Total Pageviews

Friday, April 24, 2009

ഈ കുറ്റവാളിസംഘങ്ങളെ തുറുങ്കില്‍ അടയ്ക്കണം

കേരളത്തിലെ മിക്ക സര്‍വ്വകലാശാലകളിലെയും ഭരണ നിര്‍വ്വഹണ സമിതികള്‍ക്കും 'സിന്‍ഡിക്കേറ്റ് 'എന്നാണ് പേര്‍.പൊതു താല്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ആളുകളുടെയോ സ്ഥാപനങ്ങളുടെയോ സംഘാതം എന്നത്രെ സിന്‍ഡിക്കേറ്റ് എന്ന ഇംഗ്ലീഷ് വാക്കിന്റെ പ്രധാന വിവക്ഷ.യൂണിവേഴ്സിറ്റി ഭരണ സമിതി എന്ന നിലയില്‍ 'സിന്‍ഡിക്കേറ്റ്' പൊതുവേ പ്രശസ്തവുമാണ്.എന്നാല്‍,
കുറ്റവാളികളുടെ ഗ്രൂപ് എന്ന മറ്റൊരര്‍ത്ഥം കൂടി 'സിന്‍ഡിക്കേറ്റി'ന് ഉണ്ട്.

കേരള,കോഴിക്കോട് സര്‍വ്വകലാശാലാ ഭരണസമിതികള്‍ക്ക് രണ്ടാമത്തെ അര്‍ത്ഥമാണ് യോജിച്ചതെന്നു കരുതാന്‍ സമീപകാല സംഭവങ്ങള്‍ പ്രേരിപ്പിക്കുന്നു.രാഷ്ട്രീയ വിദ്വേഷം മൂത്ത് അദ്ധ്യാപകരെ പീഡിപ്പിക്കുകയാണ് കോഴിക്കോട്,കേരള സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റുകള്‍.കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 8 അദ്ധ്യാപകര്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുകയാണെങ്കില്‍ ഒരു വകുപ്പദ്ധ്യക്ഷയെത്തന്നെ പിരിച്ചു വിട്ടുകൊണ്ടാണ് കേരള സര്‍വ്വകലാശാല ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

തങ്ങളുടെ ഇഷ്ടത്തിനൊത്തു തുള്ളാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ഈ അദ്ധ്യാപകര്‍ക്കെതിരേ സിന്‍ഡിക്കേറ്റുകള്‍ വാളോങ്ങി നില്‍ക്കുന്നത്.മികച്ച അക്കാദമിക് യോഗ്യതകളും ഗവേഷണ പരിചയവും ഉള്ളവരാണ് സിന്‍ഡിക്കേറ്റുകളുടെ അപ്രീതിയ്ക്കു പാത്രമായിട്ടുള്ള അദ്ധ്യാപകരില്‍ ഏറിയ പങ്കും. പകപോക്കലിനു വേണ്ടി ഏതറ്റം വരെയും താഴുവാന്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ മടിക്കില്ല എന്നു പത്രവാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നു.

കേരള യൂണിവേഴ്സിറ്റിയില്‍ ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റ് അദ്ധ്യക്ഷയെ വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കു ശേഷം പിരിച്ചു വിടുകയായിരുന്നു.അതിനെതിരേ കോടതിയില്‍ പോയ അവര്‍ക്ക് അനുകൂലമായി ഇപ്പോള്‍ കോടതി വിധി ഉണ്ടായിരിക്കുകയാണ്.
ഉയര്‍ന്ന അക്കാഡമിക് യോഗ്യതകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ ചരിത്രവുമുള്ള ഡോ.തങ്കമണി വകുപ്പദ്ധ്യക്ഷയായി ചുമതലയേറ്റപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അവര്‍ക്കെതിരേയുള്ള ഉപജാപങ്ങളും.സിപി എം അനുകൂല അദ്ധ്യാപക സംഘടനയുടെ വരുതിക്കു നില്‍ക്കാത്തതും സിന്‍ഡിക്കേറ്റിലെ ചില പ്രമാണിമാരുടെയും,അവരുടെ താള‍ത്തിനു തുള്ളുന്ന മാറി മാറി വന്ന വൈസ് ചാന്‍സലര്‍മാരുടെയും മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കാത്തതുമായിരുന്നു അവര്‍ കാട്ടിയ മാഹാപരാധങ്ങളില്‍ പ്രധാനം.യുഡി എഫ് ഭരണകാലത്ത് പ്രത്യേക ഓര്‍ഡിനന്‍സ് പ്രകാരം ഐ റ്റി,ബയോടെക്നോളജി വിദഗ്ദ്ധരെ സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെടുത്തിയ കൂട്ടത്തില്‍
ഡോ. തങ്കമണിയും പെട്ടു.സിന്‍ഡിക്കേറ്റ് ഏമാന്മാര്‍ക്ക് അപ്രീതി പെരുകാന്‍ അതും കാരണമായി.

പിരിച്ചുവിടുന്നതിനു പറ്റിയ ന്യായീകരണങ്ങളല്ല ഇവ എന്ന് സര്‍വ്വവിജ്ഞാന നിധികളായ ഇപ്പോഴത്തെ മാര്‍ക്സിസ്റ്റ് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് നന്നായറിയാം.അതുകൊണ്ട് മോഷണക്കുറ്റം ചാര്‍ത്തി.പുസ്തക മോഷണം,ഫണ്ട് മോഷണം,രാസ വസ്തു മോഷണം തുടങ്ങിയ പലവിധ അപഹരണക്കുറ്റങ്ങള്‍ ! പിന്നെ ചുമ്മാ അങ്ങു പിരിച്ചു വിട്ടു.സ്ത്രീ ആയതു കൊണ്ടും സസ്യഭുക്ക് ആയതു കൊണ്ടും പിടിച്ച് ജയിലില്‍ അടച്ചില്ല.

പിരിച്ചു വിടലിനെതിരെ ഹൈക്കോടതയെ സമീപിച്ചപ്പോള്‍ കോടതി,നിജസ്ഥിതി അറിയാന്‍ കോടിയേരിയുടെ പോലീസിനെ കൊണ്ടല്ല,സ്വന്തം കമ്മീഷനെ വച്ച് അന്വേഷിപ്പിച്ചു .അപ്പോള്‍ അപഹരണ കഥ കെട്ടിചമച്ചതാണെന്നു കണ്ടെത്തി.മാത്രമല്ല,ഒരു വിദേശ കമ്പനി ഗവേഷണത്തിനു സൗജന്യമായി ഡോ.തങ്കമണിയ്ക്ക് നല്‍കിയ കോടിക്കണക്കിനു രൂപ വിലയുള്ള രാസവസ്തുക്കള്‍ അവര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സൂക്ഷിച്ചിരുന്നത് അടിച്ചുമാറ്റിയതായും കോടതി നിയോഗിച്ച കമ്മീഷന്‍ കണ്ടു പിടിച്ചു.രാസവസ്തു കാണാതായതിനു കേസ് എടുക്കണമെന്നും 12 ദിവസത്തിനകം അതു കണ്ടെത്തി പ്രൊഫസര്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരിക്കയാണ്.

പ്രൊഫസ്സറെ കള്ളിയാക്കാന്‍ ശ്രമിച്ച സിന്‍ഡിക്കേറ്റാണ് യഥാര്‍ത്ഥ മോഷ്ടാവ് എന്നാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്.പക പോക്കലിനു വേണ്ടി എത്ര നികൃഷ്ട തന്ത്രങ്ങളാണ് ഉന്നത വിദ്യാഭ്യാസ സിരാകേന്ദ്രത്തിന്റെ ഭരണം കൈയ്യാളുന്ന പരമാധികാര സഭ സ്വീകരിച്ചത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.സര്‍വ്വകലാശാലാ ഭരണം നിയന്ത്രിക്കാന്‍ സ്വന്തം പാര്‍ട്ടിയിലെ "നികൃഷ്ട ജീവി"കളെ നിയോഗിച്ചവരാണ് ഇതിനു സമാധാനം പറയേണ്ടത്.

വൈസ് ചാന്‍സലറെക്കാള്‍ ശമ്പളം പറ്റുന്നവരാണ് കേരള സര്‍ വ്വകലാശാലയിലെ വകുപ്പദ്ധ്യക്ഷര്‍ പലരും.പക്ഷേ ബയൊടെക് നോളജി വകുപ്പിന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നു നീക്കം ചെയ്യുന്ന കാലം വരെ ഡോ. തങ്കമണിക്ക് ഒരു സാധാരണ ലക് ചററുടെ ശമ്പളം പോലും കിട്ടിയിരുന്നില്ല.കാരണം അവരുടെ ശമ്പളം അന്നേവരെ ഫിക്സ് ചെയ്തു കൊടുത്തിരുന്നില്ല.അതിനുള്‍പ്പെടെ നിരവധി കോടതി വിധികള്‍ സമ്പാദിച്ചിട്ടും തങ്ങളുടെ ഹിതാനുവര്‍ത്തികളായ ഓഫീസര്‍മാരെക്കൊണ്ട് അവ നടപ്പാക്കാതെ നോക്കാന്‍ സിന്‍ഡിക്കേറ്റിന് കഴിഞ്ഞു.

പ്രൊഫസറോടുള്ള വിദ്വേഷം മൂലം ആ ഡിപ്പാര്‍ട്ട്മെന്റിന്റെ വളര്‍ച്ച തന്നെ തടസ്സപ്പെടുത്തി എന്നറിയുമ്പോഴാണ് എത്ര ഹീനന്മാരാണ് യൂണിവേഴ്സിറ്റി ഭരണക്കാര്‍ എന്ന് മനസ്സിലാകുക.വളരെയേറെ വികസന സാദ്ധ്യതയുള്ള ഒരു വകുപ്പിനെ തുച്ഛമായ വ്യക്തി വിരോധത്തിന്റെയും രാഷ്ട്രീയ വിദ്വേഷത്തിന്റെയും പേരില്‍ നശിപ്പിക്കാന്‍ ശ്രമിച്ച ഈ കൊള്ളസംഘത്തെ കല്‍ത്തുറുങ്കിലാക്കി ചാട്ടവാറിന് അടിക്കേണ്ടതാണ്.

തന്നെ പിരിച്ചു വിട്ട നടപടി അസ്ഥിരപ്പെടുത്തിയ കോടതി വിധി ഉടന്‍ നടപ്പിലാക്കി കിട്ടും എന്ന് പ്രൊഫസ്സര്‍ വിചാരിക്കണ്ട.
അപ്പീലും അപ്പീലിന്റെ മേല്‍ അപ്പീലുമായി സുപ്രീം കോടതി വരെ പോകാന്‍ ഇതിനകം തന്നെ ഉപജാപകസംഘം തീരുമാനിച്ചിട്ടുണ്ടാകും.വിസി പാവയാണെങ്കില്‍ പറയുകയും വേണ്ട.അധികാരത്തിന്റെ ആനപ്പുറത്തിരുന്നു കൊണ്ട് പ്രൊഫസ്സറെ മാത്രമല്ല പ്യൂണിനെ പോലും ഉപദ്രവിക്കാന്‍ സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയ കോമരങ്ങള്‍ക്ക് തന്റേടം വരുന്നത് ഒരിക്കലും ഒരു കാര്യത്തിലും തങ്ങള്‍ക്ക് മേലു നോവില്ല എന്ന ഉറച്ച വിശ്വാസം ഉള്ളതു കൊണ്ടാണ്.വ്യക്തികളെ സംബന്ധിച്ച് കോടതിയെ സമീപിക്കുന്നത് വളരെ പണച്ചെലവുള്ള കാര്യമാണ്.സ്ഥാപനങ്ങള്‍ പ്രത്യേകിച്ച്,പൊതുമേഖലാ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്,
വ്യവഹാരം പ്രശ്നമേ അല്ല.പൊതുമുതലുണ്ടല്ലോ കേസ്സു നടത്താന്‍.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്താണ് കേസ്സു നടത്തുന്നതെങ്കില്‍ പണത്തിന്റെ വില അറിയുമായിരുന്നു. പരദ്രോഹത്തിനുള്ള ഉത്സാഹം അതോടെ അസ്തമിക്കയും ചെയ്തേനെ.മുതലാളിയ്ക്ക് തോന്നും പോലെ തൊഴിലാളിയെ പിരിച്ചുവിടാന്‍ നിയമവും സാമൂഹികനീതിയും അനുവദിക്കാത്ത സംസ്ഥാനത്താണ് കള്ളക്കേസുണ്ടാക്കി സിന്‍ഡിക്കേറ്റ് മുതലാളിമാര്‍ പ്രൊഫസ്സറെ പിരിച്ചുവിട്ടത്.രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്ന് മേനി നടിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ അംഗങ്ങളാണ് അങ്ങേയറ്റം തൊഴിലാളി വിരുദ്ധനായ മുതലാളി പോലും ചെയ്യാന്‍ അറയ്ക്കുന്ന കാട്ടു നീതി നടപ്പാക്കിയത്.

ഉന്നത വിദ്യാഭ്യാസത്തിന്റെ എന്നല്ല പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ പോലും ഏഴയലത്ത് അടുപ്പിക്കാന്‍ പാടില്ലാത്ത സാമൂഹിക വിരുദ്ധന്മാരുടെ സംഘത്തെയാണോ സര്‍വ്വകലാശാല ഭരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.മനുഷ്യത്വ ഹീനമായ പിരിച്ചുവിടല്‍ സംഭവത്തില്‍ മാത്രമല്ല സമീപകാലത്ത് പുറത്തുവന്ന അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേടുകളിലും മുഖ്യ പ്രതികള്‍ ഈ കൊള്ളസംഘമായിരുന്നു.ഇവരില്‍ ചിലരുടെ പൂര്‍വ്വചരിത്രം ഈ സംശയത്തെ ബലപ്പെടുത്തുവാന്‍ പോരുന്നതാണ്.

സാമൂഹിക മാറ്റത്തിനു തുടക്കം കുറിക്കുവാന്‍ തക്കവണ്ണം ഉന്നതവിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തിപ്പിക്കുവാന്‍ ചുമതലപ്പെട്ട സര്‍വ്വകലാശാലാ ഭരണസമിതികളില്‍ കയറിപ്പറ്റിയ ഈ ഗുണ്ടാ സംഘങ്ങളെ,അധികാര ദുര്‍വ്വിനിയോഗം,സ്ത്രീപീഡനം,കൊള്ളയടി,
പൊതുമുതല്‍ നശിപ്പിക്കല്‍,ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി തുറുങ്കില്‍ അടയ്ക്കണം.‍ഓട്ടോണമിയുടെ പേരില്‍ തരവഴി
കാണിച്ചാല്‍ ശിക്ഷ കിട്ടുമെന്നു വന്നാലേ ഭാവിയിലെ സിന്‍ഡിക്കേറ്റുകളെങ്കിലും ഇത്തരം തിരുമാലിത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ.


Fans on the page

2 comments:

തോമ്മ said...

തെരുവ് ഗുണ്ടകളെ നാണിപ്പിക്കുന്ന പ്രവര്‍ത്തന പാരമ്പര്യം ullavaraanu പല syndicate member maarum

dethan said...

THOMMA,
തെരുവു ഗുണ്ടകള്‍ കേള്‍ക്കണ്ടാ.അവര്‍ മാനനഷ്ടത്തിനു കേസു കൊടുക്കും.ഒരുകാലത്ത് പാര്‍ട്ടിക്കു വേണ്ടി ഗുണ്ടാപ്പണി ചെയ്തവരാണ് കേരള സര്‍വ്വകലാശാലയിലെ ഇപ്പോഴത്തെ സിന്‍ഡിക്കേറ്റംഗങ്ങളില്‍ മിക്കവരും.യൂണിവേഴ്സിറ്റി യൂണിയനില്‍ ഉണ്ടായിരുന്നപ്പോള്‍ ഫണ്ടെടുത്ത്
പുട്ടടിച്ചവര്‍,വനിതാസഖാവിന്റെ പൃഷ്ഠത്തു നുള്ളിയവര്‍,വിസാത്തട്ടിപ്പു നടത്തിയവര്‍,തുടങ്ങിയവരും
ഇവരിലുണ്ട്.കണ്ണന്റെ ചുവട്ടില്‍ കദളി മുളയ്ക്കില്ല എന്നു കേട്ടിട്ടില്ലേ? ആ നിലക്ക് ഇത്തരം സാമൂഹ്യവിരു
ദ്ധരെ സിന്‍ഡിക്കേറ്റിലേക്കു നിയോഗിച്ചവരാണ് യഥാര്‍ത്ഥത്തില്‍ ഉത്തരവാദികള്‍.
-ദത്തന്‍