Total Pageviews

Monday, November 12, 2012

കൊട്ടാര വിപ്ലവം!
കോവളത്തെ ഹാൽസിയൻ കൊട്ടാരവും ചുറ്റുമുള്ള 10.5 ഏക്കർ സ്ഥലവും സർക്കാർ വകയാണെന്നതിന്റെ രേഖകൾ പുറത്തു വന്നിട്ടും ഹോട്ടല്മുതലാളിക്കു വിട്ടുകൊടുക്കാൻ സർക്കാർ കാണിക്കുന്ന ഉത്സാഹത്തിനു പിന്നിൽ അഴിമതിയാണു ഒളിഞ്ഞിരിക്കുന്നത്.അതിൽ ആർക്കും അത്ഭുതം തോന്നുന്നില്ല.പക്ഷേ എന്തു വിലകൊടുത്തും സ്വകാര്യ മുതലാളിക്കു കൈമാറാനുള്ള നീക്കത്തെ ചെറുക്കുമെന്നു നാഴികയ്ക്കു നാല്പതു വട്ടം വീമ്പടിച്ചിരുന്ന പ്രതിപക്ഷത്തെ മുഖ്യകക്ഷിയുടെ നേതാക്കൾ, ഇപ്പോൾ സർക്കാർ നിലപാടിനെ ന്യായീകരിക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു.ഇപ്പോഴും ഈ അന്യായ നീക്കത്തെ തകർക്കുമെന്ന വാശിയോടെ പ്രതിപക്ഷ നേതാവ് രംഗത്തുണ്ടെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിനു പിന്നിൽ സ്വന്തം പാർട്ടിക്കാർ ആരുമില്ലെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്താണു ഈ ചുവടുമാറ്റത്തിനു പിന്നിൽ?കൊട്ടാരത്തിന്റെയും അനുബന്ധ ഭൂമിയുടെയും ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്നു വ്യക്തമാക്കുന്ന,സി.അച്യുതമേനോൻ സർക്കരിന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് പൂഴ്ത്തിവച്ച് മുതലാളിമാർക്ക് ഒത്താശ ചെയ്തുകൊടുത്തത് മുൻ വ്യവസായ വകുപ്പ് സെക്രട്ടറിയാണെന്ന് തെളിഞ്ഞിരിക്കുകയാണു.വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിനു പാരപണിയാൻ ശ്രമിച്ച ഈ മുൻ മന്ത്രീമരുമകൻ,അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിനും ഇപ്പോഴത്തെ മന്ത്രി കുഞ്ഞാലിക്കുട്ടിക്കും കണ്ണിലുണ്ണിയാണു.പക്ഷേ അതൊന്നുമല്ല മാർക്സിസ്റ്റു പാർട്ടിയുടെ മനം മാറ്റത്തിനു പിന്നിൽ എന്നാണു കേൾക്കുന്നത്. കൊട്ടാരം കൈക്കലാക്കുവാൻ ശ്രമിക്കുന്ന കുത്തക മുതലാളിയുടെ കമ്പനിയിലെ ജോലിക്കാരാണു രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ മക്കൾ എന്നതാണത്രേ പുതിയ ചുവടുമാറ്റത്തിനു പിന്നിൽ.സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരേ ഘോരഗർജ്ജനം നടത്തുന്ന രണ്ടു വലിയ നേതാക്കളുടെ മക്കളാണു ഒരു വൻ കിട മുതലാളിയ്ക്കു ദാസ്യവേല ചെയ്യുന്നത്.

പ്രായപൂർത്തിയായവരും വിദ്യാസമ്പന്നരുമായ മക്കൾ അച്ഛന്മാരുടെ രാഷ്ട്രീയ വിശ്വാസം പിന്തുടരണമെന്നു ശഠിക്കുന്നത് ശരിയല്ല.പക്ഷേ മക്കളുടെ നന്മയുദ്ദേശിച്ച് സ്വന്തം വിശ്വാസ പ്രമാണങ്ങളെയും അണികളെയും രാജ്യതാല്പര്യത്തെയും ഒറ്റുകൊടുക്കുന്ന അച്ഛന്മാർ ആ പാർട്ടിയ്ക്കും പൊതുപ്രവർത്തകർക്കും അപമാനമാണു.മുതലാളിയോട് അത്ര വിധേയത്വവും ബഹുമാനവും ഒക്കെ തോന്നുന്നെങ്കിൽ പാർട്ടിനേതൃത്വം വിട്ടൊഴിഞ്ഞ് മക്കളോടു ചേർന്ന് അദ്ദേഹത്തിന്റെ കീഴിൽ എന്തെങ്കിലും ജോലിക്കു ചേരുകയാണു വേണ്ടത്;അല്ലാതെ പൊതുമുതൽ കൊള്ളയടിയ്ക്കാൻ കൂട്ടുനില്ക്കുകയല്ല.

ഇതു നഗ്നമായ അഴിമതിയാണു.പാർട്ടിയെ സ്വകാര്യലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന നീചമായ വഞ്ചനയാണു.കമ്യൂണിസത്തെ അപഹസിക്കലാണു.എന്നിട്ടും ഈ നേതാക്കളോട് രാജിവച്ചു പോകാൻ പറയാനുള്ള തന്റേടമില്ലാത്ത ആണും പെണ്ണും കെട്ട വർഗ്ഗമായിപ്പോയോ അതിലെ ചെറുപ്പക്കാർ?അച്ചടക്കം ലംഘിക്കുന്നു എന്നാരോപിച്ച് പാർട്ടിയിലെ തലമൂത്ത നേതാവിനു ‘ക്യാപ്പിറ്റൽ പണിഷ്മെന്റു’ നല്കണമെന്നു വാദിച്ച യുവസിംഹങ്ങൾ ഇപ്പോൾ എവിടെ?അഴിമതിയുടെ പേരിൽ 650000(ആറുലക്ഷത്തി അമ്പതിനായിരം)പേരെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്നാണു ചൈനീസ് കമ്യൂണിസ്റ്റു പാർട്ടി പറയുന്നത്.റ്റി.പി ചന്ദ്രശേഖരൻ വധത്തിന്റെ അന്വേഷണം ചൂടുപിടിച്ചപ്പോൾ ചൈനയിലേക്കു വിമാനം കയറിയ ജില്ലാസെക്രട്ടറിയെ ന്യായീകരിച്ചുകൊണ്ട് ഒരു നേതാവു പറഞ്ഞത്“ഏതൊരു കമ്യൂണിസ്റ്റുകാരന്റെയും ജീവിതാഭിലാഷമാണു ചൈന കാണുകയെന്നത്”എന്നാണു.അങ്ങനെയുള്ള വാഗ്ദത്തഭൂമിയുടെ ഭരണം തിരിക്കുന്ന കമ്യൂണിസ്റ്റു പാർട്ടി സ്വീകരിച്ച അഴിമതിവിരുദ്ധ നടപടിയെ അനുകരിക്കാൻ എന്തേ ഇവർക്കു ധൈര്യമില്ല?

സത് നാം സിംഗ് മാൻ എന്ന ചെറുപ്പക്കാരനെ അമൃതാന്ദമയിയുടെ നക്ഷത്രസങ്കേതത്തിൽ വച്ച് മർദ്ദിച്ചുകൊന്നിട്ട് സി.പി.ഐ.(എം)പാർട്ടിയെന്നനിലയിൽ ഒരു പ്രക്ഷോഭത്തിനും മുതിരാതിരുന്നതിന്റെ പിന്നിലും ഇതുപോലെ പാർട്ടി സെക്രട്ടറി പറ്റിയ ഒരപ്പക്കഷണമുണ്ടായിരുന്നു.കെട്ടിപ്പിടിക്കുന്ന ആൾദൈവത്തിന്റെ കോളജിൽ മകൾക്ക് അഡ്മിഷനു വേണ്ടി ആടിയ നാണംകെട്ട വേഷങ്ങളുടെ കഥ ബർലിൻ കുഞ്ഞനന്തൻ നായർ വെളിപ്പെടുത്തിയിട്ടുണ്ട്.അന്നും ഇതു ശരിയോ സഖാവേ എന്നു ചോദിക്കാൻ പോലും അണികൾക്ക് നാവു പൊന്തിയില്ല. ഇങ്ങനെ രാജസേവകരെപ്പോലെ എതിർപ്പു കാണിക്കാതെ വാലാട്ടിപ്പട്ടികളായി പിറകേ നടക്കുന്നതാണോ അനുയായികളുടെ ധർമ്മം?

1954 ൽ കോവളം കൊട്ടാരവും അനുബന്ധ പ്രദേശവും തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നും സർക്കാർ ഏറ്റെടുത്തതാണു.കോഴവാങ്ങി അത് ഒരു കുത്തമുതലാളിയ്ക്ക് കാഴ്ച വയ്ക്കാൻ ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുമ്പോൾ എതിർക്കേണ്ടതിനു പകരം രണ്ടോ മൂന്നോ നേതാക്കളുടെ മക്കളുടെ ജോലിയെക്കരുതി നിലപാടു മാറ്റുന്ന പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ ഗതികേടോർത്ത് സഹതപിക്കാം.വന്ധീകരിക്കപ്പെട്ട അണികൾ മാത്രമുള്ള ഒരു പാർട്ടിയുടെ നേതാക്കൾക്കല്ലാതെ എതിർപ്പിന്റെ നേർത്ത ശബ്ദം പോലും കേൾക്കാതെ ഇത്തരം അപഹാസ്യമായ നിലപാടുകൾ കൈക്കൊള്ളാൻ കഴിയില്ല.Fans on the page

No comments: