Total Pageviews

Sunday, April 26, 2009

"അക്ഷയ തൃതീയ" എന്ന മതനിരപേക്ഷ തട്ടിപ്പ്

മതമില്ലാത്ത ജീവന്‍ എന്ന കുട്ടിയുടെ കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ എന്തെല്ലാം പുകിലാണ് കേരളത്തില്‍ അടുത്ത കാലത്ത് അരങ്ങേറിയത് !ഇടതു പക്ഷ സര്‍ക്കര്‍ മതങ്ങളെ ഉന്മൂലനം ചെയ്യാനും വിശ്വാസികളെ അപമാനിക്കാനും ശ്രമിക്കുന്നു എന്ന് ആരോപിച്ച് തെരുവിലിറങ്ങിയവരുടെ കൂട്ടത്തില്‍ മിക്ക മതങ്ങളുടെയും ആത്മീയ നേതാക്കളുണ്ടായിരുന്നു.
മതനിരപേക്ഷമോ മതേതരമോ ആയ നിലപാട് സ്വീകരിക്കുക എന്നത് ഏതു പരിഷ്കൃത ഭരണകൂടത്തിന്റെയും ചുമതലയാണെന്നു കാണാനുള്ള വിശാല മനസ്കത ഈ വിശ്വാസ മൗലികവാദികള്‍ക്കുണ്ടായില്ല.ജാതിയിലും മതത്തിലും ദൈവത്തിലും വിശ്വസിക്കാത്ത ഒരു ചെറിയ സമൂഹമുണ്ടെന്ന വസ്തുത പോലും അംഗീകരിക്കാനോ വിശ്വസിക്കാനോ തയ്യാറാകാത്ത അവര്‍ പ്രസ്തുത പാഠഭാഗം പിന്‍ വലിക്കും വരെ അടങ്ങിയിരുന്നില്ല.പക്ഷേ ഇതിനേക്കാള്‍ വലിയ വിശ്വാസവിരുദ്ധ പ്രചരണം സ്വന്തക്കാര്‍ നടത്തിയിട്ട് ഇക്കൂട്ടര്‍ കണ്ടില്ലെന്നു നടിക്കുന്നു.

കേരളത്തിലെ വന്‍കിട സ്വര്‍ണ്ണക്കച്ചവടക്കാര്‍ കുറേ ദിവസങ്ങളായി അക്ഷയതൃതീയ എന്ന പുതിയ തട്ടിപ്പിനു വേണ്ടി പരസ്യം നല്‍കിക്കൊണ്ടിരിക്കുകയാണ്.വിശ്വാസത്തിന്റെ ഹോള്‍സെയില്‍ ഏജന്റുമാരായ അച്ചന്മാരുടെയും ബിഷപ്പുമാരുടെയും മൗലവിമാരുടെയും കുഞ്ഞാടുകളാണ് അക്ഷയ തൃതീയയുടെ മഹത്വം പാടി ജനത്തിനെ ആകര്‍ഷിക്കുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നത്. അക്ഷയതൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞാണ് ഇവര്‍ നാട്ടുകാരെ കബളിപ്പിക്കുന്നത്.ബൈബിളിലെ ഏതു സുവിശേഷത്തിലാണ് കര്‍ത്താവ് ഇങ്ങനെ അരുളിചെയ്തിട്ടുള്ളത്? അക്ഷയ തൃതീയ ഐശ്വര്യം കൊണ്ടുത്തരുമെന്ന് ഖുര്‍ ആനിലെ ഏതു സൂക്തത്തിലാണ് ഉദ്ബോധിപ്പിച്ചിട്ടുള്ളത്?

സര്‍ക്കാര്‍ പരിപാടിയുടെ ഉദ്ഘാടനത്തിനായിട്ടു കൂടി,ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്നു പറഞ്ഞുകൊണ്ട് നിലവിളക്കു കൊളുത്താന്‍ വിസമ്മതിച്ച മന്ത്രിയെ അദ്ദേഹത്തിന്റെ മത നേതാക്കള്‍ ന്യായീകരിക്കുകയാണ് ചെയ്തത്.ശങ്കരാചാര്യരെ കാണാന്‍ പോയ അന്നത്തെ മന്ത്രി ചേര്‍ക്കുളം അബ്ദുള്ളയെ സ്വാമികളുടെ ആചാരമനുസരിച്ച് കുങ്കുമം തൊട്ടതിന്റെ പേരില്‍ മുസ്ലീം പണ്ഡി‍തര്‍
പെടുത്തിയ പാട് ശ്രീ. ചേര്‍ക്കുളം എങ്കിലും ഓര്‍ക്കുന്നുണ്ടാകണം.ഏകീകൃത സിവില്‍ കോഡ് പോലും മതവിശ്വാസത്തിന്റെ പേരില്‍ അംഗീകരിക്കാന്‍ മടിക്കുന്ന ഇസ്ലാം മതപണ്ഡിതര്‍ ,അക്ഷയതൃതീയ കാട്ടി സ്വന്തക്കാര്‍ ജനത്തിനെ കബളിപ്പിക്കുമ്പോള്‍ മൗനം ദീക്ഷിക്കുന്നത് എന്താണ്?

സഭാവിശ്വാസികള്‍ സഭയുടെ സ്കൂളിലും കോളെജിലും മാത്രമേ അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാവൂഎന്നും അന്യ മതക്കാരോടും കമ്യൂണിസ്റ്റുകളോടും കൂട്ടു കൂടിയാല്‍ നരകത്തില്‍ പോകുമെന്നും നാഴികയ്ക്കു നാല്പതു വട്ടം ഇടയ ലേഖനം പുറപ്പെടുവിക്കുന്ന വിശുദ്ധ പിതാക്കന്മാര്‍, സ്വന്തം കുഞ്ഞാടുകള്‍,പത്തര മാറ്റുള്ള ഈ ഹൈന്ദവ അന്ധ വിശ്വാസം സഭാ മക്കളില്‍ കുത്തി വയ്ക്കുന്നത് കാണുന്നില്ലേ?അതോ അന്യ മതക്കാരന്റെ അന്ധ വിശ്വാസവും ലാഭകരമാണെങ്കില്‍ സ്വന്തമാക്കുന്നതില്‍ തെറ്റില്ലെന്നാണോ പുതിയ സുവിശേഷ വ്യാഖ്യാനം?

സഭകളെയും മദ്രസകളെയും ആത്മീയ നേതാക്കന്മാരെയും വിലയ്ക്കെടുക്കാന്‍ ശേഷിയുള്ള സ്വന്തം സമുദായത്തിലെ സ്വര്‍ണ്ണ വ്യാപാരികള്‍ക്കെതിരെ ഇടയ ലേഖനവും ഫത്വയും പുറപ്പെടുവിക്കാന്‍ ഇമ്മിണി പുളിക്കും.പണത്തിന്‍ മീതേ ഒരു മതവും പറക്കില്ലഎന്നു സാരം.മതത്തിന്റെ പേരു പറഞ്ഞ് തെരുവിലിറങ്ങാന്‍ ആഹ്വാനിച്ചു വരുന്ന വിശ്വാസത്തിന്റെ ദല്ലാളന്മാരോട്, 'വിശ്വാസം പണക്കാര്‍ക്ക് ബാധകമല്ലേ' എന്ന് ചോദിക്കാനുള്ള തന്റേടം, പണമില്ലെങ്കിലും പിണമായിട്ടില്ലാത്ത സാധാരണക്കാര്‍ കാട്ടണം.എങ്കിലേ മതത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും കച്ചവടക്കാര്‍ നടത്തുന്ന തട്ടിപ്പ് അവസാനിക്കൂ.അക്ഷയ തൃതീയ എന്നത് പറ്റിപ്പിന്റെ മതനിരപേക്ഷ പര്യായമാണെന്ന് മനസ്സിലാക്കുകയും വേണം.


Fans on the page

11 comments:

ullas said...

വളരെ ശരിയാണ് . വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യനെ കബളിപ്പിക്കാന്‍ കുറെ കച്ചവടക്കാര്‍ .അതിനു കുടപിടിക്കാന്‍ കുറെ പുരോഹിതന്മാരും .ഓരോ ഇടവകയിലും ഓരോ ട്രേഡ് union വരാന്‍ പോകുന്നു .

തോമ്മ said...

കച്ചവടമാനെന്കില്‍ അച്ചന്‍ മാര്‍ക്ക് യാതൊരു കുഴപ്പവുമില്ല........

Anonymous said...

സിനിമാനടന്‍മാരിലെ വമ്പന്‍ സഖാവും പുരോഗമനവാദിയുമായ മുരളി ജ്വല്ലറിക്കാര്‍ക്കുവേണ്ടി പ്രത്യക്ഷപ്പെടുന്നു.മലയാളിയുടെ ആഭരണഭ്രമം പോലുള്ള പല വങ്കത്തങ്ങളെയും കളിയാക്കിയിട്ടുള്ള നടന്‍ ശ്രീനിവാസനുമുണ്ടു് സ്വര്‍ണ്ണപ്പരസ്യത്തില്‍ അഭിനയിക്കാന്‍.അപ്പോള്‍ ബാക്കിയുള്ളവരുടെ കാര്യം പറയണ്ട.

പൊട്ട സ്ലേറ്റ്‌ said...

കൊള്ളാം. മനുഷ്യനെ കബളിപ്പിക്കുന്ന ഓരോ ദിവസങ്ങളെ.
ഞാനും എഴുതി ഒരു പോസ്റ്റ് ഇതിനെപ്പറ്റി.

http://pottaslate.blogspot.com/2009/04/blog-post_24.html

വാഴക്കോടന്‍ ‍// vazhakodan said...

ഇത് തട്ടിപ്പല്ല, ശരിക്കും ബ്ലോഗയ തൃതീയ!
എല്ലാവര്‍ക്കും എന്റെ ബ്ലോഗയ തൃതീയ ആശംസകള്‍!

വികടശിരോമണി said...

ആകെ 365 ദിവസമേയുള്ളൂ എന്നതൊരു പ്രതിസന്ധിയാണ്.ഇനിയും ദിവസങ്ങൾ വരുമ്പോൾ ഈ ദിവസങ്ങൾ പോരാ.പക്ഷേ,ആരോടു സമരം ചെയ്യും?

ഭക്ഷണപ്രിയന്‍ said...

shameless enne muraliyeppatti parayaan patoo

dethan said...

ullas,
വിശ്വാസങ്ങളുടെ പേരില്‍ പുരോഹിതന്മാരും കച്ചവടക്കാരും ചെയ്യുന്നത് ഒന്നു തന്നെയാണ്.രണ്ടു കൂട്ടരും ജനങ്ങളെ ചൂഷണം ചെയ്യുന്നു.സഭകള്‍ ട്രേഡ് സെന്റര്‍ ആകുമ്പോള്‍ അവര് ട്രേഡ് യൂണിയന്‍ ഉണ്ടാക്കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

THOMMA,
അച്ചന്മാരുടെ തൊഴിലു തന്നെ ആത്മീയ വ്യാപാരമാണല്ലോ.ഇവരെ നന്നാക്കണമെങ്കില്‍ യേശുക്രിസ്തു വീണ്ടും അവതരിക്കണം.എന്നിട്ട് പണ്ട് ജറുസലേം ദേവാലയത്തില്‍ കയറി ചമ്മട്ടി കൊണ്ട് കച്ചവടക്കാരെ അടിച്ചോടിച്ചതു പോലെ പുരോഹിത വ്യാപാരികളെ പള്ളികളില്‍ നിന്നു തുരത്തണം.

suresh,
അഭിനയം അവരുടെ വയറ്റു പിഴപ്പല്ലേ.അവരെയും മത വിശ്വാസത്തെയും ഉപയോഗിച്ച് വ്യാപാരികള്‍ കച്ചവടം കൊഴുപ്പിക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കുന്ന പുരോഹിത വര്‍ഗ്ഗമാണ് യഥാര്‍ത്ഥ കള്ളന്മാര്‍.

പൊട്ടസ്ലേറ്റ്,
താങ്കളുടെ പോസ്റ്റും വാഴക്കോടന്റെ പോസ്റ്റും ഇപ്പോഴാണ് കണ്ടത്.രണ്ടു പേരുടെയും പരിഹാസം
രണ്ടു തരത്തില്‍ അസ്സലായിട്ടുണ്ട്.സൗകര്യം പോലെ മതബോധം എടുത്തു വീശുന്ന വിശ്വാസ മൗലിക
വാദികളുടെ കാപട്യം കൂടി തുറന്നു കാട്ടണമെന്ന്‍ എനിക്കുണ്ടായിരുന്നു.

വാഴക്കോടന്‍,
തട്ടിപ്പല്ലെന്ന് താങ്കളുടെ പോസ്റ്റ് കണ്ടപ്പോഴാണ് മനസ്സിലായത്.ഒരുമാതിരി പരിഹാസം കൊണ്ടൊന്നും തങ്കപ്പെട്ട അന്ധവിശ്വാസികളെയും വിശ്വാസ വില്പനക്കാരെയും തളര്‍ത്താമെന്നു കരുതെണ്ട.എങ്കിലും എള്ളു കൊറിച്ചാല്‍ എള്ളോളം എന്നുണ്ടല്ലോ.

വികടശിരോമണി,
സാരമില്ല.അക്ഷയ തൃതീയ പ്രഭാതം, മദ്ധ്യാഹ്നം,സായാഹ്നം,സന്ധ്യ,രാത്രി എന്നിങ്ങനെ ഒരു ദിവസത്തെ തന്നെ വിഭജിച്ച് ഐശ്വര്യത്തിന്റെ ഗ്രേഡ് നിശ്ചയിച്ച് നമുക്ക് പ്രതിസന്ധി മറികടക്കാം.

ഭക്ഷണപ്രിയന്‍,
കാശു കൊടുത്താല്‍ ഏതു വേഷവും കെട്ടുന്നവനാണു നടന്‍.മുരളിയും അങ്ങനെ തന്നെ.ഹൈന്ദവ അന്ധ വിശ്വാസം പ്രചരിപ്പിച്ച് കാശു പിടുങ്ങുന്നത് പണക്കാരായ കുഞ്ഞാടുകളായതു കൊണ്ട് പ്രവാചക മൊഴികള്‍ മറക്കുന്ന പുരോഹിത വര്‍ഗ്ഗത്തെ ഓര്‍ത്തല്ലെ ലജ്ജിക്കേണ്ടത് ?

-ദത്തന്‍

ബാജി ഓടംവേലി said...

എല്ലാവര്‍ക്കും എന്റെ ബ്ലോഗയ തൃതീയ ആശംസകള്‍!

കാട്ടിപ്പരുത്തി said...

മോനെന്താ പറഞ്ഞു വരുന്നത്- തൃതീയം പറയുന്നതിലെന്തിനാ മുസ്ലിയാരും അച്ചനും-
ഏതച്ചനാ ഏതു മോലിയാരാ ഇങ്ങിനെ പറഞ്ഞെ?

വെറുതെ ഹീറ്റ് ആവണൊ?

dethan said...

ബാജി ഓടംവേലി,
ചുമ്മാ ആശംസിച്ചാല്‍ മതിയോ?അല്പം സ്വര്‍ണ്ണം കൂടി വേണ്ടേ?

കാട്ടിപ്പരുത്തി,
അപ്പച്ചനെന്തോന്നാ മനസ്സിലാക്കിയേ? വല്യച്ചനും വല്യ മോലിയാരും ഒന്നും പറയാത്തതു നമ്മടെ സര്‍ക്കാര്‍ ചെയ്യുന്നെന്നും നെലോളിച്ചോണ്ട് തെരുവിലിറങ്ങിയത് ഓര്‍മ്മയില്ലേ?അതിനേക്കാള്‍ വല്യ
ഹറാമായ കാര്യം മോലാളിമാര് ചെയ്തിട്ട് എന്തേ ഊരുവിലക്കും വിമോചനസമരവും നടത്താത്തത് ?
ഹീറ്റായതല്ല.വെറും വെറുതേ ഒരു സംശയം പ്രകടിപ്പിച്ചെന്നേ ഉള്ളൂ.

-ദത്തന്‍