Total Pageviews

Saturday, August 16, 2008

ആര്‍ക്കാണു രാജഭക്തി കൂടുതല്‍?

ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയുടെ പേരില്‍ റവന്യൂ സെക്രട്ടറി നിവേദിതാ പി ഹരനെ
ഹൈക്കോടതി അതിരൂക്ഷമായി താക്കീതു ചെയ്യുകയും വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു.വകുപ്പു മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച സെക്രട്ടറി രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണു പ്രകടിപ്പിച്ചതെന്ന് പരിഹസിക്കുകയും ചെയ്തു.

മന്ത്രിസഭാ തീരുമാനം നടപ്പാക്കുവാന്‍ നിര്‍ദ്ദേശം കൊടുത്ത വകുപ്പുമന്ത്രിയും ജഡ്ജിയുടെ ദൃഷ്ടിയില്‍ കുറ്റക്കാരനാണ്.ആ നിലയ്ക്ക് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ട മന്തിസഭ ഒന്നടങ്കവും തെറ്റു ചെയ്തിരിക്കണം.അവര്‍ക്കാര്‍ക്കും ബഹു.ജഡ്ജിയുടെ ശാസന കേള്‍ക്കേണ്ടി വന്നില്ല.മന്ത്രിമാര്‍ ചെയ്യുന്ന
തെറ്റു സെക്രട്ടറിമാര്‍ ചൂണ്ടിക്കാണിക്കണമെന്നും തെറ്റ് തിരുത്തണമെന്നും ഉപദേശിക്കുന്ന ന്യായാധിപന്‍ പക്ഷേ
മന്ത്രി ഇവിടെ ചെയ്ത തെറ്റ് എന്താണെന്നു പറയുന്നില്ല.മുഖം നോക്കാതെ അഭിപ്രായം പറയുകയും ഉത്തരവിടുകയും ചെയ്യുന്നവനെന്ന് ഖ്യാതിപ്പെട്ട ഒരു ജഡ്ജി അതു കൂടി വ്യക്തമാക്കേണ്ടിയിരുന്നു.

സര്‍ക്കാരിലേക്കടയ്ക്കേണ്ട പാട്ടവും ലൈസന്‍സ് ഫീസും മറ്റും നല്കാതെ തിരുവനന്തപുരത്തെ ഒരു ചെറിയ വിഭാഗം സമ്പന്നര്‍ കൈക്കലാക്കിവച്ചിരിക്കുന്ന പൊതു സ്വത്ത് ഏറ്റെടുക്കാന്‍ തീരുമാനിച്ചതാണോ മന്ത്രിസഭ
ചെയ്ത മഹാപരാധം?തീരുമാനം നടപ്പാക്കാന്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കിയതാണോ റവന്യൂമന്ത്രി കാട്ടിയ
കടുംകൈ?ഗോള്‍ഫ് ഒഴിച്ച് മറ്റെല്ലാ ഫൈവ്സ്റ്റാര്‍ കളികളും നടക്കുന്ന ഗോള്‍ഫ് ക്ലബ്ബും കോടികള്‍ വില വരുന്ന
സ്ഥലവും ഏറ്റെടുക്കാന്‍ ഉടനടി നടപടി സ്വീകരിച്ചതോ സെക്രട്ടറി ചെയ്ത കുറ്റം?

അഡ്വക്കേറ്റ് ജനറലിന്‍റെയും നിയമ വകുപ്പു സെക്രട്ടറിയുടെയും ആജ്ഞകള്‍ അനുസരിക്കത്തതാണത്രെ നിവേദിത ചെയ്ത ഒന്നാം നമ്പര്‍ അപരാധം.കുട്ടത്തില്‍ ഉത്തരവാദിത്വങ്ങളുടെ മുന്‍ ഗണനാക്രമം സെക്രട്ടറിമാര്‍
അറിഞ്ഞിരിക്കണമെന്നു ഓര്‍മ്മിപ്പിക്കുന്നു. എന്നിട്ടും തൃപ്തി വരാഞ്ഞ് നിവേദിതയെപ്പോലുള്ളവര്‍ ഇന്ത്യന്‍
അഡ്മിനിസ്ട്രേറ്റീവ് സര്‍ വ്വീസിനു ശാപമാണെന്നു വരെ പറഞ്ഞുകളഞ്ഞു ആരാദ്ധ്യനായ ജഡ്ജി.പക്ഷേ ഉത്തര
വാദിത്വത്തെക്കുറിച്ചും അതിന്‍റെ മുന്‍ ഗണനാക്രമത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉള്ളതു കൊണ്ടാണ്
ശ്രീമതി നിവേദിതയ്ക്ക് ഈ ശകാരം കേള്‍ക്കേണ്ടിവന്നതെന്നാണ് നിയമ വിശാരദന്മാരല്ലത്ത സാധാരണക്കാര്‍ക്ക്
തോന്നുന്നത്.

ഒരു ഗവണ്മെന്‍റ് സെക്രട്ടറിയുടെ ആദ്യത്തെ ഉത്തരവാദിത്തം സ്വന്തം വകുപ്പിനോടു തന്നെയാണ്.അല്ലതെ അഡ്വക്കേറ്റ് ജനറലിനോടും നിയമ വകുപ്പു സെക്രട്ടറിയോടുമല്ല.
ജഡ്ജിക്ക് ജുഡീഷ്യറിയോടു തോന്നുന്ന ഉത്തരവാദിത്തവും വിധേയത്വവും ഗവ: സെക്രട്ടറിയ്ക്കു എക്സിക്യൂട്ടിവിനോട് ഉണ്ടാകരുതെന്നു ശഠിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല.ജഡ്ജിയുടെയും സെക്രട്ടറിയുടെയും ഉത്തരവാദിത്വത്തിന്‍റെ മുന്‍ ഗണനാക്രമം സ്വാഭാവികമായും വ്യത്യസ്തമാണ്.

ഉത്തരവു നടപ്പാക്കുവാന്‍ അനാവശ്യ ധൃതി കാട്ടി;എജി യെ ധിക്കരിച്ചു;നീതിപീഠത്തോടും ഭരണഘടനയോടും അനാദരവു കാണിച്ചു; തുടങ്ങി സെക്രട്ടറിയ്ക്കെതിരെ ന്യായാസനം(എതിര്‍ കക്ഷിയല്ല) നിരത്തുന്ന കുറ്റങ്ങള്‍
നിരവധിയാണ്.

വകുപ്പുമന്ത്രി മുഖദാവില്‍ നല്കിയ നിര്‍ദ്ദേശം അനുസരിക്കാന്‍ അല്പം കൂടുതല്‍ സ്പീഡ് കാണിച്ചു എന്ന്
വാദത്തിനു വേണ്ടി സമ്മതിച്ചുകൊണ്ട് ചോദിക്കട്ടെ;അതിനേക്കാള്‍ കൂടുതല്‍ ധൃതി സര്‍ക്കാരിനെതിരെ
ഉത്തരവു പുറപ്പെടുവിക്കാന്‍ ബഹു.ജഡ്ജി പ്രകടിപ്പിച്ചില്ലേ?എതിര്‍ കക്ഷിയായ സര്‍ക്കാരിന്‍റെ അഭിപ്രായം
പോലും ആരായാതെ അല്ലേ ഏറ്റെടുത്ത ക്ലബ്ബ് തിരികെ നല്കാന്‍ കല്പ്പിച്ചത്?അടിയന്തിര ഘട്ടങ്ങളില്‍
അത്യപൂര്‍ വ്വമായി മാത്രം സ്വീകരിക്കാറുള്ള ഈ നടപടിക്രമം അവലംബിക്കുവാന്‍ തക്ക എന്തു സാഹചര്യ
മാണ് ഇവിടെ ഉണ്ടായിരുന്നത്? കുറച്ച് കുബേര കുമാരന്മാര്‍ക്കും(കുബേര വൃദ്ധര്‍ക്കും)കുടിച്ചു കൂത്താടാന്‍ സര്‍ക്കാര്‍ സ്ഥലം കിട്ടില്ല എന്നതല്ലാതെ എന്തു ഭരണഘടനാ പ്രതിസന്ധിയാണ് സംഭവിക്കുമായിരുന്നത്? 'അഗ്ലി ഹേസ്റ്റ്' എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഈ വൃത്തികെട്ട തിടുക്കം കാട്ടിയത് ഏതു രാജവിനെ പ്രീതിപ്പെടുത്താനായിരുന്നു?

ഭരണഘടനയുടെ വകുപ്പും ഉപ വകുപ്പും ഒന്നും അറിയാത്ത പാവം സാധാരണക്കാരന്‍ പോലും ചോദിച്ചു പോകുന്ന ചോദ്യമാണിവ.യഥാര്‍ത്ഥത്തില്‍ ശ്രീമതി നിവേദിത പി.ഹരന്‍ ചോദിക്കേണ്ടതാണ്.കോടതിയല
ക് ഷ്യവും സര് വ്വീസ് ചട്ടങ്ങളെയും ഭയന്നാകണം അവര്‍ പ്രതികരിക്കാത്തത്.
അങ്ങനെ വാക്കിനും നാക്കിനും കൂച്ചുവിലങ്ങുള്ള ഒരാളെ,സ്ത്രീ എന്നുള്ള പരിഗണന പോലും നല്കാതെ
ഭര്‍ത്സിച്ചത് ആരോടുള്ള ഭക്തി കൊണ്ടായിരുന്നു?

ഞാനുള്‍പ്പെടെ പലരും സര്‍ക്കാരിന്‍റെയും സര്‍ വ്വകലാശാലയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നടപടിക്കും ഉത്തരവുകള്‍ക്കും എതിരെ സ്റ്റേയ്ക്കു വേണ്ടി പല പ്രാവശ്യം ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.കേസ് പരിഗണിക്കും മുമ്പോ വാദം കേള്‍ക്കുന്നതിനു മുമ്പോ രണ്ടു ദിവസത്തേക്ക് നടപടി നീട്ടിവയ്ക്കണമെന്ന് ഞങ്ങള്‍ക്കു വേണ്ടി ഒരു ജഡ്ജിയും ഇന്നേവരെ കോടതി രജിസ്ട്രാര്‍ മുഖേന എജി വഴി ഫോണിലൂടെയോ അല്ലാതെയോ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയിട്ടില്ല.പൂ ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ തന്നെന്നു പറയുമ്പോലെ, സ്റ്റേ ആവശ്യപ്പെട്ടപ്പോള്‍ അനുകൂല വിധിതന്നെ സമ്മാനിച്ച് ഒരു ന്യായാധിപനും ഞങ്ങളെ അനുഗ്രഹിച്ചിട്ടുമില്ല.തന്നെയുമല്ല ഉത്തരവിറങ്ങുകയോ നടപടി സ്വീകരിക്കുകയോ ചെയ്തു കഴിഞ്ഞ ശേഷമാണു സ്റ്റേ പെറ്റീഷന്‍ കോടതി മുമ്പാകെ വരുന്നതെങ്കില്‍ സ്റ്റേ കിട്ടിയ ചരിത്രവും ഇല്ല.
ഗോള്‍ഫ് ക്ലബ്ബ് കേസ്സില്‍ ഇങ്ങനെയാണോ നടന്നതെന്ന് ഓര്‍ത്തു നോക്കുക.മുന്‍ വിധികളും പക്ഷപാതവുമാണ്
ആദ്യം മുതല്‍ ന്യായാസനത്തെ ഭരിച്ചിരുന്നതെന്ന് വ്യക്തം.

ഗവ.സെക്രട്ടറിയും ജഡ്ജിയും തമ്മില്‍ അധികാരത്തിലും ശമ്പളത്തിലും ഏറ്റക്കുറച്ചിലുണ്ടാകാം.എങ്കിലും രണ്ടു കൂട്ടരും ശമ്പളം പറ്റുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്.ആ നിലയ്ക്ക് സര്‍ക്കാര്‍ ഏല്പ്പിച്ച ചുമതല വേഗത്തില്‍ നിറവേറ്റിയ സെക്രട്ടറിയോ ഫലത്തില്‍ സര്‍ക്കാര്‍ നടപടിക്ക് തടസ്സം സൃഷ്ടിക്കുന്ന ന്യായധിപന്മാരോ ആരാണ് നാടിന് ശാപം എന്ന് ജനം വിധിച്ചുകൊള്ളും.സര്‍ക്കാര്‍ ഏറ്റെടുത്ത പൊതുമുതല്‍ ആഭാസകേളികള്‍ക്ക് വീണ്ടും വിട്ടു കൊടുത്തത് സമീപവാസികള്‍ക്കും സമൂഹത്തിനുംശാപമായിരിക്കുകയാണ്.പാമോയില്‍ ഇറക്കുമതി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഹൈക്കോടതി ജഡ്ജിമാര്‍ പുറപ്പെടുവിച്ച പല വിധികള്‍ക്കുമെതിരെ സുപ്രീം കോടതി, ഉത്തരവും സ്റ്റേയും നല്‍കിയിട്ടുണ്ട്.അതിന്‍റെ അടിസ്ഥാനത്തില്‍ ആ ഹൈക്കോടതി ജഡ്ജിമാര്‍ ജുഡീഷ്യറിയുടെ ശാപമാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല.

തങ്ങള്‍ അപ്രമാദികളും അപ്രതിമരും(അതുല്യര്‍)ആരെയും അവഹേളിക്കുവാന്‍ ലൈസന്‍സുള്ളവരുമാണെന്ന
ധാരണയുള്ളവര്‍ക്കേ ഇങ്ങനെയുക്കെ തട്ടിമൂളിക്കാന്‍ കഴിയൂ.പല ജഡ്ജിമാരും അങ്ങനെ കരുതുന്നുണ്ട്.എന്നാലോ ആരും അവരെ വിമര്‍ശിക്കാന്‍ പാടില്ല;എതിരു പറയാന്‍ പാടില്ല.അങ്ങനെ ചെയ്തുപോയാല്‍ കോടതിയലക് ഷ്യമായി അപകീര്‍ത്തിയായി. മാപ്പു പറഞ്ഞില്ലെങ്കില്‍ ജയില്‍ശിക്ഷ ഉറപ്പ്.അതുകൊണ്ട് പ്രതികരിക്കാന്‍ മിക്കവരും മടിക്കുന്നു.ഭയം മൂലമുള്ള ഈ മരവിപ്പും മന്ദതയും തിരുവായ് മൊഴികള്‍ക്കുള്ള അംഗീകാരമായി കരുതരുത്.








Fans on the page

6 comments:

അനില്‍@ബ്ലോഗ് // anil said...

പ്രിയ dethan,

ഒരു കാര്യം ഒന്നു വിശദമാക്കാമൊ,
യഥാര്‍ത്തത്തില്‍ നിവേദിതാ പി ഹരന്‍ ഈ കേസില്‍ എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു?

എന്താണു അഡ്വക്കേറ്റ് ജനറല്‍ അല്ലെങ്കില്‍ ഹൈക്കോടതി രജിസ്രാര്‍ ആവശ്യപ്പെട്ടത്?

ഒരു റീക്കൂപ്പിനു വേണ്ടിയാണു.

അടകോടന്‍ said...

കോടതി തീരുമാനമെടുക്കേണ്ടത് നാട്ടു മദ്ധ്യസ്തര്‍ തീരുമാനമെടുക്കുന്നത് പോലെയാകണമെന്നാണൊ.....

dethan said...

പ്രിയ അനില്‍@ബ്ലോഗ്,
ഗോള്‍ഫ് ക്ലബ്ബ് എറ്റെടുക്കാനുള്ള ക്യാബിനറ്റ് തീരുമാനം നടപ്പാക്കാന്‍ റവന്യു മന്ത്രി നിവേദിത പി ഹരനോട്
പറഞ്ഞു.ഏറ്റെടുക്കല്‍ നടപടി വൈകിയാല്‍ ക്ലബ്ബ് കൈവശം വച്ചിരിക്കുന്ന,തലസ്ഥാനത്തെ വന്‍ തോക്കുകള്‍ കോടതിയില്‍ പോകുമെന്നറിയാവുന്ന അവര്‍ ചെയ്യേണ്ട ജോലി യഥാ സമയം തന്നെ ചെയ്തു തീര്‍ത്തു.
എല്ലാവരും പ്രതീക്ഷിച്ചതു പോലെതന്നെ ക്ലബ്ബുകാര്‍ കോടതിയില്‍ പോയിരുന്നു.പക്ഷേ ഹര്‍ജീ കോടതിയില്‍
എത്തും മുമ്പേ റവന്യൂ വകുപ്പ് നടപടി പൂര്‍ത്തിയാക്കി.എന്നാല്‍ ഇതിനിടയില്‍ നടപടി രണ്ടു ദിവസത്തേക്കു താമസിപ്പിക്കുവാന്‍, അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ഏതോ ജൂനിയര്‍ അഭിഭാഷകന്‍ ഫോണിലൂടെ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നത്രേ.(ഫോണില്‍ കൂടിയാണെങ്കില്‍ പോലും അത് ഒരു കോടതിയുത്തരവ് ആയിരുന്നില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക). നിര്‍ദ്ദേശം എഴുതി നല്‍കണമെന്ന് അവര്‍ പറഞ്ഞു. അതുണ്ടായില്ല.അവര്‍ നടപടി പൂര്‍ത്തിയാക്കി. പൂര്‍ത്തിയാക്കിയില്ലായിരുന്നെങ്കില്‍ അതിന്‍റെ പേരിലാകുമായിരുന്നു വിമര്‍ശനം.

പൊതുമുതല്‍ അവിഹിതമായി കൈവശം വച്ചിരിക്കുന്നവര്‍ മാന്യന്മാരും അതു തിരിച്ചെടുക്കാന്‍ ശ്രമിച്ച
സര്‍ക്കാര്‍ സെക്രട്ടറി കുറ്റക്കാരിയും! എങ്ങനെയുണ്ട് നമ്മുടെ നീതി ബോധം?
-ദത്തന്‍

പ്രിയപ്പെട്ട അടകോടാ,
നാട്ടു കാര്യസ്ഥന്മാരെയും കരപ്രമാണിമാരെയും ഊരു മൂപ്പന്മാരെയും പോലെയല്ല കോടതികള്‍ കേസ്സുകള്‍ക്ക്
തീര്‍പ്പു കല്പ്പിക്കേണ്ടത് എന്നാണ് എന്‍റെയും അഭിപ്രായം.കാലു തിരുന്നവര്‍ക്കും കാതു കടിക്കുന്നവര്‍ക്കും
കാണിക്ക നല്‍കുന്നവര്‍ക്കും അനുകൂലമായിട്ടു വിധി പറയുകയായിരുന്നല്ലോ അവരുടെ പതിവ്!
-ദത്തന്‍

അനില്‍@ബ്ലോഗ് // anil said...

നന്ദി സുഹൃത്തെ,
അന്നു മുതല്‍ മനസ്സിലുണ്ടായ സംശയമാണ് ഈ ചോദ്യം.

കോടതിയുടെ രജിസ്റ്റ്രാര്‍ അഡ്വക്കേറ്റ് ജനറലിനെ വിളിച്ചു പറയുന്നു തിങ്കളാഴ്ച ഈ കേസില്‍ കോടതി വാദം കേള്‍ക്കുന്നുണ്ടു, അതിനാ‍ല്‍ ഏറ്റെടുക്കല്‍ നിറുത്തി വക്കണം എന്നു. ശരിയല്ലെ?

അങ്ങിനെയെങ്കില്‍ ആ നടപടി ശരിയല്ലല്ലൊ. കോടതി രാജാവാണോ ഇത്തരം നിര്‍ദ്ദേശം നല്‍കാന്‍?

അപ്പോള്‍ തിങ്കളാഴ്ച കോടതിയില്‍ വാദം വരുമ്പോള്‍ വിധി ഹരജിക്കാര്‍ക്കു അനുകൂലമായിരിക്കും എന്നു ജഡ്ജി നേരത്തെ തന്നെ സൂചിപ്പിക്കുകയല്ലെ ചെയ്തതു? അതു വ്യക്തമായ പക്ഷപാതമാണു. ഒരു കേസില്‍ വാദം കേള്‍ക്കും മുന്‍പേ വിധി പ്രസ്ഥാവിക്കുനതിനു തുല്യമായ കാര്യമാണിതു. എന്തേ ഇതാരും കാണാതെ പോയി?

ജഡ്ജിക്കു ഈകാര്യത്തിലുള്ള വ്യക്തിപരമായ താല്‍പ്പര്യമാണു അന്നും തുടര്‍ന്നു വന്ന വിധിയിലും കാണാവുന്നതു.

Radheyan said...

സിരിജഗന്‍ എന്ന ജഡ്ജി ഈ സര്‍ക്കാറിന് അനുകൂലമായി ഒരു വിധിയെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൂന്നത് നന്നായിരിക്കും.

ഇങ്ങനെ വാക്കാല്‍ ഉത്തരവ് നല്‍കുന്ന പതിവ് ഇതിനു മുന്‍പ് ഉണ്ടയിട്ടുണ്ടോ?

ഒരു സിസ്റ്റത്തിന്റെ ഭാഗമാണ് തങ്ങളെന്ന് ഒരിക്കലും അംഗീകരിക്കാത്ത ഇത്തരം ലോര്‍ഡ്‌ഷിപ്പുകള്‍ ബ്രിട്ടീഷ് വ്യവസ്ഥിതിയുടെ തിരുശേഷിപ്പുകളാ‍ണ്.നീതിയെ കുറിച്ച് ഇവരുടെ സങ്കല്‍പ്പം തന്നെ സമ്പന്ന പക്ക്ഷപാതിത്വം നിറഞ്ഞതാണ്.സ്വാശ്രയ വിധികളില്‍ നാം അത് കണ്ടു.പലപ്പോഴും ഇവര്‍ നടത്തുന്ന വിചാരണവേളയിലെ പരാമര്‍ശങ്ങള്‍ ഇവരുടെ ഉള്ളിലെ ദുഷിപ്പ് പുറത്ത് കൊണ്ടുവരുന്നതാണ്.

അടുത്ത് പരിശോധിച്ചാല്‍ അറിയാം ഇന്ത്യന്‍ ജുഡീഷ്യറി മറ്റു രണ്ട് വിഭാഗങ്ങളെ പോലെ തന്നെയോ അതിലേറേയോ കറപ്റ്റാണ്.അതിലേറെ എന്നു പറയാന്‍ കാരണം അവരുടെ അഴിമതി നേരിട്ടുള്ള നീതി നിഷേധത്തിലേക്കാണ് നയിക്കുന്നത്.കോടതി അലക്‍ഷ്യം എന്ന വിരല് കൊണ്ട് തങ്ങളുടെ ഉരല് മോഷണം മറയ്ക്കാന്‍ നോക്കുകയാണവര്‍.ഇടയ്ക്ക് രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിച്ച് കൊണ്ട് ചില ആക്റ്റിവിസ നാടകങ്ങളും.

dethan said...

അനില്‍@ബ്ലോഗിന്,
ജഡ്ജി കാട്ടിയ നഗ്നമായ പക്ഷപാതവും തന്‍പ്രമാണിത്തവും മുന്‍ വിധിയോടെയുള്ള സമീപനവും
ഒക്കെ ആരും കാണാഞ്ഞതല്ല.മന്ത്രിക്കും മാദ്ധ്യമക്കാര്‍ക്കും നിയമ വിദഗ്ധര്‍ക്കും എല്ലാം ഇതൊക്കെ മനസ്സിലായി
ട്ടുണ്ട്.കോടതിയുടെ അപ്രീതിയും കോര്‍ട്ടലക് ഷ്യ ഉമ്മാക്കിയും മറ്റും ഭയന്നാണ് അവര്‍ നിശബ്ദത പാലിക്കുന്നത്.

രാധേയന്,

താങ്കള്‍ പറഞ്ഞതു വാസ്തവമാണ്.കോടതിയലക് ഷ്യം,അപകീര്‍ത്തി കേസ് തുടങ്ങിയ വിരലുകള്‍ കൊണ്ടു മറച്ച് പല ഉരലുകളും ഇവര്‍ അകത്താക്കുന്നുണ്ട്.വ്യക്തമായ രാഷ്ട്രീയ പക്ഷപാതങ്ങളും അധികാരക്കൂറും മിക്ക ജഡ്ജിമാര്‍ക്കുമുണ്ട് .ഫ്യൂഡല്‍ മാടമ്പിമാരുടെ മനസ്സാണ് മിക്കവര്‍ക്കും.വക്കീലന്മാരായാലും കക്ഷികളായാലും ഓച്ഛാനിച്ചു നില്‍ക്കുന്നത് കാണാനാണ് അവര്‍ക്കിഷ്ടം.നിവേദിത പി.ഹരന്‍റെ അപേക്ഷ തീര്‍പ്പാക്കിയ ജ.സിരിജഗന്‍റെ വിധിന്യായത്തില്‍ തന്നെ അവര്‍ വേണ്ടത്ര നട്ടെല്ലു വളയ്ക്കാത്തതിന്‍റെ അമര്‍ഷം പ്രകടമാണ്.

ബ്രിട്ടനില്‍ ജഡ്ജിമാരെ മിസ്റ്റര്‍ ജഡ്ജ് എന്ന് സംബോധന ചെയ്യാന്‍ എന്നേ തുടങ്ങി.അതിന്‍റെ ചുവടുപിടിച്ച്
ഇവിടെയും ആ രീതി ആകാമെന്ന് ഉത്തരവിറങ്ങിയിട്ടുണ്ടത്രെ. പക്ഷേ നമ്മുടെ വക്കീലന്മാര്‍ക്ക് ഇപ്പോഴും
"യുവര്‍ ഓണറേ" നാവില്‍ വരൂ. അവരുടെ കുഴപ്പമല്ല.മറിച്ചു വിളിച്ചാല്‍ വിധി പ്രതികൂലമാകും.അതുകൊണ്ടു തന്നെ.

വാക്കാലായാലും വരയാലായാലും, കോടതി ഫയലില്‍ സ്വീകരിക്കാത്ത കേസ്സില്‍ ഉത്തരവു പുറപ്പെടുവിക്കാന്‍
കഴിയില്ല.കോടതി രജിസ്ട്രാര്‍ മുഖാന്തിരം,ഏജി യുടെ ഓഫീസ് വഴിയൊക്കെ കളിച്ചത് അതുകൊണ്ടാണ്.
മാത്രമല്ല സ്റ്റേയ്ക്കു ചെന്നവര്‍ക്ക് അനുകൂല വിധി തന്നെയാണ് കിട്ടിയത്.അതും എതിര്‍ കക്ഷിയായ സര്‍ക്കാരിന്‍റെ വാദം കേള്‍ക്കാതെ.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്റ്റേയ്ക്കു വേണ്ടി ഇതേ ഹൈക്കോടതിയെ സമീപിച്ച അനുഭവം എനിക്കുണ്ട്.എതിര്‍ കക്ഷികള്‍ സര്‍ക്കാരും സര്‍ വ്വകലാശാലയുമായിരുന്നു.സ്റ്റേ കിട്ടിയില്ല. ഒറിജിനല്‍ പെറ്റീഷന്‍ തീര്‍പ്പായതാകട്ടെ മൂന്നു കൊല്ലം കഴിഞ്ഞും.അഞ്ചു വര്ഷം കഴിഞ്ഞിട്ടും തീര്‍പ്പാകാത്ത കേസ്സുകള്‍
കെട്ടിക്കിടക്കുമ്പോളാണ് ഗോള്‍ഫ് ക്ലബ്ബുകാര്‍ക്ക് കണ്ണടച്ചു തുറക്കും മുമ്പ് ഉത്തരവു കിട്ടിയത് എന്ന് ഓര്‍ക്കുക.

പിന്നെ, ഈ സര്‍ക്കാര്‍ കക്ഷിയായ മിക്ക കേസ്സുകളിലും സര്‍ക്കാരിന് എതിരായിട്ടേ ജ.സിരിജഗന്‍ വിധി
പ്രസ്താവിച്ചിട്ടുള്ളു.പാമോയില്‍,സ്വാശ്രയം തുടങ്ങി എത്രയോ എണ്ണം നമ്മുടെ മുമ്പിലുണ്ട്.
-ദത്തന്‍