സാമാന്യം ഭേദപ്പെട്ട സര്‍ക്കരുദ്യോഗസ്ഥനായ സുഹൃത്ത്.ഭാര്യ ഹൈസ്കൂള്‍ അദ്ധ്യാപിക.രണ്ട് പെണ്മക്കള്.മൂത്തവള്‍ എഞ്ചിനീയറിങ് പാസ്സായി ഐ.റ്റി കമ്പനിയില്‍ ജോലി ചെയ്യുന്നു.ഇളയ കുട്ടി എഞ്ചിനീയറിങ്ങിനു പഠിക്കുന്നു.മൂത്ത മകളുടെ വിവാഹം. വരന് ദേശസാല്‍കൃത ബാങ്കില്‍ പ്രൊബേഷനറിഓഫീസര്‍.നല്ല ചുറ്റുപാടുള്ള കുടുംബം.പ്രത്യേക ഡിമാന്റൊന്നുമില്ല.പൊതുവേ മാന്യനും പരോപകാരിയുമായ സുഹൃത്തിന്റെ ഭഗ്യമെന്ന് എല്ലവരും പറഞ്ഞു.അദ്ദേഹത്തിനും സന്തോഷമായി. ഇത്ര പവന് വേണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട വിധം ആഭരണമിട്ടു വേണം മകളെ അയക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. പത്തുമുപ്പതു പവന് ഇപ്പോള്‍ തന്നെ സ്വരൂപിച്ചു വച്ചിട്ടുണ്ട്.എങ്ങനെയെങ്കിലും അന്‍പതു പവന് തികയ്ക്കണം.
അച്ഛനും അമ്മയും തങ്ങളുടെ ഉള്ളിലിരുപ്പ് മക്കളുമായി പങ്കു വച്ചു."നൂറു പവനെങ്കിലും ഇല്ലാതെ ഞാന്‍ പോകില്ല" എന്നായി പ്രതിശ്രുത വധു. മകള്‍ തമാശ പറയുകയാണെന്നാണ് മാതാപിതാക്കള്‍ കരുതിയത്.സീരിയസ് ആണെന്ന് താമസിയാതെ മനസ്സിലായി.അടുത്ത കാലത്ത് വിവാഹിതരായ കൂട്ടുകാരികളെ ചൂണ്ടിക്കാട്ടി അവള് തന്റെ വാദശരങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി.ആഭരണത്തിലും അനുബന്ധ ആര്‍ഭാടങ്ങളിലും മുന്നിട്ടു നിന്ന ആ കല്യാണങ്ങള്‍ക്കൊക്കെ സകുടുംബം പങ്കെടുത്തതാണ്.
അന്ന് അവിടങ്ങളില്‍ കണ്ട ധൂര്‍ത്തിനെ വിമര്‍ശിച്ചപ്പോള്‍ മകള്‍ ദീക്ഷിച്ച മൗനത്തിന്റെ അര്‍ത്ഥം ഇപ്പോഴാണ് സുഹൃത്തിനും ഭാര്യയ്ക്കും മനസ്സിലായത്.
"അണ്ണാന് ആനയോളം വാ പിളര്‍ക്കാന്‍ പറ്റ്വോ?ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മള്‍ക്ക് ഇതിനപ്പുറം ഒക്കില്ല മോളേ".അച്ഛന് നിസ്സഹായത വെളിപ്പെടുത്തി.
"എങ്കില്‍ സാഹചര്യം ഒത്തിട്ടു മതി കല്യാണം. ഞാന്‍ ആരുടേം കൂടെ ചാടിപ്പോകേം മറ്റുമില്ല."എന്നായി പുത്രി.
കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി ആഭരണ പ്രശ്നം ഒരുവിധം പരിഹരിച്ചപ്പോഴാണ് അടുത്തത് തല പൊക്കുന്നത്...കല്യാണ മണ്ഡപം.'ലഭ്യമായ ഏതെങ്കിലും ഹാള്‍'.അതിനപ്പുറം ചെറുക്കനും വീടുകാര്‍ക്കും നിര്‍ദ്ദേശമുണ്ടായിരുന്നില്ല.തലസ്ഥാനത്ത് ഹാള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും പണച്ചെലവും അവര്‍ക്കും നന്നായറിയാം.നിശ്ചയിച്ച തീയതിയില്‍ ഇടത്തരം ഹാളുകളൊന്നും കിട്ടാനില്ല.പ്രയാസം മനസ്സിലാക്കിയ വരനും മാതാപിതാക്കളും ശിവഗിരിയില്‍ വച്ചാകാം എന്ന് അഭിപ്രായപ്പെട്ടു.സുഹൃത്തിന് ആശ്വാസമായി.
ആശ്വാസം അധികം നീണ്ടു നിന്നില്ല."ശിവഗിരിയിലും പോകണ്ടാ.രജിസ്ട്രാഫീസില് വച്ചു മതി. അപ്പോള്‍ ഒരു ചെലവും ഇല്ലല്ലോ." എന്ന വധുവിന്റെ പ്രതികരണത്തില്‍ നിന്നു തന്നെ അവളുടെ മനോഭാവം വ്യക്തമായി.മാതാ
പിതാക്കളുടെ അനുനയങ്ങള്‍ക്കും ഗദ്ഗദങ്ങള്ക്കും പ്രയോജനമുണ്ടായില്ല.നഗരത്തിലെ മുന്തിയ ഹാള്‍ തന്നെ ബുക്ക് ചെയ്തു.ഹാള്‍ മികച്ചതാകുമ്പോള്‍ അലങ്കാരം മോശമാകരുതല്ലോ.അതിനും വേണ്ടി വന്നു നല്ല തുക.
സാധാരണ ഗതിയില്‍ വരന്റെയോ അയാളുടെ വീട്ടുകാരുടെയോ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് ഇത്തരം ഭാരിച്ച ബാദ്ധ്യതകള്‍ പെണ് വീട്ടുകാര്‍ ഏറ്റെടുക്കേണ്ടി വരുന്നത്.ഇവിടെ സ്വന്തം വീട്ടില്‍ നിന്നു തന്നെയാണ് പാര.സുഹൃത്തിന്റെ അനുഭവം ഒറ്റപ്പെട്ടതാണെന്നു കരുതണ്ടാ.അദ്ദേഹം ആശ്വാസം കിട്ടാന്‍ മനസ്സു തുറന്നതു കൊണ്ട് ഞാനറിഞ്ഞു.എല്ലാം കടിച്ചമര്‍ത്തി ആധി പെരുത്ത് ജീവനൊടുക്കുന്ന രക്ഷിതാക്കള്‍ എത്രയോ ഉണ്ടാകും.
സ്ത്രീധനത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും കണക്കു ചൊല്ലി കലഹിച്ച വരനെ തനിക്കു വേണ്ടെന്നു പറഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയ വധുക്കളുള്ള നാട്ടില്‍ തന്നെയാണ് ഇത്തരം പെണ്‍കുട്ടികളും ഉള്ളത്.വിദ്യാഭ്യാസത്തിലും സമ്പത്തിലും മുന്നോക്കം നില്ക്കുന്ന പെണ്‍കുട്ടികളാണ് വരനെയും അയാളുടെ വീട്ടുകാരെയും കടത്തി വെട്ടുന്ന സ്ത്രീധനാര്‍ത്തി കാട്ടുന്നത്.രക്ഷിതാക്കളുടെ പ്രയാസങ്ങള്‍ അവര്‍ക്കു പ്രശ്നമല്ല;സ്വന്തം ഭാവിയാണ് മുഖ്യം.
സ്ത്രീധന നിരോധന നിയമം പാസ്സാക്കുന്ന കാലത്ത് കോളേജ് കാമ്പസ്സുകളില്‍ നടന്ന ഡിബേറ്റുകളുടെ പ്രധാന വിഷയം അതായിരുന്നു.അന്ന് ആണ് കുട്ടികള്‍ നിരോധനത്തെ എതിര്‍ത്തും പെണ് കുട്ടികള്‍ അനുകൂലിച്ചും ആണ് ഡിബേറ്റുകളില്‍ പങ്കെടുത്തിരുന്നത്. പെണ് കുട്ടികളോടൊപ്പം ചില ആണ്‍കുട്ടികളെങ്കിലും നിയമത്തെ അനുകൂലിക്കുവാന്‍ മുതിര്‍ന്നിരുന്നു.പക്ഷേ എതിര്‍ക്കുവാന്‍ മരുന്നിനു പോലും പെണ് കുട്ടികളെ കിട്ടിയിരുന്നില്ല.കാലം മാറിയതോടെ സ്ഥിതി വ്യത്യസ്തമായിരിക്കുന്നു.ഇങ്ങനെയുള്ള വിഷയങ്ങള്‍ കാമ്പസ്സുകളില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നില്ല.ആരുടെ രക്ഷയ്ക്കു വേണ്ടിയാണോ നിയമം കൊണ്ടു വന്നത്,അവരില്‍ പെട്ടവരില്‍ നിന്നു തന്നെ
അതിനെ തുരങ്കം വയ്ക്കുന്ന ഇത്തരം ഒരു സാദ്ധ്യത നിയമ നിര്‍മ്മാതാക്കള്‍ സ്വപ്നത്തില്‍ പോലും കണ്ടുകാണില്ല.
തങ്ങളുടെ കഷ്ടപ്പാടുകള്‍ അറിയിക്കാതെ മക്കളെ വളര്‍ത്തുന്നതിന്റെ പരിണിതഫലമല്ലേ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സാമൂഹിക ബന്ധമില്ലാതെ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ ഉദാസീന
രായും അജ്ഞരായും കഴിയുന്ന പുതിയ തലമുറയുടെ ഈ അവസ്ഥയ്ക്ക് അത്തരം രക്ഷിതാക്കള്‍ കൂടി ഉത്തരവാദികളാണ്.അണു കുടുംബങ്ങളില്‍ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ എന്നു സമാധാനിക്കാനും വകയില്ല.കാരണം അങ്ങനെയുള്ള നിഗമനങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ല.
Fans on the page
10 comments:
സ്ത്രീധനത്തെ സംബന്ധിച്ചുള്ള ധാരണകള്‍ മാറിക്കൊണ്ടിരിക്കുകയാണ്.പെണ്‍കുട്ടികള്‍ തന്നെ
ധനം ഡിമാന്റ് ചെയ്യുന്ന അവസ്ഥയെക്കുറിച്ച് അനുഭവത്തിന്റെ വെളിച്ചത്തില്‍ ചില കാര്യങ്ങള്‍
വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.
-ദത്തന്
നല്ല നിലയില്‍ പഠിപ്പിക്കുക മാത്രമല്ല കെട്ടിച്ചും വിടണം.... അത് ഓരോ രക്ഷിതാവിന്റെയും ബാധ്യതയാണ് എന്ന ചിന്താഗതി മക്കളില്‍ ഉയരുന്നു... എന്നാല്‍ വയസ്സ് കാലത്ത് ആ രക്ഷിതാക്കളെ നോക്കണമെന്ന ചിന്ത എന്ത് കൊണ്ടുണ്ടാകുന്നില്ല?
തനിക്ക് ചുറ്റും സംഭവിക്കുന്ന മാറ്റങ്ങളും നമ്മുടെ അഭിപ്രായങ്ങളെ ബാധിക്കാറുണ്ട്. 50 പവനിട്ട് ശിവഗിരിയില്‍ വെച്ച് കല്ല്യാണം നടത്തിയാല്‍ അത് കഴിയുമ്പോള്‍ തന്റെ സഹപ്രവര്‍ത്തകരോ നാട്ടുകാരോ ബന്ധുക്കളോ പറയുവാന്‍ സാധ്യതയുള്ള “കുത്ത് വാക്കുകളും” ഒരു പരിധി വരെ ആ പെണ്‍കുട്ടിയെ സ്വാധീനിച്ചിട്ടുണ്ടാകില്ലേ?
നമ്മുടെ സമൂഹം ഒരുപാട് മാറേണ്ടിയിരുന്നു. അത് ഇങ്ങനെയായിരുന്നില്ല. ദത്തന് സൂചിപ്പിച്ചത് പോലെ ക്യാമ്പസുകളില്‍ നടന്നിരുന്ന സജീവമായ ചര്‍ച്ചകള്‍ ഇന്ന് അന്യമായത് തന്നെയാണ് ഇത്തരം പ്രശ്നങ്ങള്‍ വളരുന്നത്.
ഇതുപോലൊരു കുടുംബം എനിക്കുമറിയാം ദത്താ. അവിടെയും ചെറുക്കന്റെ വീട്ടുകാര്‍ക്ക് യാതൊരു ഡിമാന്റും ഉണ്ടായിരുന്നില്ല. പക്ഷെ പെണ്‍കുട്ടി 100 പവന് വാശിപിടിച്ചു. അതും 916 തന്നെ വേണമെന്നും :) . അമ്മായിയമ്മ സ്വര്‍ണ്ണം തൂക്കുന്ന കാലം പോയി, ഇപ്പൊ പെണ്മക്കള് തന്നെയാണ് മാതാപിതാക്കളെ ശ്വാസം മുട്ടിയ്ക്കുന്നത്. ബോധവല്‍ക്കരണം അത്യാവശ്യം തന്നെ. കുടുബത്തില്‍ നിന്നു തന്നെ അതു തുടങ്ങേണ്ടി വരും.
"എങ്കില്‍ സാഹചര്യം ഒത്തിട്ടു മതി കല്യാണം. ഞാന്‍ ആരുടേം കൂടെ ചാടിപ്പോകേം മറ്റുമില്ല."
"ponal pokattu podi" enna manobhavan achan/ammarkku undakan budhimuttanu, enkilum yadharthya bodham illatha santhathikalodu angane thonna sheelikkendi irikkunnoo.
മനോജ്,
ബന്ധുക്കളുടെ കുത്തുവാക്കുകള്‍ക്ക് സാദ്ധ്യതയില്ലാതിരിക്കേ അത്തരം ആശങ്കകള്‍
അസ്ഥാനത്താണ്.അതേ സമയം "നമ്മുടെ സമൂഹം ഒരുപാട് മാറേണ്ടിയിരിക്കുന്നു "എന്ന് താങ്കള്‍ പറഞ്ഞത് ശരിയാണ്.കമ്പസ്സുകളില്‍ നിന്ന് ആരോഗ്യകരമായ ചര്‍ച്ചകളെല്ലാം അപ്രത്യക്ഷമായതു കൊണ്ട് നഷ്ടമാകുന്നത്
എന്താണെന്ന് ഇപ്പോഴും പലര്‍ക്കും മനസ്സിലായി
ട്ടില്ല.കാമ്പസ് രാഷ്ട്രീയത്തെ ഗുണ്ടായിസമാക്കി
മാറ്റിയ രാഷ്ട്രീയ നേതൃത്വങ്ങളും മതഭ്രാന്ത
ന്മാര്‍ക്ക് വിഹരിക്കാന്‍ അറിഞ്ഞോ അറിയാ
തെയോ സൗകര്യമൊരുക്കിയ അരാഷ്ട്രീയ വാദികളും ഒരുപോലെ അതിന് ഉത്തരവാ
ദികളാണ്.
ശിവ,
നമ്മുടെ അവസ്ഥ മനസ്സിലാക്കിത്തന്നെ കുട്ടികളെ വളര്‍ത്തിയാല്‍ ഇത്തരം അപകട
ങ്ങള് കുറച്ചൊക്കെ ഒഴിവാക്കാന്‍ കഴിയു
മെന്നാണു തോന്നുന്നത്.പഠിപ്പിക്കുന്നതിനിടയ്ക്ക് ചുറ്റുപാടും നടക്കുന്നത് എന്താണെന്നു കൂടി
മനസ്സിലാക്കാന്‍ അവരെ നിര്‍ബ്ബന്ധിക്കയും വേണം.
ബൈജു,
ജീവിതം കയ്പും മധുരവും നിറഞ്ഞതാണെന്നു മനസ്സിലാക്കി വളര്‍ത്തിയാല്‍ മതി.
>>സ്ത്രീധനത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും കണക്കു ചൊല്ലി കലഹിച്ച വരനെ തനിക്കു വേണ്ടെന്നു പറഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയ വധുക്കളുള്ള നാട്ടില്‍ തന്നെയാണ് ഇത്തരം പെണ്‍കുട്ടികളും ഉള്ളത്.<<
വാസ്തവം, പല കുടുംബങ്ങളിലും സംഭവിച്ച് കൊണ്ടിരിക്കുന്നതാണിത്. ചെറുപ്പം മുതലേ കുട്ടികൾക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതിയെകുറിച്ചുള്ള ധാരണയും ഒപ്പം നല്ല ഒരു സാമൂഹ്യ ബോധവും ജീവിതത്തെ പറ്റിയുള്ള ഉൾകാഴ്ചയും മാതാ പിതാക്കൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിയ്ക്കണം. അതില്ലാത്തതും ഇത്തരം സംഭവങ്ങൾക്ക് കാരണമാണ്.
ഇത്തരം പെണ്‍കുട്ടികള്‍ തീരെ വിരളമല്ല. എനിക്കു തോന്നുന്നതു് ഒരു പരിധി വരെ വീട്ടിലെ സാഹചര്യങ്ങള്‍ കുട്ടികള്‍ അറിയാതെ വളര്‍ന്നതുകൊണ്ടാവും.എന്നാല്‍ തന്നെ പഠിച്ചു ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുട്ടിക്കു് അഛനുമമ്മയും വീട്ടിലെ സ്ഥിതി പറഞ്ഞുകൊടുത്താല്‍ മനസ്സിലാവേണ്ടതല്ലേ? എന്നിട്ടും എന്താ ഇങ്ങനെ? ഇപ്പോള്‍ കിട്ടാവുന്നതു മാക്സിമം കിട്ടട്ടെ എന്നു കരുതിയിട്ടായിരിക്കും. അല്ലെങ്കില്‍ ഞങ്ങള്‍ വലിയ ആള്‍ക്കാരാണെന്നു മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനായിരിക്കും. എന്തായാലും കഷ്ടം തന്നെ. അല്ലാതെന്തു പറയാന്‍!
ബഷീര്‍,
മാതാപിതാക്കള്‍ക്ക് അതിനു കഴിഞ്ഞില്ലെങ്കില്‍ വിദ്യാഭ്യാസത്തിനു കഴിയണം.ഇവിടെ രണ്ടും കണക്കാണ്. അതാണ് പ്രശ്നം.
എഴുത്തുകാരി,
പഠിപ്പ് സിലബസ്സില്‍ മാത്രം ഒതുങ്ങുന്നു.വിവരം ഉണ്ടാകുന്നില്ല.സ്വഭാവരൂപീകരണം നടക്കുന്നതുമില്ല.
നന്നായി . ഇല്ലാത്തതു അറിയിച്ചു തന്നെ കുട്ടികളെ വളര്‍ത്തണം !! ഈയിടെ ഒരു സുഹൃത്ത് പറഞ്ഞതാണ് : അച്ഛന് ഇഷ്ടം പോലെ ഞങ്ങള്‍ക്ക് ചിലവാക്കാന്‍ ഉണ്ടാക്കിയിട്ടുണ്ട് അതുകൊണ്ട് ഇപ്പൊ കഷ്ടപ്പെടണ്ട . അപ്പൊ നിങ്ങളുടെ കുട്ടികളോ എന്ന് തിരിച്ചു ചോദിച്ചില്ല .
kettiyavante kaaryam pokkanu!
Post a Comment