പണ്ട് ഒരു നാട്ടുമ്പുറത്തുകാരൻ “കുണ്ഠിതം” എന്നു കേട്ട പാടെ ആ വാക്കുമായി പ്രണയത്തിലായി.ലൗ അറ്റ് ഫസ്റ്റ് ഹിയറിങ്ങ്.അർത്ഥം അറിഞ്ഞുകൂടെങ്കിലും അതൊന്നു പ്രയോഗിക്കാഞ്ഞ് ഇരിപ്പുറയ്ക്കാതായി.അങ്ങനെയിരിക്കെയാണു ഗുരുവായൂരപ്പനെ ദർശിക്കാൻ അവസരം കിട്ടിയത്.തിരികെയെത്തിയപാടേ പുള്ളിക്കാരൻ കണ്ടവരോടൊക്കെ പറഞ്ഞു:“ഹാ! ഗുരുവായൂരപ്പന്റെ വിഗ്രഹം കാണാൻ എന്തൊരു കുണ്ഠിതമാ” എന്ന്.വാക്കിന്റെ അർത്ഥമറിയാവുന്നവർ മൂക്കത്തു വിരൽ വച്ചു.അറിയാത്തവർ അഹോ മഹാ പാണ്ഡിത്യം. എന്ന് അത്ഭുതം കൂറി.
കേരള ഭരണ രംഗത്തെ ചെറിയ കാര്യം പോലും മുസ്ലീം ലീഗ് അറിയാതെ നടക്കില്ല എന്നും ലീഗാണു യഥാർത്ഥത്തിൽ ഭരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടിയുടെ തൊമ്മിയായ ഇബ്രാഹിം കുഞ്ഞ് എന്ന മന്ത്രി പറഞ്ഞതു കേട്ടതോടെ എല്ലാവരും ലീഗിനെതിരെ തിരിഞ്ഞു.പിണറായി വിജയൻ മുതൽ വി.മുരളീധരനും കെ.മുരളീധരനും വരെയും സുകുമാരൻ നായരും വെള്ളാപ്പള്ളിയും മുതൽ കുമ്മനം രാജശേഖരൻ വരെയും ഉള്ള സകലമാന രാഷ്ട്രീയ, ജാതി,മത നേതാക്കളെല്ലാം ചാടിവീണു.ആളു തൊമ്മിയാണെങ്കിലും ഇബ്രാഹിം കുഞ്ഞു പറഞ്ഞത് പച്ചപ്പരമാർത്ഥം മാത്രമാണു.അപൂർവ്വമായി മാത്രമേ രാഷ്ട്രീയക്കാരുടെ നാവിൽ സത്യം ഉദിക്കാറുള്ളൂ.അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന ഈ വാസ്തവ പരാമർശത്തെ പുകഴ്ത്തുന്നതിനു പകരം ശകാരിക്കാനാണു മറ്റുള്ളവർ ശ്രമിക്കുന്നത്.പക്ഷേ ശകാരിക്കാനുദ്ദേശിച്ചു പറഞ്ഞതെല്ലാം ആരാധനയായി മാറിപ്പോയോ എന്നു സംശയം.
എല്ലാവരും പറഞ്ഞത് “ലീഗിന്റെ അപ്രമാദിത്വം അംഗീകരിക്കാൻ സാദ്ധ്യമല്ല”,“അപ്രമാദിത്തം അനുവദിക്കില്ല” എന്നൊക്കെയാണു.അപ്രമാദിത്വം എന്ന വാക്കിന്റെ അർത്ഥം “തെറ്റു പറ്റായ്ക”, “തെറ്റിപ്പോകായ്ക” എന്നൊക്കെയാണു.തെറ്റുപറ്റാത്തവരാണു ലീഗു കാരെങ്കിൽ എന്തിനാണു അവർക്കു നേരേ ശണ്ഠയ്ക്കു പോകുന്നത്?അവർ തെറ്റു ചെയ്യണമെന്നാണോ പറയുന്നത്?തങ്ങൾ അപ്രമാദികൾ(തെറ്റുപറ്റാത്തവർ) ആണെന്നു ലീഗ് അവകാശപ്പെട്ടിട്ടുണ്ടെങ്കിൽ,അതു സമ്മതിച്ചു കൊടുക്കില്ല എന്നു പറയുന്നതു മനസ്സിലാക്കാം.ലീഗ് അപ്രമാദിത്വമെന്ന വാക്കേ ഉപയോഗിച്ചിട്ടില്ല.തെറ്റുപറ്റാത്തവരായി മനുഷ്യകുലത്തിൽ ജനിച്ച ആരെങ്കിലും ഉണ്ടെന്നു ലീഗെന്നല്ല ആരും പറയുമെന്നും തോന്നുന്നില്ല.അപ്പോൾ എന്താണു യഥാർത്ഥ പ്രശ്നം? ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ“കുണ്ഠിതം” ദർശിച്ച, മുകളിൽ പറഞ്ഞ നാട്ടുമ്പുറത്തുകാരന്റെ അതേ അസുഖം പിണറായി യാദികളെ ബാധിച്ചിരിക്കുന്നു.വാക്കുകൾ അർത്ഥമറിയാതെ പ്രയോഗിക്കുന്ന രോഗം.
പ്രമാദം എന്ന വാക്ക് ഏറെക്കാലം തെറ്റായ അർത്ഥത്തിൽ ഭാഷയിൽ പ്രയോഗിച്ചു വന്നിരുന്നു.കോളിളക്കമുണ്ടാക്കിയ കേസ്സിനെ പ്പറ്റി “പ്രമാദമായ”കേസ് എന്ന് ഒരുകാലത്ത് പറഞ്ഞിരുന്നു.യഥാർത്ഥത്തിൽ “പ്രമാദ”ത്തിന്റെ അർത്ഥം തെറ്റ് എന്നാണു.പത്രക്കാരാണു ഈ തെറ്റായ പ്രയോഗത്തിനു പ്രചാരമുണ്ടാക്കിയത്.വൈകിയാണെങ്കിലും തങ്ങൾക്കു പറ്റിയ പ്രമാദം(തെറ്റ്) മനസ്സിലാക്കിയതോടെ അവർ ആ പ്രയോഗം ഉപേക്ഷിച്ചു.ഇപ്പോൾ അങ്ങനെ ആരും പ്രയോഗിക്കാറില്ല.രാഷ്ട്രീയക്കാർക്കു “അപ്രമാദിത്വ” പ്രയോഗത്തിൽ പറ്റിയ പ്രമാദത്തിലും “പ്രമാദം” കടന്നു വന്നത് യാദൃശ്ചികമാകാം.പുതിയ തെറ്റായ പ്രയോഗത്തിന്റെ പ്രചാരകരായി മാദ്ധ്യമങ്ങൾ മാറുന്നതും കാലത്തിന്റെ കളിതന്നെ.മണ്ടത്തരം ഏതു കൊലകൊമ്പൻ പറഞ്ഞാലും മണ്ടത്തരമാണെന്നു പറയാനുള്ള തന്റേടം നമ്മുടെ മാദ്ധ്യമങ്ങൾ എന്നാണാവോ കാണിക്കുക?
Fans on the page
2 comments:
“പ്രമാദം” മലയാളം ആണോ....?
ബൈജു,
പ്രമാദം മലയാള പദമാണു.ഓർമ്മ കേട് എന്നും ഇതിനു ശബ്ദതാരാവലിയിൽ അർത്ഥം കൊടുത്തു കാണുന്നു.
Post a Comment