Total Pageviews

Tuesday, November 1, 2011

മോഷണേന്ദ്ര തീർത്ഥ സ്വാമി തിരുവടികൾ



ഗൗഢസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ധർമ്മ പീഠമായ കാശി മഠത്തിൽ നിന്നും അമൂല്യ ദേവ വിഗ്രഹങ്ങളും ആഭരണങ്ങളും കൈവശപ്പെടുത്തി മുങ്ങിയ രാഘവേന്ദ്ര തീർത്ഥയെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു.കാശി മഠത്തിൽ നിന്നും അടിച്ചുമാറ്റിയ വിഗ്രഹങ്ങളും ആഭരണങ്ങളും പണവും രാഘവേന്ദ്ര തീർത്ഥ താമസിച്ചിരുന്ന വീട്ടിൽ നിന്നു പോലീസ് പിടിച്ചെടുത്തത്രെ.

കാശി മഠത്തിന്റെ ഇരുപതാമത് ഗുരുവായ സ്വാമി സുധീന്ദ്ര തീർത്ഥയുടെ പിൻ ഗാമിയായി 1989 ലേ അവരോധിക്കപ്പെട്ട ഈ കൊച്ചീക്കാരൻ ഇത്ര വലിയ പുള്ളിയാണെന്ന് പാവം കാശിക്കാർ ധരിച്ചു കാണില്ല.തനിനിറം ഏതാണ്ടു വെളിവായപ്പോഴേക്കും അവരുടെ പ്രധാന ആരാധനാമൂർത്തിയായ വേദവ്യാസ രഘുപതിയുടെ വിഗ്രഹങ്ങൾ രാഘവേന്ദ്രയുടെ കൈയ്യിലെത്തിയിരുന്നു.കൂടാതെ 500 വർഷം പഴക്കമുള്ള പഞ്ച ലോഹ വിഗ്രഹങ്ങളും 1000 കിലോ വെള്ളിയും പുതിയ തീർത്ഥ പാദർ കൈക്കലാക്കിയിരുന്നു.വിവരം മനസ്സിലാക്കിയ മഠാധിപതി ഇയാളെ പിൻ ഗാമി സ്ഥാനത്തു നിന്നും പുറത്താക്കി.പക്ഷെ കൈയ്യിൽ കിട്ടിയ വിലപിടിപ്പുള്ളതൊന്നും കൊച്ചീക്കാരൻ വിട്ടികൊടുത്തില്ല.കേസും വഴക്കുമായി.കോടതി വിധിയെല്ലാം ഇയാൾക്കെതിരായി.പുള്ളി പിള്ളഗ്രൂപ്പുകാരനല്ലാത്തതു കൊണ്ടും പോലീസ് ഉമ്മൻ ചാണ്ടിയുടേതല്ലാത്തതു കൊണ്ടും പിടി വീണു.

ഏതു ദൈവത്തിനും വിപണന മൂല്യത്തിനപ്പുറം ഒന്നുമില്ല എന്ന് രാഘവേന്ദ്ര തെളിയിച്ചിരിക്കുകയാണു.തന്ത്രവും മന്ത്രവും അറിയാത്ത ഒരു സ്ത്രീലമ്പടൻ തന്ത്രി വേഷം കെട്ടി കുറേനാൾ ശബരിമല അയ്യപ്പനെ കൈ കുത്തിക്കാണിച്ച് വിലസിയത് മലയാളിയായ രാഘവേന്ദ്രയ്ക്കറിയാം.

ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിലവറകളിൽ കണ്ടെത്തിയ അമൂല്യ വസ്തുക്കൾ ജനോപകാരപ്രദമായി വിനിയോഗിക്കണമെന്ന അഭിപ്രയം ഉയർന്നു വന്നപ്പോൾ“ഭഗവാന്റെ മുതലിൽ ഹിന്ദുക്കളല്ലാത്തവർക്ക് അവകാശമില്ല” എന്ന് അലറി വിളിച്ച കുമ്മനം രാജശേഖരനും വെള്ളാപ്പള്ളി നടേശനും സി.പി.നായർ ഐ.എ.എസ്സും നമ്മുടെ രാഘവേന്ദ്ര തീർത്ഥപാദരുടെ വിഗ്രഹപ്രേമത്തെ കുറിച്ച് ഒന്നും ഉരിയാടാത്തത് എന്താണു?ഗൗഢസാരസ്വത ബ്രാഹ്മണർ ഹിന്ദുക്കളല്ലേ? തട്ടിയെടുത്തത് ഹിന്ദു ആയതിനാൽ ദൈവകോപം ഉണ്ടാകില്ലെന്നാണോ?

ഹിന്ദുത്വം സംരക്ഷിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയും സദാചാര സേനക്കാരും രാഘവേന്ദ്ര തീർത്ഥരെ എന്തു ചെയ്യുമെന്നറിയാൻ ഭക്തി ലഹരി തലയ്ക്കു പിടിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് ആഗ്രഹമുണ്ട്.


Fans on the page

No comments: