Total Pageviews

Tuesday, May 19, 2009

ആയിരം രൂപയും മള്ളൂരുമുണ്ടെങ്കില്‍ ....

ആയിരം രൂപാ ഫീസ് വാങ്ങി വാദിച്ച് മള്ളൂര്‍ ഗോവിന്ദപ്പിള്ള എന്ന ക്രിമിനല്‍ വക്കീല്‍ കൊലക്കേസ് പ്രതിയെ വധശിക്ഷയില്‍ നിന്നു രക്ഷപ്പെടുത്തിയതോടെ തിരുവിതാംകൂറില്‍ പ്രചരിച്ച പറച്ചിലാണ് "ആയിരം രൂപയും മള്ളൂരുമുണ്ടെങ്കില്‍ ആരെയും കൊല്ലാം" എന്നത്.വക്കീലിന്റെ കഴിവിനുള്ള ജനങ്ങളുടെ സര്‍ട്ടിഫിക്കറ്റാണ് ഈ ചൊല്ല്.വക്കീല്‍ കേമനാണെങ്കില്‍ കേസ് വാദിച്ചു ജയിക്കും.
പക്ഷേ ,നാട്ടുകാരുണ്ടാക്കിയ ഈ ചൊല്ലിനെ അനുകരിച്ച് "പിണറായിയും മൂന്നു ജയരാജന്മാരുമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ എന്തും ചെയ്തുകളയാം"എന്നു ധരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞിരിക്കുന്നു.

താനാണ് പ്രസ്ഥാനം എന്നു വിശ്വസിക്കുകയും അത് വൈതാളികന്മാരെക്കൊണ്ട് പാടിപ്പിക്കുകയും പുളകം കൊള്ളുകയും ചെയ്യുന്നത് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിക്കു ചേര്‍ന്നതല്ല.സിപി എം പാര്‍ട്ടി സെക്രട്ടറി ശ്രീ.പിണറായി വിജയന്‍ അത്തരത്തില്‍ ആയിട്ട് വളരെ നാളായി.താനും ശിങ്കിടികളായി ജയരാജന്മാരുമുണ്ടെങ്കില്‍ പാര്‍ട്ടിയാകുമെന്ന് ധരിച്ച് അഹങ്കരിച്ചതിന്റെ ഫലം അദ്ദേഹം മാത്രമല്ല ഇടതു മുന്നണി ഒന്നടങ്കമാണ് അനുഭവിക്കുന്നത്.

എന്തെല്ലാം അഹങ്കാരങ്ങളാണ് തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും ഇദ്ദേഹവും സ്തുതിപാഠകരും കൂടി പറഞ്ഞതും പ്രവര്‍ത്തിച്ചതും!ഘടക കക്ഷികളോടും പാര്‍ട്ടിയിലെ ഒരു വിഭാഗത്തോടും അദ്ദേഹം പുലര്‍ത്തിയത് മാടമ്പി മനോഭാവമായിരുന്നു.മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രസ്തുത വിഭാഗത്തെ അവഹേളിച്ചും അവഗണിച്ചും അച്ചടക്കത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരപ്പാക്കിയും രസിക്കുകയായിരുന്നു പിണറായി.കഴിഞ്ഞ ദിവസം പോലും തിരുവനന്തപുരത്തെ ഒരു വീ.എസ്സ് പക്ഷ നേതാവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
തനിക്കെതിരെ വന്ന അഴിമതിയാരോപണത്തെ ധീരമായി നേരിടുന്നതിനു പകരം പാര്‍ട്ടിയെ മറയാക്കി പകിട കളിക്കാനാണ് അദ്ദേഹം മുതിര്‍ന്നത്.

കൊല്ലം മണ്ഡ‍ലം തങ്ങള്‍ക്കു വിട്ടു തരണമെന്നു പറഞ്ഞ ആര്‍ എസ് പി യോട്, അത് "ഞങ്ങടെ(സിപി എം ന്റെ)സിറ്റിങ്ങ് സീറ്റാണെ"ന്നു പറഞ്ഞ് നിഷേധിച്ചു.ഇതേ ന്യായം പറഞ്ഞ് കോഴിക്കോടു സീറ്റിന് ജനതാദള്‍ അവകാശം ഉന്നയിച്ചപ്പോള്‍ മട്ടു മാറി.തങ്ങള്‍ നിന്നാലേ അവിടെ ജയിക്കൂ എന്നായി.സിപിഐ യ്ക്ക് നല്‍കിയിരുന്ന പൊന്നാനിയില്‍ സര്‍വ്വതന്ത്ര സ്വതന്ത്രനെ നിര്‍ത്തിയാലേ സീറ്റു പിടിക്കാന്‍ കഴിയൂ എന്നു വാദിച്ചു;അതിനു പറ്റിയ ആളെയും അവര്‍ തന്നെ നിശ്ചയിച്ചു.സമ്മതമല്ലെങ്കില്‍ വയനാട് എടുത്തോ എന്ന് സിപിഐയോട് ഔദാര്യപ്രകടനം.

ഇങ്ങനെ വെട്ടിപ്പിടിക്കുകയും തട്ടിപ്പറിക്കുകയും ചെയ്ത സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതുമില്ല്ല.പൊന്നാനിയില്‍ 'സര്‍വ്വതന്ത്ര സ്വതന്ത്ര വാദം' അവതരിപ്പിച്ചത് പിഡിപിയുമായുള്ള ഒളിസേവ,പരസ്യ ബാന്ധവം(വേളിയല്ല)എങ്കിലും ആക്കി മാറ്റാനായിരുന്നു എന്ന് വൈകാതെ തെളിഞ്ഞു.ഫലം ആ സീറ്റും ഒരു ലക്ഷത്തിനടുത്ത ഭൂരിപക്ഷത്തില്‍ നഷ്ടപ്പെട്ടു.മുന്നണിയിലോ സ്വന്തം പാര്‍ട്ടിയില്‍‍ പോലുമോ ചര്‍ച്ച ചെയ്യാതെ മദനിയുടെ തോളില്‍ കൈ ഇടാന്‍ 'ജയ-വിജയന്മാര്‍'തയ്യാറാക്കിയ ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ എന്തെല്ലാം അശ്ലീല നാടകങ്ങളാണ് അരങ്ങേറിയത് ?

മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച് ഇടതുപക്ഷ ഐക്യം സാധിതമാക്കിയ സിപിഐ,അടിയന്തിരാവസ്ഥക്കാലം മുതല്‍ ഒന്നിച്ചു നിന്ന ജനതാദള്‍,കൊല്ലം സീറ്റു കൊടുക്കാതിരുന്നിട്ടും പിണങ്ങാത്ത ആര്‍ എസ് പി,തങ്ങളേക്കാള്‍ ഒരുപാട് തെരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ച,മുതിര്‍ന്ന പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി,തുടങ്ങിയവരുടെ വാക്കുകള്‍, പിണറായിയും സില്‍ബന്തികളും തിരസ്കരിച്ചു.മദനി ആയി അവര്‍ക്ക് ഇവരെക്കാള്‍ അഭിമതനും ആരാദ്ധ്യനും.

'നവ കേരളയാത്ര'യില്‍ വഴിയില്‍ കണ്ടവരെല്ലാം തന്റെ സര്‍വ്വാധീശത്വം അംഗീകരിച്ചു കുമ്പിടാന്‍ വന്നവരാണെന്നു ധരിച്ചു.
അഴിമതിയാരോപിക്കപ്പെട്ടിട്ടും ഉളുപ്പില്ലാതെ ഇടപ്രഭുവിനെപ്പോലെ എഴുന്നള്ളുന്ന അവതാരത്തെ ദര്‍ശിക്കുവാനും ഇ.പി.ജയരാജനെപ്പോലുള്ളവരുടെ "പോടാ പുല്ലേ''തുള്ളലൂം സുധാകരനെപ്പോലുള്ളവരുടെ ചാക്യാര്‍കൂത്തും കാണാന്‍ എത്തിയവരായിരുന്നു ആള്‍ക്കൂട്ടത്തിലെ നല്ലൊരു പങ്കും എന്നു തിരിച്ചറിയാന്‍ പോലും ആവേശത്തള്ളിച്ചയില്‍ സഖാവ്മറന്നു പോയി.
അപ്രിയം പറഞ്ഞ മുഖ്യമന്ത്രിയെ നവകേരള യാത്രയുടെ സമാപന യോഗത്തില്‍ വച്ച് അപമാനിച്ചു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തെരഞ്ഞെടുപ്പു നയരൂപീകരണത്തിലും അദ്ദേഹത്തെ പാടേ അവഗണിച്ചു.

പാര്‍ട്ടി അണികളുടെ മാത്രം വോട്ടു കൊണ്ട് ഇവിടെ ഒരു കക്ഷിയും വിജയിച്ചിട്ടില്ല.ഒന്നിലും പെടാത്തനിശബ്ദ ഭൂരിപക്ഷമാണ് ജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത്.അവര്‍ക്ക് സ്വന്തം അളവുകോല്‍ ഉണ്ട്.അഴിമതിക്കാരെയും അഹങ്കാരികളെയും അവര്‍ തിരിച്ചറിയും.

മണ്ണും മനുഷ്യനുമായുള്ള ബന്ധം മറന്നു പോയ,മൂലധനത്തിന്റെയും മുതലാളിത്തത്തിന്റെയും മൂടുതാങ്ങികള്‍ നേതൃത്വത്തിലെത്തയാല്‍ ഒരു തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്കു സംഭവിക്കാവുന്ന സ്വാഭാവിക പരിണാമമാണ് ഇന്ന് സപി എം ല്‍ നടക്കുന്നത്.അഹന്തയും അല്പത്തവും മൂര്‍ച്ഛിച്ച്, അഴിമതയെ ന്യായീകരിക്കാനും ജനങ്ങളുടെ സാമാന്യ ബോധത്തെ തന്നെ അവഹേളിക്കാനും മുതിരുന്ന ഇത്തരം നേതാക്കള്‍ തങ്ങള്‍ക്കു മാത്രമല്ല മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കും അപമാനമുണ്ടാക്കുമെന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന.എതിരാളികളെ "പോടാ പുല്ലേ"എന്നും "നികൃഷ്ടജീവി" "മന്ദബുദ്ധി"എന്നും പറഞ്ഞ് ആക്ഷേപിക്കയും പുലയാട്ടു
നടത്തുകയും ചെയ്യുന്ന സംസ്കാരശൂന്യരെ നിലക്കു നിര്‍ത്താനുള്ള തന്റേടം പോളിറ്റ് ബ്യൂറോ(ഭാര്യയും ഭര്‍ത്താവും ഒരു പാട്ടുകാരനും ഉള്‍പ്പെടുന്ന"അവൈലബിള്‍"എന്ന"അടുക്കള പോളിറ്റ് ബ്യൂറോ" അല്ല)കാട്ടിയില്ലെങ്കില്‍ ഇനിയും പരാജയം ഏറെ നുണയേണ്ടിവരും.


Fans on the page

5 comments:

Baiju Elikkattoor said...

വളരെ പ്രസക്തമായ പോസ്റ്റു. തിരഞെടുപ്പിലെ പരാജയം ഇടതുപക്ഷതിന്റെതല്ല, സി പി എം ലെ മാഫിയ സിന്ഡിക്കേറ്റനെ ആണ് ജനങ്ങള്‍ പരാജയപ്പെടുത്തിയത്. അതില്‍ ഒരു ഇടതുപക്ഷ ചിന്താഗതിയുള്ളവനായ എനിക്ക് സന്തോസം തോന്നുന്നൂ. പിണറായിയുടെ മൂടുതാങ്ങി പത്രത്തിലെ വാര്‍ത്ത, "പാര്‍ട്ടിയുടെ ശത്രുക്കളാണ് പോലും തോല്‍വി അറിഞ്ഞപ്പോള്‍ ചിരിച്ചതെന്ന്" പോലും. അച്ചുതാനന്ദനെ ഉദ്ദേശിച്ചാണെന്നു സ്പഷ്ടം. അതെ, യഥാര്‍ത്ഥ കംമുനിസ്റ്റുകള്‍ ഈ തോല്‍‌വിയില്‍ പൊട്ടി പൊട്ടി ചിരിക്കും, ആഹ്ലാദിക്കും....!!!!

ശ്രീ ഗുണനന്‍ said...

മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച് ഇടതുപക്ഷ ഐക്യം സാധിതമാക്കിയ സിപിഐ ഇതിത്തിരി ഓവര്‍ ആയില്ലേ!!! ഇവരുടെ ത്യാഗം ഇപ്പോള്‍ കിട്ടിയ നാലു സീറ്റും കളയുന്ന വരെ ആയി.

അടിയന്തിരാവസ്ഥക്കാലം മുതല്‍ ഒന്നിച്ചു നിന്ന ജനതാദള്‍ - ഇതു വാസ്തവം. സിപിഐക്കു കൊടുത്ത 4 സീറ്റ് ജനതദളിനു കൊടുത്തിരെന്നെങ്കില്‍ അറ്റ്ലീസ്റ്റ് 10 ആള്‍ വയിക്കുന്ന ഒരു പത്രമെങ്കിലും സപ്പോര്‍ട്ട് ചെയ്തേനെ!

ബിനോയ് said...

"..അഹന്തയും അല്പത്തവും മൂര്‍ച്ഛിച്ച്, അഴിമതയെ ന്യായീകരിക്കാനും ജനങ്ങളുടെ സാമാന്യ ബോധത്തെ തന്നെ അവഹേളിക്കാനും മുതിരുന്ന ഇത്തരം നേതാക്കള്‍ തങ്ങള്‍ക്കു മാത്രമല്ല മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കും അപമാനമുണ്ടാക്കുമെന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന.."

കൂടുതലായൊന്നും പറയാനില്ല മാഷേ. ഞങ്ങള്‍ നന്നകാനുള്ള ലക്ഷണമൊന്നും കാണുന്നില്ല

The Kid said...

ഇനിയൊരു പിന്നോട്ട് പോക്ക് പിണറായി-ജയരാജ-കുരങ്ങാദികള്‍ക്ക് അസാധ്യമാണെന്ന് തോന്നുന്നു. സമ്പത്തിന്റെ നെറുകയില്‍ നിന്ന് താഴെയിറങ്ങി ഇവരൊക്കെ പഴയകാല സഖാക്കളെപ്പോലെ കട്ടന്‍ ചായയും പരിപ്പു വടയും കഴിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും എന്നത് അതിമോഹമാണ്. പാര്‍ട്ടി ഇനി രക്ഷപ്പെടാന്‍ സാധ്യത വളരെ കുറവാണ്.

dethan said...

Baiju Elikkattoor,
താങ്കള്‍ പറഞ്ഞതു പോലെ സിപി എം ലെ മാഫിയാ സിന്‍ഡിക്കേറ്റാണ് പരാജയത്തിനു കാരണക്കാരെങ്കിലും അനുഭവിക്കുന്നത് ഘടക കക്ഷികള്‍ എല്ലാം കൂടിയല്ലേ?സ. വി എസ്സിനെ ഭരിക്കാന്‍ അനുവദിക്കാത്തവര്‍ തോല്‍ വിയുടെ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ മേല്‍ കെട്ടി വയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അദ്ദേഹത്തിന്റെ ചിരിയും നടപ്പും ഉടുപ്പും തിരക്കിയുള്ള ഓട്ടം.വി എസ് എത്ര ചിരിച്ചാലും പിണറായി യുടെ വില്ലന്‍ ചിരിയുടെ അടുത്തെത്തുമോ?ആ വില്ലന്‍ ചിരി എത്ര ശതമാനം വോട്ടുകള്‍ ഇടതുപക്ഷത്തിനു നഷ്ടപ്പെടുത്തി എന്നറിയുമ്പോള്‍ ഇനിയും ഒരുപാടു
പേര്‍ ചിരിച്ചെന്നിരിക്കും.

ശ്രീ ഗുണനന്‍,
കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ഭരിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന പി കെ വി, സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനമനുസരിച്ച് രാജിവച്ചത്.ഇടതു പക്ഷ ഐക്യമെന്ന
വിശാല സ്വപ്നസാക്ഷാത് കാരത്തിനു വേണ്ടി അധികാരം ബലി കൊടുക്കുകയാണ് അന്ന് സിപിഐ ചെയ്തത്.സിപി എം ആയിരുന്നു ആ സ്ഥാനത്തെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ എന്ന് എനിക്കു സംശയമുണ്ട്.കോണ്‍ഗ്രസ്സയിരുന്നു അന്ന് വലിയ കക്ഷി എങ്കിലും മുഖ്യമന്ത്രിപദം സിപിഐ
ക്കായിരുന്നു.വലിയ അപസ്വരങ്ങളില്ലാതെ ഭരിച്ചു കൊണ്ടിരുന്നപ്പോള്‍ അത് ഉപേക്ഷിച്ചു പോന്നത്
ത്യാഗം തന്നെയാണ്.അന്നും ഇന്നും ആ ത്യാഗത്തിന്റെ വില സി പി എമ്മിലെ ഒരു വിഭാഗത്തിന് മനസ്സിലായിട്ടില്ല.
അതു കൊണ്ടാണ് സിപി ഐ യെക്കാള്‍ പിഡിപിയും വെളിയം ഭാര്‍ഗ്ഗവനേക്കാള്‍
മദനിയും അവര്‍ക്ക് സ്വീകാര്യരായത്.അച്യുതാനന്ദന് ആപ്പടിക്കാന്‍ നടക്കുന്നവര്‍ വെളിയത്തിനെ വെറുതേ വിടുമോ?കൂടെ നടക്കുന്നവര്‍ കുതികാല്‍ വെട്ടിയാല്‍ നാലല്ല നാല്പതു സീറ്റും പോകാതിരിക്കുമോ ശ്രീ ഗുണനാ ?

ബിനോയ്,
നന്നായാല്‍ അവര്‍ക്കും നാടിനും നല്ലത്.

The Kid ,
'പിണറായി- ജയരാജ-കുരങ്ങാദി' പ്രയോഗം കലക്കി.അവരല്ല പ്രസ്ഥാനമെന്ന് തെളിയിച്ചു കൊടുക്കാന്‍ പ്രാപ്തിയും തന്റേടവും ഉള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ രക്ഷപ്പെടുവാന്‍ ഇനിയും
സമയമുണ്ട്.സിപി വിചാരിച്ചിട്ട് വിലയ്ക്കെടുക്കാന്‍ കഴിയാതിരുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.അവരുടെ
പിന്മുറ അവസാനിച്ചിട്ടില്ലെങ്കില്‍ ഇത്തരം മൂലധന മൂടുതാങ്ങികള്‍ ഏറെ നാള്‍ അവിടെ വിലസില്ല
എന്നു പ്രതീക്ഷിക്കാം.
-ദത്തന്‍