പണ്ട് ഞാനും ഒരു കൂട്ടുകാരനും കൂടി നടന്നു പോകുമ്പോൾ ഞങ്ങൾക്കു രണ്ടുപേർക്കും അടുത്തു പരിചയമുള്ള ഒരുവൻ എതിരേ വരുന്നു.“ഇന്ന് ഇവന്റെ അച്ഛനാരാ?”എന്ന കൂട്ടുകാരന്റെ
ചോദ്യം കേട്ട് ഞാനമ്പരന്നു.“രണ്ടു ദിവസം മുമ്പ് ഞാനായിരുന്നു.ഇന്നലെ വേറൊരുത്തനായിരുന്നു.അതുകൊണ്ടു ചോദിച്ചതാ ഇന്നിവന്റെ തന്ത ആരാണെന്ന്.ഒരു പക്ഷേ നിങ്ങളായിരിക്കും.”എന്റെ അമ്പരപ്പിനു പരിഹാരമെന്നോണം കൂട്ടുകാരൻ വിശദീകരിച്ചു.കാര്യം കാണാൻ ആരെയും അച്ഛാ എന്നു വിളിക്കുന്ന കഥാപുരുഷന്റെ സ്വഭാവം കൂട്ടുകാരൻ ശരിക്കു മനസ്സിലാക്കിയിരിക്കുന്നു എന്നറിഞ്ഞു.അത് അവതരിപ്പിച്ച രീതി എനിക്കു രസിച്ചു.
ദിവസവും രാവിലെ ‘ദ ഹിന്ദു’ പത്രം തുറക്കുന്നതിനു മുമ്പ് എന്റെ ആലോചനയും ഇതുപോലെ, “ഇന്നത്തെ ‘ഹിന്ദു’ ആരുടേതായിരിക്കും”എന്നാണു.അന്തസ്സുള്ള പത്രപ്രവർത്തനത്തിനു പേരുകേട്ട ഈ പത്രം ദിവസം തോറും ഓരോരോ മുതലാളിമാരുടെ പരസ്യവിഴുപ്പു മുഖത്തു പൂശിയാണു പ്രത്യക്ഷപ്പെടുന്നത്.കണികാണുന്നത് ഫുൾ പേജ് പരസ്യം.കോർപ്പറേറ്റ് അധിനിവേശത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന മാദ്ധ്യമവൃദ്ധനെ കോർപ്പറേറ്റുകൾ വിഴുങ്ങുന്ന ദയനീയ ദൃശ്യമാണു മിക്ക ദിവസങ്ങളിലും കാണാൻ കഴിയുക.
പത്രസ്വാതന്ത്ര്യം എന്നാൽ പത്ര ഉടമയുടെ സ്വാതന്ത്ര്യമാണെന്ന്, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ നിരൂപകനും പത്രപ്രവർത്തകനുമായിരുന്ന ശ്രീ.പി.കെ.ബാലകൃഷ്ണൻ സുചിപ്പിക്കുകയുണ്ടായി.സ്വന്തം അനുഭവത്തിൽ നിന്നാണു അദ്ദേഹം ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്.ഇപ്പോൾ അവിടമൊക്കെ കഴിഞ്ഞ് പരസ്യം നല്‍കുന്നവരുടെ സ്വാതന്ത്ര്യമാണു പത്രസ്വാതന്ത്ര്യം എന്ന അവസ്ഥയിലായിരിക്കുന്നു.അല്ലെങ്കിൽ 1878 മുതൽ പ്രസിദ്ധീകരിച്ചു വരുന്ന,ദേശീയ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം വാദിച്ച ,‘ഹിന്ദു’വെ പോലുള്ള ഒരു പത്രം അതിന്റെ പേരിനെത്തന്നെ നിഷ്പ്രഭമാക്കിക്കൊണ്ട് ആശീർവാദ് ആട്ടയുടെയും ജോസ്കോ ജൂവലേഴ്സിന്റെയും ഡി.ഓപ്ഷന്റെയും ബിഗ് ബസാറിന്റെയും ഒക്കെ ബഹുവർണ്ണ പരസ്യം തിരു നെറ്റിയിൽ അടിച്ചു പ്രദർശിപ്പിക്കുമായിരുന്നോ?
ഹിന്ദു മാത്രമല്ല എല്ലാ അച്ചടി മാദ്ധ്യമങ്ങളുടെയും സ്ഥിതി ഇതു തന്നെ.ദൃശ്യമാദ്ധ്യമങ്ങൾ ഇതിനേക്കാൾ വിധേയത്വമാണു പരസ്യദാദാക്കളോടു കാട്ടുന്നത്.സുമുഖനും പ്രതിഭാശാലിയുമായ ഒരു യുവാവിനെ വള്ളിക്കാവിലെ ആൾദൈവ സന്നിധിയിൽ വച്ച് മർദ്ദിച്ചു കൊന്നതു വലിയ വാർത്തയാകാഞ്ഞത് ഈ വിധേയത്വം കൊണ്ടാണു.കോർപ്പറേറ്റുകളെക്കാൾ വലിയ പരസ്യദാതാവണല്ലോ ഈ ആൾ ദൈവം!പല ചാനലുകൾക്കും വാർത്തകൾ പോലും സ്വന്തമല്ല.പ്രത്യക്ഷത്തിൽ നിരുപദ്രവമെന്നു തോന്നുമെങ്കിലും പരസ്യ അടിമത്തം പല പ്രധാന വിവരങ്ങളും തമസ്കരിക്കാൻ മാദ്ധ്യമങ്ങളെ നിർബ്ബന്ധിതരാക്കും.ഇന്ദുലേഖ എണ്ണയുടെയും ധാത്രി ഉല്പന്നങ്ങളുടെയും നിർമ്മാണ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിന്റെ വിവരങ്ങൾ മുഖ്യധാരാമാദ്ധ്യമങ്ങൾ മറച്ചു വച്ചു.യാതൊരു ശാസ്ത്രീയ തെളിവുകളും ഇല്ലാതെയാണു മുടി വളരുമെന്നും തൊലിവെളുക്കുമെന്നും മറ്റും അവകാശപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടും ആവിവരം മാലോകരെ മാദ്ധ്യമങ്ങൾ അറിയിച്ചില്ല.അത്രയ്ക്കുണ്ട് പരസ്യത്തിൽ നിന്നുള്ള വരുമാനത്തിന്റെ ശക്തി!
Fans on the page
7 comments:
അവർ പരസ്യക്കൂലി കൊടുക്കുന്നതോടൊപ്പം അവർക്കിഷ്ടമുള്ള വാർത്തകൾ മാത്രം പത്രത്തിൽ വരുത്തുന്നു. പൊതുജനം അത് അപ്പാടെ വിഴുങ്ങുന്നു,,,
A very relevant blog. As you have pointed out some news get disproportionate space and coverage ,whereas some others ,the really important ones ,get shamelessly ignored to please the advertisers. Will any paper publish a matter against a leading jewellery,unless it is an ad from a rival group?
കൊച്ചി മെട്രോ ഡീ എം ആര് സിക്ക് കൊടുക്കാതെ അന്താ രാഷ്ട്ര ടെണ്ടര്‍ വേണം എന്ന രീതിയില്‍ മനോരമ നടത്തുന്ന കുഴലൂത്ത് ഒരു ഉദാഹരണം , ഒരു ന്യൂസ് അറിയണമെങ്കില്‍ പത്തു പത്രം വായിക്കണം അഞ്ചു ചാനല്‍ കാണണം പിന്നെ അതില്‍ നിന്നും നെല്ലും പതിരും വേര്‍തിരിക്കണം
ഹിന്ദു ഫ്രെണ്ടില്‍ ഒരു എക്ട്രാ പേജു വച്ചതല്ലേ ഉള്ളു കന്റെന്റില് അത്ര മാറ്റം ഇല്ലല്ലോ , ചരമം, പീഡനം എന്നിവ ഇപ്പോഴും അവര്‍ക്ക് വാര്‍ത്തയല്ല
മിനി,
പണത്തിൻ മീതേ ഹിന്ദുവും പറക്കാതിരിക്കുമ്പോഴാണു കഷ്ടം തോന്നുന്നത്.
ശാരദ,
പണ്ടൊക്കെ ജനാധിപത്യത്തിന്റെ കാവൽ നായ് ആയിരുന്നു പത്രങ്ങൾ.ഇപ്പോൾ മറ്റൊരു പവർ ഗ്രൂപ്പായിട്ടാണു അവ പ്രവർത്തിക്കുന്നത്.അവരെയും പരസ്യച്ചൂണ്ടയിൽ കൊത്തിച്ച് നിശബ്ദരാക്കുവാൻ വൻ കിടക്കാർക്കു സാധിക്കുന്നു എന്നതാണു ഏറ്റവും വലിയ ദുരന്തം.
സുശീലൻ,
എക്സ്റ്റ്രാ പേജല്ല പ്രശ്നം അത് എവിടെയാണു എന്നതാണു പ്രശ്നം.പത്രത്തെ മൊത്തം വിഴുങ്ങുന്ന മുൻ പേജു പരസ്യം നാണക്കേടുതന്നെയാണു.പരസ്യ ദാതാവിന്റെ മുമ്പിൽ പഞ്ചപുച്ഛമടക്കി നില്ക്കുന്ന വിനീത വിധേയനെയാണു അതു വെളിവാ
ക്കുന്നത്.ഉള്ളടക്കത്തിലും പരസ്യക്കാർ സ്വാധീനം ചെലുത്തുമെന്നതിനു സംശയം വേണ്ട.
Post a Comment