Total Pageviews

Monday, August 4, 2008

പാഠപുസ്തക സമര പാഠഭേദം

ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകം സര്‍ക്കാര്‍ പിന്‍ വലിച്ച് മാപ്പു പറയാതെ പിന്മാറില്ല എന്നു പ്രഖ്യാപിച്ച് സമരത്തിനിറങ്ങിയ കോണ്‍ഗ്രസ്സും സംഘവും(യുഡി എഫിലെ പാര്‍ട്ടികള്‍ എല്ലാം സമരത്തിലില്ലാത്തതു കൊണ്ടാണ് അങ്ങനെ പരാമര്‍ശിച്ചത്)ഇപ്പോള്‍ ഡിമാന്‍റില്‍ മാറ്റംവരുത്തിയിരിക്കുന്നു.പാഠപുസ്തകം മുഴുവനായും മാറ്റണ്ടാ,വിവാദ പാഠഭാഗം മാത്രം പിന്‍ വലിച്ചാല്‍ മതിയത്രേ.

കുട്ടിക്കുരങ്ങുകളെ ഇളക്കിവിട്ടിട്ട് ശക്തി പോരാഞ്ഞതിനാലാകാം മൂത്തവര്‍ നേരിട്ട് സമരത്തിനിറങ്ങിയത്.പോയ നൂറ്റാണ്ടിലെങ്ങോ ജീവിക്കേണ്ട ചില മത മേലദ്ധ്യക്ഷന്മാര്‍ പറഞ്ഞ വിവരക്കേടു കേട്ട് സമരത്തിനു ചാടിപ്പുറപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം, സര്‍ വ്വാംഗം നരച്ചിട്ടും കെ എസ് യു നിലവാരത്തില്‍ നിന്ന് ഉയര്‍ന്നിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണ്.വിമോചന സമരത്തിലൂടെ രാഷ്ട്രീയത്തില്‍ എത്തിപ്പെട്ടവര്‍ക്ക് അതിന്‍റെ ഹാങ്ങോവറില്‍ നിന്ന് ഇതു വരെയും മോചനം ഉണ്ടായിട്ടില്ലെന്നും കരുതേണ്ടിയിരിക്കുന്നു.

മതനിഷേധവും മതനിരാസവും ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലുണ്ടെന്ന് അച്ചന്മാരും എന് എസ് എസ് പ്രമാണിമാരും മുസ്ലീം ലീഗുകാരും ആരോപണം ഉന്നയിക്കുന്നത് മനസ്സിലാക്കാം.മതവും ജാതിയും ദൈവവും ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നു വിചാരിക്കുന്നവര്‍.അഥവാ ഇവയൊക്കെ വയറ്റുപിഴപ്പിനു കൊണ്ടു നടക്കുന്നവര്‍.മിശ്രവിവാഹം നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവര്‍!അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഊരുവിലക്കും സമുദായഭ്രഷ്ടും കല്പിക്കുന്നവര്‍.അതുപോലെയാണോ ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്‍റെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ്? സ്വന്തം പാര്‍ട്ടിയിലെ വലിയ നേതാക്കളുടെ ചരിത്രമെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ മിശ്ര വിവാഹ ദമ്പതികളുടെ കഥ പറയുന്ന പാഠഭാഗം മഹാപാതകമാണെന്നു ഇവര്‍ക്ക് പറയാന്‍ കഴിയുമായിരുന്നോ.ഇന്ദിരാ ഗാന്ധി മുതല്‍ സോണിയാ ഗാന്ധി വരെയുള്ളവര്‍ സ്വന്തം ജീവിതത്തില്‍ ചെയ്തത് പാഠപുസ്തകത്തില്‍ വന്നപ്പോള്‍ നിഷിദ്ധമായതെങ്ങനെ?

ചിലരങ്ങനെയാണ് .തങ്ങളുടെ കൂടെയുള്ളവരുടെ എണ്ണം എടുക്കുമ്പോള്‍ സ്വന്തം കാര്യം മറന്നു പോകും.അത്തരക്കാര്‍ പക്ഷെ ഒരിക്കലും അടുത്തു നില്ക്കുന്നവരെ മറക്കാറില്ല;മറക്കാന്‍ പാടുമില്ല.'അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുന്ന' കേരളത്തിലെ കോണ്ഗ്രസ്സുകാര്‍ വിശേഷിച്ചും.സ്വന്തം നേതാക്കളെ മറന്നത് ആ നിലക്ക് ക്ഷമിക്കാവുന്നതേയുള്ളു.പക്ഷെ കൂടെ നിന്ന കെആര്‍.ഗൗരിയമ്മയെ മറന്നതിനെ എങ്ങനെയാണു ന്യായീകരിക്കുക?പുതിയ ചാര്‍ച്ചക്കാരനായിരിക്കുന്ന പി സി ജോര്ജ്ജിനെ മറന്നതിന് എന്തു സമാധാനമാണുള്ളത്?ഗൗരിയമ്മയുടെ ഭര്‍ത്താവ് സ.റ്റിവി.തോമസ് ജീവിച്ചിരിപ്പില്ലാത്തതു കൊണ്ട് ഓര്‍ത്തില്ല എന്നു വേണമെങ്കില്‍ വാദിക്കാം.അടുത്ത കാലത്ത് ജഗതി ശ്രീകുമാറിന്‍റെ സന്താനവും തന്‍റെ സന്താനവും തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്ത ജോര്ജ്ജിനെ വിസ്മരിച്ചതിന് യാതൊരു ന്യായീകരണവുമില്ല.മതം മാറ്റിയിട്ടായിരിക്കാം കല്യാണം നടത്തിയത്.എങ്കിലും സംഗതി മിശ്രം തന്നല്ലോ.

ഗൗരിയമ്മ ജോര്ജ്ജിന്‍റെ ജനുസ്സില്‍ പെടാത്തതു കൊണ്ട് ആദ്യമേ തന്നെ എതിര്‍ത്തു.സ്വന്തം കാര്യം പറഞ്ഞല്ല,തത്വത്തിന്‍റെ പേരില്‍ തന്നെ.എം വി രാഘവനും സമരത്തിനില്ലെന്നു പറഞ്ഞു.എന്നിട്ടും കൂടെ നില്‍ക്കുന്നവരുടെ വാക്കിനല്ല മതാന്ധന്മാരുടെ ഉദ്ബോധനത്തിനാണ് കോണ്‍.നേതാക്കള്‍ വില കല്പിച്ചത്.പാഠ പുസ്തകം പിന്‍ വലിപ്പിക്കാന്‍ സമരത്തിനു പുറപ്പെട്ടിട്ട് സമരത്തിനും ആവശ്യങ്ങള്‍ക്കും പാഠഭേദം ചമച്ച് പിന്‍ വാങ്ങേണ്ടി വന്നത് അതുകൊണ്ടാണ്.

പാവപ്പെട്ട ഒരു അദ്ധ്യാപകനെ ചവിട്ടിക്കൊന്ന യൂത്ത് ലീഗുകാരെ ന്യായീകരിക്കുന്ന മൂത്ത ലീഗുകാര്‍ യഥാര്‍ത്ഥത്തില്‍ നെഹ്രുവിനോടുള്ള പകപോക്കുകയായിരുന്നു.ലീഗിനെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ചത് നെഹ്രുവാണ്.വയലാര്‍ രവിയും കൂട്ടരും എങ്ങനൊക്കെ തങ്ങള്‍മാരുടെ കാലു തിരുമ്മിയാലും പഴയ നെഹ്രുവിരോധം ലീഗിനു മാറില്ല.അവര്‍ അദ്ദേഹത്തിന്‍റെ ഉദ്ധരണികള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇഷ്ടപ്പെടാത്തത് സ്വാഭാവികം.

നെഹ്രുവിന്‍റെ ആത്മകഥ വായിച്ചിട്ടില്ലാത്തവരേ അദ്ദേഹം ദൈവ വിശ്വാസിയും മതനിഷ്ഠനുമാണെന്നു വാദിക്കുകയുള്ളു.കോണ്‍ഗ്രസ്സുകാര്‍ക്ക് വായനാശീലം കുറവാണെങ്കില്‍ പോകട്ടെ;അദ്ദേഹത്തിന്‍റെ മകളുടെയും കൊച്ചുമക്കളുടെയും അവരുടെ മക്കളുടെയും ജീവിതം കണ്ട അറിവെങ്കിലും മനസ്സിലുണ്ടാകണ്ടേ?



Fans on the page

4 comments:

Suraj said...

ഉഗ്രൻ !

dethan said...

സൂരജിന്,
നന്ദി
-ദത്തന്‍

chithrakaran ചിത്രകാരന്‍ said...

വ്യക്തതയുള്ള കാഴ്ച്ചാപ്പാടുകള്‍.
നന്നായിരിക്കുന്നു. നന്ദി.

dethan said...

ചിത്രകാരാ,
സന്തോഷവും കൃതജ്ഞതയും ഉണ്ട്.
ദത്തന്‍