Total Pageviews

Thursday, April 14, 2011

ന്യുമോണിയ ബാധിക്കുന്ന ദൈവങ്ങള്‍!



മനുഷ്യനും മറ്റു ജന്തുക്കള്‍ക്കും രോഗം ബാധിക്കാറുണ്ട്.മരിക്കാറുമുണ്ട്.പക്ഷേ ദൈവത്തിനും പനി പിടിക്കുമെന്നും മഞ്ഞപ്പിത്തം ബാധിക്കുമെന്നും ഒക്കെ കേള്‍ക്കുന്നത് ആദ്യമായാണ്.പ്രധാന മന്ത്രിമാരും ജഡ്ജിമാരും വലിയ ശാസ്ത്രജ്ഞരും എല്ലാം ആരാധിച്ചു വന്ന പുട്ടപര്‍ത്തിയിലെ ദൈവം ന്യുമോണിയ ബാധിച്ച്
ആശുപത്രിയില്‍ ആണ്.ജനകോടികളെ രോഗത്തില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നു അനുയായികള്‍ വിശ്വാസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ദൈവമാണ് ആശുപത്രിയിലെ തീവ്രപരിചരണ
വിഭാഗത്തില്‍ ചികത്സയില്‍ കഴിയുന്നത്.

ഈ ദൈവത്തിന്റെ ആരോഗ്യത്തിനു വേണ്ടി അദ്ദേഹത്തിന്റെ ഭക്തന്മാര്‍ അമ്പലങ്ങള്‍ തോറും പൂജയും പ്രാര്‍ത്ഥനയും മറ്റും നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കു ന്നത്.ബാലകൃഷ്ണന്‍ ഏറാടിയെ പോലുള്ള ജഡ്ജിമാരും ആര്‍.കെ കരിഞ്ചിയയെ പോലുള്ള പത്രാധിപ പുലികളും ഇന്ത്യന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ദൈവമാക്കി കൊണ്ടു നടന്നിരുന്ന ആളാണ് ശയ്യാവലംബിയായി മരണത്തോടു മല്ലടിക്കുന്നത്.ഒരു മനുഷ്യന്‍ രോഗബാധിതനാകുമ്പോള്‍ അയാളോട് കാരുണ്യമാണ് മറ്റുള്ളവര്‍ക്കു തോന്നുക.പക്ഷേ സായിബാബയ്ക്കു ന്യൂമോണിയ ബാധിച്ചെന്നു കേട്ടപ്പോള്‍ തമാശയാണു തോന്നുന്നത്.വലിയ ഒരു ജനസമൂഹത്തെ പതിറ്റാണ്ടുകള്‍ കബളിപ്പിച്ചു വിലസിയ മഹാന്‍
ദൈവമല്ലെന്നു ഭക്തര്‍ക്കു കൂടി ബോദ്ധ്യമാകുവാന്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയ്ക്കു കഴിയുമെങ്കില്‍ നന്നായിരുന്നു.പക്ഷേ ആരെയെങ്കിലും ആരാധിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത ഇന്ത്യയിലെ അന്ധ വിശ്വാസി സമൂഹം ഇതും "ഭഗവാന്റെ ലീല"യായി കാണാനാണു സാദ്ധ്യത.

സന്തോഷ് മാധവനും തോക്കു സ്വാമിയും കൊട്ടിയത്തമ്മയും എല്ലാം ഇതുപോലെ വന്‍ ദൈവങ്ങളായി പൂത്തുലയേണ്ടതായിരുന്നു.എന്തു ചെയ്യാം സര്‍ക്കാരും ചില അവിശ്വാസികളും ചേര്‍ന്ന് ആ പൂജാ വിഗ്രഹങ്ങളെ തല്ലിത്തകര്ത്തു കളഞ്ഞു!ജീവിത ദുരിതങ്ങളില്‍ നിന്ന് ആശ്വാസം കിട്ടാന്‍ ഏതു കച്ചിത്തുരുമ്പി
നെയും ദൈവമായി ആരാധിക്കാന്‍ തുനിയുന്ന പാവങ്ങളെക്കാള്‍ ഇത്തരം കള്ളനാണയങ്ങളെ കനക വിഗ്രഹങ്ങളാക്കുന്ന മാദ്ധ്യമങ്ങളും കപട വേഷം കെട്ടാന്‍ മടിയില്ലാത്ത ഉരുപ്പടികളുമാണ് ആള്‍ ദൈവ സങ്കേതമായി ഇന്ത്യയെ മാറ്റിയത്.

സായിബാബ ദൈവമാണെന്നു പ്രചരിപ്പിക്കുവാന്‍,'ബ്ലിറ്റ്സ്' പത്രാധിപരായിരുന്ന ആര്‍.കെ.കരിഞ്ചിയ രചിച്ച"God lives in India"എന്ന പുസ്തകം ഇതിന്റെ ഒന്നാം തരം തെളിവാണ്. ഇന്ത്യയിലെ ഈ ദൈവവുമായി പത്രാധിപര്‍ നടത്തിയ അഭിമുഖങ്ങള്‍ നിറഞ്ഞ ഗ്രന്ഥം രണ്ടുപേരുടെയും സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്.തന്റെ അത്ഭുത സിദ്ധികളെ വെല്ലുവിളിക്കുന്ന പാറ്റ്നാ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ശാസ്ത്രജ്ഞനുമായ ഡോ.നരസിംഹയ്യയേയും ഡോ. എ.റ്റി.കോവൂരിനെയും മറ്റും ചന്തച്ചട്ടമ്പികള്‍ പോലും പറയാനറയ്ക്കുന്ന വാക്കുകള്‍ കൊണ്ടാണ് ദൈവം ശകാരിക്കുന്നത്.ബാബ വിളമ്പുന്ന അബദ്ധജടിലങ്ങളായ അഭിപ്രായങ്ങള്‍ മഹത്തായ ശാസ്ത്ര തത്ത്വങ്ങളായിട്ടാണ് കരിഞ്ചിയ എഴുന്നള്ളിക്കുന്നത്.

ലോകപ്രശസ്ത മാന്ത്രികന്‍ പി.സി.സര്‍ക്കാര്‍ ജൂനിയര്‍, ഈ ദൈവത്തിനെ കാണാന്‍ പോയ കഥ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.അന്തരീക്ഷത്തില്‍ നിന്നു വിഭൂതി എടുത്തു കൊടുത്ത് അനുഗ്രഹിച്ച ദൈവത്തിന് അന്തരീക്ഷത്തില്‍ നിന്നു തന്നെ ലഡു എടുത്തു ദക്ഷിണയായി നല്‍കിയ മാന്ത്രികനെ ദൈവത്തിന്റെ ഗുണ്ടകള്‍ കൈകാര്യം ചെയ്തത്രേ.കഷ്ടിച്ചാണ് അദ്ദേഹം അന്നു രക്ഷപ്പെട്ടത്.

സായിബാബയുടെ മാത്രമല്ല എല്ലാ ആള്‍ദൈവ സങ്കേതങ്ങളും നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്.നിയമ വിരുദ്ധ പ്രവര്‍ത്തനത്തെ നിയന്ത്രിക്കേണ്ടവരും ശിക്ഷ വിധിക്കേണ്ടവരും നിയമ നിര്‍മ്മാതാക്കളും ഈ ആള്‍ദൈവങ്ങ ളുടെ ആരാധകരും പ്രചാരകരും ആകുമ്പോള്‍ അവറ്റകള്‍ സര്‍വ്വതന്ത്രസ്വതന്ത്രരായി വളരാതിരിക്കുന്നതെങ്ങനെ? പക്ഷേ കാപട്യത്തിലൂടെയും ചൂഷണത്തിലൂടെയും എത്ര വളര്‍ന്നാലും കാലം എന്ന മഹാപരീക്ഷകന്റെ മുമ്പില്‍
ചെപ്പടി വിദ്യകളുടെ മുഖം മൂടി അഴിച്ചു മാറ്റി സമസ്താപരാധം പറയേണ്ട സമയം വരും.സായി ബാബ ആ അവസ്ഥയില്‍ ആണ് ഇപ്പോള്‍.എന്നിട്ടും പാഠം പഠിക്കില്ലെന്ന വാശിയിലാണ് വിശ്വാസികളും മിക്ക മാദ്ധ്യമങ്ങളും.

ഒന്നുമില്ലെങ്കിലും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ചികിത്സാ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനനങ്ങളും അദ്ദേഹത്തിന്റെ പേരില്‍ നടത്തപ്പെടുന്നില്ലേ;അതു വഴി ധാരാളം ആളുകള്‍ക്ക് പ്രയോജനം ഉണ്ടാകുന്നില്ലേ?എന്നൊക്കെ സംശയമുദിക്കാം.ഇതെല്ലാം ദാവൂദ് ഇബ്രാഹിമും മണിച്ചനും ഒക്കെ ചെയ്യുന്നുണ്ട്.ബാബയില്‍ വിശ്വസിക്കുന്നതു മൂലം ഒരുപാടു പേര്‍ക്ക് മനശ്ശാന്തി കിട്ടുന്നെങ്കില്‍ നല്ലതല്ലേ എന്ന ചോദ്യവും ഉയരാം.മയക്കു മരുന്നും മദ്യവും ഉപയോഗിക്കുന്നവരും അവകാശപ്പെടുന്നതും ഇതു തന്നെയാണ്.മയക്കു മരുന്നിനേക്കാള്‍ വലിയ സാമൂഹിക വിപത്താണ് ആള്‍ദൈവങ്ങള്‍ എന്നു തിരിച്ചറിയാന്‍ ഈ ന്യൂമോണിയാ ബാധ ഉപകരിക്കുമെങ്കില്‍ അത്രയും നന്ന്.



Fans on the page

16 comments:

dethan said...

"മദ്വചനങ്ങള്‍ക്കു മാര്‍ദ്ദവമില്ലെങ്കി-
ലുദ്ദേശ ശുദ്ധിയാല്‍ മാപ്പു നല്‍കിന്‍."

-ദത്തന്‍

മുക്കുവന്‍ said...

നബിയും,ക്രിസ്തുവുമ്,ബുദ്ദനും ഈ ഗണത്തില്‍ പെടുമോ ആവോ? ഇല്ലേല്‍ ഈ ദൈവത്തേയും കളിയാക്കുന്നത് ശരിയല്ലെന്നാണെന്റെ അഭിപ്രായം!

dethan said...

മുക്കുവന്‍,

നബിയും ക്രിസ്തുവും ബുദ്ധനും ഒന്നും തങ്ങള്‍ ദൈവമാണെന്നു പറഞ്ഞിട്ടില്ല.അങ്ങനെ പറഞ്ഞവരെ അവര്‍
തന്നെ തിരുത്തുകയും ചെയ്തിട്ടുണ്ട്.അവരോടൊപ്പം ഈ ആള്‍ദൈവത്തിന്റെ പേരുച്ചരിക്കുന്നതു പോലും
മഹാപരാധമായിരിക്കും.

-ദത്തന്‍

പാര്‍ത്ഥന്‍ said...

ഇതിനൊക്കെ കാരണം ആത്മീയത എന്താണെന്ന് മനസ്സിലാക്കാൻ അവസരം കൊടുക്കാത്ത സമൂഹമാണ്.

ഈശ്വരൻ ഉണ്ട് എന്നു പറഞ്ഞ് ജനങ്ങളെ ചൂഷണം ചെയ്യേണ്ടവർക്കുള്ള ഉരുപ്പടികൾ ഹൈന്ദവ ദർശനങ്ങളിൽ ധാരാളം ഉണ്ട്. അതുപോലത്തന്നെ, ഈശ്വരനും ത്രിമൂർത്തികളും ഒന്നും ഇല്ല എന്നു മനസ്സിലാക്കാനും പര്യാപ്തമായ ഗ്രന്ഥങ്ങളും അവിടത്തന്നെയുണ്ട്. അതൊക്കെ വായിച്ചു മനസ്സിലാക്കാനോ, പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കാനോ പ്രബുദ്ധരായ ജനതയ്ക്ക് സമയമില്ല. കാമമോഹങ്ങളിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ എത്തുമ്പോൾ ഏത് ആസാമിയുടെ കാലിൽ വീണാലും എനിക്ക് രക്ഷപ്പെടണം എന്ന ആഗ്രഹം നിലനിൽക്കുന്നവരാണ് ഇത്തരം ദൈവങ്ങൾക്ക് മാർക്കറ്റുണ്ടാക്കിക്കൊടുക്കുന്നത്.

ബ്രഹ്മത്തിന്റെ - പ്രപഞ്ച ചൈതന്യത്തിന്റെ - സഗുണാവസ്ഥയാണ് ഈശ്വരൻ. പ്രവർത്തിക്കുന്ന സത്തയാണ് ഈശ്വരൻ. ഈശ്വരനും, ഈശ്വരാവതാരത്തിനും കർമ്മം ഉണ്ട്. അതുകൊണ്ട് അവർക്കെല്ലാം ജനനമരണവും ഉണ്ട്. ആദിമൂലദ്രവ്യം ആയ ബ്രഹ്മചൈതന്യം മാത്രമാണ് പ്രപഞ്ചത്തിൽ നശിക്കാത്തതായിട്ടുള്ളത്. മനുഷ്യനും ദൈവവും, ഈശ്വരനും, ബ്രഹ്മാവും , പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും ജനിക്കുകയും മരിക്കുകയും ചെയ്യും. സായിബാബക്കുമാത്രം അതെല്ലാം ആരെങ്കിലും നിഷേധിച്ചിട്ടുണ്ടോ എന്ന് ഈ വിമർശകർ ഒന്നു പറഞ്ഞു തന്നാൽ മനസ്സിലാക്കാമായിരുന്നു.

sarada said...

ദത്തന്‍,

ആള്‍ദൈവങ്ങളുടെ ആസ്തി എത്രയാണു? അതിനു കണക്കെടുപ്പുണ്ടോ,ടാക്സ്‌ കൊടുക്കുന്നുണ്ടോ? അറിയാനാഗ്രഹിക്കുന്നു.

dethan said...

പാര്‍ത്ഥന്‍,
"ഇതിനൊക്കെ കാരണം ആത്മീയത എന്താണെന്ന് മനസ്സിലാക്കാന്‍ അവസരം കൊടുക്കാത്ത സമൂഹമാണ്."എന്ന
താങ്കളുടെ അഭിപ്രായത്തോട് യോജിക്കാന്‍ നിവൃത്തിയില്ല.ആത്മീയത കച്ചവടച്ചരക്കാക്കി മുതലെടുപ്പു നടത്തുന്നവരും ചെപ്പടി വിദ്യകാട്ടി തങ്ങള്‍ ദൈവങ്ങളാണെന്നു പറഞ്ഞ് പറ്റിക്കുന്നവരെ ചോദ്യം ചെയ്യാത്ത
ഭരണകൂടവമാണ് കാരണക്കാര്‍.
ഇത്തരം ദൈവങ്ങള്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാക്കി കൊടുക്കുന്നത്,താങ്കള്‍ പറയുന്നതു പോലുള്ളവരല്ല.സമൂഹത്തില്‍
ഉന്നതരെന്നു കരുതുന്ന,ശാസ്ത്ര ബോധം തൊട്ടു തെറിച്ചിട്ടില്ലത്തവരും(ശാസ്ത്രത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളതു കൊണ്ട് ശാസ്ത്ര ബോധം ഉണ്ടാകണമെന്നില്ല)പരസ്യക്കൊതിയന്മാരായ മാദ്ധ്യമ മുതലാളിമാ
രുമാണ്.
"God exists only through defenitions" എന്ന് നടരാജഗുരു പറഞ്ഞതു ശരിയാണെന്നാണ് താങ്കള്‍ ദൈവത്തിനെ നിര്‍വ്വചിക്കുന്നത് കാണുമ്പോള്‍ മനസ്സിലാകുന്നത്.എങ്കിലും,"മനുഷ്യനും ദൈവവും, ഈശ്വരനും, ബ്രഹ്മാവും , പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളും ജനിക്കുകയും മരിക്കുകയും ചെയ്യും." എന്ന താങ്കളുടെ അവകാശവാദം അല്പം കടന്നു പോയി. ഈശ്വരനും മരണമുണ്ട് എന്നത് പുതിയ അറിവാണ്.അതുപോലെ അചരങ്ങള്‍ക്കു ജനനവും മരണവും ഉണ്ട് എന്നുള്ളതും.

വന്ധ്യകളെ പ്രസവിപ്പിക്കുകയും ക്യാന്‍സര്‍ വരെയുള്ള അസുഖങ്ങള്‍ ഭേദപ്പെടുത്തുകയും ചെയ്തെന്ന് ആരാധകരും വമ്പന്മാരും വാഴ്ത്തിയ ദൈവത്തിനു സ്വയം രക്ഷിക്കാന്‍ കഴിയാത്തതെന്തുകൊണ്ടെന്ന് വിശ്വാസികള്‍ വിശദീകരിക്കുമോ?
മനുഷ്യനു മനസ്സിലാകാത്ത 'ബ്രഹ്മം,പ്രപഞ്ച ചൈതന്യം, സഗുണാവസ്ഥ'തുടങ്ങിയ വാക്കുകള്‍ ഉരുവിട്ട് ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ആത്മീയ പ്രഭാഷക നാട്യക്കാരും സായിബാബാ മാരുടെയും അമൃതാനന്ദ
മയിയുടെയും അടുക്കലേക്ക് സാധാരണക്കാരെ ഓടിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ടെന്നാണു തോന്നുന്നത്.

dethan said...

ശാരദ,
ആള്‍ദൈവങ്ങളുടെ ആസ്തിയെക്കുറിച്ച് ഒരു കണക്കുമില്ല.പല ടാക്സുകളില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്.വരുമാനത്തിന്റെ ഉറവിടമേതെന്നു ഒരു ആള്‍ ദൈവവും വെളിപ്പെടുത്തിയിട്ടില്ല.അമൃതാനന്ദ
മയിയുടെയും മറ്റ് ആള്‍ദൈവങ്ങളുടെയും വരുമാനത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ട
പ്രൊഫ.സുകുമാര്‍ അഴീക്കോടിന്റെ വീടാക്രമിക്കാന്‍ പോയവര്‍ക്കു നേതൃത്വം കൊടുക്കുകയാണ് ഇപ്പോഴത്തെ
സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് മുരളീധരന്‍ ചെയ്തത്.അമ്മ ഭക്തരായ മാന്യന്മാരുടെ പുലയാട്ടു വേറെയും.

പാര്‍ത്ഥന്‍ said...

ഈയടുത്ത് ഒരു IPS ഉദ്ദ്യോഗസ്ഥന്റെ പ്രസ്ഥാവന വായിച്ചു. അതിൽ പറഞ്ഞിരിക്കുന്നത്, ഇന്ന് ഏറ്റവും കൂടുതൽ തഴച്ചു വളരുന്ന ഒരു ബിസിനസ്സ് ‘അനാഥാലങ്ങൾ’ ആണ്. അവർക്ക് വിദേശത്തു നിന്നും പല തരത്തിലുള്ള ഫണ്ട് ലഭിക്കുന്നുണ്ട്. അതുപോലെ ഇത്തരം സ്ഥലങ്ങളിൽ നടക്കുന്ന അവിഹിതമായ പ്രവർത്തികളും പീഠനങ്ങളും പുറം ലോകം അറിയാതെ പോകുന്നുണ്ട്. അവിടത്തെ അന്തേവാസികൾ അന്നം കൊടുക്കുന്ന രക്ഷകർക്കെതിരെ ഒന്നും പറയാനും തയ്യാറല്ല.

dethan said...

പാര്‍ത്ഥന്‍,
അനാഥാലയം നടത്തിപ്പിന്റെ പേരില്‍ ധാരാളം തട്ടിപ്പു നടക്കുന്നുണ്ട്.ചിലതൊക്കെ പിടിക്കപ്പെടുന്നുമുണ്ട്.അനാഥാലയ ബിസിനസ്സിലും ആള്‍ദൈവങ്ങള്‍ ഒട്ടും പിന്നിലല്ല.വലിയ ഒരു ആള്‍ ദൈവമായി വളരുമായിരുന്ന സന്തോഷ് മാധവന്‍ സ്വത്തുണ്ടാക്കുക മാത്രമല്ല അനാഥപ്പെണ്‍കു
ട്ടികളുടെ മാനം കവരുകയും കൂടി ചെയ്തതിന്റെ പേരിലാണല്ലോ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.അനാഥാലയ വ്യാപാരം നടത്തുന്നവര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടാകാം. അതിനേക്കാള്‍ വിദേശ സഹായവും വിദേശികളുടെ സാന്നിദ്ധ്യവും കൊണ്ട് "അനുഗൃഹീത"ങ്ങളാണ് ആള്‍ ദൈവസങ്കേതങ്ങള്‍ അവിടങ്ങളില്‍ തങ്ങുന്ന വിദേശികളില്‍ ചാരന്മാര്‍ ഇല്ലെന്നതിന് എന്താണ് ഉറപ്പ്?

G Radhakrishnan said...

A few years back, a friend of mine made all arrangements to visit Puttaparthi and get 'Darshan' of Baba to get his 4-year old son cured of some congental illnesses (mental retardation). But he had to cancel his visit at the last moment as he got information that Sai Baba himself was sick and not giving 'Darshan' then!.

But still his faith in Baba remained the same. Because faith is blind!

പാര്‍ത്ഥന്‍ said...

സന്തോഷ് മാധവനെപ്പോലുള്ള ആസാമികൾ ഇനിയും ഉണ്ടാകട്ടെ. സ്വാർത്ഥമോഹികളായ എല്ലാവരും അവിടെ പോയി കബളിപ്പിക്കപ്പെടട്ടെ എന്നുതന്നെയാണ് എന്റെ ആഗ്രഹം. സാധാരണക്കാരായ ദൈവവിശ്വാസികൾ എന്നു പറയുന്നവരെയൊന്നും സന്തോഷ് മാധവന് പറ്റിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സന്തോഷ് മാധവനാണ് ഞാൻ ബ്ലോഗെഴുത്ത് തുടങ്ങാൻ കാരണക്കാരനായത്.

dethan said...

രാധാകൃഷ്ണന്‍,
എന്തു വന്നാലും പഠിക്കില്ല എന്നു ശഠിക്കുന്ന ഇത്തരക്കാരാണ് സായിബാബയെയും അമൃതാനന്ദമയിയെയും പോലുള്ള തട്ടിപ്പുകാരെ ദൈവങ്ങളായി വളരാന്‍ സഹായിക്കുന്നത്.

പാര്‍ത്ഥന്‍ said...

ഒരേ കമന്റ് രണ്ടു പ്രാവശ്യം ഇട്ടതും മുങ്ങിപ്പോയി.
എന്നാലല്ലെ ബാബയെയും അമൃതാനന്ദമയിയെയും തെറി പറയാൻ കഴിയുള്ളൂ‍. പ്രക്ഷുബ്ധരായ ഭൊതികവാദികൾക്ക് തടിയൂരുകയുമാവാം.

dethan said...

പാര്‍ത്ഥന്‍,
താങ്കള്‍ ഇട്ട നാലു കമന്റുകള്‍ ഇവിടെ കാണുന്നുണ്ട്.പിന്നെ ഏതാണു മുങ്ങിയതെന്നും എങ്ങനെ മുങ്ങിയെന്നും മനസ്സിലാകുന്നില്ല.ഇനി അഭൗമ ശക്തി പേറുന്ന ഈ ആള്‍ ദൈവങ്ങള്‍ തന്നെ മുക്കിയതാകുമോ?
വേണമെങ്കില്‍ അങ്ങനെയും ഒരു അത്ഭുത കഥ ചമയ്ക്കാം.

സന്തോഷ് മാധവന്‍ പറ്റിച്ചവരില്‍ വനിതാ ഐ.പി.എസ്.ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ള പോലീസ് മേധാവികള്‍ മാത്രമല്ല ഉള്ളത്.അവരെ പറ്റിച്ചാല്‍ നമുക്ക് ഒന്നുമില്ല.ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കുന്ന സാധു പെണ്‍കുട്ടികളെ, സംരക്ഷിക്കാനെന്ന വ്യാജേന സ്ഥാപനം നടത്തി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉള്‍പ്പെടെ
ലൈംഗികമായി അയാള്‍ ചൂഷണം ചെയ്തിട്ടുണ്ട്.സാധാരണക്കാരില്‍ വച്ചു സാധാരണക്കാരായവരാണ് അവര്‍.
സായിബാബയുടെയും അമൃതാനന്ദ മയിയുടെയും പറ്റിക്കലിനു വിധേയരാകുന്നവരും ഉന്നതന്മാര്‍ മാത്രമല്ല.
പാവങ്ങളും ധാരാളമുണ്ട്.ചൂഷണവും കബളിപ്പിക്കലും ആരു നടത്തിയാലും ന്യായീകരിക്കാനാകില്ല.
തട്ടിപ്പിനിരയാകുന്നവരേക്കാള്‍ തട്ടിപ്പു നടത്തുന്നവരാണ് നിന്ദ്യരും അപകടകാരികളും.

പാര്‍ത്ഥന്‍ said...

Dear dethan.

നമ്മുടെ വിഷയം ആൾദൈവങ്ങൾക്കും അസുഖം വന്നതിനെക്കുറിച്ചായിരുന്നു. അനാഥാലയങ്ങളിലെ ചൂഷണത്തെക്കുറിച്ചാണ് രണ്ടാഴ്ചമുമ്പ് ഒരു പോലീസ് ഉദ്ദ്യോഗസ്ഥൻ അഭിപ്രായം പറഞ്ഞത്. ആ കുറ്റം ഒരു സന്തോഷ് മാധവനിൽ മാത്രം ആരോപിക്കേണ്ടതില്ല എന്നു മാത്രമെ എനിക്ക് പറയാനുള്ളു. ഇക്കാര്യങ്ങൾ അന്വേഷിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനുമാണല്ലൊ നമുക്ക് സർക്കാരുള്ളത്. അത് അവർ നോക്കട്ടെ. ആൾദൈവങ്ങളുടെ കാലിൽ വീഴാതെ നോക്കേണ്ടത് പൊതുജനങ്ങളാണ്. അതു മാത്രമാണ് ഞാൻ ഇതിനു മുമ്പും പറഞ്ഞത്.

പാര്‍ത്ഥന്‍ said...

വെള്ളെഴുത്തിന്റെ പോസ്റ്റിലെ ഒരു പുതിയ കമന്റ് മറിഞ്ഞു വന്നു. ഈ പോസ്റ്റ് കുട്ടത്തിൽ ചേർന്നു പോകുന്നതാണ്.