Total Pageviews

Monday, November 14, 2016

ഇല്ലം ചുട്ടപ്പോൾ



വീട്ടിൽ കള്ളൻ കേറീന്നേതോ
വട്ടൻ ചൊന്നതു കേട്ടു നടുങ്ങി,
കെട്ടിയപെണ്ണിനെയിട്ടിട്ടോടിയ 
കൂട്ടുകുടുംബക്കാർന്നോരേകൻ
വീര്യം കാട്ടി മേനി നടിക്കാൻ
വീടിനു മുഴുവൻ തീയിട്ടത്രേ .
വെന്തു നശിക്കും വീട്ടിൽ നിന്നും
പൊന്തും നിലവിളി കേൾക്കാതങ്ങേർ
അന്യഗൃഹത്തിൽ കേറിയൊളിക്കെ
ആശ്രയമറ്റ കുടുംബാംഗങ്ങൾ
ബ്രഹ്‌മാവിൻറെ യടുക്കൽ ചെന്നൂ
കഷ്ടപ്പാടുകൾ ബോധിപ്പിക്കാൻ.
ഉടുതുണി ,കാശും ചട്ടീം കലവും
ഉപ്പു ചിരട്ടയുമൊക്കെ കത്തി
കഞ്ഞി കുടിക്കാൻ വകയില്ലാതെ
കായും വയറും വായും പൊത്തി
ചൊല്ലും കണ്ണീർ വഴിയും കഥകൾ
എല്ലാംകേട്ട പിതാമഹനോതി:
"എട്ടും പൊട്ടും തിരിയാത്തവനും
കഷ്ടപ്പാടുകളറിയാത്തവനും
പരദുഃഖത്തിൽ സന്തോഷിക്കും
പരമദ്രോഹമനസ്ക്കനുമെല്ലാം
കൂട്ടുകുടുംബക്കുലപതിയാകിൽ
പറ്റാമിങ്ങനെ പലവിധ ദുഃഖം .
വട്ടിനു നല്ലതു നെല്ലിക്കാത്തള--
മുത്തമമല്ലോ ഷോക്കു കൊടുപ്പും.
ഇതുകൊണ്ടൊന്നും ഫലമില്ലെങ്കിൽ
കാക്കുകയിനിയും രണ്ടര വർഷം."
ബ്രഹ്‌മാവും കൂടിങ്ങനെ ചൊൽകെ
യാശ നശിച്ച കുടുംബ ജനങ്ങൾ
ആകുലരായിട്ടോടുകയായി
കഞ്ഞികുടിക്കാൻ കാശിനു വേണ്ടി
ഏറ്റിയെമ്മിൽ ക്യൂ നിൽക്കാനായ്.
തല ചായ്ക്കാനൊരുകൂരയൊരുക്കി
തളരും കുഞ്ഞിനു തുണയേകാനായ്.











Fans on the page

No comments: