Total Pageviews

Friday, September 4, 2009

ഓണം


ബാല്യത്തിലെന്നോ മനസ്സിന്റെ ചില്ലയി-
ലൂഞ്ഞാലു കെട്ടിയൊരോണ സങ്കല്പങ്ങള്‍
ചില്ലാട്ടമാടാനൊരുങ്ങവേ വല്ലായ്മ
വല്ലാതെ ചുറ്റിലും വീശിയടിക്കുന്നു.
"കള്ളപ്പറകളും നാഴികളും മറ്റു
കള്ളത്തരങ്ങളശേഷവുമില്ലാതെ
മാനുഷരെല്ലാരു മൊന്നുപോല്‍ വാണോരു"
മോഹന നാളിന്റെയോര്മ്മയ്ക്കു പോലുമേ
ഇന്നിന്നശാന്തമാമന്തരീക്ഷത്തിന്റെ
വന്യത മായ്ക്കുവാനാവതില്ലാതെയായ്.

കാലത്തു പോയ പൊന്മക്കള്‍ തിരിച്ചെത്ര-
കഷ്ണമായ് വന്നെത്തുമെന്നോര്‍ത്തു നീറുന്ന
മാതാപിതാക്കള്‍;അരക്ഷിത ശൈശവം;
മാഫിയാ റാഞ്ചിയ യൗവനം,കാമ്പസും;
ചെന്നിണം വീണു കുതിരും തെരുവുകള്‍
വന്ധ്യംകരിച്ച വയലുകളള്‍;എപ്പൊഴും
വൈരം പരത്തുന്ന രാഷ്ട്രീയ കേളികള്‍;
സ്പര്‍ദ്ധ വമിയ്ക്കുന്ന വര്‍ഗ്ഗീയ വാദങ്ങള്‍.
വാമനന്‍ പണ്ട് വിതച്ച ചതിയുടെ
വിത്തു മുളച്ചു വളര്ന്നു മലയാള
മണ്ണിന്റെ നന്മകളെല്ലാം ഗ്രസിക്കുന്ന
മട്ടില്‍ പടര്‍ന്നു നിഴല്‍ വിരിക്കുന്നുവോ?

അന്തമില്ലാത്തൊരീ അന്ധകാരത്തിലു-
മോണക്കിനാവിനാ ലെങ്കിലുമാഹ്ലാദ-
പ്പൂക്കളം തീര്‍ക്കുവാനാകട്ടെ മാവേലി
മന്നനെയോര്‍ക്കുന്ന മംഗള വേളയില്‍.
Fans on the page

5 comments:

Steephen George said...

Kollam

the man to walk with said...

haa enthu cheyyam..

വികടശിരോമണി said...

ഓണം കഴിഞ്ഞാലും ഗൂഗുൾ ഓർത്തുസൂക്ഷിക്കുന്ന ഈ നൊമ്പരങ്ങളെല്ലാം
നാളെയൊരോണമൊരുക്കുവാനുള്ള ക്കൂട്ടിവെയ്പ്പാകുമോ?

dethan said...

സ്റ്റീഫന്‍ ജോര്‍ജ്ജ്'
നന്ദി.

the man to walk with,
മനുഷ്യര്‍ക്ക് സദ് ബുദ്ധി ഉണ്ടാകട്ടെ.
നന്ദി.

dethan said...

വികടശിരോമണി,
അതൊരു ഐഡിയാ ആണ്.നൊമ്പരം മാത്രമല്ല സന്തോഷവും കാണുമല്ലോ!അവയെല്ലാം
ചേര്‍ത്താല്‍,താങ്കള്‍ പറഞ്ഞതു പോലെ മറ്റൊരു ഓണമൊരുക്കാനുള്ള വക ആയേക്കാം

-ദത്തന്‍