"ചേച്ചിയ്ക്കെങ്കിലും അവളോടൊന്നു പറഞ്ഞു കൂടായൊ?.." തന്നെക്കാള്‍ രണ്ടു വയസ്സ് ഇളപ്പമുള്ള അടുത്ത ബന്ധുവായ സുന്ദരി നിന്നു തിളയ്ക്കുന്നതു കണ്ട് എന്റെ ഭാര്യാമാതാവ് അമ്പരന്നു.
കഥയിലെ 'അവള്‍' ഈയുള്ളവന്റെ വാമഭാഗമാണ്.
ഒരു വിവാഹത്തില്‍ സംബന്ധിക്കാന്‍ വന്നവള്‍ തന്നെ മാറ്റി നിര്‍ത്തി പരാതി പറയാന്‍ തക്ക എന്തപരാധമാണ് തന്റെ പുത്രി ചെയ്തതെന്ന് അമ്മയ്ക്ക് മനസ്സിലായില്ല.രണ്ടുമക്കളുടെ അമ്മയായ,
അമ്പതോടടുത്ത പ്രായമുള്ള മകള്‍ എന്ത് 'അനുസരണക്കേടാ'ണ് കാട്ടിയതെന്നറിയാതെ അന്തിച്ചു നില്‍ക്കുന്ന അവരോട് ബന്ധു തുടര്‍ന്നു:"അവള്‍ക്ക് അത്ര പ്രായമായോ, കൊച്ചു പെണ്ണല്ലിയോ ?പടു കെളവിയാണെന്നേ തോന്നൂ.തല അപ്പിടി നരച്ചിരിക്കുന്നു.ദാ എന്നെ നോക്ക്.ഒരു നരച്ച മുടി കാണാമോ? കൊച്ചുമോളെ കെട്ടിക്കാറായി.ഡൈ വാങ്ങിച്ച് വീട്ടിലിരുന്ന് ചെയ്യാവുന്നതേ ഉള്ളു.സിറ്റീ താമസിക്കുന്നെന്നു പറഞ്ഞിട്ടെന്താ കാര്യം?നട്ടുമ്പുറത്തു ജീവിക്കുന്ന ഞങ്ങടത്രേം മനപ്പരിഷ്ക്കാരം ചേച്ചീടെ മോള്‍ക്കില്ലാതെ പോയല്ലോ.കൊറച്ചു മാസം മുമ്പ് ഒരു കല്യാണത്തിനു കണ്ടപ്പഴും ഞാന്‍ അവളോടു പറഞ്ഞതാ ഡൈ ചെയ്യണമെന്ന്." അമ്മയ്ക്ക് ഉരിയാടാന്‍ അവസരം നല്‍കാതെ ഒറ്റ വീര്‍പ്പില്‍ അവര്‍ പറഞ്ഞു തീര്‍ത്തു.
"അവടെ പ്രായത്തില്‍ ഞാന്‍ ഇതിനേക്കാള്‍ നരച്ചിരുന്നല്ലോ?"എന്ന അമ്മയുടെ മറുപടി അവരെ തൃപ്തിപ്പെടുത്തിയില്ല.
"അന്നത്തെ കാലമാണൊ ഇപ്പം?ചേച്ചി ഈ ഹാളില്‍ തന്നെ നോക്കിക്കേ.എത്ര പേരുണ്ട് അവളെപ്പോലെ നരച്ചവര്‍ ?"
മകള്‍ ഇത് അറിഞ്ഞപ്പോള്‍ ചിരിച്ചു.ഇവര്‍ക്കു മുമ്പേ എത്രയോ പേര്‍ ഉപദേശിച്ചിരിക്കുന്നു;ഈ വൃത്തികേടു മാറ്റാന്‍.അവളുടെയും എന്റെയും ബന്ധുക്കള്‍ മാത്രമല്ല രണ്ടു പേരുടെയും കൂട്ടുകാരും.
സ്നേഹപൂര്‍വ്വമുള്ള നിര്‍ബ്ബന്ധത്തിനു പുറമേ ഡൈ വാങ്ങി സല്‍ക്കരിക്കുക കൂടി ചെയ്തു ചിലര്‍.
വിവാഹത്തിനു മുമ്പേ ഞാന്‍ നരയ്ക്കാന്‍ തുടങ്ങി.ഭാര്യ വിവാഹശേഷവും.ഞങ്ങള്‍ പരമ്പരാഗതമായിത്തന്നെ നരയരാണ്.എന്റെയും ഭാര്യയുടെയും മാതാപിതാക്കള്‍ ചെറുപ്പത്തിലേ നരച്ചവര്‍.നര കണ്ടു വളര്‍ന്നതു കൊണ്ടാകാം നരയോടു വെറുപ്പോ പ്രതിഷേധമോ തോന്നാത്തത്.
ഞങ്ങളുടെ നര ഒരു സാമൂഹിക പ്രശ്നമായി മാറിയത് എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.
പ്രലോഭനങ്ങളൂം ഉപദേശങ്ങളും കൂട്ടുകാരില്‍ നിന്നാണു തുടക്കം.വിവാഹസ്ഥലത്തും മരണവീട്ടിലും
മറ്റും ബന്ധുക്കളുടെ ഊഴമായി. ഞാന്‍ നന്നാകത്തില്ലെന്നു കണ്ടപ്പോള്‍ ഭാര്യക്കു നേരെ ആയി ഗുണദോഷം.എന്റെ അപ്പച്ചി(അച്ഛന്‍ പെങ്ങള്‍)മാരുടെ പെണ്മക്കളായിരുന്നു അവളെ ചെറുപ്പക്കാരി ആക്കി മാറ്റാന്‍ ആദ്യം ഡൈ മാഹാത്മ്യം പാടി പണിപ്പെട്ടത്.എവിടെ വച്ചു കണ്ടാലും അവര്‍ക്ക് ഇതായിരുന്നു മുഖ്യ വിഷയം.റിട്ടയര്‍ ചെയ്തിട്ടും 'ചെറുപ്പക്കാരി'യായി തുടര്‍ന്ന അവരില്‍ ഒരാളെ അടുത്ത കാലത്ത് ഒരു മരണവീട്ടില്‍ വച്ചു കണ്ടു. ആദ്യം ആളെ മനസ്സിലായില്ല.തല അസ്സല്‍ പഞ്ഞിക്കെട്ട്.മുഖം കറുത്തു കരുവാളിച്ചിരിക്കുന്നു.വല്ലാത്ത തടിപ്പും. ഡൈയുടെ അലര്‍ജി.മേലില്‍ ഡൈ ഉപയോഗിക്കരുതെന്ന് ഡോക്റ്റര്‍ നിര്‍ദ്ദേശിച്ചിരിക്കയാണത്രേ!
എന്നെ സുന്ദരനാക്കാന്‍,ഉപദേശത്തിനു പുറമേ വിലകൂടിയ വിദേശ നിര്‍മ്മിത ഡൈയും സമ്മാനിച്ചപ്രവാസി ആയിരുന്ന അയല്‍ വാസിയുടെ ഫോണ്‍ ഒരര്‍ദ്ധരാത്രിയില്‍.ശബ്ദത്തില്‍ ക്ഷീണവും പരിഭ്രമവും.ഞാന്‍ ഉടന്‍ അയാളുടെ വീട്ടിലോട്ടു ചെല്ലണം.പെട്ടെന്നു തന്നെ അവിടെ എത്തി.ബെല്ലടിച്ചപ്പോള്‍ പുറത്തു വന്ന രൂപം കണ്ട് അമ്പരന്നു.തല ഫുട്ബാള്‍ പോലെ.മുഖം വീങ്ങിയിരിക്കുന്നു.കണ്ണിന്റെ സ്ഥാനത്ത് കറുത്ത വരകള്‍.ചെവിയുടെ പിറകില്‍ മുടിയിഴകളില്‍ നിന്നും വെള്ളമൊലിക്കുന്നു.തീരെ അവശമായ ശബ്ദത്തില്‍ ആ രൂപം പറഞ്ഞു:" എനിക്കു തീരെ സുഖമില്ല.ആശുപത്രിയില്‍ പോകാന്‍ വേറെ ആരുമില്ല."
അടുത്ത വീട്ടിലെ പ്രൊഫസ്സറെ വിളിച്ചുണര്‍ത്തി അദ്ദേഹത്തിന്റെ കാറില്‍ ആശുപത്രിയില്‍ എത്തിച്ചു.മൂന്നു ദിവസത്തെ ആശുപത്രി ചികിത്സയ്ക്കു ശേഷമാണ് അയല്‍ക്കാരന് പഴയ രൂപം തിരിച്ചു കിട്ടിയത്.ബ്യൂട്ടി പാര്‍ലര്‍ നിലവാരമുള്ള ബാര്‍ബര്‍ഷോപ്പിലാണ് കക്ഷി മുടി വെട്ടിക്കുന്നത്.അന്നു ചെന്നപ്പോള്‍ ബാര്‍ബര്‍ പറഞ്ഞ പുതിയ ഒരു ഹെര്‍ബല്‍ ഡൈ ഉപയോഗിച്ചു.വീട്ടില്‍ എത്തി കുളിച്ചപ്പോള്‍ മുതല്‍ ചൊറിച്ചില്‍ തുടങ്ങി.അര്‍ദ്ധരാത്രി ആയപ്പോഴേക്കും തലമുഴുവന്‍ തടിച്ചു വീര്‍ത്ത് ആളറിയാന്‍ പറ്റാത്ത പരുവത്തിലായി.
ഡൈ പുരാണത്തില്‍ ഇത്തരം അനുഭവ കാണ്ഡങ്ങള്‍ എത്ര വേണമെങ്കിലും ഉണ്ട്.പക്ഷേ ഇതുകൊണ്ടൊന്നും നരവിരോധികളും സൗന്ദര്യാരാധാകരും അടങ്ങുമെന്നു തോന്നുന്നില്ല.സ്വയം നോവുമ്പോഴേ പലരും പിന്മാറൂ.ചിലര്‍ എന്നാലും പഠിക്കില്ല.
മനുഷ്യര്‍ക്കു മാത്രമല്ല ദേവന്മാര്‍ക്കും നരയെ പേടിയാണെന്ന് പുരാണങ്ങള്‍ തെളിവു തരുന്നുണ്ട്."ജരാനര ബാധിക്കട്ടേ" എന്ന ദുര്‍വ്വാസാവിന്റെ ശാപമേറ്റ ദേവേന്ദ്രനും മറ്റു ദേവന്മാരും പെട്ട പാടും ശാപമോക്ഷം കിട്ടാന്‍ ചെയ്ത സാഹസങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മനുഷ്യര്‍ നര രഹിതരാകാന്‍ കാട്ടുന്ന വിക്രിയകള്‍ നിസ്സരമാണ്.പക്ഷേ ദേവത്വത്തിന്റെ ട്രേഡ് മാര്‍ക്കായ ജരാനരാതീത അവസ്ഥ നഷ്ടപ്പെട്ടപ്പോള്‍ ദേവന്മാര്‍ വേവലാതി പൂണ്ടത് സ്വാഭാവികം.
എന്നാല്‍ മനുഷ്യനോ ?യഥാര്‍ത്ഥത്തില്‍ അവന്റെ ട്രേഡ് മാര്‍ക്കല്ലേ നര?മനനം ചെയ്യുന്നവനാണു മനുഷ്യന്‍ എന്നു പറയാറുള്ളതു പോലെ 'നരയ്ക്കുന്നവനാണു നരന്‍' എന്നും നിര്‍വ്വചിക്കാം.പക്ഷേ ഇന്ന് നരനു നര അശുദ്ധ വസ്തുവും നരപേറുന്നത് നാണക്കേടുമായി മാറിയിരിക്കുന്നു.നരന്‍ അമരത്വം കൊതിക്കുന്നത് നല്ലതാണെങ്കിലും അതിനു കൃത്രിമ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് പരിഹാസ്യമാണ്.നരയുടെ പാപ ബോധം തീണ്ടാത്തവരെ ഉദ് ബുദ്ധരാക്കാന്‍ ശ്രമിക്കുന്നത് അതിലേറെ പരിതാപകരവും.
Fans on the page
10 comments:
കുണ്ടറയിലെ അപ്പച്ചി ആണോ ?
നര കണ്ടു വളര്‍ന്നതു കൊണ്ടാകാം നരയോടു വെറുപ്പോ പ്രതിഷേധമോ തോന്നാത്തത്.
നര വലിയ ഒരു കുറ്റമാണോ? ഇത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് അങ്ങനെയാണ് .
മുടിയുള്ളവന് നര പേടി. നരയുള്ളവന് കഷണ്ടി പേടി. കഷണ്ടിയുള്ളവന് കല്ലുമഴ പേടി.
സത്യമാണ്.നര എന്തൊ മഹാപാതകം എന്ന പോലെയാ എല്ലാവര്‍ക്കും..
ഇപ്പൊ എന്നോട് എല്ലാരും പറയുന്നു
..വേഗം പെണ്ണ് കെട്ടിക്കൊ ഇല്ലെല്‍ ബാക്കിയുള്ള മുടി കൂടി കൊഴിഞ്ഞാല്‍ പെണ്ണ് കിട്ടില്ലാന്ന്.. :(
ഇതൊക്കെ വായിച്ചിട്ടെങ്കിലും ജനങ്ങള്‍ ഒന്ന് മാറിച്ചിന്തിച്ചിരുന്നെങ്കില്‍. ഏതെങ്കിലും ഒരു കല്യാണത്തിന് ചെന്നാല്‍ ഒരു കാരണവരെ ഇക്കാലത്ത് കാണാന്‍ കിട്ടാറുണ്ടോ ? എല്ലാം നല്ല ജെറ്റ് ബ്ലാക്ക് ഡൈ പൂശിയ ‘ജര’ബാധിച്ചവര്‍. ജര ഒഴിവാക്കാന്‍ നല്ല പണച്ചിലവുള്ളതുകൊണ്ടായിരിക്കാം അവര്‍ അത് വിട്ട് പിടിച്ചിരിക്കുന്നത്. 50 വയസ്സ് കഴിഞ്ഞതിനുശേഷം നര ബാധിച്ച ഒരാളായി നടന്നാലെന്താ കുഴപ്പം ? അതുവരെയൊക്കെ ക്ഷമിക്കാം.
ഈയടുത്ത് ഒരു കല്യാണത്തിന് പോയപ്പോള്‍ ഒരു കസിന്‍ എന്റെടുത്ത് വല്ലാതെ ക്ഷോഭിക്കുന്നു. കക്ഷിക്ക് 55ന് മുകളില്‍ പ്രായമുണ്ട്, 2 വയസ്സുള്ള കുട്ടിയുടെ മുത്തച്ഛനാണ്, എന്നേക്കാള്‍ മുതിര്‍ന്നതാണെന്ന് പലര്‍ക്കും അറിയുകയും ചെയ്യാം. ഞാനാകെ നരച്ചമുടിയും താടിയുമൊക്കെയായി അദ്ദേഹത്തിന്റെ അടുത്ത് നിന്നാല്‍ പുള്ളിയുടെ പ്രായം അറിയാത്തവര്‍ക്ക് പോലും മനസ്സിലാകില്ലേ എന്നാണ് അദ്ദേഹത്തിന്റെ വിഷമം.
പെണ്ണൂകാണാന്‍ പോയ അന്നു തന്നെ, വാമഭാഗത്തിനെ തലയിലുള്ള നരച്ചമുടികള്‍ ഒന്നൊന്നായി കാണിച്ച് കൊടുത്തിരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലാതെ പോകുന്നു.
എനിക്ക് ഭയങ്കര ഇഷ്ടായി ഈ പോസ്റ്റ്. കൊട് കൈ :)
നല്ല പോസ്റ്റ്.
നരച്ച തലയുമായി കുറച്ചു പേരെങ്കിലും ഉണ്ടല്ലോ.
ഒരിയ്ക്കലും നരയ്ക്കാത്തവരുടെ
കൊച്ചുമക്കള്‍ക്ക്
അപ്പൂപ്പാന്നും അമ്മൂമ്മാന്നും വിളിയ്ക്കാന്‍...
പാവപ്പെട്ടവന്‍,
നരയ്ക്കുന്നതും കഷണ്ടി വരുന്നതും ഒക്കെ കുറ്റമാണെന്ന അഭിപ്രായം എനിക്കില്ല.മനുഷ്യന്റെ ഇച്ഛാ
ശക്തിക്കതീതമായ ശരീരിക പരിണാമത്തെ കുറ്റമായി കരുതുന്നതാണു കുറ്റം.മനസ്സിനു വാര്‍ദ്ധക്യം ബാധിച്ചവ രാണ് കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ ചെറുപ്പം വരുത്താന്‍ നോക്കുന്നത്.
അയല്‍ക്കാരന്‍,
കഷണ്ടിയുള്ളവന്‍ കല്ലുമഴയെ പേടിക്കണം. പ്രതിരോധിക്കാന്‍ മുടിയില്ലാത്തതിനാല്‍ തല വേദനിക്കും.മറ്റു രണ്ടു പേടികളും ഇതില്‍ നിന്നു വ്യത്യസ്തമാണ്.നരപ്പേടിയും കഷണ്ടിപ്പേടിയും കേവലം
മനസ്സിന്റെ വിഭ്രാന്തി മാത്രമാണ്.
hAnLLaLaTh,
"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം"എന്ന്‍ വായിച്ചു നടക്കുന്ന രാമായണ പാരായണക്കാരനും
ഡൈ പൂശി ഇരിക്കുന്നതു കണ്ടിട്ടില്ലേ?എന്നോടും ഇങ്ങനെ പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്.അതുകൊണ്ട്
യാതൊരു കാരണവശാലും ഭയപ്പെടെണ്ടാ.കല്യാണത്തിനു മുമ്പേ നരയും കഷണ്ടിയുംഅനുഗ്രഹിച്ച
എന്റെ വാക്ക് വിശ്വാസമല്ലെങ്കില്‍ താങ്കളുടെ കമന്റിനു താഴെയുള്ള 'നിരക്ഷരന്റെ നിരീക്ഷണം ശ്രദ്ധിക്കുക.
നിരക്ഷരന്‍,
ഇന്നല്ലെങ്കില്‍ നാളെ മാറി ചിന്തിയ്ക്കും എന്ന് ഉറപ്പാണ്.നമ്മളെ പോലുള്ള ഇന്നത്തെ ന്യൂനപക്ഷം നാളത്തെ ഭൂരിപക്ഷമായി മാറും.ഒരു പത്ത് കൊല്ലം മുമ്പ് ബിരിയാണി സദ്യ നടക്കുന്ന കല്യാണസ്ഥലത്ത് സസ്യ ഭക്ഷണം ഒരുക്കുകയേ ഇല്ലായിരുന്നു.ഇന്നു അവിടെയും സസ്യഭക്ഷണം
സുലഭമാണ്;അതു കഴിക്കുന്നവരുടെ എണ്ണവും കൂടി.സൈലന്റ് വാലി പദ്ധതിക്കെതിരെ സമരം നടക്കുന്ന സമയത്ത് പ്രകൃതി സം രക്ഷണത്തിന് ആഹ്വാനം ചെയ്തു കവിത എഴുതിയ സുഗതകുമാരിയെയും വിഷ്ണുനാരായണന്‍ നമ്പൂതിരിയെയും മറ്റും 'മരക്കവികള്‍' എന്ന് ആക്ഷേപിച്ച
പുരോഗമന കവികളും നിരൂപകന്മാരും ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ പരിസ്ഥിതിയുടെ ആരാധകരായതും എണ്ണത്തില്‍ പെരുകിയതും നമ്മള്‍ കണ്ടതല്ലേ?
മനുഷ്യന്റെ സ്വാഭാവിക ശാരീരിക പരിണാമമാണ് നരയും കഷണ്ടിയുമൊക്കെ.അതിനെ മുട്ടുശാന്തി കൊണ്ട് അതിജീവിക്കാം എന്നത് വെറും മോഹം മാത്രമാണ് .അതിലേക്കു സ്വീകരിക്കുന്ന പ്രകൃതി വിരുദ്ധമെന്നു തന്നെ പറയാവുന്ന പൊടിക്കൈകള്‍ അപകടം വരുത്തി വയ്ക്കുമെന്നു മനസ്സിലാക്കാന്‍
വളരെയൊന്നും കാത്തിരിക്കേണ്ടി വരില്ല.
നല്ല വാക്കുകള്‍ക്ക് നന്ദി.
ലതി,
വാസ്തവം."അങ്കിള്‍" എന്ന്‍ അമ്മ പറഞ്ഞു കൊടുത്തിട്ടും "അപ്പൂപ്പാ" എന്ന് വിളിച്ചു രസിച്ച അപരിചിത
ബാലന്‍ എന്നും ഓര്‍മ്മയില്‍ ഉണ്ട്.ഒരുപക്ഷേ ലതി സൂചിപ്പിച്ച പോലെ , നര കണ്ട കൗതുകമാകാം അവനെ അത്ര രസിപ്പിച്ചത്.
-ദത്തന്‍
വെൺകതിർ പോൽ നരച്ചൊരാ ശീർഷത്തിൽ നർമ്മങ്ങൾ തങ്ങിനിൽക്കുന്നതൊക്കെ കാണാൻ ഇനി വൈലോപ്പിള്ളിക്കവിതയിൽ തന്നെ പോണം.മനുഷ്യനെ ശരീരത്തിൽ തളച്ചിടുന്നതാണല്ലോ നശിപ്പിക്കാനുള്ള എളുപ്പവഴി.കഴുത്തിനെ ഭയപ്പെടുന്ന സമൂഹം കണ്ണാടി നോക്കിയിരിക്കുകയും ചെയ്യും.
വികടശിരോമണി,
"കാല,മതിന്റെ കനത്ത കരം കൊണ്ടു
ലീലയാലൊന്നു പിടിച്ചു കുലുക്കിയാല്‍
പാടേ പതറിക്കൊഴിഞ്ഞു പോം ബ്രഹ്മാണ്ഡ-
പാദപപ്പൂക്കളാം താരങ്ങള്‍ കൂടിയും"
എന്ന് വള്ളത്തോള്‍ പറഞ്ഞതു പോലെ,കാലം മാറുമ്പോള്‍ നര ഫാഷന്‍ ആകില്ലെന്ന് ആരു കണ്ടു?ഏതാനും വര്‍ഷം മുമ്പു വരെ ആണുങ്ങള്‍ കാതു കുത്തുന്നതും കടുക്കനിടുന്നതും മറ്റും ആക്ഷേപകരമായിരുന്നു.'ഇന്ദു ലേഖ'യുടെ കാലത്താകട്ടെ അത് ആഢ്യതയുടെ
ലക്ഷണമായിരുന്നു.ഇപ്പോള്‍ വീണ്ടും കടുക്കനും കമ്മലും ആണുങ്ങള്‍ക്ക് പ്രിയങ്കരമായിക്കൊണ്ടിരിക്കയല്ലേ?
-ദത്തന്‍
പോസ്റ്റ് രസിച്ചു.
വാര്‍ധക്യം എത്രയും നീട്ടി വയ്ക്കണം എന്ന ചിന്തയുള്ളപ്പോള്‍, ആര്‍ക്കും അകാല നരയും കഷണ്ടിയും ചിന്താഭാരമുണ്ടാക്കും. നിരക്ഷരന്‍ പറഞ്ഞപോലെ 50 വയസ്സിനു ശേഷം നരയും കഷണ്ടിയും നാച്വറല്‍ എന്ന് സമാധാനിച്ച് സ്വീകരിക്കാം. കല്യാണപ്രായമെത്തുംപ്പോഴോ അല്ലെങ്കില്‍ ഒന്നു രണ്ട് കുട്ടികള്‍ ഉണ്ടായി കഴിഞ്ഞ സമയത്തോ ഒക്കെ ഈ വകകള്‍ പിടികൂടിയാല്‍,
ഒരു പരിധിവരെ അത് മറ്യ്ക്കുന്നതിനെ എന്തിനു കുറ്റപ്പെടുത്തണം.?
എടാ എണ്ണ തോച്ചു കുളിക്കു് വല്ലപ്പോഴും, ഇല്ലെങ്കില്‍ പെട്ടെന്ന് നര വരുമേ എന്ന പേടിപ്പീരു ഡയല്‍ ലോഗ് തന്നെ നര ഒരു പ്രായത്തിനു മുന്നേ ആര്‍ക്കും സ്വീകാര്യമല്ലാത്തതിനാല്‍ തന്നെ ആകണം.
മക്കളും മക്കളുടെ മക്കളും ഒക്കെയായ ചില രാഷ്ട്റീയ നേതാക്കളുടെ ഇന്‍റര്‍വ്യൂ കാണുമ്പോള്‍, സംശയിക്കാറുണ്ട്. ഇദ്ദേഹം തലേന്നേ തലയും മീശയും ഡൈ ഭരണിയില്‍ മുക്കി വച്ചിരുന്നതാണോ എന്ന്.:)
വേണു,
അകാല നരയും അകാല കഷണ്ടിയും പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കും എന്നു താങ്കള്‍ പറഞ്ഞത്
ശരിയാണ്.അതിന് താല്‍ക്കാലികമായെങ്കിലും പ്രതിവിധി കണ്ടെത്താന്‍ ശ്രമിക്കും എന്നതും നേര്.
50 വയസ്സിനു ശേഷവും അതു തുടരുന്നവരും അങ്ങനെ ചെയ്തോട്ടെ.അവര്‍ എന്തിനാണ് മറ്റുള്ളവരെയും അതിനു നിര്‍ബ്ബന്ധിക്കുന്നത്?ഭാര്യയ്ക്കു മാനക്കേടു തോന്നി ഭര്‍ത്താവിനെ നിര്‍ബ്ബന്ധിച്ചു ഡൈ പുരട്ടിക്കുന്നതു മനസ്സിലാക്കാം.അയലത്തു കാരും അങ്ങനെ ചെയ്യണമെന്ന് വാശി പിടിക്കുകയോ ആഗ്രഹിക്കുകയോ പോലും ചെയ്യുന്നതെന്തിനാണ്?
നന്ദി.
-ദത്തന്‍
Post a Comment