Total Pageviews

Tuesday, August 26, 2008

അച്യുതാനന്ദന്‍ എന്ന 'തീവ്ര വാദി'

രണ്ടാം ഭൂപരിഷ്കരണം എന്നത് ചില തീവ്ര വാദ സംഘടനകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണെന്ന് സിപിഐ
(എം) സംസ്ഥാന കമ്മിറ്റി.വിപ്ലവ വായാടിത്തമെന്ന് സംസ്ഥാന സെക്രട്ടറി.

രണ്ടാം ഭൂപരിഷ്കരണത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് സ.അച്യുതാനന്ദനാണ്.അദ്ദേഹത്തിനെതിരെ
ഉള്ള ഒളിയമ്പാണ് സംസ്ഥാനകമ്മിറ്റി പ്രയോഗിച്ചതെന്ന് മനസ്സിലാക്കാന്‍ വലിയ രഷ്ട്രീയ വിശകലന ബോധമൊന്നും
വേണ്ട.തനിക്കെതിരേ ആണ് എയ്ത്തെന്ന് ആദ്യമായി തിരിച്ചറിഞ്ഞതും സ.അച്യുതാനന്ദന്‍ തന്നെ.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സാക്ഷാല്‍ സെക്രട്ടറിയില്‍ നിന്ന് തെളിയമ്പു നേരേ കിട്ടിയതോടെ സംശയം അവശേഷിച്ചിരുന്ന അണികള്‍ക്കും മറ്റു മാലോകര്‍ക്കും ബോദ്ധ്യമായി. കോട്ടയം സമ്മേളനം കഴിഞ്ഞതോടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത (ഇത് മാദ്ധ്യമ സൃഷ്ടിയാണെന്നു നിരന്തരം
പറഞ്ഞുകൊണ്ടിരുന്ന ആളാണ് സെക്രട്ടറി)അവസാനിച്ചു എന്നു സെക്രട്ടറി പറഞ്ഞത് അക്ഷരം പ്രതി വിശ്വസിച്ച അണികള്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ചിന്താശേഷി നശിച്ച സ്വന്തം അനുയായികളോടൊപ്പം നിഷ്പക്ഷമതികളായ ഒരു വിഭാഗത്തെയും തെറ്റിദ്ധരിപ്പിക്കുവാനാണ് സംസ്ഥാന സെക്രട്ടറി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സ.അച്യുതാനന്ദനെ തീവ്രവാദിയാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് അദ്ദേഹവും പാര്‍ശ്വവര്‍ത്തികളും.തന്നാലാകും വിധം പ്രതിരോധിക്കാന്‍ സ.വി.എസ് ശ്രമിക്കുന്നുണ്ടെങ്കിലും ആളും അര്‍ത്ഥവും സ്വനഗ്രാഹികളും മുഴുവന്‍ അപ്പുറത്തായതിനാല്‍ പലതും പണ്ടേപ്പോലെ ഫലിക്കുന്നില്ല.

ഇത്രയും ക്ഷീണം വരാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.കോട്ടയം സമ്മേളനത്തിനു ശേഷം പാര്‍ട്ടിയുടെ
സമ്പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്ന്, അണികള്‍ക്കൊപ്പം ,തന്‍റെ ശുദ്ധഗതികൊണ്ട് മുഖ്യമന്ത്രിയും വിശ്വസിച്ചു.
അതിന്‍റെ ബലത്തില്‍ ഘടക കക്ഷികളുടെ വകുപ്പുകളില്‍ കൈ കടത്താനും ക്ഷീണിപ്പിക്കാനും ചില സൂപ്പര്‍
മുഖ്യന്മാര്‍ ശ്രമിച്ചപ്പോള്‍ കൂട്ടു നില്‍ക്കുകയും ചെയ്തു.പൊതുമരാമത്ത്,സിവില്‍ സപ്ലൈസ്,കൃഷി തുടങ്ങി
മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന വകുപ്പുകള്‍ക്ക് സഹായം നല്‍കാതിരുന്ന ധനവകുപ്പിനെ ഉപദേശിക്കണ്ടതിനു
പകരം എന്‍പിള്ള നയമാണ് അദ്ദേഹം അനുവര്‍ത്തിച്ചത്.തനിക്കെതിരെ പോളിറ്റ് ബ്യൂറോയിലും മറ്റു പാര്‍ട്ടി
വേദികളിലും നേതാക്കന്മാരുടെ ചെവിയിലും ആരോപണവും ഏഷണിയും വിളമ്പിയവരാണ് ഇവരില്‍ പലരും
എന്നുള്ള കാര്യം പോലും പാര്‍ട്ടിക്കൂറു മൂലം മുഖ്യന്‍ മറന്നു.ഭക് ഷ്യ സുരക്ഷാ പദ്ധതി താമസിക്കുന്നതും
വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ അമാന്തം വരുത്തുന്നതും റോഡുകള്‍ തോടുകളായി കിടക്കുന്നതും ഭരണത്തിന്‍റെ
സല്പ്പേരിനു കളങ്കമുണ്ടാക്കുമെന്നും അദ്ദേഹം ഓര്‍ത്തില്ല.

'തമ്പ്രാനെ കുത്തിയ കാള അടിയാനെയും കുത്തും' എന്നേ ഒരുപക്ഷേ മുഖ്യമന്ത്രി കേട്ടിരിക്കൂ.അതുകൊണ്ട് അടിയാനെ കുത്തിയ കാള തമ്പ്രാനെ കുത്തില്ല എന്നു വിചാരിച്ചു കാണും.കാളകളാകട്ടെ തമ്പ്രാനെ കുത്താനുള്ള
മുന്നൊരുക്കമാണ് യഥാര്‍ത്ഥത്തില്‍ അടിയാന്മാരുടെ മേല്‍ പ്രയോഗിച്ചു നോക്കിയത്.പല സന്ദിഗ്ധ ഘട്ടത്തിലും
മുഖ്യന്‍റെ രക്ഷക്കെത്തിയിട്ടുള്ള കക്ഷികളെ അകറ്റി ഒറ്റപ്പെടുത്തി ആക്രമിക്കുക എന്ന തന്ത്രമാണ് ഇതു വഴി പാര്‍ട്ടിയിലെ മാനേജര്‍മാര്‍ ആസൂത്രണം ചെയ്തത്.

യാഥാര്‍ത്ഥ്യം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയി.കിങ്കരന്മാരെ വിട്ടും നേരിട്ടും പതിനെട്ടടവും പയറ്റിയിട്ടും സ്ഥാനാര്‍ത്ഥിത്വവും തുടര്‍ന്ന് മുഖ്യമന്ത്രി പദവും അച്യുതാനന്ദനു ലഭിച്ചതിലു ള്ള കൊതിക്കെറുവ്
(മറ്റു മാന്യമായ യാതൊരു വിശേഷണവും ഈ മനോഭാവത്തിനു ചേരില്ല)സ.പിണറായിക്ക് ഇതു വരെ തീര്‍ന്നിട്ടില്ല. അന്നു മുതല്‍ ഇന്നു വരെ മുഖ്യമന്ത്രിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം പാര പണിഞ്ഞു
കൊണ്ടിരിക്കുന്നു.അതിന്‍റെ ക്ലൈമാക്സാണ് ഇപ്പോള്‍ നടത്തുന്ന അപവാദ വായാടിത്തം.അഖിലേന്ത്യാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ പോലും സ. വീ എസി നെതിരെ സംസ്ഥാന സെക്രട്ടറിസഖാവ് ഉറഞ്ഞു തുള്ളുകയാണ്.തന്നെ ആരും 'നേതൃസ്ഥാനത്തേക്ക് കെട്ടിയിറക്കിയതല്ല' എന്നു മുന്‍പൊരവസരത്തില്‍ പിണറായി
പറഞ്ഞിട്ടുള്ളത് ഓര്‍മ്മയുള്ളിടത്തോളം കാലം ദേശീയ സെക്രട്ടറി അദ്ദേഹത്തിനെതിരെ മിണ്ടില്ല.

ഭൂമാഫിയകള്‍ അനധികൃതമായി കൈയടക്കി വച്ചിരിക്കുന്ന സര്‍ക്കാര്‍ വക ഭൂമി ഏറ്റെടുത്ത് കിടപ്പാടമില്ലാത്ത
വര്‍ക്ക് വീതിച്ചു കൊടുക്കും എന്ന് മുഖ്യമന്ത്രി പലപ്പോഴും പറഞ്ഞതായിട്ടറിയാം. അതിനെ ഒന്നും രണ്ടുമേക്കര്‍ വസ്തുവുള്ളവരുടെ കൈയ്യില്‍ നിന്നും അവ പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്കു വിതരണം
ചെയ്യണമെന്നാണെന്ന് വ്യാഖ്യാനിക്കുകയും വിപ്ലവ വായാടിത്തമെന്ന് ആക്ഷേപിക്കുകയുമാണ് പിണറായിചെയ്തു
കൊണ്ടിരിക്കുന്നത്.മുന്‍ തീവ്ര വാദികളും ഇപ്പോള്‍ തീവ്രവാദികളായവരും ആണ് ഇത്തരം അരാജക വാദങ്ങള്‍
ഉന്നയിക്കുന്നത് എന്നും അദ്ദേഹം ആരോപിക്കുന്നു.തന്‍റെ വായാടിത്തത്തേക്കാള്‍ മുഖ്യന്‍റെ വാക്കുകളാണ്
നാട്ടുകാര്‍ വിശ്വസിക്കുന്നതെന്നു കണ്ടപ്പോള്‍ പാര്‍ട്ടിയിലെ പിണിയാളുകളെ കൂട്ടു പിടിച്ച് അദ്ദേഹത്തിനെതിരെ
പഴയ 'അപരാധങ്ങള്‍' കുത്തിപ്പൊക്കുകയാണിപ്പോഴത്തെ പിണറായിപ്പണി.ഏതാനും മാസങ്ങള്‍ക്കപ്പുറം ഒരു ബിഷപ്പിനെതിരെ ശ്രീ.പിണറായി പ്രയോഗിച്ച അതേ പദം തന്നെയാണ് അദ്ദേഹം ഇപ്പോള്‍ ആടിക്കൊണ്ടിരിക്കുന്ന കത്തിവേഷത്തിനും ഉരുവിട്ടുകൊണ്ടിരിക്കുന്ന അശ്ലീല വാങ്മയങ്ങള്‍ക്കും ഏറ്റവും ചേരുക.

ലാവ് ലിന്‍ കേസ്സില്‍ സെക്രട്ടറിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തി; സ്ഥാനാര്‍ത്ഥിയാകാന്‍ വളഞ്ഞ വഴികള്‍
സ്വീകരിച്ചു; തുടങ്ങി പണ്ട് പോസ്റ്റ്മാര്‍ട്ടം നടത്തി സംസ്കരിച്ച ആരോപണങ്ങള്‍ക്കൊപ്പം പുതിയ ചാര്‍ജ്ജ് ഷീറ്റുമുണ്ട് മുഖ്യമന്ത്രിക്കെതിരെ.പാര്‍ട്ടിയുടെ അന്തസ്സ് നോക്കാതെ സ്വന്തം പ്രതിച്ഛായ നന്നാക്കാന്‍ ശ്രമിക്കുന്നു;
ഒറ്റയാന്‍ പ്രവര്‍ത്തനത്തിലൂടെ മുന്നണിയുടെ കെട്ടുറപ്പു തകര്‍ക്കുന്നു;എന്നിങ്ങനെ 'നവലിബറല്‍' കുറ്റപത്രങ്ങള്‍
പലതാണ്.ഘടക കക്ഷികള്‍ക്കെതിരെ വാളോങ്ങിയവര്‍ തന്നെയാണ് പാര്‍ട്ടി വേദികളിലും മുഖ്യമന്ത്രിക്കെതിരെ
ആരോപണങ്ങള്‍ പൈലറ്റ് ചെയ്തത്.അതില്‍ നിന്നു തന്നെ വളരെ ആസൂത്രിതമാണ് ഈ ആക്രമണം എന്ന് ആര്‍ക്കും മനസ്സിലാകും.

കൈയും കാലും കെട്ടി വെള്ളത്തിലിട്ടിട്ട് നീന്തുന്നില്ല എന്ന് ആക്ഷേപിക്കുന്നതു പോലെയാണ്, മുഖ്യന്‍ നേരേ
ചൊവ്വേ ഭരിക്കുന്നില്ല എന്ന കുറ്റപ്പെടുത്തല്‍.ഭരണത്തില്‍ കയറിയ അന്നു മുതല്‍ ഒന്നും ചെയ്യാന്‍ അനുവദിക്കാതെ പാരവച്ചവര്‍, ഇപ്പോഴും പാര പണിതു കൊണ്ടിരിക്കുന്നവര്‍, ഇത്തരം ആരോപണങ്ങള്‍
ഉന്നയിക്കുന്നതു കേള്‍ക്കുവാന്‍ രസമുണ്ട്.നേതാവ് എന്തു പറഞ്ഞാലും ഏറ്റു പറയുന്ന സ്വന്തം അനുയായികള്‍
മാത്രമല്ല കേരളത്തിലുള്ളതെന്ന് ഇത്തരം വിടുവായത്തം വിളമ്പുന്നവര്‍ ഓര്‍ക്കണം.

ഏ.കെ.ആന്‍റണി ഒടുവില്‍ മുഖ്യമന്ത്രി ആയപ്പോള്‍ കെ.കരുണാകരനും മകനും കൂടി കളിച്ച കളിയാണ്
പിണറായിയും ഉപജാപക സംഘങ്ങളും കൂടി അച്യുതാനന്ദനു നേര്‍ക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹം
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറിയ അന്നു തുടങ്ങിയതാണിത്.ആന്‍റണിയ്ക്ക് ടോര്‍പ്പിഡോ വയ്ക്കാന്‍ അച്ഛനും മോനും മാത്രമേ ഉണ്ടായിരുന്നുള്ളു;പാര്‍ട്ടിയില്ലായിരുന്നു.ഇവിടെ സ്ഥിതി വ്യത്യസ്തമാണ്.
പാര്‍ട്ടി നേതൃത്വം കൈയ്യടക്കിയ പിണറായി സ്വന്തം സിന്‍ഡിക്കേറ്റുണ്ടാക്കി മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി
ആക്രമിക്കുകയും അവഹേളിക്കുകയുമാണ്.ഒരു കമ്യൂണിസ്റ്റു മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കില്‍
ഒന്നും ചെയ്യാനാകില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.പിന്തുണയ്ക്കു പകരം പിന്‍ കുത്താകുമ്പോഴത്തെ
സ്ഥിതി പറയാനുണ്ടോ?

എന്തൊക്കെ പയറ്റിയിട്ടും പഴയ പടക്കുതിര മെരുങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അപമാനിച്ചു പുറത്തു ചാടിക്കാനാണു ശ്രമം.അതിന്‍റെ കേളി കൊട്ടാണ് ദേശീയ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ പുറത്തെടുത്ത
പുതിയ ആരോപണങ്ങളും രണ്ടാം ഭൂപരിഷ്കരണ വിവാദങ്ങളും.അച്യുതാനന്ദനെയും ഭൂമാഫിയയ്ക്കെതിരെ
നിലകൊള്ളുന്നവരെയും 'തീവ്രവാദികള്‍ എന്നു വിളിക്കുന്നതിന്‍റെ പിന്നില്‍ നാണം കെട്ട മാഫിയാ വിധേയത്വമാണുള്ളത്.പുതു മടിശീലക്കാരന്‍റെ ആര്‍ഭാടത്തിലും സല്‍ക്കാരത്തിലും ഭ്രമിച്ച് അവര്‍ക്കു വേണ്ടി
സ്വന്തം സഖാക്കളെ തള്ളിപ്പറയുകയും ഒറ്റുകൊടുക്കുകയുമാണ് ഈ 'സോ കാള്‍ഡ്' കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത്.കമ്യൂണിസം വരണമെങ്കില്‍ ക്യാപ്പിറ്റലിസം വരണമെന്നും അതുകൊണ്ട് മൂലധന നിക്ഷേപമാണ് അടിയന്തിര ആവശ്യമെന്നും പറയുന്ന ഇവരുടെ പ്രത്യയശാസ്ത്ര വ്യാഖ്യാനം ആര്‍ക്കു വേണ്ടി ആണെന്നും
ആരെ രക്ഷിക്കാനാണ് പുതിയ വേഷം കെട്ടലെന്നും വ്യക്തമാകുന്നുണ്ട്.

എന്തായാലും വാരിക്കുന്തവുമായി വര്‍ഗ്ഗ ശത്രുവിനെ നേരിട്ടതിന്‍റെ തഴമ്പു കൈയ്യിലുള്ള പഴയ കമ്യൂണിസ്റ്റുകരന്‍, തോക്കു വീട്ടിലും ഉണ്ട ലാപ്ടോപ് ബാഗിലുമിട്ടു നടക്കുന്ന ഹൈ ടെക് വിപ്ലവകാരികളേക്കാള്‍ ഭേദമാണ്.1957-ല്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിക്കു കിട്ടിയതിനേക്കാള്‍
ഭൂരിപക്ഷം രണ്ടു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും കൂടി കിട്ടിയിട്ടും മെച്ചപ്പെട്ട രീതിയില്‍ ഭരിക്കാന്‍ കഴിയാത്ത
തിന്നു കാരണം മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ സിപിഐ(എം)സെക്രട്ടറിയുടെ കൊതിക്കെറുവും കുടിപ്പകയും
മാത്രമാണ്.ലോട്ടറി രാജാക്കന്മാരും മദ്യപ്രഭുക്കന്മാരും റിയല്‍ എസ്റ്റേറ്റ് ചക്രവര്‍ത്തിമാരും, കമ്യൂണിസം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത കുറെ എറാന്‍ മൂളികളും, കൂടുണ്ടെങ്കില്‍ ആരെയും വെല്ലുവിളിക്കാമെന്ന
ധാര്‍ഷ്ട്യവും ചേരുമ്പോള്‍ പറയുകയും വേണ്ടാ.






Fans on the page

3 comments:

chithrakaran ചിത്രകാരന്‍ said...

ഭരണം കയ്യില്‍ കിട്ടുംബോള്‍ സ്വയം അടികൂടി വിഢികളാകുന്നവര്‍ !!!
മര്യാദക്ക് പരസ്പ്പര ബഹുമാനത്തോടെ സംസാരിക്കാനറിയാമായിരുന്നെങ്കില്‍ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്ക് അന്തസ്സുണ്ടായേനെ.

dethan said...

പ്രിയ ചിത്രകരാ,
പരസ്പര ബഹുമാനമൊക്കെ സംസ്കാരമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ പാര്‍ട്ടിയാണെന്ന ബോധമുണ്ടായിരുന്നെങ്കില്‍ അഹങ്കാരത്തിന്‍റെയും അല്പത്തത്തിന്‍റെയും ഭാഷയില്‍
സംസാരിക്കുമായിരുന്നില്ലല്ലോ.

അതൊക്കെ പോകട്ടെ.എന്തെല്ലാം കുറ്റവും കുറവുമുണ്ടായാലും സ.വി എസ് അച്ച്യുതാനന്ദന്‍റെ മുഖ്യമന്ത്രി സ്ഥാനത്തിന് അപൂര്‍ വ്വമായ ഒരു ചരിത്രപ്രസക്തിയുണ്ട്.എല്ലാ അര്‍ത്ഥത്തിലും
തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായ ഒരു വ്യക്തി മുഖ്യമന്ത്രിക്കസേരയില്‍ എത്തുന്നത് ഇന്ത്യയില്‍ ആദ്യമായാണ്.കേരളത്തിലും ബംഗാളിലും തൃപുരയിലും മുഖ്യമന്ത്രിമാരായിരുന്ന കമ്യൂണിസ്റ്റുകാരില്‍ ആരും
ഇത്തരം പശ്ചാത്തലത്തില്‍ നിന്നു വന്നവരായിരുന്നില്ല.ഭരണപരമായ യാതൊരു മുന്‍ പരിചയവുമില്ലാത്ത അദ്ദേഹത്തിനെ സഹായിക്കേണ്ട കടമ പാര്‍ട്ടിയുടേതാണ്.അതിനു പകരം പാര വയ്ക്കാനും പോരായ്മ കണ്ടു
പരിഹസിക്കാനുമാണ് സെക്രട്ടറിയും ആശ്രിതന്മാരും ശ്രമിക്കുന്നത്.ആരു ക്ഷമിച്ചാലും ചരിത്രം ഇവര്‍ക്ക് മാപ്പു
കൊടുക്കില്ല.
-ദത്തന്‍

കടവന്‍ said...

ചിന്താശേഷി നശിച്ച സ്വന്തം അനുയായികളോടൊപ്പം നിഷ്പക്ഷമതികളായ ഒരു വിഭാഗത്തെയും തെറ്റിദ്ധരിപ്പിക്കുവാനാണ് സംസ്ഥാന സെക്രട്ടറി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതാണു സത്യം