Total Pageviews

Tuesday, January 25, 2011

തന്ത്രികുമാരന്റെ (കു)തന്ത്രങ്ങള്‍മകരജ്യോതി സംബന്ധിച്ച് പുറത്തു വന്ന വസ്തുതകള്‍ വിശ്വാസികള്‍ക്ക്(കൃത്യമായി പറഞ്ഞാല്‍ അന്ധവിശ്വാസികള്‍ക്ക്)വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.അവരെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് ശബരിമല തന്ത്രി മഹേശ്വരര് തന്നെ ആ സത്യം വെളിപ്പെടുത്തിയതാണ്.പൊന്നമ്പല മേട്ടിലെ ദീപം മനുഷ്യര്‍ കത്തിക്കുന്നതാണെന്നും ആരാണ് കത്തിക്കുന്നതെന്ന് അറിയില്ലെന്നും മകരജ്യോതി ആകാശത്തു തെളിയുന്ന നക്ഷത്രമാണെന്നുമാണ് തന്ത്രി അറിയിച്ചത്.ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് തന്ത്രി സത്യം പറഞ്ഞു പോയത്.പുല്‍ മേട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രിയുടെ വെളിപ്പെടുത്തല്‍ വളരെ പ്രസക്തമാണ്.ധര്‍മ്മ ശാസ്താവിന്റെ ഭക്തനായ അദ്ദേഹത്തിന്റെ പ്രസ്താവന കൊണ്ട് വര്‍ഷങ്ങളായി ദേവസ്വം ബോഡ് നടത്തി വന്ന ഒരു കള്ളക്കളി വെളി
ച്ചത്തായി എന്നതിലപ്പുറം ശബരിമല അയ്യപ്പന് യാതൊരു അപകീര്‍ത്തിയും വരാനില്ല.മാത്രമല്ല അയ്യപ്പനേ ക്കാള്‍ പ്രാധാന്യം മകരജ്യോതിക്കു ഭക്തരും ചാനലുകളും കൊടുക്കുന്ന പ്രവണതക്കു പ്രഹരമേല്പിക്കാനും സാധിച്ചു.

എന്നാല്‍ ഉറങ്ങി എണീറ്റപ്പോഴേക്കും തന്ത്രിക്കു വീണ്ടുവിചാരമുണ്ടായ പോലെ തൊട്ടു പിറ്റേന്ന് പുതിയ
വ്യാഖ്യാനങ്ങളുമായി പത്രസമ്മേളനം നടത്തി.തലേദിവസം പറഞ്ഞതിലെ തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടിയാണെന്ന് അവകാശപ്പെട്ടായിരുന്നു പത്ര സമ്മേളനമെങ്കിലും ചില ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു ഉദ്ദേശ്യം.മകര വിളക്കും മകരജ്യോതിയും വ്യത്യസ്തമാണെന്ന മുന്‍ നിലപാടുതന്നെ ആവര്‍ത്തിക്കുമ്പോഴും നിരീശ്വര വാദികളും ഹിന്ദു മതവിദ്വേഷികളും കൂടി നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോള്‍ ജ്യോതി സംബന്ധിച്ചുള്ള വിവാദമെന്നു പറയാനാണ് അദ്ദേഹം ഏറെ സമയവും ചെലവിട്ടത്.ഹൈന്ദവ ധര്‍മ്മത്തെയും ക്ഷേത്രാചാരങ്ങളെയും നശിപ്പിക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

എന്‍‍.എസ്.എസ്സും വിശ്വകര്‍മ്മ മഹാസഭയും ബിജെപിയും പറഞ്ഞത് ആവര്‍ത്തിക്കുവാന്‍ വേണ്ടി മാത്രമാണ് ഈ പത്രസമ്മേളനമെന്ന് വ്യക്തമാണ്.അത് പോലും സ്വന്തം ഇഷ്ടപ്രകാരമല്ല എന്ന് പത്ര സമ്മേളന ദൃശ്യങ്ങള്‍ റ്റി.വിയില്‍ കണ്ട ആര്‍ക്കും ബോദ്ധ്യമാകും.അദ്ദേഹത്തെ ചെറുമകന്‍ ബന്ദിയാക്കി കൊണ്ടുവന്ന് പറയിക്കുകയായിരുന്നു എന്നും കൂടി മനസ്സിലാകും .നേരത്തെ തയ്യാറക്കി കൊണ്ടുവന്ന കുറിപ്പ് മുത്തച്ഛനെ നോക്കു കുത്തിയാക്കി അയാള്‍ സ്വയം വായിക്കുകയാണ് ചെയ്തത്. മകര വിളക്കിനെ കുറിച്ചു ഒരു ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് വെളിച്ചപ്പാടു തുള്ളിയ ഈ തന്ത്രികുമാരന്റെ വാദമുഖങ്ങളെല്ലാം മുത്തച്ഛന്റെ സത്യപ്രസ്താവനയില്‍ തട്ടി പൊളിഞ്ഞ് ഇളിഭ്യനായതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കാം അപ്പൂപ്പനെ ബന്ദിയാക്കി പത്രക്കാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്.

തനിക്കു മാദ്ധ്യമ ശ്രദ്ധകിട്ടാന്‍ വേണ്ടി ഇയാള്‍ എന്തും ചെയ്യും.മുമ്പ്,ജി.സുധാകരന്‍ ദേവസ്വം മന്ത്രിയായിരി ക്കേ അദ്ദേഹത്തിനു ബുദ്ധിയുണ്ടാകാന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഹോമം നടത്തിയതും അദ്ദേഹത്തെ അപമാനിക്കാന്‍ നടത്തുന്ന ആ ആഭാസക്രിയയ്ക്ക് ക്ഷണിക്കാന്‍ മന്ത്രിയാപ്പീസില്‍ കയറിചെന്നു പ്രശ്നങ്ങളുണ്ടാക്കിയതും മറ്റും അതിന്റെ തെളിവാണ്.

ഇപ്പോള്‍ പാവം അപ്പൂപ്പനെയും അതിനുവേണ്ടി കരുവാക്കിയതാണെങ്കിലും അവര്‍ സംയുക്തമായും ചില സമുദായ സംഘടനകളും ആര്‍ഷഭാരതത്തിന്റെ സംരക്ഷക പാര്‍ട്ടിയും ഉന്നയിക്കുന്ന പുതിയ ആരോപണംകൗതുകകരമാണ്.മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണെന്നു, ഭക്തനും ക്ഷേത്രാചാര രക്ഷകനുമായ തന്ത്രി ആദ്യമായി വെളിപ്പെടുത്തുമ്പോള്‍ തലസ്ഥാനത്തിരുന്ന് നിരീശ്വര വാദിയായ മുഖ്യമന്ത്രി സ.വി.എസ് അച്യുതാനന്ദന്‍ പത്രക്കാരോടു പറഞ്ഞത്, അതൊക്കെ വിശ്വാസത്തിന്റെ പ്രശ്നമാണെന്നും ജ്യോതിയുടെ സത്യാവസ്ഥ അറിയാന്‍ ജ്യോത്സ്യന്മാരെയോ ശാസ്ത്രജ്ഞന്മാരെയോ നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ്.മകരജ്യോതി മനുഷ്യ നിര്‍മ്മിതമാണോ എന്ന ഹൈക്കോടതിയുടെ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് രണ്ടു പേരും ഈ വിധത്തില്‍ പ്ര
തികരിച്ചത്.മനുഷ്യകൃതം ആണെന്ന, തനിക്കറിയാവുന്ന സത്യം,കോടതിയെ പേടിച്ചിട്ടാണെങ്കിലും,
ഈശ്വര വിശ്വാസി വെളിപ്പെടുത്തിയപ്പോള്‍ നിരീശ്വരവാദി ഒഴിഞ്ഞുമാറുകയാണു ചെയ്തത്.

എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് എന്ന് ഡോ. സുകുമാര്‍ അഴീക്കോട് വ്യക്തമാക്കിയിട്ടുണ്ട്.
'മകര ജ്യോതി തട്ടിപ്പാണെന്നും വോട്ടു നഷ്ടപ്പെടുമെന്ന ഭയത്താലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ദേവസ്വം വകുപ്പു മന്ത്രിയും മിണ്ടാതിരിക്കുന്നതെന്നും' അദ്ദേഹം പറയുന്നു.വേദാന്ത സാരം മുഴുവന്‍ "തത്ത്വമസി"എന്ന ഗ്രന്ഥത്തിലൂടെ ലളിതമായ ഭാഷയില്‍ മലയാളിക്കു പരിചയപ്പെടുത്തി കൊടുത്ത അദ്ദേഹം നിരീശ്വര വാദിയാണെന്ന് ആരും പറയില്ല.മാത്രമല്ല 'വിശ്വാസത്തിന്റെ പേരു പറഞ്ഞാണ് നേതാക്കള്‍ മൗനം പാലിക്കുന്നതെന്നും ശബരിമല അയ്യപ്പന് മകരജ്യോതിയുടെ കൃത്രിമ മഹത്വം വേണ്ടെന്നും' കൂടി അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

മനുഷ്യന്‍ കത്തിക്കുന്നതാണ് പൊന്നമ്പലമേട്ടിലെ ജ്യോതി എന്ന് ആദ്യം പറഞ്ഞത് യുക്തി വാദികളാണ്.അന്ന് അവരെ പുലഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമാണ് വിശ്വാസികള്‍ ചെയ്തത്.പിന്നീട് അങ്ങനെ പറഞ്ഞത് മന്ത്രി ജി.സുധാകരനാണ്.അതിന്റെ പേരില്‍ വിശ്വാസികളുടെയും തന്ത്രികുടുംബത്തിന്റെയും ശകാരം അദ്ദേഹത്തിനു അന്ന് വേണ്ടുവോളം കിട്ടി.ഒരു മഹാ ദുരന്തമുണ്ടാ
യതിനുശേഷമാണെങ്കിലും സത്യാവസ്ഥ അറിയാന്‍ ഹൈക്കോടതി ശക്തമായി ഇടപെട്ടതു കൊണ്ട് ചുമതലപ്പെട്ടവര്‍ തന്നെ അതു വെളിപ്പെടുത്താന്‍ നിര്‍ബ്ബന്ധിതരായി.സുകുമാര്‍ അഴീക്കോടു സൂചിപ്പിച്ചതു പോലെയുള്ള ഒരു നിസ്സഹായാവസ്ഥയില്‍ പെട്ട് യഥാര്‍ത്ഥ നിരീശ്വര വാദികള്‍ മൗനം ദീക്ഷിച്ചിട്ടും അവര്‍ക്കു നേരേ തന്ത്രിപ്പയ്യനും സാമുദായിക സംഘടനകളും മെക്കിട്ടു കേറാന്‍ തുനിയുന്നതിന്റെ വിശ്വാസ തന്ത്രം എന്തെന്നു മനസ്സിലാകുന്നില്ല.

പണ്ട് ശബരിമല അമ്പലത്തില്‍ തീപിടുത്ത മുണ്ടായപ്പോള്‍ "ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധ വിശ്വാസം കുറയും" എന്നു പറഞ്ഞ സി.കേശവനെ പോലെ ഒരു മുഖ്യമന്ത്രിയോ,ബാബറി മസ്ജിദ് സമുച്ചയത്തില്‍ ആദ്യമായി സീതാ രാമ പ്രതിമകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍,"അവ എടുത്തു സരയൂ നദിയില്‍ എറിയുക" എന്നു പറഞ്ഞ ജവഹര്‍ലാല്‍ നെഹ്രുവിനെ പോലെ ഒരു പ്രധാനമന്ത്രിയോ ഇനി ഉണ്ടാവുക പ്രയാസം.അന്നത്തെ രാഷ്ട്രീയ കാലവസ്ഥയും മേലില്‍ വരുമെന്നു പ്രതീക്ഷിക്ക വയ്യ.അവര്‍ രണ്ടു പേരും കമ്യൂണിസ്റ്റുകാര്‍ ആയിരുന്നില്ല.കോണ്‍ഗ്രസ്സു കാരായ അവര്‍ പറഞ്ഞത്ര തീഷ്ണമായി പോലും ഇപ്പോള്‍ പറയാത്ത കമ്യൂണിസ്റ്റുകാര്‍ എങ്ങനെയാണു മകരവിളക്കു വിഷയത്തില്‍ കുറ്റക്കാരാകുന്നത്?

തന്ത്രിയെ ആരും തോക്കു ചൂണ്ടി ഇല്ലാത്ത കാര്യം പറയിപ്പിച്ചതല്ല.ആരെങ്കിലും തോക്കു ചൂണ്ടിയിട്ടുണ്ടെ
ങ്കില്‍ അത് ഹൈക്കോടതി ജഡ്ജിമാരാണ്.പറഞ്ഞതു സത്യമാണു താനും.ജ്യോതിയും മകര വിളക്കും രണ്ടാണെന്ന് വ്യാഖ്യാനിച്ചത് അദ്ദേഹം പോലും വിശ്വസിച്ചിട്ടുണ്ടാകില്ല.മകരജ്യോതിയുടെ തത്സമയ സംപ്രേഷണം ചെയ്ത ചാനല്‍ ദൃശ്യങ്ങള്‍ വീണ്ടും കാണുകയും കേള്‍ക്കുകയും ചെയ്താല്‍ അറിയാം ക്ഷേത്രാധികാരികളും പൊതു ജനങ്ങളും മാദ്ധ്യമക്കാരും ജ്യോതി ആയി കാണിച്ചു വാഴ്ത്തിയത് പൊന്നമ്പല മേട്ടില്‍ കത്തിച്ച ദീപത്തെ ആയിരുന്നു എന്ന്.

ചെറുമക പീഡനം സഹിക്കാതെ ആയിരിക്കണം തന്ത്രി വീണ്ടും പത്രക്കരുടെ മുമ്പില്‍ എത്തിയത്.എന്നാലും ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയണം. തന്ത്ര വിധികളോ മന്ത്രങ്ങളോ ഒന്നും അറിയാത്ത പെണ്ണു പിടിയനും മദ്യപനും മറ്റെല്ലാ വഷളത്തങ്ങളുടെയും വിളനിലവുമായ ഒരുവന്‍ ഏറെനാള്‍ ശബരിമല ക്ഷേത്രത്തില്‍ തന്ത്രി വേഷം കെട്ടിയാടിയത് ഏതു ക്ഷേത്രാചാര വിധിപ്രകാരമായിരുന്നു?അയാളെ ക്ഷേത്രതന്ത്രിയാക്കിയത് ആരുടെ ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു? ഗായത്രി മന്ത്രം ശരിയായി ചൊല്ലാന്‍ പോലും അയാള്‍ക്ക് അറിയില്ലെന്നാണ് ജ. പരിപൂര്‍ണ്ണന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.അന്ന് കളങ്കിതമാകാത്ത ഹൈന്ദവ ധര്‍മ്മവും ക്ഷേത്രാചാരങ്ങളും ഇപ്പോള്‍ എങ്ങനെയാണ് അപകടപ്പെടുന്നത്?കബളിപ്പിക്കലിനും സ്ത്രീ പീഡന
ത്തിനും പ്രതിക്കൂട്ടിലായ ആ വഷളന്‍, തന്ത്രിയുടെ സ്വന്തം പുത്രനായതു കൊണ്ട് ആചാര ലംഘനം നടന്നിട്ടില്ല എന്നാണോ അപ്പൂപ്പനും കൊച്ചുമോനും കൂടി അവകാശപ്പെടുന്നത്?

ഇപ്പോള്‍ ക്ഷേത്രാചാരങ്ങളും വിശ്വാസവും എല്ലാം അപകടത്തിലായെന്ന് നിലവിളിക്കുന്ന എന്‍.എസ്.എസും വിശ്വകര്‍മ്മാക്കളും, അയ്യപ്പ ഭക്തരെ മുഴുവന്‍ കബളിപ്പിച്ച് തന്ത്രിപുത്രന്‍ കോപ്രായം കാട്ടിയ കഥകള്‍ പുറത്തു വന്നപ്പോള്‍ മൗനം ഭജിച്ചത് എന്തുകൊണ്ടായിരുന്നു?രാജാധികാരത്തിന്റെയും പൗരോഹിത്യത്തിന്റെയും കാവല്‍ ഭടന്മാരും ചാതുര്‍ വര്‍ണ്യത്തിന്റെ ദാസ്യവേലക്കാരും ആയിരുന്ന പഴയ നായര്‍ പട്ടാളക്കാരുടെ ക്യാപ്റ്റന്മാരയി എന്‍.എസ്.എസ് നേതാക്കള്‍ അധപ്പതിക്കരുത്.വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ച സമുദായാചാര്യന്റെ പിന്‍ഗാമികള്‍,സനാതനധര്‍മ്മം രക്ഷിക്കാന്‍ പാവപ്പെട്ട അവര്‍ണ്ണ സ്ത്രീകളുടെ മൂക്കും മുലയും അരിഞ്ഞ ചോറ്റുപട്ടാളക്കാരെ പോലെ പെരുമാറരുത്.

'ഏതു സ്വര്‍ണ്ണപ്പാത്രം കൊണ്ടു മൂടി വച്ചാലും സത്യത്തിന്റെ മുഖം വെളിപ്പെടുക തന്നെ ചെയ്യും'എന്നു പറഞ്ഞ പൂര്‍വ്വികരുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നതില്‍ ഏറെ സന്തോഷിക്കേണ്ടത് പുതു തലമുറയാണ്.അതിനു പകരം ഭക്തിയും വിശ്വാസവും കച്ചവടച്ചരക്കാക്കുന്ന കാപട്യത്തിന്റെ പ്രചാരകരാകാനാണ് അവര്‍ ശ്രമിക്കുന്നത്.തന്ത്രികുമാരന്‍ തന്നെ ഒന്നാം തരം ഉദാഹരണം.കര്‍പ്പൂര ദീപം ദിവ്യജ്യോതിയാണെന്നു കരുതി അതു ദര്‍ശിക്കാന്‍ ജീവന്‍ ബലികഴിക്കേണ്ടി വന്ന സാധുക്കളോട് അല്പം പോലും അനുതാപം ഇവരെപ്പോലുള്ളവര്‍ക്ക് കാണില്ല.അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യത്തെ കുറിച്ചു കേട്ടിരുന്ന നമ്മുടെ മുമ്പില്‍ തടവിലാക്കപ്പെടുന്ന വാര്‍ദ്ധക്യത്തെ കാട്ടിത്തന്നതും ഇവരാണ്.പ
റഞ്ഞുപോയ സത്യത്തിന്റെ പേരില്‍ പേരക്കിടാവിനാല്‍ വേട്ടയാട
പ്പെട്ട വൃദ്ധനായ തന്ത്രിയും പു
ല്ലുമേട് അത്യാഹിതത്തില്‍ മരണമടഞ്ഞവരും തമ്മില്‍ വലിയ വ്യത്യാസമില്ല.ഇല്ലാത്ത ഗൂഢാലോച
നയ്ക്കു പിന്നാലെ പായാതെ ഭാവിയുടെ വിഷനാമ്പുകളെ
മുളയിലേ ശുദ്ധീകരിക്കാനാണ് വിവരമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്.

Fans on the page

10 comments:

kARNOr(കാര്‍ന്നോര്) said...

നന്നായി എഴുതി

SimhaValan said...

"മകരവിളക്കും മകരജ്യോതിയും രണ്ടാണെന്നും മകര ജ്യോതി നക്ഷത്രവും മകരവിളക്ക്‌ ആദിവാസികള്‍ നേരത്തെ പൊന്നമ്പലമേട്ടില്‍ നടത്തിയിരുന്ന പൂജയുടെ തുടര്‍ച്ച ആണെന്നും ഇതേ തന്ത്രി തന്നെ രണ്ടായിരത്തി എട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ഇതേ കാര്യം അദ്ദേഹം ഇക്കുറിയും ആവര്‍ത്തിക്കുകയാണ് ചെയ്തത്.ഇപ്പോള്‍ മകരവിളക്ക്‌ തെളിക്കുന്നത് ആരാണ് എന്ന് അറിയില്ല,അത് തങ്ങള്‍ അന്വേഷിച്ചിട്ടില്ല,പൊന്നമ്പലമേട്ടിലെ പൂജ പണ്ടും ഇപ്പോഴും തന്ത്രിമാരുടെ നിയത്രണത്തില്‍ അല്ല എന്നും അദ്ദേഹം വിശദികരണം നല്‍കിയിട്ടുണ്ട്."

തന്ത്രി മോന്റെ കാര്യം അക്ഷരം പ്രതി ശരിയാണ്.ഏതെങ്കിലും പ്രശ്നം വരുമ്പോള്‍ അതില്‍ നിന്നും മുതെലുടുത്തു വളരാന്‍ ശ്രമിക്കുന്ന ഇത്തിക്കണ്ണി രാഷ്ട്രീയക്കാരുടെയും മത മൌലിക വാദികളുടെയും തനി പകര്‍പ്പാണ് ഇയാള്‍.പൊളിട്രിക്സ്‌ എന്ന ഇന്ത്യ വിഷന്‍ പരിപാടിയില്‍ രണ്ടു കൊല്ലം മുന്‍പ് ഇയാളെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്
"ഇതാ അവസാനം ഹിന്ദുക്കളുടെ മദനി ജനിച്ചിരിക്കുന്നു" എന്ന്.

ഈ നാട്ടിലെ മുസ്ലിങ്ങള്‍ മദനിയെ അവഗണിച്ചത് പോലെ ഹിന്ദുക്കളും ഇയാളെ കണക്കിലെടുത്തില്ല.

M.A Bakar said...

:)

dethan said...

കാര്‍ന്നോര്‍,
നന്ദി.

SimhaValan,
തന്ത്രി മുമ്പു വെളിപ്പെടുത്തിയ കാര്യം അറിഞ്ഞിരുന്നില്ല.ചൂണ്ടീക്കാണിച്ചതിനു നന്ദി.അന്നു ദേവസ്വം മന്ത്രി ആയിരുന്ന ജി.സുധാകരന്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്.അതു പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.തന്ത്രിയോ തന്ത്രി കുടുംബമോ ആണ് അവിടെ ദീപം തെളിയിക്കുന്നതെന്ന് ആരും ആരോപിച്ചിട്ടില്ല.

മകര ജ്യോതിയും മകരവിളക്കും രണ്ടാണെന്നും മറ്റുമുള്ളതൊക്കെ ഉരുണ്ടു കളിയാണ്.ഒരു നക്ഷത്രവും ഏതാനും നിമിഷം കൊണ്ട് അപ്രത്യക്ഷമാകില്ല.നഗ്ന നേത്രങ്ങള്‍ കൊണ്ടു കാണുന്നതു തന്നെ ബുദ്ധിമുട്ടാണ്.മത്രമല്ല മൂന്നുപ്രാവശ്യം തെളിയുന്ന ദീപം കാണുമ്പോഴാണ്,നേരൊടെ,നെറീയോടെ വാര്‍ത്ത എത്തിക്കുന്നവരും ഒരു ജനതയുടെ ആത്മാവിഷ്ക്കാരം നടത്തുന്നവരും " അതാ ദിവ്യ ജ്യോതി തെളിഞ്ഞു "
എന്ന് അലമുറയിടുന്നത്.

തന്ത്രിപ്പയ്യനെ പോലെ അപക്വമതിയും ചപലനും പബ്ലിസിറ്റി ഭ്രാന്തനും ആയ ഒരുത്തനെ ഇത്തരം ചര്‍ച്ചയ്ക്കു ക്ഷണിക്കുന്ന ചാനലുകരുടെ ഗതികേടില്‍ നമുക്കു സഹതപിക്കാം.

sarada said...

Nakshatram enna vaakkinu jyothi enna paryayam malayalathilundo?

Kathikkunnathanenkil daa.. jyothi thelinju.. divya prakasam ennokke channelukar parayunnathu swayam vanchichu kondalle?

Sathyamaya ponnu pathinettam padi ennanallo nammal bhakthipoorvam parayaru. Asathya poojayal avidam kalankappeduthukayo?

Rahul enna eswara prathipurushan mattarum samsarikkan sammathikkathe idakku kayari paryunnathu,athum sandarbhathinu nirakkatha ahladaavesangalode, etra arochakam!

Satyam, manushyan marikkunnathil ivarkkarkkum onnumilla! Mukhyamanthrikkum. Addeham ikkaryathile nilapadu kondenne theerthum nirasappeduthi. Swantham makan makaravilakku/ jyothiyude thalsamaya bhakthanaayathu kondum kootiyano?

Living Story said...

വിവേകം, രാഹുല്‍ ഈശ്വരന്‍ 2008 ല്‍ തന്നെ ഇതു വ്യക്തമാക്കിയതാണല്ലോ

dethan said...

ശാരദേ,
അവസാനം പറഞ്ഞതാണ് എന്നെയും വേദനിപ്പിക്കുന്നത്.ആര്‍ക്കും മനുഷ്യര്‍ മരിക്കുന്നതില്‍ ഒരു ഖേദവുമില്ല.
തന്ത്രി കുമാരനാണെങ്കില്‍ എല്ലാം പബ്ലിസിറ്റിയ്ക്കുള്ള വകകള്‍ മാത്രം.പൊന്നു പതിനെട്ടാം പടിയെ സംബന്ധിച്ച എല്ലാ സത്യത്തിനും മദ്യത്തിന്റെ മണം കാണാതിരിക്കുമോ? മദ്യരാജാവിന്റെ ദാനമല്ലേ പതിനെട്ടാം പടിയുടെ
പൊന്‍ പൂച്ച്?

dethan said...

Living Story,
തന്ത്രി കുമാരന്റെ മുന്‍ വെളിപ്പെടുത്തല്‍ ആദ്യമായാണ് കാണുന്നത്.കാട്ടിത്തന്നതിന് നന്ദി.അതിനു മുമ്പ് രണ്ടായിരത്തില്‍ തന്നെ ഒരു ചാനല്‍ സംഘം,വിളക്കു കത്തിക്കുന്നതിന്റെ വിശദാംശം കാണിക്കുന്നുണ്ട്.
എന്നിട്ടും ഭക്തര്‍ പിന്നെയും ഈയാം പാറ്റകളെപ്പോലെ ഈ വ്യാജ ദീപത്തില്‍ ചെന്നു വീണതാണ് നാം കണ്ടത്.
നേരത്തെ താന്‍ വെളിപ്പെടുത്തിയ സത്യം മുത്തച്ഛന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയപ്പോള്‍ അയാള്‍ വ്യാഖ്യാനവുമാ
യി രംഗത്ത് എത്തിയതിന്റെ അസാംഗത്യമാണ് ഇവിടെ പ്രശ്നം.ചാനല്‍ ചര്‍ച്ചയില്‍ പങ്കെടിത്തതല്ല;ഒരു ബന്ദിയെപ്പോലെ തന്ത്രിയെ കൊണ്ടുവന്ന് പത്രക്കാരുടെ മുന്നില്‍ നിര്‍ത്തി മൈക്ക് കൈക്കലാക്കി നടത്തിയ കസര്‍ത്താണ് വിഷയം.ചെറുമകന്‍ മുമ്പു പറഞ്ഞപ്പോള്‍ ഇല്ലാത്ത ഗൂഢാലോചന ഇപ്പോഴെങ്ങനെയാണ് ഉത്ഭവിച്ചത്?

Living Story said...

ആ വീഡിയോ നേരെത്തെ കണ്ടിട്ടുള്ളതിനാല്‍ ലിങ്കു നള്‍കി എന്നു മാത്രം. പിന്നെ താങ്കള്‍ പറഞ്ഞതു പോലെ എന്‍‍.എസ്.എസ്സും വിശ്വകര്‍മ്മ മഹാസഭയും ബിജെപിയും മാത്രമല്ല ഈ വാദം ഉന്നയിച്ചിരിക്കുന്നത്.

“ആലപ്പുഴ: മകരജ്യോതി ചര്‍ച്ചചെയ്ത് വിവാദമാക്കുന്നത് ഹിന്ദുക്കളുടെ വിശ്വാസത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പുല്ലുമേട് ദുരന്തത്തിന്റെ യഥാര്‍ഥ കാരണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണിതിനുപിന്നില്‍. 102 തീര്‍ഥാടകര്‍ മരിക്കാനിടയായ സാഹചര്യമാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. സംഭവം നടന്നപ്പോള്‍ ദേവസ്വം മന്ത്രി എവിടെയായിരുന്നു. ഇത്രയും അപ്രാപ്തനായ ദേവസ്വം മന്ത്രി ഇതിനു മുന്‍പുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.“

dethan said...

Living Story,

വെള്ളാപ്പള്ളിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടിരുന്നില്ല.പെട്ടിരുന്നാലും അവഗണിക്കു
മായിരുന്നു.ഒന്നാമത്തെ കാരണം വെള്ളാപ്പള്ളി ഒരു വാ പോയ കോടാലിയാണ് എന്നതു തന്നെ.രണ്ടാമത് പോസ്റ്റിന്റെ വലിപ്പം കൂടും.
വളരെ കാര്യങ്ങള്‍ പറയേണ്ടി വരും.
'ചെത്തരുത്, കുടിയ്ക്കരുത്,വില്‍ക്കരുത്' എന്ന് ഉദ്ബോധിപ്പിച്ച ഗുരുവിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട സംഘടനയുടെ തലപ്പത്ത് ഇ
രുന്നുകൊണ്ട്"ചെത്തണം,കുടിയ്ക്കണം,വില്‍ക്കണം''എന്നു പോലും പറയാന്‍ ഉളുപ്പില്ലാത്തയാളുടെ വാക്കിന് എന്തു വില?"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ..."
എന്നു തുടങ്ങുന്ന ഗുരുവചനം ആലേഖനം ചെയ്തിരിക്കുന്ന അരുവിപ്പുറത്തു ചെന്നു നിന്ന് ജാതി പറയണം എന്നാണ് ആ എഴുതി വച്ചിരിക്കുന്നതിന്റെ അര്‍ത്ഥം എന്നു പ്രസംഗിച്ച വെള്ളാപ്പള്ളിയ്ക്ക് മകര വീളക്കിനെ കുറിച്ചായാലും ഇത്തരം വിവര ദോഷമല്ലേ പറയാന്‍ കഴിയൂ?