Total Pageviews

Monday, August 8, 2011

ബാലൻ പിള്ളയുടെ ഹാർട്ട് ബ്ലോക്ക്



എന്തായാലും “മനുഷ്യത്വമില്ലാത്തവൻ” എന്ന് തന്തയും മോനും വിശേഷിപ്പിച്ച വി.എസ്.അച്യുതാനന്ദൻ നിമിത്തം ആർ. ബാലകൃഷ്ണപിള്ളയുടെ “മാരക”രോഗങ്ങൾ കണ്ടുപിടിക്കാനായല്ലോ.പൊതു മുതൽ കട്ട പിള്ളയ്ക്ക് സുപ്രീം കോടതി തടവുശിക്ഷ വിധിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഈ രോഗങ്ങൾ കണ്ടു പിടിക്കപ്പെടുക തന്നെ ഉണ്ടാവില്ലായിരുന്നു.സ്വന്തം പുത്രൻ കൂടി ഉൾപ്പെട്ട മന്ത്രിസഭ അനുവദിച്ച പരോൾ പരിധിയ്ക്കപ്പുറം അനുഭവിച്ച ശേഷം തിരികെ ജയിലിൽ എത്തിയ പിള്ളയ്ക്ക് കൊട്ടാരക്കര ഗണപതി ഭഗവാൻ(പുത്രൻ മന്ത്രി ഗണപതിയുമാകാം)നല്കിയ
അനുഗ്രഹമാകാം ഈ അസുഖങ്ങൾ.

ജയിലിൽ നിന്നു പുറത്തു കടക്കാൻ പതിനെട്ട് അടവും പൂഴിക്കടകനും പയറ്റിയിട്ടും സാധിക്കാതെ വന്നപ്പോഴാണു സ്വന്തം പുത്രി പിള്ളയ്ക്ക് ഹൃദ്രോഗ മാണെന്നു കണ്ടു പിടിക്കുന്നത്.മരുമകൾ ഡോക്റ്ററായിട്ടെന്തു ഫലം?ഡോക്റ്ററല്ലാത്ത മകൾ വേണ്ടി വന്നില്ലേ രോഗം കണ്ടു പിടിക്കാൻ.ആദ്യം പിള്ളയുടെ രക്തത്തിൽ ഇരുമ്പിന്റെ അളവു കൂടുതലുള്ളതിനാൽ ജയിലിലെ വെള്ളം ദേഹത്തു വീണാൽ പുള്ളിക്കാരൻ തുരുമ്പിച്ചു പോകും എന്ന് പറഞ്ഞു നോക്കിയെങ്കിലും ഫലിച്ചില്ല.75 വയസ്സു കഴിഞ്ഞ വൃദ്ധനായതു കൊണ്ട് ശിക്ഷയിൽ ഇളവു നല്കണമെന്നായിരുന്നു അടുത്ത നിവേദനം.കള്ളന്മാർക്കും പിടിച്ചു പറിക്കാർക്കും അത്തരം ഇളവു നല്കാൻ സാദ്ധ്യമല്ലെന്ന് നിയമോപദേശം കിട്ടിയതിനാൽ മന്ത്രിസഭ ജയിൽ മോചനത്തിനു ഭയന്നു.സംഗതി ഏല്ക്കില്ലെന്നു കണ്ടപ്പോൾ മകനെ
മന്ത്രിസഭയിൽ നിന്നു പിൻ വലിക്കുമെന്നായി പെരുന്തച്ചൻ.മുഖ്യമന്ത്രി നേരിട്ടു പോയി അപ്പനെ അനുനയിപ്പിക്കാൻ.തന്നെ ഉടനെ പുറത്തു വിട്ടില്ലെങ്കിൽ ആത്മകഥ എഴുതി നാറ്റിക്കും എന്നായി പിള്ളാച്ചൻ.

യു.ഡി.എഫ്. സർക്കരിനു തലവേദനയായി മാറിക്കൊണ്ടിരിക്കുന്ന ഈ മാരണത്തെ ഒഴിവാക്കൻ കഴിയാതെ വിഷമിച്ചിരിക്കുമ്പോഴാണു പിതാവിനു ഹൃദയത്തിൽ രണ്ടു ബ്ലോക്ക് ഉണ്ടെന്ന പരാതിയുമായി മകൾ മുഖ്യമന്ത്രിയെ സമീപിക്കുന്നത്.അതിവേഗമല്ലേ മുഖ്യന്റെ നടപടികൾ.എല്ലാം എടുപിടീന്നു നടന്നു.പിള്ളയുടെ ഹാർട്ടിന്റെ ബ്ലോക്ക് വിവരം ജയിൽ ഡോക്റ്റർ ക്ഷണനേരം കൊണ്ട് സ്ഥിരീകരിച്ചു.കൊടിയേറ്റത്തിൽ ഗോപി പറയുന്നതു പോലെ “എന്തൊരു സ്പീഡ്.”

രക്ത ധമനികളിൽ ബ്ലോക്ക് കണ്ടു പിടിച്ചു എന്നു കേട്ടിട്ടുണ്ട്.ഹൃദയത്തിൽ ബ്ലോക്ക് എന്ന് ആദ്യമായിട്ടാണു കേൾക്കുന്നത്.പൊതു മുതൽ മോഷ്ടാവും കീഴൂട്ടെ ജന്മിയും മന്ത്രിയുടെ പിതാശ്രീയും ഒക്കെ ആകുമ്പോൾ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതിരിക്കാൻ തരമില്ലല്ലോ.അടിയന്തിര ചികിത്സ അത്യാവശ്യം.
ജയിൽപുള്ളിക്കു സ്വകാര്യ ആശുപത്രിയിൽ അല്ലാതെ നല്ല ചികിത്സ ലഭ്യമാക്കുന്നതെങ്ങനെ?മകനും കൂടി ഭരണം കൈയ്യാളുമ്പോൾ വിശേഷിച്ചും?അങ്ങനെ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണു പിള്ളയദ്യേത്തിനെ.

ഭരണഘടനയെ തൊട്ട് ആണയിടുകയും നിയമ വാഴ്ചയുടെ മഹത്വം വാതോരാതെ വാഴ്ത്തുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരും യഥാർത്ഥത്തിൽ രാജ്യത്തെ പരമോന്നത നീതിപീഠത്തെ കൊഞ്ഞനം കുത്തുകയാണു.വിജിലൻസ് കോടതിയുടെ പരാമർശത്തിന്റെ പേരിൽ ഇപ്പോൾ രാജി ഭീഷണിമുഴക്കുന്ന ഉമ്മൻ ചാണ്ടിയ്ക്ക് കോടതിയോട് അല്പമെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കിൽ ബലകൃഷ്ണപിള്ളയെ പോലെയുള്ള ഒരു കുറ്റവാളിയെ,കോടതിവിധിയെ അപഹസിക്കുമാറു തുറന്നു വിടുമായിരുന്നോ?അധികാരം ഉണ്ടെന്നു കരുതി എന്തു തെമ്മാടിത്തവും തോന്ന്യാസവും ചെയ്യും എന്ന പ്രഖ്യാപനമല്ലേ ഈ നിയമ നിഷേധത്തിലൂടെ നടത്തിയിരിക്കുന്നത്?“ആരോടും പ്രത്യേക പ്രീതിയോ വിദ്വേഷമോ കൂടാതെ”ഭരണം നിർ വ്വഹിച്ചുകൊള്ളാം എന്ന് ഗവർണ്ണർ മുമ്പാകെ ചെയ്ത പ്രതിജ്ഞയുടെ പ്രകടമായ ലംഘനമാണിത്.പിള്ളയേക്കാൾ രോഗാതുരരും പ്രായമേറിയവരുമായ കുറ്റവാളികൾ പലരും ഇരുമ്പഴിക്കുളിൽ കിടക്കുമ്പോൾ ഇദ്ദേഹത്തിനു മാത്രം സൗകര്യം ഒരുക്കിയത് പ്രീതി കൊണ്ടു തന്നെയാണു.

സ്ത്രീ പീഡക മന്ത്രിക്കു വേണ്ടി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കോടതി നടപടി നേരിടുന്ന അഭിഭാഷകനെ ഭീഷണിക്കു വഴങ്ങി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ച മുഖ്യമന്ത്രി, അച്ഛൻ-മോൻ പാർട്ടിയുടെ നേതാവായ അച്ഛന്റെ ആത്മകഥാ ഭീഷണി(ആത്മഹത്യാ ഭീഷണി എന്നേ മുമ്പു കേട്ടിട്ടുള്ളൂ)യ്ക്കു മുമ്പിലും കീഴടങ്ങിയിരിക്കുകയാണു.രാജ്യദ്രോഹ പ്രവർത്തനം വരെ ചെയ്തതായി ആരോപിക്ക പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ വ്യഗ്രത കാട്ടിയതിലൂടെ എന്ത് അഴിമതി ചെയ്യാനും തനിക്കു മടിയില്ലെന്ന് തെളിയിച്ചിരിക്കുകയാണു മുഖ്യൻ.രാഷ്ട്രീയ സദാചാരത്തെയും അഴിമതി വിരുദ്ധ ഭരണത്തെയും കുറിച്ചു വാ തോരാതെ സംസാരിക്കുകയും നേർ വിപരീതമായി പ്രവർത്തിക്കുകയുമാണു തന്റെ ശൈലി എന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു.

“പിണ്ണാക്കു തന്നില്ലെങ്കിൽ ചക്കിൽ കാഷ്ടിക്കും” എന്നു പണ്ടൊരു നാട്ടുമ്പുറത്തുകാരൻ പയ്യൻ എണ്ണയാട്ടുകാരനെ ഭീഷണിപ്പെടുത്തിയതു പോലെയാണു പിള്ള.ഒന്നു പറഞ്ഞ് രണ്ടാമതിനു ആത്മകഥയിൽ എഴുതി തുലച്ചു കളയും എന്നാണു പേടിപ്പിക്കൽ.തിരുവിതാം കൂറിനെ വിലയ്ക്കു വാങ്ങാൻ ശേഷിയുണ്ടായിരുന്ന ഒരു ജന്മിയുടെ മകനാണെന്നു പറഞ്ഞു നടക്കുന്ന ഈ മാടമ്പി നേതാവ് ജയിലിൽ നിന്നു പുറത്തു കടക്കാൻ കാട്ടിയ പേക്കൂത്തുകൾ ആരിലും അവജ്ഞയുളവാക്കാൻ പോരുന്നതാണു.അതിനു വേണ്ടി പയറ്റിയ നെറികെട്ട കളികൾ തന്നെ മതി അദ്ദേഹം അഴിമതിയുടെ ആശാനാണെന്നു വ്യക്തമാകാൻ.അധികാരം കൈയ്യിലുണ്ടെങ്കിൽ എന്തു വൃത്തികേടും കാട്ടാം എന്ന സ്വന്തം പോളിസി നടപ്പാക്കാൻ മകൻ കൂടി പങ്കാളിയായ സർക്കാരിനെ നിർബ്ബന്ധിക്കുന്നത് അതുകൊണ്ടാണു.

അഹങ്കാരത്തിന്റെ അവതാരമായ മകന്റെയും അഴിമതി വീരനായ പിതാവിന്റെയും ബ്ലാക്മെയിലിങ്ങ് തന്ത്രത്തിൽ വീഴുന്ന ഉമ്മൻ ചാണ്ടി എന്തൊക്കയൊ ഭയക്കുന്നുണ്ട് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.അല്ലെങ്കിൽ മുഖ്യമന്ത്രിക്കസേരയുടെ വലിപ്പവും ഉത്തരവാദിത്വവും മറന്ന് സുപ്രീം കോടതി ശിക്ഷിച്ച അഴിമതിക്കാരനെ അയാളുടെ വീട്ടിൽ പോയി കാണുകയില്ലായിരുന്നു.അതു വഴി ഭരണഘടനാ ലംഘനം നടത്തിയ
അദ്ദേഹം ആ കസേരയിൽ ഇരിക്കാൻ അയോഗ്യനും അപ്രാപ്തനുമാണെന്നു സ്വയം പ്രഖ്യാപിച്ചിരിക്കുകയാണു. വ്യാജ മെഡിക്കൽ റിപ്പോർട്ടിന്റെ പേരിൽ പിള്ളയ്ക്കു സുഖവാസം അനുവദിച്ചു കൊണ്ട് അത് ഒന്നു കൂടി ശരിവച്ചിരിക്കുന്നു.




Fans on the page

6 comments:

kaalidaasan said...

ദത്തന്‍,

ഉമ്മന്‍ ചാണ്ടി നടത്തിയ അധികാരദുര്‍വിനിയോഗം ഒരു തുടക്കം മാത്രം. ഇനി പലതും വരാനിരിക്കുന്നതേ ഉള്ളു.
ഇതൊരു ചണ്ടി മാത്രമാണെന്ന് അധികം താമസിയാതെ മനസിലാകും, അദ്ദേഹം മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നുണ്ടെങ്കില്‍.

sarada said...

അതിശക്ത്തമായ ബ്ലോഗ്ഗ്‌!
ഇതു ബാലക്രിഷ്ണപിള്ളയുടേ തോന്ന്യാസങ്ങളേക്കാൾ ഉമ്മൻ ചാണ്ടിയുടെ കൂസലില്ലാത്ത നെറികെട്ട പോക്കിനെ പറ്റിയുള്ള സമഗ്രമായ ഒരു വിലയിരുത്തലായി. കഴിവുകേടല്ല അതാണെന്നു തോന്നിപ്പിക്കുന്നതാണു അദ്ദേഹത്തിന്റെ വിജയം.കോടതിയെ ഭയങ്കര ബഹുമാനമാണെന്നു ഒരു ബ്ഭലിതവും ഇന്നലെ കേട്ടു!

ദ്രിഷ്ട്റ്റിയിൽപ്പെട്ടാൽപ്പോലും ദോഷമുള്ള ചിലരെ താങ്ഗൾ പറഞ്ഞതുപോലെ പ്രധാന കസേരകളിലിരുത്തുന്നതുകൂടാതെ കാരക്കോണം കാരുടെ കൂടെയുള്ള നിൽപ്പും നിയമസഭാവോട്ടെടുപ്പിലെ മറിമായവും എല്ലാം കൂടി ഭരണം പൊടിപൊടിക്കുന്നു.
ഇരുമ്പു തുരുമ്പിച്ചു പോകാതെ നോക്കേണ്ടതും നിഷ്ക്കളങ്കനും പ്രജാവൽസലനുമായ ഒരു മുഖ്യമന്ത്രിയുടെ കടമയാണല്ലോ!

dethan said...

കാളിദാസൻ,
താങ്കൾ പറഞ്ഞതു പോലെ ഇനി പലതും വരാനിരിക്കുന്നതേ ഉള്ളൂ എന്നാണു എനിക്കും തോന്നുന്നത്.ചാണ്ടി ചണ്ടി യാണെന്നു പതിയെ പ്പതിയെ ബോദ്ധ്യമായിക്കൊണ്ടിരിക്കയാണു.

dethan said...

ശാരദ,
എല്ലാ നെറികേടുകൾക്കും കൂട്ടു നില്ക്കുകയും ആദർശം പ്രസംഗിക്കുകയും ചെയ്യുന്നതാണു സഹിക്കാൻ വയ്യാത്തത്.പണ്ട് ആന്റണി വേണ്ടാ വേലയൊക്കെ ചെയ്യിക്കുന്നത് ഉമ്മൻ ചാണ്ടിയെ കൊണ്ടായിരുന്നു എന്നു കേട്ടിരുന്നു.അതു സത്യമായിരുന്നിരിക്കണം എന്നാണു ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രവൃത്തികൾ കാണുമ്പോൾ തോന്നുന്നത്.ഇന്ന് കുഞ്ഞാലിക്കുട്ടിയ്ക്കും ബാലൻ പിള്ളയ്ക്കും വേണ്ടി വിടുവേല ചെയ്യുന്ന ആൾ എത്ര ഉത്സാഹത്തോടെയായിരിക്കും അന്ന് അഴിമതി നടത്താൻ തുനിഞ്ഞതെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.അധികാരം നിലനിർത്താൻ എന്ന്തു വൃത്തികേടും കാണിക്കും എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണു ബാലകൃഷ്ണപിള്ളയെ സുഖ ചികിത്സയ്ക്കു വിട്ടത്.

Anonymous said...

ഇടമലയാര്‍ കേസില്‍ ഉണ്ടായ നഷ്ടത്തിന്റെ എത്രയോ മടങ്ങാണ് ലാവലിന്‍ ഇടപാടില്‍ നഷ്ടം ബാല കൃഷ്ണ പിള്ളയെ പൂജപ്പുര കിടത്തണമെന്നു ആര്‍ക്കാണിത്ര വാശി? ആന്റണി യെപോലെ കൂടെ നിന്നവരെ തഴയുന്ന ആളല്ല ഉമ്മന്‍ ചാണ്ടി ഇടക്ക് പിള്ള എത്ര തെറി വിളിച്ചു അയാളെ ആദ്യത്തെ ചാണ്ടി മന്ത്രി സഭയില്‍ എടുക്കാത്തതിന് , ചാണ്ടി എല്ലാ പാരകളെയും അതി ജീവിച്ചു അഞ്ചു കൊല്ലം ഭരിക്കും കൂടെ നിന്ന സഖാവിന്റെ ബ്ലൂ ഫിലിം ഒളി കാമറ വച്ചു പിടിക്കുന്ന കമ്യൂനിസത്തെക്കാള്‍ എത്രയോ ഭേദം ഉമ്മന്‍ ചാണ്ടി

dethan said...

Sushil,

ലാവ് ലിൻ ഇടപാടിൽ നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിനുത്തരവാദികളായവരെ ജയിലിലടയ്ക്കണം.ബാലകൃഷ്ണ പിള്ള പൊതു മുതൽ കട്ടതിനാണു ജയിലിൽ കിടക്കേണ്ടി വന്നത്.ഒരു രൂപയാണെങ്കിലും ഒരു കോടി രൂപയാണെങ്കിലും മോഷണം മോഷണം
തന്നെയാണു സുഹൃത്തേ.പിള്ളയല്ല,ആരു ചീത്ത വിളിച്ചാലും ഉമ്മൻ ചാണ്ടി കേട്ടോളും.അത്രയ്ക്കു കഷ്ടപ്പെട്ടാണു ആ കസേരയിൽ കയറിപ്പറ്റിയത്.

പൊതു നിരത്തിൽ വച്ച് എല്ലാവരും കാൺകെ ഉമുണ്ട് ഉരിയുന്നതിനേക്കാൾ ഭേദമല്ലേ ഒളിക്യാമറകൊണ്ട് അനാശാസ്യം പിടിക്കുന്നത്?