Total Pageviews

Friday, August 8, 2008

വ്യാജ സ്വാമിമാരും വനിതാ വിമോചകരും

കള്ളസ്വാമിമാരുടെയും ആള്‍ദൈവങ്ങളുടെയും വിക്രിയകളും തിരുമാലിത്തരങ്ങളും മാദ്ധ്യമങ്ങളില്‍ നിറഞ്ഞു
നിന്ന കാലം കഴിഞ്ഞു.ഒറ്റപ്പെട്ട ജാമ്യാപേക്ഷകളും വല്ലപ്പോഴും വിഷയ ദാരിദ്ര്യം നേരിടുമ്പോള്‍ ചില ചാനലുകാര്‍ കാണിക്കുന്ന ക്ലിപ്പിങ്ങുകളും മാത്രമാണ് അവയുടെ ബാക്കിപത്രം.

വ്യാജ സ്വാമിമാരുടെ ഉച്ചിഷ്ടം പറ്റി ഉപജീവനം നടത്തിവന്നിരുന്ന ചില സംഘങ്ങളും പാര്‍‍ട്ടികളും വ്യാജവേട്ടയില്‍ പരിഭ്രാന്തരായി.അവരുടെയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഏതാനും സന്ന്യാസി സമൂഹങ്ങളുടെയും കയംകുളം വാളുകളായി മാറുന്ന ചാനലുകളുടെയും എതിര്‍പ്പുണ്ടായതു കൊണ്ടാകാം ഇപ്പോള്‍ അത്തരം വേട്ടകളുടെ വാര്‍ത്ത കേള്‍ക്കാനില്ല.

കള്ളസ്വാമിമാരുടെ തനിനിറം വെളിച്ചത്തായപ്പോള്‍ കബളിപ്പിക്കപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും
കഥകളും പുറത്തുവന്നിരുന്നു.സന്തോഷ് മാധവന്‍ എന്ന വ്യാജന്‍ ആദ്യമായി പറ്റച്ചത് ഒരു സ്ത്രീയെയാണ്.
ഇയാള്‍ പ്രയപൂര്‍ത്തിയാകാത്ത നിരവധി പെണ്‍‍കുട്ടികളെ പീഡിപ്പിക്കുകയും ബ്ലൂഫിലിം നിര്‍മ്മാണത്തിന് ഉപയോഗിക്കുകയും ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു.പീഡനത്തിരയായ പെണ്‍കുട്ടികളില്‍ നിന്നും തെളിവെടുപ്പു നടത്തുകയും ചെയ്തു.

സമൂഹം മുഴുവന്‍ വെറുപ്പോടെയും അവജ്ഞയോടെയും ഈ കള്ളന്മാര്‍ക്കു നേരേ തിരിഞ്ഞപ്പോഴും ഇവിടുത്തെ സ്ത്രീസംരക്ഷക സംഘടനകള്‍ ഒരക്ഷരം പോലും ഉരിയാടിക്കേട്ടില്ല.ഇടതുപക്ഷ വനിതാ സംഘടനകളുടെ പതിവു പ്രതികരണം ഉണ്ടായി എന്നതു നേര്.ആര്‍ഷഭാരത സംസ്കാരത്തിന്‍റെ ഹോള്‍സെയില്‍
ഏജന്‍റുമാരുടെ വനിതാവിഭാഗം മിണ്ടില്ല.എവിടെയെങ്കിലും സ്ത്രീപീഡനം നടന്നെന്നു കേട്ടാലുടനെ ചാടി വീഴുന്ന നമ്മുടെ സ്ഥിരം വനിതാ സംഘങ്ങളും മഹിളാപ്രമാണിമാരും ഇക്കാര്യത്തില്‍ മൗനം അവലംബിച്ചു. പീഡകര്‍ക്കെതിരെ നിയമയുദ്ധത്തിനും തെരുവു യുദ്ധത്തിനും മുന്നിട്ടു നിന്നിരുന്ന ഇക്കൂട്ടരുടെ നിശ്ശബ്ദത ദുരൂഹമാണ്.

അതേസമയം, ജിലേബി സ്വാമിയെന്ന ഒരു കള്ളനു വേണ്ടി ചില മഹിളാമണികള്‍ രംഗത്തെത്തുകയ്ണ്ടായി.
തങ്ങളുടെ സ്വാമി പരിശുദ്ധനും പെരിയ സംയമിയുമാണെന്നും സ്ത്രീകളുടെ നേരേ പോലും നോക്കാത്തവനുമാണെന്ന് അവര്‍ വാദിച്ചു.ഒരാഴ്ച കഴിയും മുമ്പേ ഒരു പാവം സ്ത്രീ പരാതിയുമായി അധികൃതരെ സമീപിച്ചു.താന്‍ ജിലേബി സ്വാമിയുടെ ഭാര്യയാണെന്നും ഒക്കത്തിരിക്കുന്ന കുട്ടി അയാളുടേതാണെന്നും തന്നെ വഞ്ചിച്ചു കടെന്നെന്നും അവര്‍ പറഞ്ഞു.അതോടെ ആസാമിസംരക്ഷകരായി അവതരിച്ച ലലനാമണികളെ കാണാതായി.

എന്നിട്ടും നമ്മുടെ വനിതാസഹായികള്‍ അനങ്ങിയില്ല.പിടിക്കപ്പെട്ട വ്യാജ ദൈവങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ചിലര്‍ വനിതകളായിരുന്നതു കൊണ്ടാകുമോ അവര്‍ അനങ്ങാതിരുന്നത്?കേരളത്തിലെ ഏറ്റവും വലിയ വ്യജദൈവം പെണ്ണായതിനാലാകുമോ പെണ്‍പക്ഷ സിംഹികള്‍ നിശ്ശബ്ദരായത്?അതോ വനിതാ നേതാക്കളും കള്ളദൈവങ്ങളുടെ പറ്റുപടിക്കാരായിരുന്നോ?ചില പോലീസ് വല്യമ്മച്ചിമാര്‍ ഒരു വ്യാജന്‍റെ
ഭക്തരായിരുന്നു എന്ന വാര്‍ത്തകള്‍ ആരും ഇതുവരെ നിഷേധിച്ചിട്ടില്ല.

അനാഥരും അശരണരുമായ സാധു പെണ്‍കുട്ടികളുടെ സംരക്ഷണമേറ്റെടുത്ത ശേഷം അവരെ ലൈംഗികപീഡനത്തിനിരയാക്കുന്ന ക്രൂരത എത്ര ഗര്‍ഹണീയമാണ്!രക്ഷക വേഷമണിഞ്ഞവന്‍ അന്തകനാണെന്നു
തിരിച്ചറിയുന്ന കൗമാര മനസ്സിന്‍റെ നിസ്സഹായതയും ഭയവും വേദനയും ഊഹാതീമാണ്.ചോര മരവിപ്പിക്കുന്ന
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാത്ത പെണ്മനസ്സുകളെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്?Fans on the page

4 comments:

നട്ടപിരാന്തന്‍ said...

മലയാളികളുടെ സദാചാരകാപട്യം, ഞാനടക്കമ്മുള്ള എല്ലാ മലയാളികളുടെയും അവസാനശ്വാസം വരെയുണ്ടാവും

അതിനെന്തിനാ നമ്മള്‍, സ്ത്രീവിമോചനപ്രവര്‍ത്തകര്‍ക്ക് എതിരെ തിരിയുന്നത്.

dethan said...

നട്ടപിരാന്തന്,
മലയാളികളുടെ സദാചാര കാപട്യമല്ല ഇവിടെ വിഷയം;
രക്ഷക കാപട്യമാണ്.പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ രക്ഷകരായി എന്നും പ്രത്യക്ഷപ്പെട്ടിട്ടുള്ളവര്‍
ഈ അവസരത്തില്‍ നിശ്ശബ്ദരായത് സംശയാസ്പദമാണ്.
-ദത്തന്‍

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

the joker said...

നട്ടപിരന്താ, സ്ത്രീ വിമോചന പ്രവര്‍ത്തകര്‍ കാണിക്കുന്ന സദാചാര കാപട്യം ആ മലയാളികലുടെ കൂട്ടത്തില്‍ വരില്ലെ??