Total Pageviews

Thursday, July 31, 2008

ആണവോര്‍ജ്ജം പ്രസരിച്ചു തുടങ്ങി

അന്തര്‍ദ്ദേശീയ ആണവോര്ജ്ജ ഏജന്‍സിയുടെ അംഗീകാരമോ ആണവ കരാറോ ഒന്നും വേണ്ട ഇന്ത്യയില്‍
ആണവോര്‍ജ്ജം പ്രസരിച്ചു തുടങ്ങാന്‍ എന്ന് ഇപ്പോള്‍ മനസ്സിലായിരിക്കുന്നു.യുപിഎ സര്ക്കാര്‍ വിശ്വാസ
വോട്ടു നേടാത്തതായിരുന്നു ഏക തടസ്സം.അതു നീങ്ങിയതോടെ ഊര്‍ജ്ജം ഉണ്ടാകാന്‍ തുടങ്ങി.യഥാര്‍ത്ഥത്തില്‍
വിശ്വാസപ്രമേയം അവതരിപ്പിച്ചപ്പോള്‍ തന്നെ ഊര്‍ജ്ജവര്‍ഷം ആരംഭിച്ചെന്നു വേണം കരുതാന്‍.അതിന്‍റെ
തെളിവായിരുന്നല്ലോ പാര്‍ലമെന്‍റില്‍ പറന്ന നോട്ടു കെട്ടുകള്‍!

പക്ഷേ പാര്‍ലമെന്‍റിനു പുറത്ത് ഇത്ര വേഗം ആണവോര്ജ്ജം പ്രസരിക്കുമെന്നു കരാറിന്‍റെ ഏറ്റവും വലിയ
സ്തുതിഗീതക്കാര്‍ പോലും വിചാരിച്ചു കാണില്ല.വോട്ടു കച്ചവടത്തില്‍ സഹായിച്ചവരെ തൊഴിലാളികളുടെ പ്രോവിഡന്‍റ് ഫണ്ട് കൈയ്യാളാന്‍ അനുവദിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അഴിമതിയുടെ പുതിയ അണു
വികരണം ആരംഭിച്ചിരിക്കുന്നത്.(പാര്‍ലമെന്‍റില്‍ നടന്നതു പോലെ ഇതും കുതിരക്കച്ചവടവും പോത്തുകച്ചവടവും ആണെന്നു പറഞ്ഞ് കുതിരകളെയും പോത്തുകളെയും ആക്ഷേപിക്കരുത്.)'വല്ലവന്‍റെയും പന്തിയില്‍ വാ എന്‍റെ വിളമ്പു കാണാന്‍'എന്നു പറഞ്ഞതു പോലെയായിപ്പോയെന്നു മാത്രം.

എം പി മാരെ വിലയ്ക്കെടുക്കാന്‍ ചെലവായ കാശ് മുതലാക്കാന്‍ സര്‍ക്കാര് ഖജനാവ് ബ്രോക്കര്‍മാര്‍ക്ക്
തുറന്നു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്.തൊഴിലാളികളുടെ പ്രോവിഡന്‍റ് ഫണ്ട് ഇന്നലെ വരെ കൈകാര്യം
ചെയ്തിരുന്നത് സര്‍ക്കാരാണ്.ആ അധികാരമാണ് വന്‍ കിട മുതലാളിമാര്‍ക്ക് കേന്ദ്ര ഭരണാധികാരികള്‍
അടിയറ വച്ചിരിക്കുന്നത്.രാജ്യത്തിന്‍റെ പരമാധികാരം തന്നെ അമേരിക്കയ്ക്കു മുമ്പില് കാഴ്ച വച്ചിരിക്കുന്നവര്‍ക്ക് ഇത് എത്രയോ നിസ്സാരം!പക്ഷേ അധികാരം നിലനിര്‍ത്താന്‍ കോടികള്‍ വാരിയെറിഞ്ഞപ്പോള്‍ അതിനുള്ള വക സ്വയം കണ്ടെത്തേണ്ടിയിരുന്നു. അങ്ങനെയാണ് അന്തസ്സും ആണത്തവും ഉള്ളവര്‍ ചെയ്യുക.രണ്ടുമില്ലാത്തവരോട് പറഞ്ഞിട്ടു കാര്യമില്ല.

എന്നാലും രാജ്യസ്നേഹവും ആത്മാഭിമാനവും കൈമോശം വന്നിട്ടില്ലാത്ത ഏതു ഭാരതീയനും മനസ്സിലെങ്കിലും
ഇങ്ങനെ പറയാതെ കഴിയില്ല.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ചും ശവപ്പെട്ടിക്കച്ചവടത്തില്‍ കമ്മീഷന്‍ പറ്റിയും കാശുണ്ടാക്കിയ
ബിജെപി സര്‍ക്കാരിനെ കടത്തിവെട്ടിയിരിക്കുകയാണ് ഇവര്‍.ഇടതു പക്ഷത്തിന്‍റെ എതിര്‍പ്പു മൂലം മാറ്റി
വച്ചിരിക്കുന്ന അത്തരം കച്ചവടങ്ങള്‍ക്കുള്ള ഊര്‍ജ്ജവും ആണവക്കരാര്‍ വിജയം സര്‍ക്കരിനു നല്‍കിയിട്ടുണ്ട്.

പ്രോവിഡന്‍റ് ഫണ്ടിനുശേഷമുള്ള പുതിയ അണുവികിരണം വന്നത് കേരളത്തിലേക്കാണ് .സംസ്ഥാനത്തിനുള്ള
അരിവിഹിതം വീണ്ടും വെട്ടിക്കുറച്ചു.ഏറ്റവും ഒടുവില്‍ ,സീനിയോറിറ്റി മറികടന്ന് സമാജ് വാദി പാര്‍ട്ടിയുടെ
ആശ്രിതനെ സിബിഐ ഡയറക്റ്ററാക്കിയാണ് ഊര്‍ജ്ജതാണ്ഡവം അരങ്ങേറിയത്.ഷിബു സോറന്‍ എന്ന
ലോകൈക 'വിശുദ്ധനെ' മന്ത്രിപദത്തില്‍ അവരോധിച്ചായിരിക്കും അടുത്ത അണു പരീക്ഷണം.
Fans on the page

3 comments:

Manoj മനോജ് said...

ഇനിയെന്തല്ലാം കാണാനിരിക്കുന്നു :) അടുത്ത ആറു മാസത്തിനുള്ളില്‍ ഇന്ത്യ ഏതെങ്കിലും കച്ചവടക്കാര്‍ ആക്രിവിലയ്ക്കെടുത്തു കൊള്ളും :)

അനില്‍@ബ്ലോഗ് said...

സര്‍ക്കാര്‍ പ്രോവിഡന്റ് ഫണ്ടിലുള്ള കോടികള്‍ ഇവിടുത്തെ കച്ചവടക്കാര്‍ നോട്ടമിട്ടിട്ടു കാലം കുറെയായി.ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകൊണ്ടു മാത്രമാണു അതു നടപ്പാവാതിരുന്നിരുന്നതു. എങ്കിലും ഫണ്ട് മാനേജര്‍മാരെ നിയമിച്ചു കഴിഞ്ഞിരുന്നു. പിന്നെ റേഷന്‍ , ശര്‍ത്പവാറിന്റെ കേരള സ്നേഹം കൂടിയപ്പോള്‍ അതും ശരിയായി.അരുണ്‍ ഷൂരി ഒഴിഞ്ഞു പോയ വകുപ്പില്‍ പുതിയ മന്ത്രിയെക്കൂടി നിയോഗിച്ചാല്‍ ഇന്ത്യാ രാജ്യം തന്നെ വിറ്റുതുലക്കാം.

dethan said...

മനോജിന്,
ആക്രി വിലയ്ക്കു നല്‍കാന്‍ ഇപ്പോഴേ അച്ചാരം വാങ്ങിയിരിക്കുകയല്ലേ?

അനില്‍@ബ്ലോഗ്,
അരുണ്‍ ഷൂരിക്കു പകരം ഷിബു സോറന്‍ ധാരാളം മതിയാകും.പക്ഷേ ഇന്ത്യയെ വില്‍ക്കാന്‍ മന്‍മോഹന്‍ സിംഗിനോളം ഇവരാരും പറ്റില്ല.അടിമത്തം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഈ അമേരിക്കന്‍ വിധേയനെ ചുമക്കുന്ന ഗതികേടോര്‍ത്ത് നമുക്കു ഖേദിക്കാം.
-ദത്തന്‍