Total Pageviews

Tuesday, April 14, 2009

ഏത് ഈശ്വരന്‍?ആരുടെ ഈശ്വരന്‍ ?

ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ കയറിയപ്പോള്‍ മുതല്‍ കത്തോലിക്കാ സഭാ അദ്ധ്യക്ഷന്മാര്‍ക്ക് ഈശ്വര വിശ്വാസം വല്ലാതങ്ങു കൂടി.പൊതു തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും ഈശ്വര വിശ്വാസം നിര്‍ത്തും നിലയുമില്ലാത്ത വിധം അഭിവന്ദ്യ പിതാക്കന്മാരില്‍ പ്രവഹിക്കുകയായി.വിശ്വാസികളെ വിളിച്ചു കൂട്ടുന്നു; ഇടയലേഖനങ്ങള്‍ തലങ്ങും വിലങ്ങും വായിക്കുന്നു.ആകെ ബഹളമയം.
സഭാമക്കള്‍ ഈശ്വര വിശ്വാസികള്‍ക്കേ വോട്ടു ചെയ്യാവൂ എന്നാണ് എല്ലാത്തിന്റെയും അവസാന താല്പര്യം.

ഏത് ഈശ്വരനെ കുറിച്ചാണ് അച്ചന്മാ‍ര്‍ പറയുന്നത്?പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ,ജ്ഞാനസ്നാനം ചെയ്തു ക്രിസ്ത്യാനിയാക്കപ്പെട്ടവരുടെ ദൈവം എന്നല്ലേ ഉദ്ദേശിക്കുന്നത്?"യിസ്രായേല്‍ ഗൃഹത്തിലെ ‍കാണാതെ പോയ ആടുകളുടെ അടുക്കലേയ്ക്കല്ലാതെ എന്നെ അയച്ചിട്ടില്ല." എന്ന് കര്‍ത്താവു തന്നെ അര്‍ത്ഥശങ്കയ്ക്ക്‍ ഇടയില്ലാത്തവിധം മറ്റൊരു സന്ദര്‍ഭത്തില്‍ സൂചിപ്പിച്ചിട്ടുള്ള സ്ഥിതിയ്ക്ക് അതു തന്നെയായിരിക്കണം വിശുദ്ധ പിതാക്കന്മാര്‍ ഉദ്ദേശിക്കുന്നത്.അതല്ല ശ്രീനാരായണഗുരു കാട്ടിയ ഏക ദൈവം എന്നാണു വാദമെങ്കില്‍ അത് തിരുസഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരാണ്;ഒരു കണക്കിന് ദൈവദൂഷണം
തന്നെയാണ്.

ഡിവൈന്‍ കോമഡി എഴുതിയ വിശ്വമഹാകവി ദാന്റേ, ക്രിസ്തുവിനു മുമ്പു ജനിച്ചവനും അതുകൊണ്ടു തന്നെ ജ്ഞാനസ്നാനമേല്‍ക്കാന്‍ സാധിക്കതെ പോയവനും താന്‍ ഗുരുവായി ആരാധിച്ചിരുന്നവനുമായ വെര്‍ജിലിനെ പോലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നില്ല. മുഹമ്മദ് നബിയെ ആകട്ടെ ദാന്റെ ഇട്ടത് ദിവൈന്‍ കോമഡിയിലെ ഒരു നരക വലയത്തിലും.വിശ്വാസത്തില്‍ മുറുകെപ്പിടിക്കുന്ന യഥാര്‍ത്ഥ സത്യക്രിസ്ത്യാനിക്ക് ഇത്തരത്തിലല്ലാതെ ചിന്തിക്കാനാകില്ല.

അപ്പോള്‍,അല്ലാഹുവല്ലാതെ വേറൊരു ദൈവമില്ല എന്നു വിശ്വസിക്കുന്ന മുസ്ലീമിന്റെ ദൈവത്തെ കുറിച്ചല്ല അച്ചന്മാര്‍ ഉപദേശിക്കുന്നത് എന്നു വ്യക്തം.നിലവിളക്കു കൊളുത്തുന്നതും സ്ത്രീകള്‍ പൊട്ടു കുത്തുന്നതും മറ്റും മതവിരോധമായിക്കണുന്നവര്‍ ഉള്‍പ്പെടുന്ന ഇസ്ലാമിന്റെ ദൈവമല്ല ക്രിസ്ത്യാനിയുടേത്.

മുപ്പത്തി മുക്കോടി ഈശ്വരന്മാരെ ആരാധിക്കുന്ന,വിവിധ ജാതിവിഭാഗങ്ങള്‍ നിറഞ്ഞ ഹിന്ദുക്കളുടെ ദൈവം ഈ അച്ചന്മാര്‍ക്ക് സ്വീകാര്യരും ആരാദ്ധ്യരുമാണോ?അല്ലേ അല്ല എന്ന് അവര്‍ എത്രയോ പ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതാണ്."ബ്രഹ്മം ഞാനാകുന്നു" "അതു നീയാകുന്നു" തുടങ്ങിയ ഉപനിഷദ് തത്ത്വങ്ങളില്‍ അ‍ടങ്ങിയിട്ടുള്ള ഈശ്വരവ്യാഖ്യാനം വിശുദ്ധ പിതാക്കന്മാര്‍ക്കു സമ്മതമാണോ?സിക്കുകാരും ജൂതന്മാരും വിശ്വസിക്കുന്ന ദൈവത്തെ ഇവര്‍ അംഗീകരിക്കുമോ; ആരാധിക്കുമോ?
"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമാണ് ദൈവം; അവന്‍ തൂണിലും തുരുമ്പിലും ഉണ്ട് എന്നൊക്കെയുള്ള വാചകമടി അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്തത് സ്വാഭാവികം മാത്രം.

അതായത്,എല്ലാ പ്രവാചക മതങ്ങളെയും പോലെ തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ചുള്ള ദൈവത്തെ മാത്രമാണ് "ഈശ്വരന്‍"എന്ന് ക്രൈസ്തവ പൗരോഹിത്യവും വിവക്ഷിക്കുന്നത്.അത്തരം ഈശ്വര വിശ്വാസികള്‍ക്കേ സഭയുടെ കുഞ്ഞാടുകള്‍ വോട്ടു ചെയ്യാവൂ എന്നാണോ ആദരണീയരായ അച്ചന്മാര്‍ നിഷ്ക്കര്‍ഷിക്കുന്നത് ? അങ്ങനെയെങ്കില്‍ തിരുവനന്തപുരത്തെ കുഞ്ഞാടുകള്‍ ആര്‍ക്കാണ് വോട്ടു കുത്തുക?വയനാട്, കാസര്‍കോട് തുടങ്ങിയ പല നിയോജകമണ്ഡലങ്ങളിലും അവര്‍ വോട്ടു ചെയ്യെണ്ടാ എന്നാണോ ?

പെണ്മക്കള്‍ക്ക് വരനെ തേടുന്ന രക്ഷിതാക്കളുടെ നോട്ടത്തെ പരിഹസിക്കുന്ന കഥയുണ്ട്.ഡോക്റ്റര്‍,കളക്റ്റര്‍,എഞ്ചിനീയര്‍,എന്നിങ്ങനെ തുടങ്ങി ഒടുവില്‍ പാന്‍സിട്ട ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഗുമസ്തന്‍ എങ്കിലും മതി എന്ന അവസ്ഥയിലാകും.അതുപോലെ,മാമ്മോദീസാ വെള്ളം തലയില്‍ വീണവനില്ലെങ്കില്‍ അഞ്ചു നേരം നിസ്ക്കരിക്കുന്നവനോ രാവിലെയും വൈകിട്ടും അമ്പലത്തില്‍ പോകുന്നവനോ ആയാലും മതി "ഈശ്വര വിശ്വാസി"യുടെ നിര്‍വ്വചനത്തില്‍ വരാന്‍ എന്ന് അച്ചന്മാര്‍ വല്ല ഭേദഗതിയും ഇവരുടെ പുതിയ കല്പനയ്ക്കു വരുത്തുമോ?

അങ്ങനെയെങ്കില്‍,കര്‍ത്താവേ! ഈ ഇടയ പ്രമാണിമാര്‍,തങ്ങള്‍ പറയുന്നതിന്റെ പ്രത്യാഘാതം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?

തങ്ങളുടെ ഈശ്വരാവതാരമായ ശ്രീരാമന് അമ്പലം പണിയാന്‍ മുസ്ലീം ദേവാലയം പൊളിച്ചടുക്കിയവരെപ്പോലെ ശക്തമായ ദൈവ വിശ്വാസം ആര്‍ക്കാണുള്ളത് ?ഒറീസയില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവരെ ബലാത്സംഗം ചെയ്യുകയും ചുട്ടുകരിക്കുകയും ചെയ്തവരും ഈശ്വര വിശ്വാസികളാണ്.ഗുജറാത്തില്‍ മുസ്ലീം വംശഹത്യ നടത്തിയ നരേന്ദ്ര മോഡിയും ഈശ്വര വിശ്വാസത്തില്‍ ഏത് ബിഷപ്പിനേക്കാളും മീതെയാണ്.ഇവരുടെ പാര്‍ട്ടിക്കാരും കേരളത്തില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുണ്ട്.ഈശ്വര വിശ്വാസികളോടുള്ള പ്രതിപത്തിയുടെ പേരില്‍ സഭാ വിശ്വാസികള്‍ അവര്‍ക്കും വോട്ടുചെയ്യണമെന്നാണോ കേരളത്തിലെ പിതാക്കന്മാരുടെ അഭിപ്രായം?

കടുത്ത കമ്യൂണിസ്റ്റു വിരോധം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ചില വൃദ്ധവൈദികര്‍ ഇപ്പോഴും പഴയവിമോചനസമരത്തിന്റെ ഹാങ്ങോവറിലാണ്. കുഞ്ഞാടുകളെല്ലാം കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യണമെന്നാണ് അവര്‍ക്ക് ആഗ്രഹം.അത് നേരേ ചൊവ്വേ പറയാനുള്ള ബുദ്ധിപരവും ധാര്‍മ്മികവുമായ സത്യസന്ധത അച്ചന്മാര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.അതുകൊണ്ടാണ് പ്രത്യാഘാതങ്ങളെക്കുറിച്ച് ഓര്‍ക്കാതെ,അത്യന്തം ആപല്‍ക്കരമായ ഇടയ ലേഖനങ്ങള്‍ ഇവര്‍ ഇറക്കിക്കൊണ്ടിരിക്കുകയും വിശുദ്ധമായ ഈസ്റ്റര്‍ ദിനത്തെപ്പോലും മലിനപ്പെടുത്തി രാഷ്ട്രീയം പറയുന്നതും.കമ്യൂണിസ്റ്റു പ്രവര്‍ത്തകരില്‍ വലിയൊരു പങ്കും ദൈവവിശ്വാസികളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ,കമ്യൂണിസ്റ്റു വിരോധം സഭാവിശ്വാസികളില്‍ കുത്തിവയ്ക്കാന്‍ സാമാന്യ യുക്തിക്കു ചേരുന്ന മറ്റു വല്ല വാദങ്ങളും കണ്ടു പിടിക്കുന്നതാണ് നല്ലത്."ഒറീസയിലും കര്‍ണ്ണാടകത്തിലും നടക്കുന്ന കായിക പീഡനത്തേക്കാള്‍ ക്രൂരം കേരള സര്‍ക്കാര്‍ നടത്തുന്ന ആശയപീഡനമാണ്" എന്നൊക്കെയുള്ള വസ്തുതാ വിരുദ്ധമായ ഗീര്‍വാണങ്ങള്‍ വിശാസികളില്‍ ഏല്‍ക്കാതെ വന്നപ്പോള്‍ ഈശ്വരനെ കൂട്ടു പിടിച്ചു കമ്യൂണിസ്റ്റുകാരെയും ഇടതുപക്ഷത്തെയും ശരിയാക്കികളയാം എന്നായിരിക്കും.

1893-ലെ കമ്യൂണിസ്റ്റു മാനിഫെസ്റ്റോയുടെ മുഖവുരയില്‍, "യൂറോപ്പിനെ ബാധിച്ച കമ്യൂണിസത്തിന്റെ ഭൂതത്തെ ആട്ടിപ്പുറത്താക്കാന്‍ യൂറോപ്പിലെ പഴമയുടെ ശക്തികളെല്ലാം-പോപ്പും സാര്‍ ചക്രവര്‍ത്തിയും ജര്‍മ്മന്‍ പോലീസ് ചാരന്മാരും-ഒരു പാവന സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്"എന്ന് സൂചിപ്പിച്ചിട്ടുണ്ട്.യൂറോപ്പിലെ പഴമയുടെ ശക്തികള്‍ പണ്ടേ ഉപേക്ഷിച്ച ഈ "ഭൂത"പ്പേടി നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നമ്മുടെ വൈദികശ്രേഷ്ഠന്മാരെ വിട്ടൊഴിയാതിരിക്കുന്നത് എന്തു കൊണ്ടാണെന്ന് യഥാര്‍ത്ഥ മത വിശ്വാസികള്‍ ആലോചിക്കേണ്ട സമയമായിരിക്കുന്നു.


Fans on the page

2 comments:

M.A Bakar said...

നന്നായി നിരീക്ഷിച്ചിരിക്കുന്നു...

dethan said...

M.A Bakar,
നന്ദി.
-ദത്തന്‍