Total Pageviews

Sunday, November 6, 2011

വൈസ് ചാൻസലർ വെറും സർക്കാരുദ്യോഗസ്ഥനോ?



കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ്ചാൻസലർ ആയി നിയമിക്കപ്പെട്ട
ഡോ.ബി.അശോകിനെ ഉമ്മൻ ചാണ്ടി സർക്കാർ പുറത്താക്കിയിരിക്കുകയാണു.അഞ്ചു വർഷത്തേക്കു നിയമിക്കപ്പെട്ട വിസിയുടെ കാലാവധി, പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാണിക്കാതെ അവസാനിപ്പിച്ചതു സർ വ്വകലാശാലാ നിയമങ്ങളുടെ നഗ്നമായ ലംഘനവും ഉന്നതവിദ്യാഭ്യാസ മേഖലയോടുള്ള അവഹേളനവുമാണു.ഡോ.അശോക് ഐ.എ.എസ്സുകാരനായതുകൊണ്ട് എങ്ങോട്ടു വേണമെങ്കിലും മാറ്റാൻ സർക്കാരിനു അധികാരമുണ്ടെന്നാണു മുഖ്യമന്ത്രിയുടെ ഭാഷ്യം.

ചീഫ് സെക്രട്ടറിയെ പരിഹസിച്ചു ലേഖനമെഴുതിയതിന്റെ പേരിലാണു വി.സിയെമാറ്റിയതെന്ന് നാട്ടുകാർക്കു മുഴുവൻ അറിയാം.എന്നിട്ടും ആരെയോ ഭയപ്പെടുന്ന മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണു.എന്തിന്റെ പേരിലായാലും ഒരു വൈസ് ചാൻസലറെ സർക്കാരിനു തോന്നും പോലെ മാറ്റാമോ എന്നതാണു പ്രസക്തമായ ചോദ്യം.കേന്ദ്ര സർവ്വീസിലെ ആയാലും സംസ്ഥാന സർവ്വീസിലെ ആയാലും ഒരുദ്യോഗസ്ഥനെ വൈസ് ചാൻസലറായി നിയമിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിനെ ബന്ധപ്പെട്ട സർവ്വകലാശാലയുടെ നിയമത്തിനു വിധേയമായി മാത്രമേ മാറ്റാൻ ഏതു സർക്കരിനും അധികാരമുള്ളൂ.ഇവിടെ, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ നിയമം അനുസരിച്ചല്ല ഡോ.അശോകിനെ വി.സി സ്ഥാനത്തു നിന്നു നീക്കം ചെയ്തത്.ലൈംഗികാതിക്രമം,സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടാൽ മാത്രമെ വി.സിയെ ആ സ്ഥാനത്തു നിന്നു നീക്കാൻ സർക്കരിനു കഴിയൂ.അത്തരം കുറ്റങ്ങൾ ഒന്നും ഡോ.അശോകിനു മേൽ ആരോപിക്കപ്പെട്ടിട്ടു പോലുമില്ല.

ഐ.എ.എസ്സുകാരെ സർക്കാരിനു വട്ടുതട്ടാം എന്നാണു മുഖ്യമന്ത്രിയുടെ വിശദീകരണം കേട്ടാൽ തോന്നുക.കുറെ ചാനൽ കൂലിത്തിഴിലാളികളും ചീട്ടു കീറിയ ചില ഐ.എ.എസ് പ്രഭൃതികളും മുഖ്യന്റെ വാദഗതികളെ ന്യായീകരിക്കുവാൻ അമിതോത്സാഹം കാണിക്കുന്നുണ്ട്.സെക്രട്ടറിമാരുടെയും കളക്റ്റർമാരുടെയും ട്രാൻസ്ഫർ പോലെയേ ഉള്ളു ഇതെന്നാണു ഒരു പഴയ ഐ.എ.എസ്സുകാരി മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ തട്ടിവിട്ടിരിക്കുന്നത്.തങ്ങളെയൊക്കെ സർക്കാരുകൾ ഇട്ടു വട്ടുതട്ടിയപ്പോൾ ചോദിക്കാനും പറയാനും ആരുമില്ലായിരുന്നു;മറുത്തൊരക്ഷരം പറയാതെ ട്രാൻസ്ഫർ ചെയ്യപ്പെട്ടിടത്തേക്ക് പോയിരുന്നു;എന്നൊക്കെയാണു അവരുടെ സാക്ഷിമൊഴി.ഡോ.അശോകിനെ വി.സീ.സ്ഥാനത്തു നിന്നു നിയമവിരുദ്ധമായി നീക്കിയതിനെ ചൊല്ലി പ്രതിപക്ഷം നടത്തിയ വാക്കൗട്ടിനെ പരിഹസിക്കാനും അവർ മറന്നില്ല.കേവലം ഒരു ട്രാൻസ്ഫറിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചുകളഞ്ഞത്രേ.

വിസി ആയി നിയമിക്കപ്പെട്ട ആദ്യത്തെ ഐ.എ.എസ്സുകാരനല്ല ഡോ. ബി.അശോക് .കേരള കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വി.സി ഐ.എ.എസ്സു കാരനായ ചന്ദ്രഭാനു ആയിരുന്നു.ഐ.എ.എസ്സു കാരായ കാളീശ്വരനും മാധവമേനോനും പിന്നീട് അതേ സർവ്വകലാശലയുടെ വി.സി.ആയിട്ടുണ്ട്.സംസ്കൃത സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറും ഐ.എ.എസ്സുകാരനും ചീഫ് സെക്രട്ടറിയുമായിരുന്ന രാമചന്ദ്രൻ നായരായിരുന്നു.

കേരള സർവ്വ കലാശാലയിൽ വിസി.ആയിരുന്ന പി.എസ്. ഹബീബ് മുഹമ്മദും കോഴിക്കോടു സർവ്വകലാശാലയിൽ വി.സി ആയിരുന്ന റ്റി.എൻ.ജയചന്ദ്രനും ഐ.എ.എസ്സുകരായിരുന്നു.ഇവരെയൊന്നും ആരും വിസി സ്ഥാനത്തുനിന്നും നീക്കുകയോ സ്ഥലം മാറ്റുകയോ ചെയ്തിട്ടില്ല.ആദ്യ വൈസ് ചാൻസലറായതുകൊണ്ട് സർക്കാരിനിഷ്ടമുള്ളതു പോലെ മാറ്റുകയും കേറ്റുകയും ചെയ്യാം എന്നു വാദിക്കുന്നവർ കാർഷിക സർ വ്വകലാശാലയുടെയും സംസ്കൃത സർവ്വകലാശാലയുടെയും ആദ്യ വി.സിമാരായിരുന്നവരെ നീക്കാഞ്ഞതെന്തുകൊണ്ട് എന്നു പറയണം.ആരോപണം ഒന്നുമുണ്ടാകാഞ്ഞതിനാൽ ആണെന്നാണു മറുപടിയെങ്കിൽ അശോകിന്റെ പേരിലുള്ള കുറ്റം എന്തെന്നു വ്യക്തമാക്കണം.സർക്കാരിനു മറുപടിയില്ലെങ്കിൽ ഫലിതപ്രിയായ മാഡം ഐ.എ.എസ് എങ്കിലും പറഞ്ഞാൽ മതി.ഒരുപക്ഷേ ശമ്പളത്തിന്റെയും പാവങ്ങളെ വിരട്ടുന്നതിന്റെയും തോതു വച്ചു നോക്കുമ്പോൾ ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും ഇമ്മിണി ബല്യ വെള്ളാനകളായിരിക്കും.പക്ഷേ വൈസ്ചാൻസലർ വൈസ്ചാൻസലറും സെക്രട്ടറി സെക്രട്ടറിയുമാണു.നിയമ സഭ പാസ്സാക്കിയ നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ട് ഒരു വൈസ്ചൻസലറെ നീക്കം ചെയ്യുന്നതും ഒരു വകുപ്പു സെക്രട്ടറിയെ സ്ഥലം മാറ്റുന്നതും ഒരുപോലെയാണെന്നു കരുതുന്ന ഐ. എ.എസ് മാഡങ്ങളെ പോലുള്ളവർ സർവീസിലുണ്ടായിരുന്ന കാലത്ത് എന്തെല്ലാം നടന്നിരിക്കാം?

വി.സിയാകാൻ പത്തു വർഷത്തെ അദ്ധ്യാപന പരിചയമെങ്കിലും വേണം എന്നാണു ഒരു ചാനൽ സേവകന്റെ കണ്ടുപിടുത്തം.അസിസ്റ്റന്റ് മുതൽ രജിസ്ട്രാർ വരെയുള്ളവർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് വ്യക്തമായ സൂചനകളുള്ള യൂണിവേഴ്സിറ്റി നിയമങ്ങളിൽ വിസിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ഒന്നും പറയുന്നില്ല എന്നതാണു വാസ്തവം.ചാനൽ മുതലാളിക്കുവേണ്ടി കണ്ഠക്ഷോഭം നടത്താൻ കടപ്പെട്ട സേവകൻ അജ്ഞത കൊണ്ടോ സമ്മർദ്ദം കൊണ്ടോ“പറയാതെ വയ്യാ”ത്ത അവസ്ഥയിൽ എത്തിയതു കൊണ്ടു തട്ടിവിട്ടതാകാം.

എല്ലാം സുതാര്യമാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇങ്ങനെ ഉഹാപോഹങ്ങൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇടം കൊടുക്കുന്ന മണുമണുപ്പൻ വിശദീകരണമല്ല ഇക്കാര്യത്തിൽ നല്കേണ്ടത്.പൊതുമുതൽ മോഷ്ടിച്ചതിനു സുപ്രീം കോടതി ജയിലിൽ അടച്ച ബാലകൃഷ്ണപിള്ളയെ തുറന്നു വിടുകയും അതിനെ ന്യായീകരിക്കൻ, അഴിമതിക്കേസിലല്ല പിള്ളയ്ക്കു ശിക്ഷ കിട്ടിയതെന്ന് ഉളുപ്പില്ലാതെ പറയുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെയേ പറയാൻ കഴിയൂ.ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവരെ ഒന്നടങ്കം അപമാനിക്കുന്ന ഈ വീസി പീഡനം സ്ത്രീ പീഡകരുടെയും പൊതുമുതൽ മോഷ്ടാക്കളുടെയും ഔദാര്യത്തിൽ കഴിയുന്ന ഭരണ നാഥനു ചേർന്നതാ യിരിക്കാം. പക്ഷേ കേരളത്തിലെ ജനങ്ങളെല്ലാം “പൊട്ടൻ”മാരാണെന്നു ധരിക്കരുത്.

4 comments:

Anonymous said...

എം ഇ കരീം ഈയിടെ ആത്മ കഥ എഴുതിയിട്ടുണ്ട് അതൊന്നു വായിച്ചു നോക്ക് ദത്താ , ഈ വീ സി ആയാലും കൂസി ആയാലും കേരളത്തില്‍ അയാള്‍ സിണ്ടിക്കേറ്റ് എന്ത് പറയുന്നോ അതിന്റെ കീഴില്‍ ഒപ്പിടുന്ന ഒരു അടിമ

ഗവേഷണം കോപ്പ് മണ്ണം കട്ടി ഒന്നും എഴുന്നള്ളിക്കാതെ , ഇതുവരെ ആദര്‍ശ ധീരന്മാര്‍ നിങ്ങള്‍ ചെയ്യുന്ന തോന്യാസം തിരുത്താ റില്ലയിരുന്നു അതിന്റെ ഫലം ഭരണം മാറിയാലും യൂനിവേര്സിടി എല്ലാം നിങ്ങളുടെ കയ്യില്‍ തന്നെ അതൊന്നു മാറണ്ടേ ? ഉമ്മന്‍ ചാണ്ടിക്ക് ഈ ഇമേജും മുഖം മിനുക്കലും പ്രശ്നമല്ല

ഗീര്‍ വാണം ഒന്നും വേണ്ട ദത്ത

dethan said...

സുശീലൻ,
വൈസ്ചാൻസലർ സിൻഡിക്കേറ്റിന്റെ അടിമയാണോ അല്ലയോ എന്നതല്ല ഇവിടെ വിഷയം.ഒരു സർ വ്വകലാശാലയുടെ നിയമത്തെ ധിക്കരിച്ച് വ്യക്തി വിരോധമോ രാഷ്ട്രീയ വിരോധമോ തീർക്കാൻ ഭരണകൂടം ശ്രമിച്ചതിനെ കുറിച്ചാണു ഞാൻ പറഞ്ഞിട്ടുള്ളത്.

പിന്നെ; അടിമയാകുന്ന കാര്യം: വൈസ്ചാൻസലറായിരിക്കാൻ യോഗ്യതയില്ലാത്തവർ വളഞ്ഞ വഴിയിലൂടെ ആ സ്ഥാനത്തെത്തിയാൽ അവർ സിൻഡിക്കേറ്റിന്റെയല്ല ഏത് ഏഴാം കൂലിയുടെയും അടിമയുമാകും.ആണുങ്ങളൊന്നും അങ്ങനെ ആരുടെയും അടിമയായിരിക്കില്ല.

താങ്കൾ പറയുന്ന എം.ഇ.കരിം എവിടുത്തെ വിസി ആയിരുന്നു എന്ന് എനിക്ക് പിടികിട്ടുന്നില്ല.വിസിമാരുടെ നെറിയും നെറികേടും മനസ്സിലാക്കാൻ എനിക്ക് ആരുടേയും ആത്മകഥ വായിക്കേണ്ട ആവശ്യമില്ല.

ഭരണം മാറിയാലും വിസിമാരെല്ലാം ഇടതുപക്ഷക്കാരായി തുടരും എന്ന താങ്കളുടെ കണ്ടുപിടുത്തം കാര്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണു.യു.ഡി.എഫ് ഭരണകാലത്ത് ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് കേരള സർവ്വ കലാശാലയിൽ രണ്ടു സ്വയമ്പൻ കോൺഗ്രസ്സു കാരെ വി.സിമാരാക്കിയിരുന്നു.ഭരണം മാറിയപ്പോൾ അവർക്ക് സംഭവിച്ച പരിണാമം എന്തായിരുന്നു എന്ന് നല്ല കോൺഗ്രസ്സുകാരോടു തന്നെ ചോദിച്ചാൽ മതി.ഒരാൾ വിസി.സ്ഥാനം ഒഴിഞ്ഞപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായി ദേവസ്വം ബോഡ് പ്രസിഡന്റായി.മറ്റേയാൾ മാർക്സിസ്റ്റു സഖാക്കളെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ്മാരാക്കാൻ കള്ളക്കളി നടത്തിയതിന്റെ പേരിൽ ലോകായുക്തിൽ വിചാരണ നേരിടുന്നു.എങ്കിലും വിസിപദത്തിൽ നിന്നു വിരമിച്ചപ്പോൾ അവർ സ്ഥാനമൊന്നും കൊടുത്തില്ല.ഞാൻ പറഞ്ഞതു വിശ്വാസമല്ലെങ്കിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരോടു ചോദിച്ചാൽ മതി.

sarada said...

Very good post. And on a very pertinent issue. Oommen Chandy seems to have lost all sense of propriety and sense itself when sees his bizarre performances everyday. May be the reason is what you pointed out in your last hard hitting line.

Surprised Madam came out with such a comment. Perhaps she wants people to remember that she is still there and had been a powerful IAS officer once upon a time.

dethan said...

ശാരദ,
ഉമ്മൻ ചാണ്ടി രണ്ടും കല്പിച്ചാണെന്നു തോന്നുന്നു.എന്തു നെറികേടും ചെയ്യാൻ മടിയില്ലാതായിരിക്കുന്നു. പിള്ളയെ തുറന്നു വിട്ടതു കണ്ടില്ലെ? ഇപ്പോൾ തച്ചങ്കരിയെ പിടിച്ചു മടിയിൽ കയറ്റിയിരിക്കുന്നു.ഇതിനേക്കാൾ നെഗളിച്ചവരെ കണ്ട കേരളമാണു. നമുക്കു കാത്തിരിക്കാം.