കുഞ്ഞേ ചിരിക്കരുത്
നിന് ചിരിയി,ലാളുന്ന വഞ്ചനയുടെ
നാളങ്ങള്‍ കണ്ടുള്ളു കായുന്ന സംസ്കാര നായകര്‍,
ഉത്സാഹമേറുന്നൊ"രാഘോഷ"മേളങ്ങള്‍
നിന് ചിരിയില്‍ വല്ലാതെ ദര്ശിക്കുമുറ്റവര്,
കല്ലും വെറുപ്പൂള്ള വാക്കും പെറുക്കി
നിന് നേര്ക്കേറു കൊള്ളിച്ചു തുള്ളിക്കളിക്കേ,
കുഞ്ഞേ ചിരിക്കരുത് !
ആശാന്റെ സീതയുടെ ചിന്താശതങ്ങള്ക്കു,-
മാഗമക്കാമ്പിന് വിശിഷ്ട വാക്യങ്ങള്‍ക്കു,-
മായിരമര്ത്ഥങ്ങള് കല്പിച്ചു നല്കിയോര്
നിന് ചിരിയി,ലില്ലാത്ത പൊരുള്‍ തേടിടുമ്പോള്‍,
പിണ നാറ്റമേറുന്ന പാതയോരങ്ങളില്‍
നിണധാര സൃഷ്ടിക്കുമട്ടഹാസങ്ങളില്,
പരനിന്ദ വിതറുന്ന തെറി വാചകങ്ങളില്‍,
അരുതാത്തതൊന്നുമേ കാണാതിരിക്കുമ്പോള്‍,
കുഞ്ഞേ ചിരിക്കരുത് !
അഴിമതിക്കെതിരോതു മുറ്റവരെപ്പോലു-
മകലെയാക്കീടുവാനടവുകള് കാട്ടുവോര്‍,
അച്ഛന്റെ മീശയ്ക്കു തീ പിടിപ്പിക്കാനു-
മല്പവും കൂസലെഴാത്തവര് നിന് ചിരിയി-
ലസ്വാസ്ഥ്യമേറീട്ടു കത്തിയോങ്ങീടവേ,
കുഞ്ഞേ ചിരിക്കരുത് !!
Fans on the page
4 comments:
കുഞ്ഞ് ചിരിച്ചോട്ടെ. പക്ഷേ മറ്റു ചിരികളുടെ പൊരുളറിയാന്‍ കൂടി പഠിക്കട്ടെ
പ്രിയ ഉണ്ണികൃഷ്നന്‍,
കുഞ്ഞു പഠിച്ചോട്ടെ.പക്ഷേ ആരുടെ ചിരിക്കും ഇല്ലാത്ത വ്യാഖ്യാനം നല്കാന് ശ്രമിക്കരുത്.
-ദത്തന്
മുഖം മൂടികള്‍ തിരിച്ചറിയണം കുഞ്ഞേ..........
karimeen,
മുഖംമൂടി തകര്ന്നാളെ തിരിച്ചറിഞ്ഞാലും
വില്ലന്റെയെങ്കില് ,കുഞ്ഞേ ചിരിക്കരുത്.
-ദത്തന്
Post a Comment