Total Pageviews

Monday, March 30, 2015

ഉപേക്ഷിക്കേണ്ടത് സബ്സിഡിയോ നികുതിയിളവോ?


പണക്കാർ പാചകവാതക സബ്സിഡി സ്വമേധയാ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി മോഡി ഉപദേശിച്ചിരിക്കുന്നു.പണക്കാർ എന്നുദ്ദേശിക്കുന്നത് പ്രതിവർഷം എത്ര രൂപ വരുമാനമുള്ളവരെയാണെന്ന് പക്ഷേ പ്രധാനമന്ത്രി പറയുന്നില്ല.ക്രൂഡോയിലിന്റെ വില കുറഞ്ഞതിനാൽ ലോകം മുഴുവൻ പെട്രോളിനും പെട്രോളിയം ഉല്പന്നങ്ങൾക്കും വില താഴ്ന്നിട്ടും അവയുടെ വിലകുറയ്ക്കാൻ, കോടിക്കണക്കിനു രൂപയുടെ ലാഭം വർഷം തോറുമുണ്ടാക്കുന്ന വൻ കിട ഓയിൽ കമ്പനികളോടു ആവശ്യപ്പെടാത്ത പ്രധാനമന്ത്രി മറ്റുള്ളവർ  അവർക്കു ലഭിക്കുന്ന നാമമാത്ര സബ്സിഡിയും പരിത്യജിക്കണമെന്ന് അഭ്യർത്ഥിക്കുന്നതിന്റെ യുക്തി തീരെ മനസ്സിലാകുന്നില്ല.ഭരണത്തിൽ കയറുന്നതിനു മുമ്പ് ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലൊ പറഞ്ഞിരുന്നത്.

പണ്ട് ഇന്ത്യാ പാക് യുദ്ധം നടന്നപ്പോൾ ഓരോ ഇന്ത്യാക്കരനും ഒരു ദിവസത്തെ അത്താഴം ഉപേക്ഷിക്കണമെന്നും അങ്ങനെ കിട്ടിന്ന തുക രാജ്യരക്ഷാ ഫണ്ടിലേക്ക് നല്കണമെന്നും പ്രധാനമന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രി അഭ്യർത്ഥിച്ചപ്പോൾ അന്നു വിദ്യാർത്ഥികളായിരുന്ന ഞങ്ങളുടെ തലമുറ ഉൾപ്പെടെയുള്ള ഇന്ത്യാക്കാർ അക്ഷരം പ്രതി ആ അഭ്യർത്ഥന ചെവിക്കൊൾകയുണ്ടായി.കാരണം അതു രാജ്യത്തിനു വേണ്ടിയുള്ള ആഹ്വാനമായിരുന്നു.അല്ലാതെ ഇപ്പോഴത്തെപ്പോലെ കോർപ്പറേറ്റുകളുടെ ലാഭം വർദ്ധിപ്പിക്കാൻ നടത്തുന്ന ഉപദേശമായിരുന്നില്ല.പ്രധാനമന്ത്രി ആയതു തന്നെ ഉലകം ചുറ്റാനാണെന്നു തോന്നും വിധം മാസത്തിൽ രണ്ടും മൂന്നും വിദേശ യാത്ര നടത്തുന്ന മോഡിജി തന്റെ ലോക സഞ്ചാരഭ്രമം ഉപേക്ഷിച്ചാൽ തന്നെ സാധാരണക്കരന്റെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരി കിട്ടുന്നതിനേക്കാൾ വലിയ സംഖ്യ ഖജനാവിൽ മിച്ചമുണ്ടാകും.

ധനവാന്മാർ സബ്സിഡി ഉപേക്ഷിച്ചാൽ 100 കോടി ഉറിപ്പിക സർക്കാരിനു ലാഭമുണ്ടാകും എന്നാണു മോഡി പറയുന്നത്.വൻ കിട ഓയിൽ കമ്പനികളുടെ നികുതിക്കുടിശ്ശികകൾ എഴുതിത്തള്ളുക വഴി ആയിരക്കണക്കിനു കോടികളാണു സർക്കാരിനു നഷ്ടം ഉണ്ടാകുന്നതു. കോർപ്പറേറ്റുകൾക്ക് സൗജന്യം ചെയ്തതിന്റെ ക്ഷീണമകറ്റാൻ സാധാരണക്കാരൻ ദാനം കൊടുക്കണമെന്ന നിലപാടിൽ നിന്നും സർക്കാരിനു ആരോടാണു കൂറെന്നു വ്യക്തമല്ലേ?രണ്ടു നേരം പട്ടിണി കിടന്നിട്ടാണു ശാസ്ത്രി ഒരുനേരം ഭക്ഷണമുപേക്ഷിക്കണമെന്നു ജനങ്ങളോട് പറഞ്ഞത്.അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ അഭ്യർത്ഥന ഇന്ത്യൻ ജനത മാനിച്ചത്.തന്നെക്കാൾ ഒട്ടും മേലെയല്ലാത്ത ഒരു വിദേശ രാജ്യത്തലവന്റെ മുമ്പിൽ 10 ലക്ഷം രൂപയുടെ കോട്ടുമിട്ടു ഞെളിഞ്ഞ പ്രധാനമന്ത്രിയുടെ സബ്സിഡി പരിത്യജിക്കാനുള്ള അഭ്യർത്ഥനയ്ക്കു പിന്നിലെ ‘ആത്മാർത്ഥത’ ശരാശരി ഭാരതീയനു മനസ്സിലാകും;വിധേയന്മാരല്ലാത്ത പണക്കാർക്കും.  


Fans on the page

2 comments:

മുക്കുവന്‍ said...

if you give subsidy, you WON'T get crores of donation for party. if you write of loan for a corporate, it will fill up your pocket and party's as well.

dethan said...

മുക്കുവന്‍,
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.ഉള്ള കൃഷി ഭൂമിയും കൂടി കോര്‍പ്പറേറ്റുകള്‍ക്ക് വളച്ചു കൊടുക്കാനാണ് മോഡിയുടെ പ്ലാന്‍