മരിക്കും വരെ ഉറച്ച കോണ്‍ഗ്രസ്സുകാരനുമായിരുന്ന പി.റ്റി.ചാക്കോ ആണ് കേരളാ കോണ്‍ഗ്രസ്സ് സ്ഥാപിച്ചതെന്ന് സംശയ ലേശമില്ലാതെ കൂവിയ ചാനല്‍, ഇത്തരം വാസ്തവ വിരുദ്ധ ജ്ഞാന ഗാഥ ഉരുവിട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

നാലു പ്രാവശ്യം മുഖ്യമന്ത്രി ആയ കരുണാകരന്‍ ആകെ 10 വര്‍ഷം കേരളം ഭരിച്ചു എന്നാണ് മറ്റൊരു പ്രകീര്‍ത്തനം. നാലു പ്രാവശ്യം എന്നത് ശരിയാണെങ്കിലും എങ്ങനൊക്കെ കൂട്ടി നോക്കിയിട്ടും ഒന്‍പതര വര്‍ഷത്തിനപ്പുറം എത്തുന്നില്ല.കൃത്യമായി പറഞ്ഞാല്‍ 9 വര്‍ഷവും7മാസവും.10 കൊല്ലം തികയാന്‍ ബാക്കി വേണ്ട മാസങ്ങള്‍ മാദ്ധ്യമ മോഡറേഷനാകുമോ?

ജവഹര്‍ലാല്‍ നെഹ്രു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള നെഹ്രു കുടൂംബാംഗങ്ങളുമായി അടുത്ത ബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നത്രേ.1967-ല്‍ ആണ് 9 കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ നേതാവായി കരുണാകരന്‍ നിയമസഭയില്‍ എത്തുന്നത്.അതിനു മുമ്പ് ഒരിക്കല്‍ പോലും അദ്ദേഹം കെ.പി.സി.സി യുടെയോ എ.ഐ.സി.സി.യുടെയോ മുഖ്യ ഭാരവാഹിത്വം ഒന്നും വഹിച്ചതായി അറിവില്ല.1967മേയ് മാസത്തില്‍ നെഹ്രു അന്തരിച്ചു.പിന്നെങ്ങനെയാണ് നെഹ്രു മുതല്‍ ഉള്ളവരെ‍ കരുണാകരന്‍ സേവിച്ചത്?ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രസിഡന്റും രാജീവ് ഗാന്ധിയുടെ ഭാര്യയും രാഹുല്‍ ഗാന്ധിയുടെ അമ്മയുമായ ശ്രീമതി സോണിയാഗാന്ധിയെ 'മദാമ്മ ഗാന്ധി' എന്നും മറ്റും അധിക്ഷേപിച്ചു കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയതും നെഹ്രു കുടുംബത്തോടും കോണ്‍ഗ്രസ്സിനോടുമുള്ള കൂറു കൊണ്ടായിരിക്കും!എന്തായാലും മോട്ടിലാല്‍ നെഹ്രവുമായും അടുപ്പമുണ്ടായിരുന്നു എന്നു പറഞ്ഞില്ലല്ലോ.ഭാഗ്യം! ഇന്ദിരാഗാന്ധിയെ രാഷ്ട്രീയം പഠിപ്പിച്ചതു പോലും കരുണാകരനാണെന്നു തോന്നും മാദ്ധ്യമ സ്തുതിഗീതങ്ങള്‍ കേട്ടാല്‍. അവരോടൊപ്പം നിന്ന വിവരമുള്ളവര്‍ പലരും അടിയന്തിരാവസ്ഥയ്ക്കു ശേഷം അകന്നു പോയപ്പോള്‍ കൂടെ നിന്ന ഒരു സില്‍ബന്തി എന്ന നിലയില്‍ കരുണാകരനോട് ഇന്ദിരാഗാന്ധിയ്ക്ക് മമത തോന്നിയിട്ടുണ്ടാകാം.അതിനപ്പുറമുള്ള മേനി പറച്ചില്‍ അത്യുക്തിയാണ്.

1967-ല്‍ അധികാരമേറ്റ ഇ.എം.എസ്.മന്ത്രിസഭ1969-ല്‍ തകര്‍ന്നപ്പോള്‍ ബദല്‍ ഭരണം സ്ഥാപിച്ചത് കരുണാകരന്റെ മിടുക്കുകൊണ്ടായിരുന്നത്രേ .ഒന്‍പതു പേരുടെ മാത്രം ലീഡര്‍ ആയിരുന്ന അദ്ദേഹം വിചാരിച്ചാല്‍ 140 അംഗ നിയമസഭയില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതെ ഉള്ളു.രണ്ടു പേരുടെയോ മറ്റോ ഭൂരിപക്ഷമുണ്ടായിരുന്ന ആ മന്ത്രിസഭ നിലനിര്‍ത്തുന്നതില്‍ കരുണാകരന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്.എന്നാല്‍ '70 ലെ തെരഞ്ഞെടുപ്പിനു ശേഷം നിലവില്‍ ‍വന്ന അച്യുതമേനോന്‍ മന്ത്രിസഭ യില്‍ ചേര്‍ന്നത് സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുടെ നിര്‍ബ്ബന്ധം സഹിക്ക വയ്യാതെയാണ് എന്ന് തട്ടി വിടുന്നത് അല്പം കടന്ന കൈയ്യാണ്. ദുര്‍ബ്ബലമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന 69ലെ മന്ത്രിസഭയില്‍ തന്നെ ചേരാന്‍ കുപ്പായവും തയ്പിച്ചു നടന്ന കരുണാകരന്,പുതിയ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്സ് വലിയ കക്ഷിയായി തീര്‍ന്നിട്ടും യൂത്ത് കോണ്‍ഗ്രസ്സിന്റെ ശക്തമായ എതിര്‍പ്പു മൂലം മന്ത്രി സഭ
യില്‍ ചേരാന്‍ കഴിഞ്ഞില്ല.അതിന്റെ അമര്‍ഷവും നിരാശയും അദ്ദേഹം പ്രകടിപ്പിച്ചതിന്നു തെളിവ് എത്ര വേണമെങ്കിലും അന്നത്തെ പത്രപംക്തികള്‍ നോക്കിയാല്‍ കിട്ടും.മന്ത്രിക്കസേരയില്‍ അമരാന്‍ കഴിയാഞ്ഞ 'ലീഡര്‍' അന്ന് കാട്ടിക്കൂട്ടിയ പരാക്രമങ്ങളുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ മൂത്ത കോണ്‍ഗ്രസ്സുകാരായി മാറിയ പലര്‍ക്കുമറിയാം.ഒടുവില്‍ യുവ തുര്‍ക്കികളെ അനുനയിപ്പിച്ചും പാര്‍ട്ടി ഹൈക്കമാന്റിന്റെ കാലുപിടിച്ചും ആണ് അകത്തു കയറിയത്.

മറ്റൊരു വായ്ത്താരി ഭരണ പാടവത്തെക്കുറിച്ചാണ്.പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനെ തിരു മുമ്പില്‍ സേവക്കാരായി മാറ്റിയതാണോ ഭരണ പാടവം?മുമ്പിലും പിമ്പിലും പോലീസ് അകമ്പടിയോടെ ചീറിപ്പാഞ്ഞു പോയതു പോലും അതിവേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്നും നടപ്പാക്കുന്നതിന്നും ഉള്ള വൈദഗ്ദ്ധ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ലക്ഷണമായി മാദ്ധ്യമലോകത്തെ ചില വൈതാളിക ശിങ്കങ്ങള്‍!അധികാരപ്രമത്തതയുടെയും അല്പത്തത്തിന്റെയും പ്രകടനമായി മാത്രം വിവരമുള്ളവര്‍ കണ്ട ആ എഴുന്നള്ളത്തിലും ഇവര്‍ മഹത്വം കാണുന്നു!കരുണാകരന്റെ സ്പീഡിനിരയായി വഴിയരുകില്‍ എത്ര ജീവിതങ്ങളാണ് പിടഞ്ഞു പൊലിഞ്ഞത്.അത് അറിയാത്തവരോ ഈ മാദ്ധ്യമ മണ്ഡൂകങ്ങള്‍?മരണം വിതയ്ക്കുന്ന അദ്ദേഹത്തിന്റെ കാറോട്ടത്തെ കുറിച്ച് 'പുരാണങ്ങളില്‍ കാലന്‍ മഹിഷമേറിയാണു വരുന്നതെങ്കില്‍ കേരള
ത്തില്‍ കാലന്‍ കാറിലേറിയാണു വരുന്നത്'എന്നാണ്,അന്ന് പ്രൊ.സുകുമാര്‍ അഴീക്കോട് പ്രതികരിച്ചത്.ലക്കും ലഗാനുമില്ലാത്ത മരണപ്പാച്ചിലും കഴിവിന്റെ മാനദണ്ഡമാണു പോലും.

ആശ്രിത വത്സലനായിരുന്നത്രേ 'ലീഡര്‍'.ഏകാധിപതികള്‍ക്കും മാടമ്പികള്‍ക്കും മാത്രം ചേരുന്ന ഗുണമാണ് ആശ്രിതവാത്സല്യം;ജനാധിപത്യ കാലത്തിലെ നേതാക്കള്‍ക്ക് യോജിച്ചതല്ല.ആശ്രിതരോട് മാടമ്പിമാര്‍ വാത്സല്യം കാട്ടുന്നത് സ്വന്തം കുടുംബത്തു നിന്നുള്ള മുതലെടുത്തു കൊടുത്താണ്.അല്ലാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല.ആശ്രിത വാത്സല്യത്തിന്റെ മറുപുറമാണ് തീരാത്ത പക.രാജന്‍ കേസില്‍ സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച നഷ്ടപരിഹാരത്തുക കൊണ്ട് എറണാകുളം ജനറല്‍ ആശുപത്രയില്‍ രാജന്റെ പേരില്‍ ശ്രീ.ഈച്ചര വാര്യര്‍ പണികഴിപ്പിച്ച വാര്‍ഡ് ഇടിച്ചു നിരത്താന്‍ അന്നത്തെ കളക്റ്റര്‍ ഉത്തരവിട്ടതിന്റെ പിന്നിലെ അധികാര ശക്തി ഈ ആശ്രിത വത്സലനായിരുന്നു.രാജന്റെ സഹോദരി ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതിനാല്‍ അദ്ദേഹത്തിന്റെ ദുഷ്ടബുദ്ധി നടക്കാതെ പോയി.രാജന്‍ കേസ്സില്‍ ജയറാം പടിക്കല്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പറഞ്ഞ് ചില മാദ്ധ്യമ സേവകര്‍ കരുണാകരനെ വെള്ളപൂശിയതു മുഴുവന്‍ ഒലിച്ചു പോകാന്‍ ഈ പക മഴയുടെ സംഭവ ചരിത്രം മാത്രം മതി.

കാര്യക്ഷമമായ ഭരണം കാഴ്ചവച്ചു;എതിരാളികളോടു പോലും മാന്യമായി പെരുമാറി; തുടങ്ങിയ അതിസാ
ധാരണ സ്തുതികള്‍ ഒരുപാട് പ്രത്യക്ഷപ്പെടുകയുണ്ടായി.ഭരണത്തില്‍ അഴിമതി കലര്‍ത്തുന്നതില്‍ കാര്യക്ഷമത വരുത്തിയിട്ടുണ്ടാകും.ഭരണം കാര്യക്ഷമം അല്ലെന്ന് പറഞ്ഞ് കാലാവധി തികയും മുമ്പ് മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ ഇറക്കി വിട്ട ചരിത്രം അറിയാത്തവരുടെ അടുത്തേ ഈ പരിപ്പു വേകൂ.ഏ. കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്തിമാരായപ്പോള്‍ അച്ഛനും മോനും കൂടി സ്വൈരം കൊടുക്കാതിരുന്നതാണോ രാഷ്ട്രീയമാന്യത?മാടമ്പിത്തരത്തില്‍ കരുണാകരനേക്കാള്‍ ഒട്ടും മോശമല്ലാത്ത ശ്രീ. ആര്‍ ബാലകൃഷ്ണപിള്ളയെ "പഞ്ചാബ് മോഡല്‍ പ്രസംഗം ചെയ്തതിന്റെ പേരില്‍ മന്ത്രി സ്ഥാനത്തു നിന്നു നീക്കിയതിനെ പറ്റി പത്രക്കാര്‍ ചോദിച്ചപ്പോള്‍,"ഏതു പിള്ള?,എന്തു പിള്ള?എവിടുത്തെ പിള്ള?"എന്ന് പരിഹസിച്ചതോ സംസ്കാര സമ്പന്നത?

കരുണാകരന്റെ ഭരണ കാലത്ത് ഒരിക്കല്‍ നിയമസഭാ സ്പീക്കറായിരുന്നത് ശ്രീ. വി.എം സുധീരനാണ്.അന്ന് മുഖ്യമന്ത്രി ക്കസേരയില്‍ ഇരുന്നു കൊണ്ട് അദ്ദേഹം കാട്ടിയ അസഹിഷ്ണുതയും ധാര്‍ഷ്ട്യവും ആരും മറന്നിട്ടില്ല.തന്റെ ചൊല്‍ പടിക്കു നില്‍ക്കാത്തതിന്റെ പേരില്‍ സ്പീക്കര്‍ സ്ഥാനത്തു നിന്നു സുധീരനെ പുകച്ചു ചാടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയതും ചരിത്രമാണ്.

ശ്രീ.കരുണാകരനെ ദൈവത്തെപ്പോലെ ആരാധിക്കുന്നവരും യഥാര്‍ത്ഥ ലീഡറായി അംഗീകരിക്കുന്നവരും കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ എന്നതു പോലെ മാദ്ധ്യമ പ്രവര്‍ത്തകരിലും ഉണ്ടാകും.ദീര്‍ഘ കാലത്തെ ഭരണത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ സൗജന്യം പറ്റിയവരും അവരില്‍ കണ്ടേക്കാം.അതിന്റെ പേരില്‍ നന്ദിയും വിധേയത്വവും പ്രകടിപ്പിക്കാന്‍ വേണ്ടി വായനക്കാരെയും ശിക്ഷിക്കരുത്."ചത്ത പശുവിന് മുക്കുടം പാല്‍''കിട്ടുമായിരുന്നു എന്ന് പറഞ്ഞുകൊള്ളൂ;പക്ഷേ മുപ്പതു കുടം പാല്‍ കിട്ടമായിരുന്നു എന്നു പറഞ്ഞു പരത്തരുത്.






Fans on the page

4 comments:

sarada said...

Karunakaran charithrathinte oru patamaanu. Charithram aareyum veruthe vidunnilla; aaro kirukrityamayi oru kanakkeduppu nadathunnundu.

Engine kodikuthi vaanu,engineyayi avasanichu?

Sonia Gandhi marichu kazhinju vannu, athe Sonia Gandhi thanne kaanan anuvaadam nalkathe apamaanichu.Enthum aavam ennu karuthunnavar vaiki manassilaakkunnu,kalkkezhile mannu olichu poyikkazhinju ennu.Karunakaranaayalum Pinaraayiaayalum,ithoranivaaryathayaanu

Ini oru Karunaakaran undavathirikkatte!

dethan said...

ശാരദേ,
ശരിയാണ് കാലം ആരെയും വെറുതെ വിടുകയില്ല.നഷ്ടപ്പെട്ട മകനെയോര്‍ത്ത് മനമുരുകിയാണ് ഈച്ചരവാര്യര്‍
മരിച്ചത്.നഷ്ടപ്പെട്ടിട്ടല്ലെങ്കിലും മകനെ ഓര്‍ത്ത് ദു:ഖിച്ചുതന്നെയാണ് കരുണാകരനും അന്തരിച്ചത്.അല്പം കൂടി
ആരോഗ്യം ഉണ്ടായിരുന്നെങ്കില്‍ തന്നെക്കുറിച്ചു മാത്രമേ അദ്ദേഹം ആലോചിക്കുമായിരുന്നുള്ളു എന്ന കാര്യം
വേറേ.

സോണിയാ ഗാന്ധി കരുണാകരനു അന്ത്യോപചാരം അര്‍പ്പിക്കാന്‍ വന്നത് അവരുടെ വിശാല മനസ്കത കൊണ്ടാണ്.അദ്ദേഹത്തെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തതു പോലും അവരുടെ ഔദാര്യമാണ്.
-ദത്തന്‍

Unknown said...

താങ്കള്‍ ആര് മഹാത്മാഗാന്ധിയോ?ലീഡറെ വിമര്‍ശിക്കാന്‍ ഇന്ത്യാ മഹാരാജ്യത്തെ ഒരു പൊന്നു മോനും വളര്‍ന്നിട്ടില്ല.സ്വന്തം ബ്ലോഗാണെന്നു കരുതി എന്തും പറഞ്ഞുകളയാം എന്നു വിചാരിക്കരുത്

dethan said...

വിശ്വനാഥന്‍,
കരുണാകരനെപ്പോലെയുള്ള അധികാരമോഹിയും സന്താന വത്സലനും ആയ ഒരു രാഷ്ട്രീയ കങ്കാണിയെ കുറിച്ച് എഴുതാന്‍,കരുണാകരന്റെ ഉച്ചിഷ്ടം ഭക്ഷിച്ചു കഴിഞ്ഞ ചാനല്‍ പയ്യനോ മഹാത്മാഗാന്ധി?ഇന്ത്യയുടെ ദേശീയ ചരിത്രം അറിയാവുന്ന ഏതു മോനും അളക്കാവുന്നത്ര വലിപ്പമേ താങ്കളുടെ'ലീഡര്‍'ക്കുള്ളൂ.