Total Pageviews

Monday, October 20, 2008

ഞെരളത്തിന്‍റെ ഇടയ്ക്ക

സോപാന സംഗീതത്തിന്‍റെ കുലപതി ആയിരുന്ന ഞെരളത്തു രാമപൊതുവാളിന്‍റെ ഇടയ്ക്ക ലേലം
ചെയ്യാന്‍ ഒരുങ്ങുന്നു. മറ്റാരുമല്ല.ഞെരളത്തിന്‍റെ പുത്രന്‍ തന്നെ.വിവിധ ധാരകളില്‍ പെട്ട സോപാന സംഗീതം റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കാന്‍ പത്തു ലക്ഷം രൂപ വേണം.അതിനാണത്രെ ഇടക്ക ലേലം
ചെയ്യുന്നത്.അച്ഛനു സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ തുനിയാത്ത സര്‍ക്കാരിനോടുള്ള പ്രതിഷേധം
പ്രകടിപ്പിക്കാന്‍ കൂടിയാണത്രെ ലേലം.

സോപാന സംഗീതത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു മഹാപ്രതിഭയുടെ കരസ്പര്‍ശമേറ്റ വാദ്യോപകരണം ,അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്താന്‍ അവശേഷിക്കുന്ന സുപ്രധാന ഭൗതിക
വസ്തുവാണ്.ഞെരളത്തിന് മലയാള മനസ്സില്‍ അനശ്വര പ്രതിഷ്ഠ ലഭിച്ചതില്‍ ഈ ഇടക്കയ്ക്കും പങ്കുണ്ട്.
അതു ലേലം ചെയ്യാന്‍ സ്വന്തം മകന്‍ തുനിയുന്നതു കണ്ടു കലാസ്നേഹികള്‍ പ്രതികരിച്ചപ്പോഴാണ് സര്‍ക്കാരിനോടുള്ള പ്രതിഷേധമാണെന്നൊക്കെയുള്ള വിശദീകരണം വന്നത്.

മകന്‍റെ ,അതിനേക്കാള്‍ നടുക്കുന്ന ന്യായീകരണം മറ്റൊന്നാണ്.ലേലം കൊള്ളുന്നവന് ഇടക്കയോട്
ആദരവുണ്ടാകുമത്രേ!പശുവിനെ ലേലത്തില്‍ പിടിക്കുന്നത് വളര്‍ത്താന്‍ മാത്രമാണെന്നു
വിശ്വസിക്കാമോ?പത്തുലക്ഷത്തിന് ഏതെങ്കിലും ധനവാന്‍ വാങ്ങിയാല്‍ അത് എന്നേക്കുമായി കലാകേരളത്തിന് നഷ്ടമാവുകയല്ലേ ചെയ്യുക?ഈ വക ചോദ്യങ്ങളൊന്നും അയാള്‍ക്ക് പ്രശ്നമല്ല.

പും നാമ നരകത്തില്‍ നിന്നും പിതാവിനെ ത്രാണനം ചെയ്യുന്നവനാണത്രെ പുത്രന്‍.ഞെരളത്തിന്‍റെ പുത്രന്‍ ത്രാണനം ചെയ്യുന്നവനല്ല നരകത്തിലേക്ക് തള്ളി വിടുന്നവനാണെന്ന് തെളിയിക്കുന്നു.ഇത്തരം സന്താനങ്ങളുടെ ഇടയില്‍ നിന്നും നേരത്തേ പോയ അദ്ദേഹം എത്ര ഭാഗ്യവാന്‍!

മഹാനായ ഒരു കലാകാരന് സ്മാരകം നിര്‍മ്മിക്കേണ്ടത് ഏത് പരിഷ്കൃത ഭരണകൂടത്തിന്‍റെയും കടമയാണ്.ഏതെങ്കിലും വിവരദോഷിയായ ഒരു മകന്‍റെ ആലോചനാശൂന്യമായ പ്രവൃത്തി മൂലംഅതില്‍ നിന്നും ഒഴിഞ്ഞുമാറുന്നതു ശരിയല്ല.


Fans on the page

17 comments:

ആചാര്യന്‍... said...

ഹരി ഗോവിന്ദിന്‍റേത് സങ്കടം കൊണ്ടുള്ള പ്രതിഷേധമല്ലേ? കറയില്ലാത്ത കലാകാരന്മാരെ ആദരിക്കാന്‍ കേരളം മറക്കരുത്. ഞെരളത്ത് എന്നു കേട്ടിട്ടില്ലാത്ത തലമുറയ്ക്കായി അതു കരുതി വെയ്ക്കേണ്ടത് ഇന്ന് ഉച്ച ഭക്ഷണമായി ചോറുണ്ണുന്ന നാമെല്ലാം കൂടിയാണ്-കേരളീയര്‍. പക്ഷഭേദങ്ങള്‍ കൊണ്ട് മലയാളിത്തം പോകാതിരുന്നെങ്കില്‍. ആരും ഞെരളത്തിനെ പിന്താങ്ങി സംസാരിക്കാത്തതെന്താണെന്ന് അത്ഭുതം. സോപാന സംഗീതം മാത്രമല്ല, പലതും അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്നു.

അനില്‍@ബ്ലോഗ് said...

ഒരു ന്യൂസ് വാല്യൂവിനുള്ള ഇടപാടില്‍ കവിഞ്ഞ് എന്താണിതിലുള്ളത്?

ഞെരളത്തിനെ സ്മരിക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.പക്ഷെ മഹന്‍ കാട്ടുന്നത് വെറും തറ നമ്പറാണ്.

dethan said...

ആചാര്യന്‍,

ഇതു സംബന്ധിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറോട് സംസാരിക്കുമ്പോള്‍ ഹരിഗോവിന്ദന് യാതൊരു വിധ സങ്കടവുമുള്ളതായിക്കണ്ടില്ല.അന്തരിച്ച പിതാവിനോട് അല്പമെങ്കിലും ആദരം അയാളുടെ
മനസ്സിലുള്ളതായും തോന്നിയില്ല.മാത്രമല്ല തന്നെ ആരാച്ചാരെന്നു വിളിച്ചതില്‍ അഭിമാനിക്കുന്നെന്നാണ് ഹരിഗോവിന്ദന്‍ പറഞ്ഞത്.
'പക്ഷിവേട്ടക്കാരനുണ്ടോ കഴുകനെന്നും മാടപ്രാവെന്നും വ്യത്യാസം' എന്ന കവി വാക്യമാണ് അപ്പോള്‍ ഓര്‍മ്മ വന്നത്.

സാഹസം കാണിക്കരുതെന്നു പറഞ്ഞ് സുകുമാര്‍ അഴീക്കോടിനെ പ്പോലുള്ളവരാണ് ആദ്യം രംഗത്തു വന്നത്.ആരു പറഞ്ഞാലും മകന്‍ അനുസരിക്കുമെന്നു തോന്നുന്നില്ല.

അനില്‍@ബ്ലോഗിന്,

ഞെരളത്തിന്‍റെ മഹിമയറിയാവുന്നവരെ വേദനിപ്പിക്കുന്നതാണ് മഹന്‍റെ വിക്രിയ.ന്യൂസ് വാല്യുവിനപ്പുറം തുട്ടിലാണ് അയാളുടെ കണ്ണ്.

-ദത്തന്‍

തോന്ന്യാസി said...

പ്രിയ ദത്തന്‍,

ഞെരളത്തിന്റെ ഇടയ്ക്കയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?

ഹരിഗോവിന്ദന്റെ വീട്ടിലെ ഒരു മൂലയില്‍ തൂങ്ങിക്കിടക്കുന്നുണ്ട് ആ ഇടയ്ക്ക, തന്റെ കൈവശമിരിയ്ക്കുന്ന ആ സാധനം ലേലം ചെയ്യുന്നത് കൊണ്ട് താനാഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ നടത്താന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ ഹരിഗോവിന്ദന്‍ അത് ചെയ്യട്ടെ.

സര്‍ക്കാര്‍ മ്യൂസിയത്തിലിരിയ്ക്കുന്ന ഒരു സാധനം ലേലം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലല്ലോ,തന്റെ പൂര്‍വ്വിക സ്വത്ത് ലേലം ചെയ്യുന്നതില്‍ എന്താണ് തെറ്റ്?

യരലവ said...

"വിവിധ ധാരകളില്‍ പെട്ട സോപാന സംഗീതം റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കാന്‍ പത്തു ലക്ഷം രൂപ വേണം.അതിനാണത്രെ ഇടക്ക ലേലം
ചെയ്യുന്നത്"

ഇങ്ങിനെ ഒരു ഇഷ്യു ഉണ്ടായിട്ടും ഇടയ്ക്ക ലേലം ചെയ്യരുത്; മകന്‍ താന്തോന്നിത്തരം കാണിക്കുന്നു എന്നു പറയുന്നതല്ലാതെ ആരും ഹരിയുടെ സദുദ്ദേശ്യം കാണുന്നില്ലല്ലോ ;

അച്ഛന്റെ കാല്പാടുകളിലൂടെ സഞ്ചരിച്ച മകന്‍; അച്ഛന്‍ കൊട്ടിപ്പാടിയ സംഗീതത്തീന്റെ രക്ഷയ്ക്കുവേണ്ടി തന്നെയല്ലെ ഈ പാട്പെടുന്നത്. അല്ലാതെ അച്ഛന്റെ വിയര്‍പ്പിന്റെ ഗന്ധം അസഹ്യമായതിനാലല്ലോ.

സോപാന സംഗീതത്തെ താപസിക്കുന്നവര്‍ രക്ഷയ്ക്കെത്തും എന്ന പ്രതീക്ഷയോടെ..

കരീം മാഷ്‌ said...

ജീവിച്ചിരിക്കുന്ന കാലത്തു ആ മഹാനോടു അര്‍ഹിക്കുന്ന ആദരവും കാട്ടാതിരുന്നവരില്‍ നിന്നു മരണ ശേഷം അദ്ദേഹത്തിന്‍റെ “ഇടക്ക“ക്കു പോലും ആദരവു കിട്ടുമെന്നു പ്രതീക്ഷിക്ക വയ്യ.ഇടക്കിടക്കു ഇങ്ങനെ ചില വാര്‍ത്താവാണങ്ങള്‍ പാതി കത്തി താഴോട്ടു തന്നെ വീഴും.
യഥാര്‍ത്ഥ കലാകാരന്‍ എന്നും വിസ്മൃതിയില്‍ തന്നെ!
കോക്കസുകളും രാഷ്ടീയവും,കുതികാല്‍വെട്ടുമില്ലാത്ത ഏതു രംഗത്താണിന്നു അംഗീകാരം പുഷ്പവൃഷ്ടിയായിട്ടുള്ളത്?

dethan said...

തോന്ന്യാസിക്ക്,

യഥാര്‍ത്ഥ മൂല്യം മനസ്സിലാക്കാതെ പല പൈതൃക സ്വത്തുകളും തുച്ഛമായ തുകയ്ക്ക് വിറ്റു തുലച്ചിട്ടുള്ളവരാണ് നമ്മള്‍ ഭാരതീയര്‍. അറിഞ്ഞുകൊണ്ട് അതു ചെയ്യുന്നത് മാപ്പര്‍ഹിക്കുന്ന കാര്യമല്ല.ഹരിഗോവിന്ദന് തന്‍റെ പിതാവിന്‍റെ ഇടയ്ക്കയുടെ വില അറിയാത്തതല്ല.എത്ര വില കിട്ടിയാലും താങ്കളാണെങ്കില്‍ ഇത്തരം വിലമതിക്കാനാകാത്ത സമ്പത്ത് വില്‍ക്കാന്‍ തുനിയുമോ?സോപാന സംഗീതത്തിന്‍റെ ഏറ്റവും വലിയ കലാകാരന്‍റെ സ്മരണ തുടിക്കുന്ന വാദ്യോപകരണം തന്‍റെ മാത്രമാണെന്ന ഹരിഗോവിന്ദന്‍റെ ധാരണ തന്നെ പിതൃനിന്ദയും കലാനിഷേധവുമാണ്.

യരലവയ്ക്ക്,

'അച്ഛന്‍റെ കാല്പാടുകളിലൂടെ സഞ്ചരിച്ച മകന്‍',അച്ഛന്‍ സോപാന സംഗീതത്തെ രക്ഷിച്ചതും വളര്‍ത്തിയതും എങ്ങനെയാണെന്നു മനസ്സിലാക്കാഞ്ഞതു കൊണ്ടാണ് ലേലം വിളിയിലേക്കു തിരിയുന്ന
തെന്നാണ് കരുതേണ്ടത്.അച്ഛന്‍ മറന്നതോ അദ്ദേഹത്തിനു ചെയ്യാന്‍ കഴിയാതെ പോയതോ ആയ
കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുകയാണ് പിതൃസ്നേഹികളായ മക്കള്‍ ചെയ്യേണ്ടത്.അല്ലാതെ അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്ന അമൂല്യ വസ്തു അന്യാധീനപ്പെടുത്തുകയല്ല.
ഹരിഗോവിന്ദന്‍റെ ഉദ്ദേശ്യം നല്ലതെങ്കില്‍ ലേലം വിളി കൂടാതെ തന്നെ അദ്ദേഹം ആഗ്രഹിക്കുന്ന
കാര്യം നടക്കും എന്നു നമുക്കു പ്രതീക്ഷിക്കാം.


-ദത്തന്‍

dethan said...

കരീം മാഷേ,
ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ആദരിക്കാതിരുന്നവര്‍ ഇപ്പോഴും അങ്ങനെതന്നെ ആയിരിക്കും.അവരല്ലല്ലോ ഇപ്പോള്‍ വിവാദം സൃഷ്ടിക്കുന്നത്.അദ്ദേഹത്തിന്‍റെ ഉപ്പും ചോറും തിന്നു വളര്‍ന്നവരല്ലേ?
പിന്നെ;യഥാര്‍ത്ഥ കലാകാരനെ ആര്‍ക്കും വിസ്മൃതിയിലാക്കാന്‍ കഴിയില്ല.താങ്കള്‍ പറഞ്ഞപോലെ
കോക്കസിന്‍റെയും രാഷ്ട്രീയത്തിന്‍റെയും ഒക്കെ പൊയ്ക്കാലില്‍ പൊങ്ങി നില്‍ക്കുന്നവര്‍ അവയുടെ
താങ്ങ് പോകുമ്പോള്‍ താനേ മറവിയില്‍ മറയും.ഞെരളത്ത് അത്തരക്കാരനല്ലാത്തതു കൊണ്ടാണല്ലൊ
അദ്ദേഹത്തിന്‍റെ ഇടക്കയില്‍ മകന്‍ തൊട്ടിട്ടു പോലും കലാകേരളം പ്രകമ്പനം കൊണ്ടത്?

kaalidaasan said...

വികരാധീനരായി ഈ വിഷയത്തെ സമീപിക്കുന്നതില്‍ അര്‍ത്ഥമില്ല. പൈതൃക സ്വത്തുക്കള്‍ വില മതിക്കാനാവാത്തതാണ്. പക്ഷെ അതിനപ്പുറം വേറെ ചിലതും കൂടി ഉണ്ട്.

കണ്ണാടി ഈ വിഷയം സാമാന്യം വിശ്ദമായി അവതരിപ്പിച്ചിരുന്നു. ഹരി ഗോവിന്ദന്റെ കഥ കേരളീയര്‍ക്കെല്ലം അറിയവുന്നതാണ്. അമ്മ നായരായതുകൊണ്ട് അമ്പലത്തിനുള്ളില്‍ സോപാന സംഗീതം അവതരിപ്പിക്കാന്‍ അനുവാദം കിട്ടാത്തതാണദ്ദേഹത്തിന്‌. ഞെരളത്തിന്റെ ഇടക്കക്കു പ്രവേശിക്കാന്‍ പറ്റുന്നിടത്ത് മകനു പ്രവേശിക്കാന്‍ പാടില്ല എന്നു പറയുന്ന നട്ടിലാണ്‌ നാമെല്ലാം ജീവിക്കുന്നത്. ഞെരളത്തിന്റെ വാദ്യോപകരണം തന്‍റെ മാത്രമാണെന്ന ഹരിഗോവിന്ദന്‍റെ ധാരണ പിതൃനിന്ദയും കലാനിഷേധവുമാണെങ്കില്‍ ഹരി ഗോവിന്ദനോട് കാണിച്ചത് ദൈവനിഷേധമല്ലെ?

വിഷയം അതല്ല. ഹരിഗോവിന്ദന്റെ അവസ്ഥ പരിതാപകരമാണ്. ചെറിയ ഒരു വീട്ടില്‍ ആ കുടുംബം കഷ്ടപ്പെട്ടാണ്‌ കഴിയുന്നത്. ഞെരളത്തിന്റെ പേരില്‍ സോപന സംഗീതം ഓര്‍മ്മിക്കതതക്ക രീതിയില്‍ എന്തെങ്കിലും ചെയ്യണെമെന്ന് ഹരിഗോവിന്ദനു ആഗ്രഹമുണ്ട്. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. അതിനു വേണ്ടി പലരെയും , സര്‍ക്കാരുള്‍പ്പടെ ,സമീപിച്ചതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലഞ്ചു വര്‍ഷമായിട്ട് അതിനു വേണ്ടി ശ്രമിക്കുന്നു. നിരാശയില്‍ നിന്നാണ്‌ ഇടക്ക ലേലം ചെയ്യന്‍ പോകുനു എന്നു പറഞ്ഞത്. അതു കേട്ടപ്പൊഴേക്കും കലാകേരളം ആധിപിടിച്ചു. ഞെരളത്തു മരിച്ചിട്ട് വര്‍ഷങ്ങളോളം കലാ കേരളം അദ്ദേഹത്തെ ഓര്‍ത്തേ ഇല്ല. മറവിക്ക് ഇങ്ങനെയുള്ള ചികിത്സ നല്ലതാണ്. കേരളം മുഴുവനു ​ഭ്രാന്തു പിടിച്ച് റിയാലിറ്റി ഷോകളുടെ പിന്നാലെ പായുകയാണല്ലോ. പത്തു പാട്ടു പാടിയാല്‍ ഒരു കോടി രൂപ വരെയാണ്, സമ്മാനം ഇതു നല്‍കുന്ന വന്‍ കിട ബിസിനസുകാരെല്ലാം പറയുന്നത് അവര്‍ കലയെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്. കല എന്താണെനറിയാത്ത കഴുതകളെ എഴുന്നള്ളിക്കാന്‍ മാധ്യമങ്ങള്‍ മുമ്പിലാണ്. ധാര്‍മ്മിക രോഷമുള്ളവര്‍ ഹരിഗോവിന്ദനെ ചീത്ത വിളിക്കാതെ പലതരം സൂപ്പര്‍ സ്റ്റാറുകളെ പൊകിപ്പിടിക്കുന്ന കാപട്യങ്ങളെയാണു ചീത്ത പറയേണ്ടത്.

ഹരി ഗോവിന്ദന്‍ നിസഹായ അവസ്ഥയിലാണങ്ങനെ ഒരു തീരുമാനമെടുത്തത്. ഞെരളത്തിന്റെ ഇടക്ക ഇടക്കയായി ഇരിക്കുമ്പോള്‍ അതിനു വില കിട്ടിയേക്കും . ഇതു വരെ ഞെര്ളത്തിനെ മറന്നവര്‍ ആ ഇടക്ക ഹരി ഗോവിന്ദന്‍ സൂക്ഷിച്ചാലൊന്നും ഓര്‍ക്കില്ല. ഇടക്ക സൂക്ഷിക്കുക എന്നത് ഹരി ഗോവിന്ദന്റെ മാത്രം ഉത്തരവാദിത്തമല്ല. കേരളത്തിലെ എല്ലാവര്‍ക്കും അതിനുള്ള ഉത്തരവാദിത്തമുണ്ട്. നമ്മള്‍ ഉത്തരവാദിത്തം മറന്നിട്ടു , നമുക്കു വേണ്ടി ഹരി ഗീവിദന്‍ ഇടക്ക സൂക്ഷിക്കണമെന്നു പറയുന്നത് ക്രൂരതയാണ്.

ഹരി ഗോവിന്ദന്‍ ഇടക്ക ലേലം ചെയ്താല്‍ അത് ഒരു കലാസ്നേഹിയോ അല്ലെങ്കില്‍ കലാ സ്ഥാപനമോ ആയിരിക്കും വാങ്ങുക. നിര്‍ധനനായ ഹരി ഗോവിന്ദന്‍ സൂക്ഷിക്കുന്നതിനേക്കാള്‍ നന്നായി അതു സംരക്ഷിക്കപ്പെടും . ലേലം വിളി കൂടാതെ തന്നെ അദ്ദേഹം ആഗ്രഹിക്കുന്ന
കാര്യം നടക്കുമെങ്കില്‍ അതു കലാകേരളത്തിന്റെ നന്മ . നടന്നില്ലെങ്കില്‍ അതു കലാകേരളത്തിന്റെ തിന്മ.

dethan said...

കാളിദാസന്,

കലാകേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഹരിഗോവിന്ദനു കഴിഞ്ഞു. അതിനപ്പുറം ഈ പ്രവൃത്തിക്ക് യാതൊരുപ്രസക്തിയുമില്ല.ഏഷ്യാനെറ്റില്‍ ഹരിഗോവിന്ദന്‍ പറഞ്ഞതില്‍ നിന്നും അയാള്‍ക്ക് സോപാന സംഗീതത്തെ രക്ഷിക്കുക എന്ന അദമ്യമായ ആഗ്രഹം ഉള്ളതായി തോന്നിയില്ല.ഇടയ്ക്ക
വിറ്റു കിട്ടുന്ന തുക ഉപയോഗിച്ച് അദ്ദേഹം ചെയ്യാനുദ്ദേശിക്കുന്ന പരിപാടി കൊണ്ട് സോപാന സംഗീതത്തെ രക്ഷിക്കാമെന്നും കരുതാന്‍ വയ്യ.

ഹരിഗോവിന്ദന്റെ നിസ്സഹായാവസ്ഥയ്ക്ക് അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ക്ഷേത്രാചാരങ്ങളുടെയും ഉപാസകരാണ് മുഖ്യ ഉത്തരവാദികള്‍.അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ എന്ന നിലയില്‍ ഞാനുള്‍പ്പെടെയുള്ള സമൂഹവും കുറ്റക്കാരാണെന്ന കാര്യം നിഷേധിക്കുന്നില്ല.

അച്ഛന്റെ ഇടക്ക സംരക്ഷിക്കാനുള്ള പ്രാഥമിക ചുമതല മകന്നു തന്നെയാണ്.മകന്‍ അതിന്റെ മൂല്യം അറിയുന്നവനാകുമ്പോള്‍ വിശേഷിച്ചും.പൊതുജനത്തിനു വേണ്ടി അയാള്‍ സൂക്ഷിക്കണമെന്നു പറയുമ്പോഴാണ് ,താങ്കള്‍ സൂചിപ്പിക്കുന്നതു പോലെ ക്രൂരതയാകുന്നത്.'ഏതെങ്കിലും കലാസ്നേഹി ഇടക്ക ലേലം കൊള്ളുമെന്ന'തൊക്കെ വെറും ആഗ്രഹം മാത്രമാണ്.അല്ലെങ്കില്‍ താങ്കള്‍ ആദ്യം
പറഞ്ഞതു പോലെ റിയാലിറ്റി ഷോ സ്പൊന്‍സര്‍ ചെയ്യുന്ന ഏതെങ്കിലും'സ്നേഹി' ആയിരിക്കും.
അങ്ങനെയുള്ള ഒരു കലാസ്നേഹിയുടെ ഇടയ്ക്ക സംരക്ഷണമെങ്ങനെ ആയിരിക്കുമെന്നു പറയേണ്ടതില്ലല്ലോ! ഹരിഗോവിന്ദന്റെ ആഗ്രഹം ഇടക്ക വില്‍ക്കാതെ നടക്കട്ടെ എന്ന് നമുക്കും
ആശിക്കാം.

kaalidaasan said...

ദത്തന്‍ ,

കലാകേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുക എന്നതും ഞെരളത്തിനെ മറന്നതില്‍ സ്വന്തം പ്രതിഷേധം അറിയിക്കുക എന്നതുമായിരുനു ഹരിഗോവിന്ദന്റെ ഉദ്ദേശ്യം . സോപാന സംഗീതതെ രക്ഷികുക എന്നത് ഹരിഗോവിന്ദന്റെ ചുമതലയാണെന്ന് അദ്ദേഹമോ മറ്റാരെങ്കിലുമോ പറയുമെന്ന് തോന്നുന്നില്ല. ഞെരളത്തിന്റെ പേരില്‍ എന്തെങ്കിലും ചെയ്തലൊന്നും സോപാന സംഗീതം രക്ഷപ്പെടുകയൊന്നും ഇല്ല.

റിയാലിറ്റി ഷോ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു സ്നേഹിയും ഒരു ഇടക്കക്കു വേണ്ടി പണം ചെലവാക്കില്ല. റിയാലിറ്റി ഷോ എന്നു പറയുന്നത് മാസങ്ങളോളം നീണ്ടു നില്‍കുന്ന ഏര്‍പ്പാടാണ്. അതിലൂടെ ഉണ്ടാക്കുന്ന വ്യാപാരമാണവരുടെ ലക്ഷ്യം . അതിനു വേണ്ടിയാണവര്‍ കോടികള്‍ മുടക്കുന്നതും . രണ്ടു കോടി മുടക്കിയാല്‍ 100 കോടിയുടെ ബിസിനസ് അവര്‍ക്കു കിട്ടും . ഇടക്ക ലേലം കൊള്ളുന്നത് മസങ്ങളോളം നീണ്ടുനില്‍ക്കുന്ന തുടര്‍ക്കഥയാക്കി ആരും പ്രക്ഷേപണം ചെയ്യില്ല. അതു കൊണ്ട് അത്തരം കലാ സ്നേഹികളൊന്നും ഇടക്ക ലേലം കൊള്ളാന്‍ വരുമെന്ന് പേടിക്കേണ്ട.

dethan said...

കാളിദാസാ,

ഇടക്ക ലേലം കൊള്ളുന്നത് മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന പരിപാടിയായി ആരും സമ്പ്രേഷണം
ചെയ്യില്ല എന്ന് അത്ര ഉറപ്പിച്ച് വിശ്വസിക്കണ്ടാ.എത് ശുഷ്കവിഷയവും വലിച്ചു നീട്ടി ജനപ്രിയമാക്കാമെന്ന് നമ്മുടെ ചാനലുകള്‍ അനുദിനം തെളിയിച്ചു കൊണ്ടിരിക്കയാണല്ലോ.ഇടക്ക വില്‍ക്കാതെ തന്നെ
ഉദ്ദേശിച്ച കാര്യം നടത്താന്‍ ഹരിഗോവിന്ദനു സാധിക്കട്ടെ.

kaalidaasan said...

ദത്താ,

താങ്കള്‍ക്കു എന്തു വിശ്വസിക്കുവാനുമുള്ള അവകാശമുണ്ട്. ഞെരളത്തിന്റെ ഇടക്ക ലേലം ചെയ്യുന്നത് ഒരു റിയാലിറ്റി ഷോ പോലെ ആരെങ്കിലും സംപ്രേക്ഷണം ചെയ്യുമെന്ന് എന്തായാലും ഞാന്‍ കരുതുന്നില്ല. അതു ഒരു വാര്‍ത്താ ശകലമായി ചാനലുകള്‍ കാണിച്ചാല്‍ തന്നെ ഭാഗ്യം .

ആ ഇടക്ക ലേലം ചെയ്യാന്‍ പോകുന്നു എന്നു പറഞ്ഞിട്ടും അതിനേക്കുറിച്ച് ഒരു ചര്‍ച്ചക്കോ അന്വേഷണത്തിനോ പോലും മാധ്യമങ്ങള്‍ സമയം കണ്ടില്ല. ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പ്രോഗ്രാം മാത്രം ഒരു അപവാദമായിരുന്നു.

Sopana Sangeetham said...

http://www.youtube.com/watch?v=guWXkxZva_Ahttp://www.youtube.com/watch?v=guWXkxZva_A

Sopana Sangeetham said...

http://www.youtube.com/watch?v=guWXkxZva_Ahttp://www.youtube.com/watch?v=guWXkxZva_A

Sopana Sangeetham said...

http://www.youtube.com/watch?v=X_hDvuhUzOM

Sopana Sangeetham said...

http://www.youtube.com/watch?v=guWXkxZva_A
http://www.youtube.com/watch?v=guWXkxZva_A