Total Pageviews

Saturday, November 17, 2012

മലയാളത്തെ അപമാനിക്കരുത്




ഭാഷാ സ്നേഹികളുടെ ചിരകാലാഭിലാഷമായിരുന്ന മലയാളം സ ർവ്വകലാശാല നിലവിൽ വന്നതോടെ മലയാളം ലോകഭാഷകളുടെ നിറുകയിൽ എത്തി എന്നാണു മുഖ്യമന്ത്രിമുതൽ പ്രൈമറി അദ്ധ്യാപകർ വരെ പറഞ്ഞുനടക്കുന്നത്.ചില മലയാളം പ്രൊഫസർമാരുടെ മട്ടും ഭാവവും കണ്ടൽ ഇതില്പരം ഒരു സായൂജ്യം ഇനി വരാനില്ലെന്നാണു തോന്നുക.മറ്റു മൂന്നു ദക്ഷിണേന്ത്യൻ ഭാഷകളായ കന്നട,തെലുങ്ക്, തമിഴ് എന്നിവയ്ക്ക് സർവ്വകലാശാലകൾ ഉണ്ടായിട്ട് ദശാ
ബ്ദങ്ങൾ ആയി.എന്നിട്ടും നമുക്ക് മലയാള സർ വ്വകലാശാല സ്ഥാപിക്കാൻ ഈ നവംബർ ഒന്നു വരെ കഴിഞ്ഞിരുന്നില്ല.അതുകൊണ്ട് മറ്റുള്ളവരുടെ മുഖത്ത് നോക്കിയിട്ടു തന്നെ ദശാബ്ദങ്ങളായെന്നാണു നമ്മുടെ മുഖ്യമന്ത്രി പോലും പറയുന്നത്.എന്തൊരു ഭാഷാസ്നേഹം!!

ഭാരതം മുഴുവൻ വ്യാപിച്ചിരുന്ന ഭാഷയായ സംസ്കൃതത്തിനു തനതായ ഒരു സർ വ്വകലാശാല നമ്മളാണു സ്ഥാപിച്ചത് എന്നതൊന്നും മുഖ്യമന്ത്രിയ്ക്ക് ആശ്വാസം പകർന്നില്ല.അദ്ദേഹം പ്രത്യേകിച്ചു ചൂണ്ടിക്കാണിച്ച മറ്റു മൂന്നു ദക്ഷിണേന്ത്യൻ ഭാഷകളുടെയും സംസ്കൃതത്തിന്റെയും പേരിൽ സ്ഥാപിക്കപ്പെട്ട സർ വ്വകലാശാലകളുടെയും ഇന്നത്തെ അവസ്ഥ എന്തെന്നു മുഖ്യമന്ത്രി അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ സർവ്വകലാശാല സ്ഥാപിക്കുവാൻ അദ്ദേഹം തുനിയുമായിരുന്നില്ല.അവിടങ്ങളിലെല്ലാം ഭാഷാ പഠനത്തെക്കാൾ കൂടുതൽ മറ്റു വിഷയങ്ങളിലാണു പഠനം നടക്കുന്നത്.പെയിന്റിങ്ങും ഭരതനാട്യവും എം.എസ്.ഡബ്ല്യുവും അറബിയും മലയാളവും മറ്റും പഠിപ്പിച്ചാണു ശ്രീശങ്കര സംസ്കൃത സർ വ്വകലാശാല സംസ്കൃതത്തെ 'ലോക നിലവാര'ത്തിലേക്ക് ഉയർത്തുന്നതെങ്കിൽ എർത്ത് സയൻസും കമ്പ്യൂട്ടർ സയൻസും ഹിസ്റ്ററിയും ബീകോമും ഒക്കെ ഇംഗ്ലീഷിൽ പഠിപ്പിച്ചാണു തമിഴ് സർവ്വകലാശാല തമിഴിനെ വളർത്തിക്കൊണ്ടിരിക്കുന്നത്!കന്നട,തെലുങ്ക് സർവ്വകലാശാലകൾ ചെയ്യുന്നതും ഇതൊക്കെത്തന്നെ.

ദശാബ്ദങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഒരാശയം പ്രാവർത്തികമാക്കാൻ വിശ്വസ്ത സേവകൻ സർവീസിൽ നിന്നും പിരിയും വരെ മുഖ്യൻ കാത്തിരുന്നതെന്തിനാണെന്നു ചോദിക്കരുത്.ഇത്ര ധൃതിപ്പെട്ട് സർവ്വകലാശാല തുടങ്ങാനുള്ള ആവശ്യകത എന്തെന്നും ചോദിക്കരുത്.തിരൂരിൽ തന്നെ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് ഇത്ര നിർബ്ബന്ധമെന്താണെന്നും ചോദിക്കരുത്.

മലയാളത്തോടുള്ള പ്രേമം കൊണ്ടാണു മലയാള സർവ്വകലാശാല സ്ഥാപിക്കാൻ വിദ്യാഭ്യാസമന്ത്രി ഉത്സാഹിച്ചതെന്നു പറഞ്ഞാൽ അത് അല്പം ഉപ്പു ചേർത്തേ വിഴുങ്ങാൻ കഴിയൂ.താമസിയാതെ തന്നെ അറബിക് സർവ്വകലാശാല നിലവിൽ വരുമ്പോൾ കാള വാലു പൊക്കിയത് എന്തിനാണെന്നു മനസ്സിലാകും.സർക്കാരിനു മലയാളത്തോട് അല്പമെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കിൽ ഒരു പെൻഷൻ പറ്റിയ ഇംഗ്ലീഷ് എം.എ.ക്കാരൻ ഐ.എ.എസ്സുകാരനെ മലയാളം സർവ്വകലാശാലയുടെ വി.സി.ആയി നിയമിക്കുമായിരുന്നോ?മലയാളം സിനിമയ്ക്കു പാട്ടെഴുതിയിട്ടുണ്ടെന്നുള്ളതല്ലാതെ വി.സിയാകാനുള്ള എന്തു യോഗ്യതയാണു ശ്രീ കെ.ജയകുമാറിനുള്ളത്?2010 ൽ പുതുക്കിയ യു.ജി.സി.നിയമാവലി അനുസരിച്ച് പ്രൊഫസ്സറായി കുറഞ്ഞത് 10 വർഷമെങ്കിലും പഠിപ്പിച്ചു പരിചയമുള്ളവരെ മാത്രമേ വൈസ്ചാൻസലർമാരായി നിയമിക്കാൻ പാടുള്ളു. ഇദ്ദേഹത്തിന്റെ അദ്ധ്യാപന പരിചയം ഒരു വർഷത്തിൽ താഴെയാണു.ജീവിതകാലം മുഴുവൻ ബ്യൂറോക്രസിയുടെ ഭാഗമായി മാത്രം കഴിഞ്ഞ  ഇദ്ദേഹത്തിനു മലയാളം സർവ്വകലാശാലയുടെ എന്നല്ല ഇന്ത്യയിലെ ഒരു സർവ്വകലാശാലയുടെയും വൈസ്ചാൻസലറാകാനുള്ള യോഗ്യതയില്ല.നിർദ്ദിഷ്ട യോഗ്യതകളില്ലാത്ത,ഇംഗ്ലീഷ് ബിരുദാനന്തരബിരുദക്കാരനെ മലയാളഭാഷയെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ സ്ഥാപിച്ച സർവ്വകലാശാലയുടെ വിസിയാക്കിയതിലൂടെ ഭാഷയെത്തന്നെ അവഹേളിച്ചിരിക്കയാണു സർക്കാർ.നിരവധി വിദ്യാർത്ഥികൾക്ക് ഭാഷയുടെ മഹത്വം പഠിപ്പിക്കുകയും ഭാഷാഗവേഷണത്തിനു മാർഗ്ഗനിർദ്ദേശം നല്കുകയും ചെയ്തിട്ടുള്ള പ്രഗത്ഭരായ മലയാളം പ്രൊഫസർമാരെ അപമാനിച്ചിരിക്കയാണു.മലയാളം സർവ്വകലാശാലയ്ക്ക് ഇത്രയൊക്കെ മതി എന്ന ഭരണകൂടധാർഷ്ട്യമാണു ഇതിലൂടെ വെളിവാകുന്നത്.

തഞ്ചാവൂരെ തമിഴ് സർവ്വകലാശാലയെ ചൂണ്ടി, മാതൃഭാഷാ സർവ്വകലാശാലയുടെ ആവശ്യകതയെക്കുറിച്ചു വാദിക്കുന്ന സർക്കാർ ,ആ സർവ്വകലാശാലയുടെ പ്രഥമ വിസി തമിഴ് പണ്ഡിതനായിരുന്നു എന്ന കാര്യം സൗകര്യ പൂർ വ്വം തമസ്ക്കരിക്കുന്നു.കേരള സർവ്വകലാശാലയിലെ ഭാഷാശാസ്ത്രവകുപ്പിന്റെ തലവനും ഇന്ത്യയിൽ അന്നു ജീവിച്ചിരുന്ന ഏറ്റവും വലിയ തമിഴ് പണ്ഡിതനുമായിരുന്ന ഡോ.വി.ഐ.സുബ്രഹ്മണ്യത്തെയാണു തമിഴ് സർവ്വകലാശാലയുടെ ആദ്യത്തെ വി.സിയായി തമിഴ്നാടു സർക്കാർ നിയമിച്ചത്.അല്ലാതെ ഇംഗ്ലീഷ് എം.എക്കാരനെയല്ല.

വി.സി.,പി.വി.സി ,അദ്ധ്യാപക അനധ്യാപക നിയമനങ്ങൾ,സിൻഡിക്കേറ്റ്,സെനറ്റ്, അക്കാദമിക് കൗൺസിൽ തുടങ്ങിയ സമിതിയിലേക്കുള്ള നോമിനേഷുകൾ,സ്ഥലമെടുപ്പ്, കെട്ടിട നിർമ്മാണം,ഉപകരണങ്ങൾ വാങ്ങൽ തുടങ്ങി എന്തെല്ലാം പുതിയ 'ലഡ്ഢു' കളാണു സർക്കാർ മോന്മാരുടെ മനസ്സിൽ പൊട്ടുന്നതെന്ന് ആർക്കും ഊഹിക്കാം.അതാണു മലയാള സർവ്വകലാശാല സ്ഥാപിക്കലിന്റെ പിന്നിലെ യഥാർത്ഥ ആകർഷണം.

മാതൃഭാഷയെ ഓർത്ത് “മത്താടിക്കൊൾകഭിമാനമേ,നീ” എന്നു വള്ളത്തോൾ പറഞ്ഞത് “മത്താടിക്കൊൾകപമാനമേ നീ” എന്നു തിരുത്തേണ്ട ഗതികേടിലാണു ഭാഷയും ഭാഷാ സ്നേഹികളും!





Fans on the page

5 comments:

Anonymous said...

എല്ലാം പ്രഹസനമാണോ ,കണ്ടറിയുക തന്നെ

Rainy Dreamz ( said...

എല്ലാം പ്രഹസനമാണോ ,കണ്ടറിയുക തന്നെ

Athaavanaanu sadhyathayum :) Anubhavam Guru

dethan said...

vineetha,
സംസ്കൃത സർവ്വകലാശാലയുടെയും തമിഴ് സർവ്വകലാശാലയുടെയും അനുഭവം വച്ച് നോക്കിയാൽ ഇതിനും അതേ ഗതി തന്നെ വരും എന്നതിനു സംശയം വേണ്ട.

Rainy Dreamz
അതേ അനുഭവം തന്നെയാണു ഗുരു.പക്ഷേ സർവ്വകലാശാലാ ഭ്രമം പിടിപെട്ടവർക്ക് ഒരു ഗുരുവിനെയും വകയല്ല.പണമാണു അവർക്കെല്ലാം

-ദത്തൻ

ajith said...

എന്തുചെയ്താലും കുറ്റം

dethan said...

അജിത്,

തെറ്റുചെയ്താൽ തെറ്റെന്നു പറയുന്നതിനു ആരെയെങ്കിലും ഭയക്കണോ?അങ്ങനെ ആരും പറയാത്തതു കൊണ്ടാണു തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.ഈ ആർഭാടവും അനാവശ്യവും ചെയ്യുന്ന ഭരണക്കാർ,സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിക്കണമായിരുന്നെങ്കിൽ ഇങ്ങനൊക്കെ കാണിക്കുമായിരുന്നോ?