Total Pageviews

Saturday, October 18, 2008

യൂണിവേഴ്സിറ്റി നിയമന വിവാദം

അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കാന്‍ ലോകായുക്ത നിര്ദ്ദേശിച്ചിരിക്കയാണ്. പകരം പുതിയ പരീക്ഷ നടത്തി നിയമനം നടത്തണമെന്നും സ്ഥാനമൊഴിഞ്ഞ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. രാമചന്ദ്രന്‍ നായര്‍ ,പ്രോ-വൈസ് ചാന്‍സലര്‍ ഡോ. വി. ജയപ്രകാശ്, തിരഞ്ഞെടുപ്പ് സമിതിയിലുണ്ടായിരുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, ബി.എസ്. രാജീവ്, എം.പി. റസ്സല്, കെ.എ. ആന്‍ഡ്രു എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ഉപലോകായുക്ത ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച നടപടി കൈക്കൊള്ളാന്‍ ചാന്‍സലറായ ഗവര്‍ണ്ണര്‍, പ്രോ-ചാന്‍സലറായ വിദ്യാഭ്യാസമന്ത്രി എന്നിവരോടും ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയോടും ഉപലോകായുക്ത ശുപാര്‍ശ ചെയ്തു.

കേരള സര്‍ വ്വകലാശാലയില്‍ അസിസ്റ്റന്റ് ഗ്രേഡ് ആയി നിയമനം ലഭിച്ച 182 പേരാണ് ഈ ഉത്തരവു പ്രകാരം വെട്ടിലായിരിക്കുന്നത്. ജോലി കിട്ടിയവരില്‍ ഭൂരിഭാഗവും സി.പി.എം നേതാക്കളുടെ ബന്ധുക്കളും സര്‍ വ്വകലാശാലയിലെ സി.പി.എം സംഘടനാ നേതാക്കളുടെ സ്വന്തക്കാരുമാണെന്ന് ആക്ഷേപമുണ്ടായിരുന്നു.

'എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായതിനാല്‍ മാര്‍ക്കുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് കരുതണം. താല്പര്യമുള്ളവര്‍ക്ക് എഴുത്തുപരീക്ഷയില്‍ മാര്‍ക്ക് കുറവായിരുന്നെങ്കിലും ഇന്റര്‍ വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നല്കി നിയമനം ലഭ്യമാക്കി. ഇതേ സമയം എഴുത്തുപരീക്ഷയില്‍ മെറിറ്റടിസ്ഥാനത്തില്‍ മുന്നിലെത്തിയവര്‍ക്ക് ഇന്റര്‍ വ്യൂവില്‍ മാര്‍ക്കു കുറച്ച് നിയമനം നിഷേധിച്ചു. റാങ്ക് ലിസ്റ്റില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ലാത്ത പലര്‍ക്കും കൈയക്ഷര പരീക്ഷയില്‍ വിവേചനരഹിതമായി മാര്‍ക്ക് നല്കി കട്ട് ഓഫ് മാര്‍ക്ക് ലഭ്യമാക്കി.'-68 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ പറയുന്നു.

പിന്‍ വാതിലില്‍ കൂടി വന്നവര്‍ അതുവഴി തന്നെ പുറത്തുപോകണമെന്ന സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ചാണ് നിയമനം റദ്ദാക്കണമെന്ന് ജസ്റ്റിസ് നിര്‍ദ്ദേശിച്ചത്.
നിയമനപ്രക്രിയ അഴിമതിയും ക്രമക്കേടും നിറഞ്ഞതാണെങ്കില്‍ ഓരോരുത്തര്‍ക്കും നോട്ടീസ് അയയ്ക്കേണ്ടതില്ലെന്നും വ്യക്തിപരമായ നിഷ്കളങ്കതയ്ക്ക് സ്ഥാനമില്ലെന്നും ഇത്തരം കേസ്സുകളില്‍ ലിസ്റ്റ് ആകമാനം റദ്ദാക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവും വിധിയില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഉപലോകായുക്ത് വിധി എല്ലാ വസ്തുതകളും മനസ്സിലാക്കാതെയുള്ളതാണെന്നാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിന്‍ഡിക്കേറ്റംഗങ്ങളും മറ്റും പറയുന്നത്.അതിനാല്‍ ഹൈക്കോടതിയെ സമീപിക്കുവാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചുകഴിഞ്ഞത്രെ.കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതിന്‍റെ പേരില്‍ നിയമനം റദ്ദാക്കുവാന്‍ കോടതി ഉത്തരവിടുന്നത്.വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റിലെ ചിലരും കുറ്റക്കാരാണെന്നു വിധിക്കുന്നതും ആദ്യമായാണ്.സിന്‍ഡിക്കേറ്റിന്‍റെ സെക്രട്ടറിയായ രജിസ്ട്രാറെ ഒഴിവാക്കിയ കോടതി, കുറ്റക്കാര്‍ ആരൊക്കെയെന്ന് പേരെടുത്തു പറഞ്ഞതു തെളിവുകളില്ലാതെയാണെന്നു കരുതാന്‍ വയ്യ.

തങ്ങള്‍ കുറ്റക്കാരല്ലെന്ന്‍ ആവര്‍ത്തിച്ചു പറഞ്ഞതു കൊണ്ട് കാര്യമില്ല.അത് ഉത്തരവാദപ്പെട്ടവരുടെ
മുമ്പില്‍ തെളിയിക്കുകയാണ് യൂണിവേഴ്സിറ്റി അധികൃതര്‍ ചെയ്യേണ്ടിയിരുന്നത്.അതിനു പകരം ഉത്തരക്കടലാസ്, ടെസ്റ്റില്‍ പങ്കെടുത്തവരുടെ ഹാജര്‍ലിസ്റ്റ്, തുടങ്ങിയ രേഖകള്‍ ഹാജരാക്കാതെ വിഡ്ഡിവേഷം കെട്ടുകയാണ് അവര്‍ ചെയ്തത്.ഫലപ്രഖ്യാപനം നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പോലും ഒരു വര്‍ഷക്കാലം സൂക്ഷിക്കണമെന്നു ചട്ടമുള്ളപ്പോള്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും മുമ്പ് ടെസ്റ്റിന്‍റെ ഉത്തരക്കടലാസുകള്‍ കാണാനില്ലെന്നു പറയുന്നത് വിശ്വസിക്കാ
നാകില്ല.

പ്രതിക്കൂട്ടിലായ സിന്‍റിക്കേറ്റംഗങ്ങളെല്ലാം സി പി എം പാര്‍ട്ടിക്കാരായതിനാല്‍ അഴിമതിയ്ക്ക് രാഷ്ട്രീയ നിറം വന്നു കഴിഞ്ഞു.അതോടെ അവരെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കാരും രംഗത്തെത്തി.
യുഡി എഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത സിന്‍റിക്കേറ്റിന്‍റെ കാലത്താണ് ടെസ്റ്റ് നടത്തിയതെന്നും
അതില്‍ ക്രമക്കേടു നടന്നതായി അന്നേ തങ്ങള്‍ പറഞ്ഞിരുന്നതാണെന്നുമാണ് ഡിവൈ എഫ് ഐ
നേതാക്കള്‍ ആരോപിക്കുന്നത്.അങ്ങനെയെങ്കില്‍ അതേ ടെസ്റ്റിലൂടെ യോഗ്യതാലിസ്റ്റില്‍ കയറിക്കൂടിയവരെ വിളിച്ച് ഇന്‍റര്‍ വ്യൂ നടത്തി നിയമിച്ചത് എന്തിനെന്ന്‍ അവര്‍ മറുപടി പറയണം.
സംസ്ഥാനത്തും യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലും എല്‍ ഡി എഫ് അധികാരത്തില്‍ വന്ന സ്ഥിതിക്ക്
ടെസ്റ്റ് റദ്ദു ചെയ്യുന്നതിന് യാതൊരു തടസ്സൂവുമില്ലായിരുന്നു.അങ്ങനെ ചെയ്യാതിരുന്നത് ടെസ്റ്റില്‍ ക്രമക്കേടു നടന്നെന്ന ആരോപണം അടിസ്ഥാനമില്ലാത്തതു കൊണ്ടും ഇന്‍റര്‍ വ്യൂവില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ തിരുകിക്കയറ്റാന്‍ എളുപ്പമാണെന്നു മനസ്സിലായതു കൊണ്ടുമാണ്.അതു തന്നെയാണു നടന്നതെന്ന് കോടതി വിധി വ്യക്തമാക്കുന്നു.

അസ്സിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തിന്‍റെ വ്യവസ്ഥ നിര്‍ദ്ദേശിച്ചിട്ടുള്ള കേരള സര്‍ വ്വകലാശാലാ ഓര്‍ഡിനന്‍സ് അനുസരിച്ച് ഇന്‍റര്‍വ്യൂ നിര്‍ബ്ബന്ധമല്ല.അതുകൊണ്ട് ഇന്‍റര്‍ വ്യൂ ഒഴിവാക്കണമെന്ന് യൂണിവേഴ്സിറ്റി ജീവനക്കാരുടെ സംഘടനകളെല്ലാം (മാര്‍ക്സിസ്റ്റു സംഘടന ഒഴികെ) ആവശ്യപ്പെട്ടിരുന്നതുമാണ്.എന്നിട്ടും ഒരു മാസത്തോളം നീണ്ട അഭിമുഖ മാമാങ്കം നടത്തിയത് ദുരുദ്ദേശ്യപരമാണ്.

സ്വന്തം പാര്‍ട്ടിസഖാക്കളെയും വന്‍ തുക കൈമടക്കു കൊടുത്ത മറ്റുള്ളവരെയുമാണ് നിയമിച്ചതെന്നാണ് യൂണിവേഴ്സിറ്റിയുടെ ഉപശാലകളില്‍ പ്രചരിക്കുന്ന വാര്‍ത്ത.യോഗ്യതയുള്ള നിരവധി പേരെ വെട്ടിനിരത്തിയിട്ടാണ് അര്‍ഹതയില്ലാത്തവരെ അവരോധിച്ചിരിക്കുന്നത് എന്ന കണ്ടെത്തല്‍ കുറ്റത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

കേരളാ യൂണിവേഴ്സിറ്റി ആക്റ്റ് 1971ല്‍ നിലവില്‍ വന്നശേഷം നിരവധി പ്രാവശ്യം അസ്സിറ്റന്‍റ് ഗ്രേഡ് നിയമനത്തിനായി ടെസ്റ്റും ഇന്‍റര്‍വ്യൂവും നടത്തിയിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരം ആരോപണമോ കോടതി നടപടിയോ ഉണ്ടായിട്ടില്ല. അന്നൊക്കെ ഇന്‍റര്‍ വ്യൂ ബോര്‍ഡില്‍ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ട സിന്‍ഡിക്കേറ്റംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.വി സിയും പിവി
സിയും നിഷ്പക്ഷത പുലര്‍ത്തുകയും ചെയ്തിരുന്നു.എന്നാല്‍ ആരോപണ വിധേയമായ ഇന്‍റര്‍ വ്യൂ ബോര്‍ഡില്‍ സിപി എം അംഗങ്ങളും പാര്‍ട്ടിയിലേക്കു ചാഞ്ഞുകൊണ്ടിരിക്കുന്ന വി സിയും പിവിസിയും മാത്രമാണുണ്ടായിരുന്നത്. എന്ത് അഴിമതി കാണിച്ചാലും ആരും അറിയാന്‍ പോകുന്നില്ല എന്ന വിശ്വാസവും ധിക്കാരവുമാണ് മയവും മര്യാദയുമില്ലാത്ത ക്രമക്കേടു നടത്താന്‍ അവരെ പ്രേരിപ്പിച്ചതെന്നു വേണം കരുതാന്‍.

എസ്സ്.രാമചന്ദ്രന്‍ പിള്ളയേയും ജി.സുധാകരനെയും പോലുള്ള കൊടി കെട്ടിയ മാര്‍ക്സിസ്റ്റ് നേതാക്കള്‍ സിന്‍ഡിക്കേറ്റംഗങ്ങളായിരുന്നിട്ടുണ്ട്.അവര്‍ ഇന്‍റര്‍ വ്യൂവും നടത്തിയിട്ടുണ്ട്.അവരാരും അഴിമതി നടത്തിയതായി ആരും ആരോപിക്കുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ല.അന്ന് അഴിമതിയുടെ കറപുരളാത്തവരെയും വിവരമുള്ളവരെയുമായിരുന്നു എല്ലാ പാര്‍ട്ടികളും യൂണിവേഴ്സിറ്റിഭരണ സമിതികളിലേക്ക് നിയോഗിച്ചിരുന്നത്.കാലം മാറിയപ്പോള്‍ തങ്ങളുടെ തിരികിടകളെ (വകയ്ക്കു കൊള്ളാത്തവരെ)തിരുകിക്കയറ്റാനുള്ള ഇടമായി രാഷ്ട്രീയ കക്ഷികള്‍ സര്‍ വ്വകലാശാലാ സമിതികളെ കാണാന്‍ തുടങ്ങി.അങ്ങനെ വിസ തട്ടിപ്പുകാരും കോപ്പിയടിച്ചു പരീക്ഷ ജയിച്ചവരും വരെ സെനറ്റിലും സിന്‍ഡിക്കേറ്റിലും എത്തിയതിന്‍റെ പരിണിത ഫലമാണ് കേരള സര്‍ വ്വകലാശാലയില്‍ ഇപ്പോള്‍ കണ്ടത്.സംസ്ഥാന ഭരണം മാറുന്നതിനനുസരിച്ച് പാര്‍ട്ടിയും കാഴ്ചപ്പാടും മാറ്റുകയും നട്ടല്ല് ഊരി അരയ്ക്കു കെട്ടുകയും ചെയ്യുന്ന വൈസ് ചാന്‍സലര്‍ മാരും കൂടിയാകുമ്പോള്‍ പതനം സമ്പൂര്‍ണ്ണമാകാതെ തരമില്ല.

ഉപലോകായുക്തയുടെ കണ്ടെത്തലുകള്‍ വാസ്തവമായ സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം അനുസരിക്കുകയാണ് യൂണിവേഴ്സിറ്റിക്കും സര്‍ക്കാരിനും സമൂഹത്തിനും നല്ലത്.ദുര്‍ബ്ബലവും ബാലിശവുമായ വാദങ്ങളുയര്‍ത്തി അപ്പീലിനു പോകാനാണ് ശിക്ഷാവിധേയരായ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കും മറ്റും താല്പര്യമെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ പോകുകയാണു വേണ്ടത്.

Fans on the page

No comments: