Total Pageviews

Thursday, January 28, 2016

അഴീക്കോടില്ലാത്ത നാലു വർഷം.ഡോ.സുകുമാർ അഴീക്കോട് കഥാവശേഷനായിട്ട് 2016 ജാനുവരി 24 നു നാലു വർഷമായി.ഈ നാലു വർഷത്തിനിടയിൽ കേരളത്തിന്റെയും ഭാരതത്തിന്റെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങൾ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു.ഒച്ചപ്പാടും വിവാദങ്ങളും സൃഷ്ടിക്കാൻ പോരുന്നവയായിരുന്നു അവയിൽ പലതും.അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവ്വിനിയോഗവും മുഖമുദ്രയാക്കിയ കേരളത്തിലെയും, വർഗ്ഗീയ വിദ്വേഷവും പിടിപ്പുകേടും കോർപ്പറേറ്റ് പ്രീണനവും  അഴിമതിയും ദളിത് പീഡനവും അക്രമവും ധാർഷ്ട്യവും അടിസ്ഥാന ഘടകങ്ങളാക്കിയ കേന്ദ്രത്തിലെയും ഭരണകൂടങ്ങൾ ചെയ്തുകൂട്ടിയ ജനവിരുദ്ധ നടപടികൾക്കും കണക്കില്ല.എന്നാൽ വിശ്വസനീയമായും ഫലപ്രദമായും വിമർശിക്കുവാൻ പലപ്പോഴും പ്രതിപക്ഷ കക്ഷികൾക്ക് പോലും കഴിയാതെ പോയിട്ടുണ്ട്.ആ സന്ദർഭങ്ങളിലെല്ലാം മലയാളി ഓർത്ത പേരാണ്‌ അഴീക്കോടിന്റേത്.കാരണം സ്വന്തം കാര്യം നേടാൻ വേണ്ടിയോ ജാഡ കാണിക്കാൻ വേണ്ടിയോ പബ്ളിസിറ്റിക്കു വേണ്ടിയോ അല്ലാതെ അനീതിക്കെതിരെ പ്രതികരിച്ചിരുന്ന ഒറ്റയാളേ മാത്രമേ കേരളം കണ്ടിട്ടുള്ളു.അത് അഴീക്കോടല്ലാതെ മറ്റാരുമല്ല.

കേരളം ദീർഘനാളത്തെ ശ്രമഫലമായി നേടിയെടുത്ത മതനിരപേക്ഷ സംസ്ക്കാരത്തെ ഉന്മൂലനം ചെയ്യുവാനും സഹിഷ്ണുതയും സാഹോദര്യവും തകർക്കുവാനും മന:പൂർവ്വം ചില വർഗ്ഗീയ ശക്തികൾ എല്ലാ അടവും പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്‌.“ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ” ലോകം കെട്ടിപ്പടുക്കാൻ ‘ആയുസ്സും വപുസ്സും’ ബലി ചെയ്ത ശ്രീനാരായണഗുരുവിന്റെ ധർമ്മം പരിപാലിക്കാൻ സ്ഥാപിക്കപ്പെട്ട സംഘടനയുടെ ജനറൽ സെക്രട്ടറി ഹിന്ദുവർഗീയവാദികളുമായി സഖ്യം കൂടി മതവിദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കേരളം കണ്ടതാണ്‌.ശ്രീനാരായണ ദർശനങ്ങളിൽ നല്ല അവഗാഹമുണ്ടായിരുന്ന സുകുമാർ അഴീക്കോട് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഒറ്റ പ്രസംഗം കൊണ്ട് അയാളെ നിശ്ശബ്ദനാക്കുമായിരുന്നു.മുമ്പ് ശിവഗിരിയിലെ സന്യാസിമാരിൽ ഒരു വിഭാഗം ഹിന്ദുത്വത്തിന്റെ കൊടിയുമായി ശ്രീനാരായണദർശനങ്ങൾക്ക് ക്ഷതം വരുത്താൻ ശ്രമിച്ചപ്പോൾ സന്യാസിമാർ നിരന്നിരിക്കുന്ന തീർത്ഥാടനസമ്മേളന വേദിയിൽ വച്ച് അവരെ അതിനിശിതമായി വിമർശിച്ച വ്യക്തിയാണ്‌ അഴീക്കോട്.

“കാവിയുള്ള കാലത്താണ്‌ തീർത്ഥാടകർക്ക് മഞ്ഞനിറം മതിയെന്ന് ഗുരുദേവൻ തീരുമാനിച്ചത്.കാവിയില്ലാത്ത കാലത്തല്ല.കാവിയിൽ നിന്നു വ്യത്യസ്തമായ മഞ്ഞ നിറത്തിൽ ഏതോ ഒരു വിശേഷം അദ്ദേഹം കണ്ടെത്തിയിരുന്നിരിക്കണം.ഇപ്പോൾ ഏതോതരത്തിലുള്ള മാനസ്സിക ചാഞ്ചല്യത്തിനടിപ്പെട്ട്,ശിവഗിരിയുടെ മുകളിൽ കാളമേഘങ്ങൾ പരത്തുവാൻ ഉദ്ദേശിച്ചു കൊണ്ട് ഒരു വിഭാഗം സന്യാസിമാർ കാവിയേയും മഞ്ഞയേയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു.കാവിയേയും മഞ്ഞയേയും സമന്വയിപ്പിച്ചാലുണ്ടാകുന്ന പൈശാചിക നിറം ഏതാണെന്ന് എനിക്കറിഞ്ഞുകൂടാ.ആ നിറം ഇവിടെ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.“എന്ന് 1997 ഡിസംബർ 31 നു ശിവഗിരിയിൽ പ്രസംഗിച്ച അഴീക്കോട് എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിന്റെ ഇന്നത്തെ ധർമ്മ വ്യതിയാനത്തെ വിമർശിക്കുവാൻ ഇല്ലാതെ പോയി.

ഭരണഘടനയുടെ ആമുഖത്തിലെ ”സെക്കുലർ“ എന്ന വാക്ക് മാറ്റണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞതോടെ ഇന്ത്യ ഭരിക്കുന്നവരുടെ മനസ്സിലിരിപ്പ് എന്താണെന്നു വ്യക്തമായിരിക്കുകയാണ്‌.ആർ.എസ്.എസ് ,സംഘപരിവാർ ശക്തികൾ നിയന്ത്രിക്കുന്ന ബി.ജെ.പി ഭരണകൂടക്കാർ ഭരണഘടനയിലെ,മറ്റേതു വാക്കിനെക്കാളും ”സെക്കുലർ“എന്ന വാക്കിനെ വെറുക്കുന്നതിൽ അത്ഭുതപ്പെടാനില്ല.വർഗ്ഗീയ വിദ്വേഷത്തിന്റെ അപ്പോസ്തലന്മാർക്ക് ദഹിക്കുന്നതല്ല മതേതരത്വം. മതനിരപേക്ഷ കക്ഷികളെയും മതാതീതമായി ചിന്തിക്കുന്നവരെയും ‘കപടമതേതര വാദികൾ’എന്നാക്ഷേപിക്കുന്നത് അവർ ഫാഷനാക്കിയിരിക്കുകയാണ്‌.അവരുടെ ഈ മതേതരദൂഷണത്തെ ഫലപ്രദമായി ചെറുക്കാൻ മതേതരക്കാർക്ക് കഴിയുന്നുമില്ല.ഇത്തരുണത്തിലാണ്‌ അഴീക്കോട് ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ്, “സ്വാതന്ത്ര്യം നേടിയ ഭാരതത്തിന്റെ ഭരണഘടനയുടെ ആണിക്കല്ലുകളിൽ ഒന്നാണ്‌ മതനിരപേക്ഷത അഥവാ സെക്കുലറിസം.മതഭേദങ്ങളെ വകവയ്ക്കാതെ ഭരണകൂടം എല്ലാ പൗരന്മാരെയും ഒരേ നീതിയുടെ ചരടിൽ കെട്ടിനിർത്തുമെന്ന ദേശീയ പ്രതിജ്ഞയുടെ പാവന നാമമാണ്‌ ”സെക്കുലറിസം“ എന്ന് പറഞ്ഞത് ഓർമ്മ വരുന്നത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ,കേരളത്തിലുടനീളം നടന്ന് ഭാരതീയ പാരമ്പര്യം എടുത്തുകാട്ടി വർഗ്ഗീയക്കോമരങ്ങളെ പ്രഹരിച്ച അഴീക്കോടിന്റെ പ്രഭാഷണവൈഭവം മലയാളിക്കു മറക്കാൻ കഴിയില്ല.അതിന്റെ പേരിൽ അദ്ദേഹത്തിനു നേരേ വധഭീഷണി വരെയുണ്ടായി.


കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി മരിച്ചപ്പോൾ അദ്ദേഹം മന്ത്രിയായി ഭരിച്ച വകുപ്പുകൾക്കു മാത്രം അന്നത്തെ സർക്കാർ അവധി കൊടുത്തതിനെ വിമർശിച്ചുകൊണ്ട് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ അഴീക്കോട് ചെയ്ത പ്രസംഗം വളരെ പ്രസിദ്ധമാണ്‌.മുണ്ടശ്ശേരിയെപ്പോലുള്ള ആചാര്യന്മാരെ അറിയാത്ത മന്ത്രിമാർക്ക്,ഋഷി ശാപമേറ്റ് ദേവേന്ദ്ര പദത്തിൽ നിന്നും പെരുമ്പാമ്പായി മാറിയ നഹുഷന്റെ ഗതിവരും എന്നാണ്‌ അന്ന് അദ്ദേഹം പ്രസംഗിച്ചത്.അതിന്റെ പേരിൽ കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയമനം ചുണ്ടിനും കപ്പിനുമിടയിൽ വച്ച് അദ്ദേഹത്തിനു നഷ്ടപ്പെട്ടെങ്കിലും വിമർശനത്തിന്‌ ഫലമുണ്ടായി.പില്ക്കാലത്ത് തകഴിയും കേശവദേവും മരിച്ചപ്പോൾ സർക്കാർ പൊതു അവധി നല്കി.

ചാതുർ വർണ്ണ്യത്തെ ചവറ്റുകൊട്ടയിൽ നിന്നും എടുത്ത് പൂജാമുറിയിൽ പ്രതിഷ്ഠിക്കുകയും ദളിതരെയും അന്യമതസ്ഥരെയും ചുട്ടുകൊല്ലുകയും തല്ലിക്കൊല്ലുകയും ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഏറിവരുന്ന ഈകാലഘട്ടത്തിൽ അഴീക്കോടിന്റെ അസാന്നിദ്ധ്യം വല്ലതെ അനുഭവ പ്പെടുന്നുണ്ട്.സാമൂഹികതിന്മകൾക്കെതിരെ സന്ധിയില്ലാതെ പോരാടിയ അദ്ദേഹമുണ്ടാ യിരു ന്നെങ്കിൽ കേരളത്തിലെ ഭരണക്കാർ, അഴിമതിയിലും അനീതിയിലും അസാന്മാർഗ്ഗികതയിലും മുങ്ങിക്കുളിക്കുവാൻ ഇത്രകണ്ട് ധൈര്യം കാണിക്കുമായിരുന്നോ എന്നും സംശയമാണ്‌.


Fans on the page

No comments: