Total Pageviews

Monday, May 11, 2009

പിണറായിയെ മുഖ്യമന്ത്രിയാക്കണം

അജ ശുദ്ധി(അഡ്വക്കേറ്റ് ജനറല്‍(അ.ജ)ശുദ്ധി എന്നു സാരം.അഗ്നി ശുദ്ധി എന്ന പഴഞ്ചന്‍ പ്രയോഗത്തിന്റെ പുതിയ അവതാരം)വരുത്തിയ ശ്രീ. പിണറായി വിജയനെ എത്രയും വേഗം മുഖ്യമന്ത്രിയാക്കേണ്ടതാണ്.തീണ്ടലും തൊടീലും നിലനിന്ന കാലത്തെ,
"തൈലാദി വസ്തുക്കളശുദ്ധമായാല്‍
പൗലോസു തൊട്ടാലവ ശുദ്ധമാകും" എന്ന പഴയ ചൊല്ല്,

"രാഷ്ട്രീയ നേതാക്കളശുദ്ധരായാല്‍
ഏജീ തുണച്ചാലവര്‍ ശുദ്ധരാകും" എന്ന് തിരുത്തുകയും ചെയ്യാം.

സര്‍വ്വശ്രീ.കെ.കരുണാകരന്‍,ആര്‍.ബാലകൃഷ്ണപിള്ള,സി.വി.പത്മരാജന്‍,എം.പി ഗംഗാധരന്‍,കുഞ്ഞാലിക്കുട്ടി,നീലലോഹിതദാസ്, റ്റി.എം.ജേക്കബ്,ഫാരിസ് അബൂബേക്കര്‍,സാന്തിയാഗോ മാര്‍ട്ടിന്‍,ലിസ് ചാക്കോ,ഇ.പി.ജയരാജന്‍,മണിച്ചന്‍ തുടങ്ങിയവരെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ പുതിയ മുഖ്യമന്ത്രിയ്ക്ക് 'നവ കേരളം'കെട്ടിപ്പടുക്കാന്‍ പ്രയാസമുണ്ടാകില്ല.

കരുണാകരന് ആഭ്യന്തരം,ബാലകൃഷ്ണപിള്ളയ്ക്ക് ജല വൈദ്യുത പദ്ധതി വകുപ്പ് ,പത്മരാജന് വൈദ്യുതി,ഗംഗാധരന് ജലസേചനം
(വേണമെങ്കില്‍'പൈപ്പ് വ്യാപാരം എന്ന പുതിയ വകുപ്പ് ആകാം)നീലന് സാംസ്കാരികം, കുഞ്ഞാലിക്കുട്ടിയ്ക്ക് വനിതാ സംരക്ഷണം ഉള്‍പ്പെടുന്ന സാമൂഹ്യക്ഷേമ വകുപ്പ്,ഫാരിസ്സിന് റവന്യു,സാന്തിയാഗോ മാര്‍ട്ടന് ലോട്ടറി,ലിസ് ചാക്കോയ്ക്ക് ധനകാര്യം,ഇ.പി. ജയരാജന് ഭക്ഷ്യം(പരിപ്പു വട, കട്ടന്‍ചായ വിരുദ്ധര്‍ക്ക് സന്തോഷിക്കാം)എക്സൈസ് മണിച്ചന്;ഈ രീതിയില്‍ വകുപ്പുകളും കൂടി വിഭജിച്ചു നല്‍കിയാല്‍ പിന്നെ യാതൊന്നും ഭയപ്പെടെണ്ടാ.കേരളത്തിന്റെ സുവര്‍ണ്ണ കാലം എന്ന് ഭാവി ചരിത്രകാരന്മാര്‍ ഈ ഭരണ കാല‍ഘട്ടത്തെ വിശേഷിപ്പിക്കുക തന്നെ ചെയ്യും.

പല പാര്‍ട്ടികളില്‍ പെട്ട ഇവരെയെല്ലാം ഉള്‍പ്പെടുത്തി ഒരു മന്ത്രിസഭ രൂപീകരിക്കുക എളുപ്പമാണോ എന്ന സംശയമുണ്ടാകാം.
രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്ന വിശാസക്കാരാണ് ഇവരെല്ലാം.മാത്രമല്ല കരുണാകരനും മകനും വേണ്ടി വിരുന്നൊരുക്കി ചുവപ്പു പരവതാനിയും വിരിച്ച് എകെജി സെന്ററില്‍ പണ്ടു കാത്തിരുന്ന പിണറായിക്ക് അവരെ കൂടെ കൂട്ടാന്‍ നല്ല അവസരമാണ്.അച്ഛനു മകനും രണ്ടു വഴിക്കായെന്നു വിചാരിച്ച് കുണ്ഠിതപ്പെടെണ്ടാ.ഇത്തരത്തില്‍'രാജ്യ സേവന'ത്തിന് ഒരു ചാന്‍സ് വന്നാല്‍ ഒന്നാകാനുള്ള വഴി അവര്‍ കണ്ടെത്തിക്കൊള്ളും.

പിണറായിയെ മുഖ്യമന്ത്രിയാക്കിയാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും മറ്റു കക്ഷികള്‍ക്കും ഉണ്ടാകാവുന്ന ഗുണങ്ങള്‍ പലതാണ്.അഴിമതി വിരുദ്ധനും വികസന(കീശ വികസനമെന്ന് അസൂയാലുക്കള്‍)വിരുദ്ധനും ആയ ഇപ്പോഴത്തെ മുഖ്യനെ ഒഴിവാക്കാം എന്നതു തന്നെ ഒന്നാമത്തെ പ്രയോജനം.അതോടെ ഇടമലയാര്‍, ബ്രഹ്മപുരം,പാമോയില്‍,തുടങ്ങിയ എല്ലാ പീഡനങ്ങളും അവസാനിപ്പിക്കാം.
നേതാക്കളും സര്‍ക്കാര്‍ഖജനാവും രക്ഷപ്പെടുകയും ചെയ്യും.

അങ്ങനെ അഴിമതി മുക്തവും മൂലധന പൂരിതവും സമാധാന സമ്പൂര്‍ണ്ണവും വികസന സമ്പന്നവും ഐശ്വര്യ സമൃദ്ധവും മറ്റും മറ്റും ആയ ഒരു 'നവ കേരളം' ഉണ്ടാകട്ടെ !!Fans on the page

6 comments:

മുക്കുവന്‍ said...

രാഷ്ട്രീയ നേതാക്കളശുദ്ധരായാല്‍
ഏജീ തുണച്ചാലവര്‍ ശുദ്ധരാകും" ..

wow... wow...

keralafarmer said...

രാഷ്ട്രീയ നേതാക്കളശുദ്ധരായാല്‍
ഏജീ തുണച്ചാലവര്‍ ശുദ്ധരാകും"
ഗവര്‍ണര്‍ എന്ന കടമ്പ ഇനിയും ബാക്കി. ഇലക്ഷന്‍ റിസല്‍റ്റ് വരണം എന്ന് പത്രവാര്‍ത്ത. അത് മഹാരാഷ്ട്രയാണോ കേരളമാണോ എന്നൊരു സംശയം.

മുസാഫിര്‍ said...

സ്വപ്നത്തിലുള്ള മന്ത്രി സഭ കൊള്ളാം.പീ ജേ ജോസഫിനെ ഒഴിവാക്കിയല്ലെ ?

കടത്തുകാരന്‍/kadathukaaran said...

സാംസ്ക്കാരികം സുധാകരനു തന്നെ കൊടുക്കണം...ആസനം വെക്കാന്‍ ശൂലവും.

hAnLLaLaTh said...

:)

dethan said...

മുക്കുവന്‍,
keralafarmer,
നന്ദി.

മുസാഫിര്‍,
ജോസഫ് തല്‍ക്കാലം രക്ഷപ്പെട്ടിരിക്കയല്ലേ?പോരാത്തതിന് അവശ്യത്തില്‍ കൂടുതല്‍ 'സ്ത്രീ സ്നേഹികള്‍'
ലിസ്റ്റില്‍ ഉണ്ടല്ലോ!

കടത്തുകാരന്‍/kadathukaaran,
ആലോചിക്കാവുന്നതാണ്.വിശേഷിച്ച് ഇന്നലത്തെ പ്രസംഗം കൂടിയായപ്പോള്‍.

hAnLLaLaTh,
നന്ദി.

-ദത്തന്‍