Total Pageviews

Friday, June 17, 2011

രാഷ്ട്രീയക്കാരുടെ 'ധാർമ്മിക ബോധം'“ഗളഹസ്തം ചെയ്യും പോൽ,ഗളഹസ്തം ചെയ്യും പോൽ
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?”
എന്ന്‌ ചങ്ങമ്പുഴ ചോദിച്ചിട്ടുണ്ട്‌.
കേരളം ഭരിക്കുന്ന രണ്ടു മന്ത്രിമാരും ഒരു ഡി.വൈ.എഫ്‌ ഐ സഖാവും കോഴ കൊടുത്തു തങ്ങളുടെ മക്കൾക്ക്‌ വേണ്ടി തരപ്പെടുത്തിയ മെഡിസിൻ സീറ്റുകൾ വേണ്ടെന്നു വയ്ക്കുന്നത്‌ ധാർമ്മികതയുടെ പേരിലാണെന്ന്‌ ആണയിടുന്നതു കേട്ടപ്പോൾ മേലുദ്ധരിച്ച കവിതയാണു ഓർമ്മ വരുന്നത്‌.ധാർമ്മിക ബോധം എന്നത്‌,ചങ്ങമ്പുഴ ചോദിക്കും പോലെ വെറും ചൊറി കുത്താണോ?

ഒരു കോടിയോളം രൂപാ കോഴകൊടുത്ത്‌ ആരോഗ്യ മന്ത്രി അടൂർ പ്രകാശും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും മക്കൾക്ക്‌ വേണ്ടി വഹിച്ചെടുത്ത മെഡിസിൻ പി.ജി.സീറ്റുകൾ വേണ്ടെന്നു വയ്ക്കുകയാണെന്നും അർഹത പ്പെട്ടതാണെങ്കിലും ധാർമ്മിക മൂല്യങ്ങൾ ഉയർത്തി പ്പിടിക്കുന്നതിനും പൊതു ജീവിത വിശുദ്ധി നിലനിർത്തുന്നതിനും വേണ്ടിയാണു ഈ ത്യാഗം ചെയ്യുന്നത്‌ എന്നു മായിരുന്നു രണ്ടു പേരുടെയും അവകാശ വാദം.അദ്ധാന വർഗ്ഗത്തിന്റെ പ്രത്യയ ശാസ്ത്ര ഗീർ വാണം മുഴക്കുന്ന ഡി.വൈ.എഫ്‌ ഐ നേതാവിന്റെയും വാചകമടി ഇതേ ലൈനിലയിരുന്നു.അദ്ദേഹവും 40 ലക്ഷം രൂപ തലവരി കൊടുത്ത്‌ മകൾ ക്കു വേണ്ടി ഒപ്പിച്ചെടുത്ത എം.ബി.ബി.എസ്‌.അഡ്മിഷൻ വേണ്ടെന്നു വയ്ക്കുന്നതും ധാർമ്മിക മൂല്യത്തിന്റെ അസ്കിത കൊണ്ടാണത്രെ.
രാത്രി പകലാക്കി പഠിച്ച്‌ മിടുക്കരായ കുട്ടികൾ എന്റ്രൻസിൽ ഉയർന്ന റാങ്കു വാങ്ങിയാലും പിന്തള്ളപ്പെട്ടു പോകുമ്പോഴാണു പണത്തിന്റെ കൊഴുപ്പിൽ വിലകൊടുത്ത്‌ ഈ പിതാക്കന്മാർ സീറ്റു കരസ്ഥമാക്കിയത്‌.അടൂർ പ്രകാശ്‌ പറഞ്ഞത്‌ താൻ മന്ത്രിയാകുന്നതിനു മുമ്പാണു കോഴകൊടുത്തതെന്നാണു.മന്ത്രിയാകും മുമ്പ്‌ കോഴ കൊടുത്തു സീറ്റു വാങ്ങുന്നതിൽ തെറ്റില്ലെന്നു ധ്വനി.അബ്ദു റബ്ബിന്റെയും ന്യായീകരണത്തിന്റെ വഴിയും അതു തന്നെ.ഇരിപ്പിടത്തിന്റെ വ്യത്യാസമനുസരിച്ച്‌ മാറി മറിയുന്നതാണോ ധാർമ്മികത?സൂര്യ വെളിച്ചത്തിൽ ചെയ്യാൻ പാടില്ലാത്തതൊന്നും ഒരു പൊതു പ്രവർത്തകൻ ചെയ്തുകൂടാ എന്ന്‌ പറഞ്ഞ ഗാന്ധിജിയുടെ ശിഷ്യന്മാരെന്നു അഭിമാനിക്കുന്നവരാണു ഇത്തരം തൊടു ന്യായങ്ങൾ ഉരുവിട്ട്‌ അഴിമതിയെ ന്യായീകരിക്കുന്നത്‌.
മാദ്ധ്യമങ്ങൾ അഴിമതിക്കഥ പുറത്തു കൊണ്ടു വരുന്നതിനു മുമ്പ്‌ ധാർമ്മിക ബോധം മന്ത്രിമാർക്ക്‌ ഉണരാതിരുന്നത്‌ എന്തുകൊണ്ട്‌?ഈ പ്രശ്നം ആരെങ്കിലും കോടതി മുമ്പാകെ കൊണ്ടുവന്നാൽ നാറുമെന്നു മനസ്സിലായി നിവൃത്തിയില്ലാതെ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിൽ ഉയരുന്ന ധാർമ്മിക ബോധം കാപട്യമാണു.എന്തും
വിലയ്ക്കെടുക്കാം എന്ന അഹങ്കാരമാണു ഇപ്പോൾ മിക്ക രാഷ്ട്രീയക്കാരെയും ഭരിക്കുന്നത്‌.മുമ്പൊക്കെ ഇടതു കക്ഷികൾക്ക്‌ വിലയ്ക്കു വാങ്ങൽ പോളിസിയോട്‌ അത്ര ആഭിമുഖ്യമുണ്ടായിരുന്നില്ല.മൂലധനത്തിന്റെ സ്തുതിപാഠകരായി മാറിയതോടെ അവരും മുതലാളിത്ത വഷളത്തങ്ങളിൽ അഭിരമിക്കാൻ തുടങ്ങി.അതുകൊണ്ടാണു മാർക്സിസ്റ്റു പാർട്ടിയുടെ യുവജന സംഘടനാ നേതാവ്‌ കോഴകൊടുത്തതിനെ ന്യായീകരിക്കുന്നത്‌.

മോഷണം പിടിക്കപ്പെടുമ്പോൾ ഹരിശ്ചന്ദ്ര വേഷം കെട്ടാനുള്ള ശ്രമം അപഹാസ്യമാണു. ആരോഗ്യമന്ത്രിയും വിദ്യഭ്യാസ മന്ത്രിയും ആണു ഈ സീറ്റു കച്ചവടത്തിന്റെ അംബാസിഡർമാരെന്നത് സ്വാശ്രയമേഖലയുടെ ഭാവി എത്ര
കേമമായിരിക്കും എന്ന് പറയാതെ പറയുന്നുണ്ട്.പെൺ വാണിഭ നേതാവ് നേതൃത്വം കൊടുക്കുന്ന ഭരണത്തിൽ ഇതൊക്കെ കണ്ട് ആരും അത്ഭുതപ്പെടില്ല.വെറുതെ ധാർമ്മിക ബോധം എന്നും മറ്റും പറഞ്ഞ് ആളുകളെ റജീനമാരാക്കരുതെന്നു മാത്രം.2 comments:

kaalidaasan said...

>>>പെൺ വാണിഭ നേതാവ് നേതൃത്വം കൊടുക്കുന്ന ഭരണത്തിൽ ഇതൊക്കെ കണ്ട് ആരും അത്ഭുതപ്പെടില്ല.<<<<<<

ദത്തന്‍,

എല്ലാം വാണിഭം.

പണ്ടൊക്കെ വാണിഭത്തിന്റെ ദല്ലാളുകള്‍ വലതു പാര്‍ട്ടികളിലായിരുന്നു. ഇപ്പോള്‍ അത് ഇടതുപക്ഷത്തേക്കും വ്യാപിച്ചിരിക്കുന്നു.

dethan said...

കാളിദാസൻ,
അഴിമതി കാണിക്കുന്നതിൽ ഇടതു വലതു വ്യത്യാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണു.അതാണല്ലോ സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനത്തിൽ കണ്ടത്.ഐസ് ക്രീം പാർലർ വീരനും പി.ശശിയും ഒരേതൂവൽ പക്ഷികളായതും അതുകൊണ്ടല്ലൊ.
-ദത്തൻ