Total Pageviews

Wednesday, March 30, 2011

ഒരുത്തിയുടെ രോഷം;ഓരോരുത്തന്മാരുടെയുംസി.പി.എമ്മില്‍ നിന്നും ചാടി കോണ്‍ഗ്രസ്സില്‍ ചേക്കേറിയ സിന്ധു ജോയി പഴയ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പു ഗോദായില്‍ ഇറങ്ങിയിരിക്കുകയാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്കു വേണ്ടി വോട്ടു പിടിച്ചുകൊണ്ടാണ് സിന്ധു പുതിയ മാര്‍ഗ്ഗം കൂടല്‍ ഉദ്ഘാടിച്ചത് എന്നതു അവര്‍ ജന്മനാ തന്നെ ഗാന്ധി ശിഷ്യയും സത്യവിശ്വാസിയും ആണെന്നതിന്റെ തെളിവാണ്.മാര്‍ക്സിസ്റ്റു പാര്‍ട്ടി തീര്‍ത്ത ഇരുമ്പു കൂടിനുള്ളില്‍ കിടന്നു വീര്‍പ്പു മുട്ടിയ ഈ കുഞ്ഞാടിന്റെ വിമോചനത്തില്‍ സഭയും കോണ്‍ഗ്രസും അതിരറ്റ് ആഹ്ളാദിക്കുകയാണ്.

അവരുടെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ട് കുഞ്ഞാട് ഇടതുപക്ഷ വിരോധ വിഷം വിതറി സ്റ്റേജില്‍ നിന്നു സ്റ്റേജിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി സ. വി.എസ്.അച്യുതാനന്ദന്‍, തന്നെ 'ഒരുത്തി' എന്നു വിളിച്ചതിനെ ചൊല്ലി കുഞ്ഞാട് രോഷം കൊള്ളമ്പോള്‍ പുതിയ ഇടയന്മാര്‍, അദ്ദേഹം സ്ത്രീത്വത്തെ അപമാനിച്ചു എന്ന് മുക്രയിടുന്നു.ഒരുത്തി ഒരുത്തന്‍ തുടങ്ങിയ വാക്കുകള്‍ അശ്ളീലമാണോ? എങ്കില്‍
"ഉടലതി രമ്യമൊരുത്തനു കാല്‍ക്കൊരു
മുടവുണ്ടവനു നടക്കുന്നേരം" എന്നെഴുതിയ കുഞ്ചന്‍ ന‍മ്പ്യാര്‍ അശ്ളീല സാഹിത്യകാരനാകണമല്ലോ?

അപക്വ മതിയായ ഒരു യുവതി ഭാഷാപരിജ്ഞാനക്കുറവു കൊണ്ടോ പഴയ നേതാവിനോടുള്ള വിരോധം കൊണ്ടോ ഇത്തരം വിവരക്കേടുകള്‍ എഴുന്നള്ളിക്കുന്നതു മനസ്സിലാക്കാം.എന്നാല്‍ പരിണിത
പ്രജ്ഞനെന്നു അനുയായകള്‍ കൊണ്ടാടുന്ന ഉമ്മന്‍ ചാണ്ടിയെ പോലൊരുത്തനും കോണ്‍ഗ്രസ്സിന്റെ വക്താവു വേഷം കെട്ടിയാടുന്ന എം. എം.ഹസ്സനെ പോലെ ഒരുത്തനും ഈ വാക്കില്‍ പിടിച്ച് വി.എസ്. അച്യുതാനന്ദനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.
വി.എസ്സിനെ കുറിച്ച് മറ്റാരോപണങ്ങള്‍ പറയാനില്ലാത്തതു കൊണ്ട് നിസ്സാരമായ പദപ്രയോഗത്തിന്റെ പേരിലെങ്കിലും കുറ്റപ്പെടുത്താന്‍ കഴിയുമോ എന്നാകും പ്രതിപക്ഷ നേതാവിന്റെയും ശിഷ്യന്മാരുടെയും നോട്ടം.

സൈലന്റ് വാലി സമരം നടക്കുന്ന കാലത്ത് ശ്രീമതി സുഗത കുമാരിയെയും മറ്റും പറ്റി "അവളുമാര്‍" എന്ന് ,അന്ന് മന്ത്രി ആയിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയും,"ഓള്‍" എന്ന് സീതിഹാജിയും വിളിക്കുകയും അശ്ലീല ധ്വനിയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ പ്രതിഷേധിക്കാനും ഉപദേശിക്കാനും ഒന്നും ഉമ്മാന്‍ ചാണ്ടിയേയും ഹസ്സനെയും രമേശ് ചെന്നിത്തലയേയും കേരളത്തില്‍ ആരും കണ്ടില്ല.
സുപ്രീം കോടതി ശിക്ഷിച്ച ബാലകൃഷ്ണ പിള്ളയും, പുത്രനും കെ.സുധാകരനും കൂടി കോടതിയെയും നിയമ വ്യവസ്ഥയെയും വെല്ലു വിളിച്ചു കൊണ്ട് കൊട്ടാരക്കര പട്ടണത്തില്‍ അഴിഞ്ഞാടിയപ്പോള്‍ ഈ സമചിത്തര്‍ എവിടെയായിരുന്നു? തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍
മത്സരിച്ച സമയത്ത് അദ്ദേഹത്തെ ജാതി പറഞ്ഞ് ബാലകൃഷ്ണ പിള്ള അധിക്ഷേപിച്ചപ്പോള്‍ മൗ
നം ദീക്ഷിച്ചത് എന്തുകൊണ്ടായിരുന്നു? ധാര്‍മ്മിക രോഷം ചിലപ്പോള്‍ മാത്രം ഉണ്ടാകുന്ന അസുഖ
മാണോ?

പാര്‍ട്ടി പ്രവര്‍ത്തകയായ തന്നെ പാര്‍ട്ടിക്കുള്ളില്‍ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയാത്ത അച്യുതാനന്ദന് കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും രക്ഷകനാകാന്‍ എങ്ങനെ കഴിയും എന്നാണ് സിന്ധു ജോയിയു
ടെ മറ്റൊരു ചോദ്യം.പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്തു കളയുന്നവരെയും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പര്‍ട്ടി വിട്ടു പോകുന്നവരെയും സംരക്ഷിക്കുന്ന ചുമതല മുഖ്യമന്ത്രിക്കാണോ?
പെണ്‍ വാണിഭക്കാരെ ഇരുമ്പഴിക്കകത്താക്കുമെന്നു പറയുന്നതിന്, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെ സം രക്ഷിക്കുക എന്നാണ് അര്‍ത്ഥമെന്ന് സിന്ധു ജോയി വ്യാഖ്യാനിച്ചാല്‍ 'റാന്‍' എന്നു പറയാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമേ കഴിയൂ.അതു തന്നെ എത്ര
നാള്‍ എന്ന് കണ്ടറിയാം.

പാര്‍ട്ടിയില്‍ സംരക്ഷണം നല്‍കാത്ത മഹാപാതകം ചെയ്ത വി.എസ്സിനെ പുലഭ്യം പറയാന്‍ സിന്ധു ജോയി കൂടിയിരിക്കുന്നത് ആര്‍ക്കൊക്കെ ഒപ്പമാണ്?പത്ത് കൈ വിരലുകളും പത്തു കാല്‍ വിരലുകളും കൊണ്ട് എണ്ണിയാലും തീരാത്തത്ര പെണ്‍ കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചെന്ന്,അതിനു കൂട്ടു നിന്ന
സ്വന്തം ബന്ധു സാക്ഷി പറയുന്ന കുഞ്ഞാലിക്കുട്ടിയെ പോലുള്ള വിഷയ ലമ്പടന്മാര്‍ക്കും സ്ത്രീപീഡ
കര്‍ക്കും ഒപ്പം നിന്നു കൊണ്ട്!!എത്ര സുരക്ഷിത സ്ഥാനത്താണ് പഴയ വിപ്ലവ നായിക എത്തിപ്പെ
ട്ടിരിക്കുന്നത്!!

സിന്ധു ജോയിക്ക് ഇപ്പോള്‍ സ്ത്രീകളോട് എന്തു ബഹുമാനവും ആദരവും!മുമ്പ് നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ എസ്.എഫ്.ഐ.നേതാവായി അവര്‍ തിരുവനന്തപുരത്ത് വിലസിയിരുന്ന കാലം.അന്ന് കേരള സര്‍ വ്വകലാശാലാ ജീവനക്കാര്‍ പണിമുടക്കു സമരത്തിന്റെ ഭാഗമായി ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്നപ്പോള്‍ മുന്‍ നിരയിലിരുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ, പത്തലും പട്ടിയലും മറ്റുമായി ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടകള്‍ക്കൊപ്പം സിന്ധു ജോയിയും ഉണ്ടായിരുന്നു.അന്നു തലപൊട്ടി ആശുപത്രിയില്‍ ദീര്‍ഘ കാലം ചികിത്സയില്‍ കഴിയേണ്ടി വന്ന ജീവനക്കാരികളില്‍ പലരും ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടിയില്‍ പെട്ടവരായിരുന്നു എന്നത് അദ്ദേഹം മറന്നിട്ടുണ്ടാകും.പഴയ എസ്.എഫ്.ഐ സഖാവും വിസ്മരിച്ചിരിക്കാം. പക്ഷേ തല്ലും ഏറും കൊണ്ടവരും അതു കണ്ടു നിന്നവരും ഒന്നും മറന്നിട്ടില്ല.

പെണ്‍കുട്ടികളെ പിഴപ്പിച്ച കുഞ്ഞാലിക്കുട്ടി തെളിക്കുന്ന തെരഞ്ഞെടുപ്പു തേരില്‍ ഇരുന്നു കൊണ്ട് സ്ത്രീ പീഡനത്തിനെതിരെ സംസാരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും സിന്ധു ജോയിയുടെയും ഉളുപ്പില്ലായ്മ സമ്മതിയ്ക്കണം.പെണ്‍ വാണിഭക്കാരെ കൈയ്യാമം വയ്ക്കുമെന്നു പറയുന്ന വി.എസ്, സ്ത്രീപീഡകനായ
സ്വന്തം പാര്‍ട്ടിക്കാരന്‍ പി.ശശിക്കെതിരെ നടപടി എടുക്കാത്തത് എന്തെന്ന് ഇവര്‍ ചോദിക്കുന്നു.
പി.ശശിക്കെതിരെ വേണ്ട നടപടികള്‍ പാര്‍ട്ടി കൈക്കൊള്ളും എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ പരിഹസിച്ചു കൊണ്ടാണ് ചോദ്യം.പി.ശശിയുടെ പീഡനത്തെ കുറിച്ച് ആരും സര്‍ക്കാരില്‍ പരാതിപ്പെട്ടിട്ടില്ല.പാര്‍ട്ടി സെക്രട്ടറിക്കാണ് പരാതി ലഭിച്ചത്.അതിന്മേല്‍ നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയല്ലാതെ മുഖ്യമന്ത്രിയാണോ?

മുഖ്യമന്ത്രി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ കഴിയാത്ത പ്രതിപക്ഷനേതാവ് യുക്തി രഹിതവും ബാലിശവുമായ വാദഗതികള്‍ പുറപ്പെടുവിച്ച് സ്വയം പരിഹാസ്യനാവുകയാണ്.സിന്ധു ജോയി എന്ന കോടാലിക്കൈ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുന്നത് ജനം സഹിച്ചെന്നിരിക്കും.പക്ഷേ സ്ത്രീകളുടെ മാനത്തിനു വില പറയുന്ന കുഞ്ഞാലിക്കുട്ടിയെ പോലുള്ള വിഷയലമ്പടന്മാരുടെ തോളില്‍ കൈയ്യിട്ടു കൊണ്ട് ഉമ്മന്‍ ചാണ്ടി സ്ത്രീപീഡനത്തിനെതിരെ കണ്ഠക്ഷോഭം ചെയ്യുന്നതും അച്യുതാനന്ദനെ കുറ്റപ്പെടുത്തുന്നതും പൊറുക്കില്ല.അഞ്ചുകൊല്ലം ഭരിച്ചിട്ടും പെണ്‍ വാണിഭക്കാരെ കൈയ്യാമം വയ്ക്കാഞ്ഞത് എന്തെന്ന ചോദ്യത്തിന്,ഇരുപതു കൊല്ലത്തിനു ശേഷം പൂജപ്പുര ജയിലില്‍ എത്തിയ ബാലകൃഷ്ണ പി
ള്ളയാണു മറുപടി.

സിന്ധു ജോയിയെ പോലൊരുത്തിയെ മുന്‍ നിര്‍ത്തി വി.എസ്സിനെ പോലൊരുത്തനെ ആക്ഷേപിച്ച് തറ പറ്റിയ്ക്കാമെന്ന് ഉമ്മന്‍ ചാണ്ടിയെ പോലൊരുത്തന്‍ കരുതുന്നത് സ്വന്തം കൂടാരത്തില്‍ തന്നെയുള്ള ഓരോരുത്തന്മാര്‍ നല്‍കുന്ന പ്രഹരമേറ്റ് സ്വബോധം നഷ്ടപ്പെട്ടതിനാലാകണം.Fans on the page

11 comments:

Anonymous said...

ഒരാള്‍ സംസാരിക്കുന്ന ഭാഷ അയാളുടെ കള്‍ച്ചര്‍ സംസ്കാരം ബുധിപരമായ ഔന്നത്യം എന്നിവ പ്രദര്‍ശിപ്പിക്കും

അച്യുതാനന്ദന്‍ എന്ന വ്യക്തിക്ക്‌ എന്തും പറയാം പക്ഷെ കേരള ചീഫ്‌ മിനിസ്റ്റര്‍ എന്നു പറയുമ്പോള്‍ നൂറു ശതമാനം സാക്ഷരത ഉള്ള സ്റ്റേറ്റിനെ റെപ്രസണ്റ്റ്‌ ചെയ്യുന്ന ആളാണു, സംസാര ഭാഷ നിലവാരം ഉള്ളതാകണം.

സിന്ധു ജോയി പോയതില്‍ പാര്‍ട്ടിയോ പാര്‍ട്ടിക്കാരോ ഇത്ര ബേജാറാകുന്നതെന്തിനു? എം വീ രാഘവന്‍ കേ ആര്‍ ഗൌരി ഇവരൊക്കെ പോയിട്ടു പാര്‍ട്ടി തളര്‍ന്നോ? അവരുമായി കമ്പെയര്‍ ചെയ്താല്‍ സിന്ധു ജോയി ഇന്നലത്തെ മഴയില്‍ കുതിത്ത ഒരു തകരയല്ലേ?

സീ എം ആ ചോദ്യം മറുപടി പറയണ്ടത്‌ തന്നെ ഇല്ല, അല്ലെങ്കില്‍ കരുണാകരന്‍ പണ്ടു പിള്ള പ്രശ്നം ചോദിച്ചപ്പോള്‍ പ്രതി കരിച്ചപോലെ ഏതു പിള്ള എന്തു പിള്ള എന്നു പറയാമല്ലോ

ആ മറുപടി നോക്കൂ രണ്ട്‌ വാക്കില്‍ പിള്ള എന്നു പറഞ്ഞാല്‍ ആരുമല്ല എന്നു വ്യംഗ്യമായി ഉത്തരം നല്‍കി, നല്ല ഭാഷയും ഉപയോഗിച്ചു

എം വീ രാഘവന്‍ പോയിട്ട്‌ പാര്‍ട്ടിക്കു എന്തെങ്കിലും പറ്റിയോ എന്നു മാത്രം ചോദിച്ചാല്‍ മതിയായിരുന്നല്ലോ

ഇതാണു സംസ്കാരം ഉള്ളവര്‍ മറുപടി പറയുന്നതും അതില്ലാത്തവര്‍ പറയുന്നതും തമ്മില്‍ വ്യത്യാസം

Chethukaran Vasu said...

ഒരാള്‍ സംസാരിക്കുന്നത് നിലവാരമുള്ള ഭാഷ ആണോ എന്ന് മനസ്സിലാക്കനമെങ്ങില്‍ അത്യാവശ്യം ഭാഷയില്‍ നിലവാരം ആവശ്യമാണ്‌ .. പക്ഷെ ഇവിടെ തമാശ , നിലവാരമില്ല എന്ന് കൂവി വിളിച്ചു നടക്കുന്നവന്‍ (അവന്‍ എന്നാതും നിലവാരമില്ലാത്ത ഭാഷയാണ് എന്നും ചിലര്‍ പറയും :-) ) എന്ത് കൊണ്ടാണ് അത് നിലവാരമില്ല എന്ന് പറയുന്നത് എന്ന് അവര്‍ക്ക് തന്നെ വ്യക്തമായി മനസ്സിലക്കുന്ദൊ എന്നതാണ് . കപടമായ മാന്യത ബോധവും , ഹിപ്പോക്രസിയും കൂടാതെ അല്പ്പതരത്തില്‍ ആരെയും പിന്നിലാക്കുന്ന പൊങ്ങച്ച വീരന്മാര്‍ക്കു പലപ്പോഴും അങ്ങനെ ഒക്കെ തോന്നിയില്ലെങ്ങില്‍ അത്ഭുതമില്ല ..അല്പന്റെ അഹങ്കാരം അന്നല്ലാതെ ഒന്നും അതിനെപ്പറ്റി പറയാന്‍ ഇല്ല .

ഒരാള്‍ - ലിമ്ഗരഹിത സര്‍വ്വനാമം
ഒരുത്തന്‍ - മേല്‍ പരരഞ്ഞതിണ്ടേ പുല്ലിംഗ രൂപം
ഒരുത്തി - ആദ്യം പറഞ്ഞതിന്റെ സ്ത്രീ ലിംഗ രൂപം

ഒരാള്‍ എന്ന് പറയുന്ന അത്ര തന്നെ മാന്യത ഒരുത്തനും ഒരുത്തിക്കും ഉണ്ട് എന്ന് അര്‍ഥം .. പക്ഷെ വിവരം അല്ലെങ്ങില്‍ ഭാഷ അറിയേണ്ടേ..?
മാന്യമായ ഭാഷയുടെ പരിണാമങ്ങള്‍ ഇങ്ങനെ ശുദ്ധമലയാളം - ഏറ്റം മോശം - സംസ്കൃതം കലര്‍ന്ന മലയാളം - മാന്യം , മലയാളത്തിനു പകരം ഇംഗ്ലീഷ് വാക്ക് - ഉഗ്രന്‍ മാന്യത . ഈ നിയമം അനുസരിച്ച് ഇതു പടത്തെയും അമന്യം , മാന്യം , അതി മാന്യം എന്ന് തരാം തിരിക്കാമെന്ന് തോന്നുന്നു !

'പെണ്ണ് 'എന്ന് വിളിച്ചാല്‍ അപമാനിച്ചതാനെന്നും 'സ്ത്രീ 'എന്ന് വിളിച്ചാല്‍ മാന്യമാനെന്നും ഇനി ഇന്ഗ്ലീഷില്‍ 'ലേഡി' എന്ന് വിളിച്ചാല്‍ അതി ഭയങ്കര മാന്യതയാനെന്നും കരുതുന്ന കപട സമൂഹമേ , നിങ്ങളുടെ മാനസിക വളര്‍ച്ച എന്നെ ഉത്കണ്ടാപ്പെടുതുന്നു ,, സ്വന്തം ഭാഷയെ കുറിച്ചോ , സ്വത്വത്തെ കുറിച്ചോ ആത്മാഭിമാനമില്ലാത്ത കുറെ ആളുകലായിപ്പോയല്ലോ നമ്മുടെ സമൂഹം ..കഷ്ടം ! കുറെ ഡിഗ്രി കടലാസെന്നാല്‍ വിദ്യാഭ്യാസവും വിവരവുമായി എന്നാ അല്‍പ ബുദ്ധിയില്‍ നിന്നും വളര്‍ന്നു വികസിച്ചു , ഇതൊന്നുമില്ലത്തവര്‍ നേടുന്ന അറിവുകളും രൂപപ്പെടുത്തുന്ന ചിന്തകളും ത്രിച്ചരിയാനുള്ള കഴിവെങ്ങിലും നമ്മുടെ സമൂഹത്തിനു ഇല്ലാതെ പോകുന്ന തെന്തേ ..?

Anonymous said...

തമിഴില്‍ അഛനെ തന്തയാരെ എന്നു പറയും അതു ആദി ദ്രാവിഡ തമിഴ്‌ അനുസരിച്ചു നല്ല ഉച്ചാരണം പക്ഷെ എടേ നിണ്റ്റെ തന്തയാര്‍ എവിടെ പോയി എന്നു ചോദിക്കുമ്പോള്‍ അതു തറയാവും

നിണ്റ്റെ അഛന്‍ വീട്ടില്‍ ഉണ്ടോ എന്നും നിണ്റ്റെ തന്ത വീട്ടില്‍ ഉണ്ടോ എന്നും ചോദിക്കുമ്പോള്‍ ചെത്തുകാരന്‍ വാസുവിനു രണ്ടാമത്തേതായിരിക്കും കുളിരു കോരുന്ന കറക്ടായ ദ്രാവിഡ ഉച്ചാരണം

അങ്ങിനെ കുളിരു കോരുന്നവരാണു മാര്‍ക്സിസ്റ്റ്‌ പാറ്‍ട്ടിയില്‍ അധികം പേരും

പിണാറായിയും ജയരാജന്‍മാരും പറയുന്ന മലയാളം അവറ്‍ക്കു ശുധ ദ്രാവിഡം കലറ്‍പ്പില്ലാത്ത മലയാളം

അവള്‍ തൂറാന്‍ പോയി എന്നു പറയുന്നത്‌ ശുധ മലയാളം പക്ഷെ അവള്‍ ബാത്‌ റൂമില്‍/ലാട്റിനില്‍ പോയിരിക്കുകയാണു എന്നു പറഞ്ഞാല്‍ ചെത്തുകാരന്‍ വാസുവിനെ പോലെ ഉള്ള ആള്‍ക്കാറ്‍ക്കു അതു കപട ഹിപ്പോക്റസി

ഓരോരുത്തറ്‍ക്ക്‌ അറ്‍ഹിച്ച ഭരണാധികാരികളെ കിട്ടും, അതു മേയ്‌ പതിമൂന്നിനു അറിയാം.

ചാര്‍ളി[ Cha R Li ] said...

ഓക്കേ..
സമ്മതിച്ചു..അച്ചുമാമാ കേട്ടല്ലോ..
എതോ ഒരു മാന്യമഹിള പോയി എന്നു പറയണം.

മാന്യ സുശീലാ, അച്ചുമാമന്റെ ഭാഷ താങ്കള്‍ ആദ്യമായാവും കേള്‍ക്കുന്നത്. അദ്ദേഹം ഇത്രയും നാള്‍ പറഞ്ഞു വന്നിരുന്ന നാട്ടുരീതിയില്‍ തന്നെയാണ് കഴിഞ്ഞ 5 വര്‍ഷോം സംസാരിച്ചു കൊണ്ടിരുന്നു.
മിണ്ടാതെ ഇരുന്നല്ല മുഖ്യമന്ത്രിയായതും.
കുറ്റം പറയാനൊന്നുമില്ലാത്തപ്പോള്‍ ഇനി അയാളുടെ ഭാഷയും സംസ്കാരം മോശമാണെന്ന് പറയുകയല്ലേ വഴിയുള്ളൂ..

(നിനക്കൊക്കെ ശശി തരൂര്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന് അഭിമാനം എന്നാണല്ലോ..യ്യോ..അയാളുടെ ഭാഷ അപാ‍ാ‍ാ‍ാരം.)

Chethukaran Vasu said...

സുശീലന്‍ എന്താ പറയുന്നത് എന്നു സുശീലന് തന്നെ അറിയില്ല എന്നത് ഞാന്‍ ആദ്യം പറഞ്ഞ കമ്മന്റിനെ സാധൂകരിക്കുന്നു :-) . മലയാളത്തില്‍ അച്ഛന്‍ എന്നതാണ് സാമാന്യ പ്രയോഗം , തന്ത എന്നല്ല .. അത് കൊണ്ട് അച്ഛന്‍ എന്നാ വാക്ക് - മലയാളം , പിതാവ് - സംസ്കൃതം , ഡാഡി - ഇംഗ്ലീഷ് . അല്ലാതെ തന്ത അല്ല മാഷേ തനതു മലയാളം ആയി കണക്കാക്കേണ്ടത് .. അത് കൊണ്ട് എന്റെ തന്ത എന്ന് പറയുന്നത് അപൂര്‍വവും എന്റെ അച്ഛന്‍ എന്നത് സ്വാഭാവിക മലയാളവും ആകുന്നു , അതെ സമയം പിതാവ് എന്ന് പറയണം എന്ന് വാശി പിടിച്ചാല്‍ അത് തനതു മലയാളം അല്ല എന്നാലും പിതാവ് അച്ഛനെക്കാള്‍ മാന്യന്‍ ആണെന്ന് ചിലര്‍ക്ക് തോന്നാം .. ചിലര്‍ക്ക് എന്റെ ഡാഡി എന്ന് പറഞ്ഞാലേ ഒടുക്കത്തെ മാന്യത ആകൂ ...

തനതു മലയാളം ഒരാള്‍ വിവക്ഷിച്ചാല്‍ അത് തമിഴ് ആകണം എന്ന് താങ്കള്‍ കരുതുന്നത് എന്റെ പ്രശ്നമല്ല . അതെ സമയം തനതു മലയാളത്തിനു പകരം അടുത്ത കാലത്ത് സംസ്കൃത ജന്യമായ വാക്കുകളോ അല്ലെങ്ങില്‍ ഇന്ഗ്ലിഷ് വാക്കുകളോ ഉപയോഗിച്ചാല്‍ മാന്യത ആകും എന്ന് കരുതുന്നത് അല്പത്വം ആല്ലാതെ പിന്നെന്താണ് ..അതിനെ ന്യായീകരിച്ക്കാന്‍ മലയാളത്തില്‍ പ്രചാരമില്ലാത്ത തമിഴ് വാക്കുകളെ കൂട്ടിപ്പിടിച്ചു മറ്റുള്ളവരുടെ വായില്‍ തിരുകി കയട്ടണ്ട. അങ്ങനെയാണ് മറ്റുളളവര്‍ പറയുന്നതെന്ന് ധ്വനിപ്പിക്കാനും നില്‍ക്കേണ്ട .. .അതില്‍ ഒന്ന്ടും മാന്യത ഇല്ല എന്ന് പറയട്ടെ ..

ഇത്തരത്തില്‍ മലയാതെ തമിഴിനോട് ബന്ധിപ്പിച്ചുകൊണ്ട് തമിഴ് സ്ട്ര്‍ഷമായ സ്വാഭാവിക മലയാളം ഉച്ചരിക്കുന്നത് പോര്രയ്മയാണ് എന്ന് ചിലര്‍ക്ക് തോന്നുന്നത് പൊതുവില്‍ വര്‍ഗ്ഗപരമായ ചില അപരിച്കൃത ചിന്തകള്‍ മനസ്സില്‍ ഒളിപ്പിച്ചു നടക്കുന്നത് കൊണ്ടാണ് .. അത് കൊണ്ട് തന്നെയാണ് നമ്മള്‍ തമിഴ ബാലികമാരെ വീട്ടു വേലയ്ക്കു നിര്‍ത്തി മനുഷ്യത്വം ഇല്ലാതെ പീടിപ്പിക്കുമ്പോഴും അതില്‍ എന്താ ഇത്ര ഇരിക്കുന്നു എന്നാ രീതിയില്‍ പരസ്യമായി നിസ്സംഗത പാലിക്കുകയും രഹസ്യമായി അത് നമ്മളെ സമൂഹത്തില്‍ ഉപരിവര്ഗ്ഗമാക്കുന്നു (അതിനു താഴെ ഒരു വര്‍ഗ്ഗത്തെ സൃഷ്ടിച്ചു കൊണ്ട് ) എന്നാ ബോധത്തില്‍ അഭിരമിക്കുകയും ചെയ്യുന്നത് .

പുറമേ രണ്ടു വ്യത്യസ്ത സംഭാവഗല്‍ ആന്നെന്നു തോന്നമെങ്ങിലും , യഥാര്‍ത്ഥത്തില്‍ ഈ രണ്ടു സംഭവങ്ങളിലും അന്തര്‍ലീനമായുള്ള സമൂഹ മനശ്ശാസ്ത്രം ഒന്ന് തന്നെയാണ് , തന്നെക്കാള്‍ മോശമാണ് എന്ന് താന്‍ തന്നെ വിധിക്കുന്ന അടയാളങ്ങളില്‍ നിന്നോ , ആളുകളുമായോ identify ചെയ്യാന്‍ മടിക്കുന്ന, അതുംയോ അവരുമായോ ബന്ധപ്പെടാന്‍ മടിക്കുന്ന , വര്‍ഗ്ഗ ചിന്ത ആഗ്രഹിക്കുകയും കൊണ്ട് നടക്കുന്ന അപരിഷ്കൃത മനസ്സിന്ടെ സ്വാഭാവിക പ്രകടനങ്ങള്‍ മാത്രം ആണത് .

Chethukaran Vasu said...

;അവള്‍ തൂറാന്‍ പോയി എന്നു പറയുന്നത്‌ ശുധ മലയാളം പക്ഷെ അവള്‍ ബാത്‌ റൂമില്‍/ലാട്റിനില്‍ പോയിരിക്കുകയാണു എന്നു പറഞ്ഞാല്‍ ചെത്തുകാരന്‍ വാസുവിനെ പോലെ ഉള്ള ആള്‍ക്കാറ്‍ക്കു അതു കപട ഹിപ്പോക്റസി"

താങ്കള്‍ പിന്നെയും എന്റെതായി അവതരിപ്പിക്കുന്ന വാചക പ്രയോഗങ്ങള്‍ താങ്കളുടെ മാത്രമാണ് . എന്റെ അഭിപ്രായം വ്യക്ഷമായി മനസ്സിലാക്കിയ ഒരാള്‍ കരുതുന്നത് ആയിരിക്കും

"അവള്‍ തൂറാന്‍ പോയി എന്നു പറയുന്നതിനെക്കളും അവള്‍ കക്കൂസില്‍ പോയി എന്ന് പറയുന്നതില്‍ ആപേക്ഷികമായി മാന്യത ഉണ്ട് " കാരണം രണ്ടാമത്തെ വാചകത്തില്‍ വ്യഗ്യം ഉപയോഗിച്ച് കാര്യം നേരിട്ട് അവതരിപ്പിക്കാതെ പറയുന്നു .പക്ഷെ "അവള്‍ തൂറാന്‍ പോയി എന്നു പറയുന്നിടത് അവള്‍ ഷിറ്റ് ഇടാന്‍ പോയി അന്ന് പറയുന്നതില്‍ ഒട്ടും മാന്യത കൂടുതല്‍ ഇല്ല .കാരണം ഇവിടെ ഒരേ അര്‍ത്ഥമുള്ള വാക്കുകള്‍ മാത്രം മാറ്റുകയാണ് ചെയ്യുന്നത് . " മറിച്ചു തോന്നുന്നത് സായിപ്പന്മാരോടും അവരുടെ ഭാഷയോടും സംസ്കാരത്തോടുമുള്ള വിധേയത്വം കൊണ്ടും അവനവന്റെ ഭാഷയോടും സംസ്കാരത്തോടും ഉള്ള അപകര്‍ഷതാബോധം കൊണ്ടുമാണ് ..അത് മനസ്സിലാക്കുനില്ല എന്നതാണ് അപരിഷ്കൃതമായ ഒരു സമൂഹത്തിന്ടെ സ്വഭാവം .അത് കൊണ്ട് തന്നെ അടിമകള്‍ (പ്രത്യക്ഷമോ പരോക്ഷമോ ആയി) ആകുന്നതും അവര്‍ക്ക് വളരെ എളുപ്പം ആകുകയും ചെയ്യും

അവനവനെ അവമതിച്ചു , അവന്‍ അവന്ടെ അപ്പന്‍ അമ്മരെയും അവരുടെ സംസ്കാരത്തെയും അവമതിച്ചു , മറ്റാരോ തന്നെക്കാളും യോഗ്യന്‍ എന്നാ തെറ്റിധാരണയില്‍ കണ്ടവന്റെ ഭാഷയും സംസ്കാരവും അതെ പടി ഉപയോഗിച്ച് ഞങ്ങളും ഇപ്പൊ അവരെപ്പോലെയായി എന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന അല്പത്വവും, അത്തരം അല്പന്മാരുടെ പൊങ്ങച്ചവും ആണ് ഇത്തരം വികല ധാരണകള്‍ക്ക് കാരണം ... അത് മാറാതെ മലയാളി എവിടെയും വടക്കന്‍ ഗോസായിമാരുടെയും പടിഞ്ഞാറന്‍ സായിപ്പിന്മാരുടെയും ഏറാന്‍ മൂളിയായി നടക്കാനാണ് സാധ്യത .

Chethukaran Vasu said...

അടുത്തിടെ കേട്ട ഒരു വാചകം താഴെ , ഇനി ഇത്തരം വാചകങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക , ഇവ ചിലര്‍ക്ക് അപമാനകരമായി തോന്നാം

' "എല്ലാവരും" വരിയില്‍ നില്‍ക്കുക , "ഓരോരുത്തരായി" മുന്നോട്ടു വരുക' ( ഇവിടെ എല്ലാവരും - എല്ലാ + അവര്‍ , 'അവര്‍' എന്നത് അവന്‍ , അവള്‍ എന്നതിന്ടെ ബഹുവച്ചനരൂപമാകയാല്‍ , അവന്‍ , അവള്‍ എന്നിവയ്ക്ക് തുല്യമായ മാന്യത മാത്രമുള്ള പദം ആകുന്നു . അത് പോലെ . ഓരോരുത്തര്‍ = ഓരോ + ഒരുത്തര്‍ ( ഒരുത്തര്‍ എന്നത് ഒരുത്തി , ഒരുത്തന്‍ എന്നതിന്ടെ ബഹുവചന രൂപമാകയാല്‍ തത്തുല്യമായ മാന്യത മാത്രമേ അനുവദിച്ചു കൊടുക്കാന്‍ പറ്റൂ )

അതെ സമയം ,one , some one തുടങ്ങിയ ഇന്ഗ്ലിഷ് പദങ്ങള്‍ മേല്‍ പറഞ്ഞ മലയാള പടങ്ങളേക്കാള്‍ മാന്യതയും ഉള്‍കൊള്ളുന്ന പദങ്ങള്‍ ആണെന്ന് മനസ്സിലാക്കി കൊള്ളുക . അത് കൊണ്ട് every one , one by one തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കാന്‍ താത്പര്യം ! :-)

sarada said...

ദത്തന്‍,

വി.യെസ്‌ അങ്ങിനെ പറയാതിരുന്നെങ്കില്‍! അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സ്ത്രീകളോടുള്ള സമീപനവും ശൈലിയും അദ്ദേഹത്തിലും കാണുന്നതു വേദനിപ്പിക്കുന്നു.

kaalidaasan said...

>>>>>>>വി.യെസ്‌ അങ്ങിനെ പറയാതിരുന്നെങ്കില്‍! അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സ്ത്രീകളോടുള്ള സമീപനവും ശൈലിയും അദ്ദേഹത്തിലും കാണുന്നതു വേദനിപ്പിക്കുന്നു.<<<<<<

ശാരദയുടെ ഈ അഭിപ്രയത്തോട് യോജിക്കാനാകുന്നില്ല.

Common wealth games അഴിമതി, spectrum അഴിമതി, ISRO അഴിമതി, flat അഴിമതി, പാമോലിന്‍ അഴിമതി, ഇടമലയര്‍ അഴിമതി, കുഞ്ഞാലി പെണ്‍ വാണിഭം  തുടങ്ങി ഒരായിരം വൃ ത്തികേടുകളുടെ കൂത്തരങ്ങാണിന്ന് യു ഡി എഫ്. അവിടേക്ക് സിന്ധു ജോയിയേപ്പോലുള്ള ഒരു വ്യക്തി ചേക്കേറിയത് അല്‍പം പരിഹാസത്തോടെ വി എസ് പരാമര്‍ശിച്ചു. ഒരുത്തി എന്നുപയോഗിച്ചത് പരിഹാസത്തോടെ തന്നെയാണ്. വേറെ ഏതു വക്കാണുപയോഗിക്കേണ്ടിയിരുന്നതെന്ന് ശാരദ വ്യക്തമാക്കിയാല്‍ ഉപകാരമയിരുന്നു.

സുന്ധു ജോയി എന്ന പെണ്‍കുട്ടിയെ എസ് എഫ് ഐയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടാക്കി. വളരെ ചെറിയ പ്രായത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമാക്കി. അടുത്ത പര്‍ലമെന്റ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാക്കി. സി പി എമ്മില്‍ നിന്നും രാജിവയ്ക്കുമ്പോള്‍ അവര്‍ തിരുവനന്തപുരം ജില്ലക്കമ്മിറ്റി അംഗവുമായിരുന്നു. ഇതില്‍ കൂടുതല്‍ എന്ത് സ്ഥാനമാനങ്ങളും അംഗീകാരവുമാണ്, പാര്‍ട്ടി അവര്‍ക്ക് നല്‍കേണ്ടിയിരുന്നതെന്ന് ശാരദ പറയാമോ? മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി മലമ്പുഴയില്‍ വി എസിനു പകരം മത്സരിപ്പിക്കണമായിരുന്നോ?

Anonymous said...

പാര്‍ട്ടിക്കത്തു നില്‍ക്കുമ്പോള്‍ സിന്ധു ജോയി പരിശുധ മാലാഖ അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടി അല്‍ഫോണ്‍സ്‌ കണ്ണംതാനം ഐ എ എസ്‌ കോമ്രേഡ്‌ ഇവരെല്ലാം വെളിയില്‍ പോയികഴിയുമ്പോള്‍ ഒരുത്തി, അലവലാതി, പരട്ടക്കുട്ടി, കാവി ക്രിസ്ത്യാനി ഇതാണൂ നമുക്ക്‌ മനസ്സിലാകാത്തത്‌?

സിന്ധു ജോയിക്കു മുന്‍പ്‌ ഇടതുകാര്‍ കൊണ്ടാടിയ ജയാ ഡാലി എന്നു പറയുന്ന കസ്തൂര്‍ബാ ഗാന്ധിയെപോലെയുള്ള ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ പാര്‍ട്ടി വിട്ട്‌ കമ്യൂണിസ്റ്റായി

അവരെ ആരും ഒന്നും പറഞ്ഞില്ല അവരെ ഭീഷണീപെടുത്താനും പോയില്ല, എസ്‌ എം എസ്‌ അയച്ചതുമില്ല വഴിയില്‍ തടഞ്ഞതുമില്ല

ചോരവീണമണ്ണില്‍ നിന്നുയറ്‍ന്നു വന്ന പൂമരം എന്ന വിപ്ളവഗാനം എഴുതിയ അനില്‍ പനച്ചൂരാന്‍ സ്വന്തം സഹപാഠി എന്ന നിലയില്‍ ഒരു കോണ്‍ഗ്രസുകാരനു വോട്ട്‌ പിടിക്കാന്‍ പോയപ്പോള്‍ പനച്ചൂരാനു ഫോണിലൂടെ തെറിയുടെ പൊടിപൂരം

റെയില്‍ വേ സ്റ്റേഷനില്‍ വോട്ട്‌ ചോദിക്കാന്‍ വന്ന മന്ത്രി പുംഗവനെ കണ്ടപ്പോള്‍ എഴുനേറ്റില്ല എന്നും ഞാന്‍ ഒരു കോണ്‍ഗ്രസുകാരന്‍ ആണു എന്നു പറഞ്ഞതിനും ഒരു പാവപ്പെട്ടവനെ എടുത്തിട്ടടിച്ചു

ഇതാണു ഇടതും കോണ്‍ ഗ്രസും തമ്മില്‍ ഉള്ള വ്യത്യാസം , ഈ ഗുണ്ടകളുടെ കയ്യില്‍ കേരള ഭരണം ഒരിക്കല്‍ കൂടി കിട്ടിയാല്‍

ഹമ്മേ ഓര്‍ക്കാന്‍ തന്നെ വയ്യ

Radhakrishnan said...

ദത്തന്‍, അതിര് കവിഞ്ഞു അനുകൂലിക്കരുത്‌. അച്ചുമാമന്‍ പലപ്പോഴും എല്ലില്ലാത്ത നാക്കുകൊണ്ടാണ് സംസാരിക്കുന്നത്. LDF അധികാരത്തില്‍ വരുമ്പോള്‍ ചില IAS ഉദ്യോഗസ്ഥന്മാരെ 'ചെവിക്കുറ്റിക്കടിച്ചു' സെക്രട്ടെരിയട്ടില്‍ നിന്നും പുറത്താക്കുമെന്ന് അച്യുതാനന്ദന്‍ പണ്ടു പ്രഖ്യാപിച്ചത് ഓര്‍മയുണ്ടോ? ഏതായാലും അധികാരത്തില്‍ വന്ന ശേഷം അദ്ദേഹം വാക്ക് പാലിക്കാന്‍ ശ്രമിക്കാതിരുന്നത് നന്നായി എന്നേ പറയാനുള്ളൂ.[ ഇപ്പോള്‍ ഐസ്ക്രീം കേസില്‍ അദ്ദേഹത്തിന്റെ ഇഷ്ടത്തിനോത്‌ പ്രവര്‍ത്തിക്കാത്ത ചില IPS/IAS ഉദ്യോഗസ്ഥരെ പുറത്താക്കാന്‍(ചെവിക്കുറ്റി പ്രയോഗം നടത്താതെ തന്നെ) ശ്രമിച്ചപ്പോള്‍ നിയമം അതിനു തടസ്സമായിപ്പോയതായി കേള്‍ക്കുന്നു.] ഇലക്ഷന്‍ പ്രചാരണ യോഗത്തില്‍ പ്രസങ്ങിച്ചപ്പോള്‍ 'ഇപ്പോള്‍ ചിലര്‍ക്ക് ഭാര്യമാര്‍ മാത്രം പോരാ എന്നായിരിക്കുന്നു' എന്നദ്ദേഹം പ്രസങ്ങിച്ചത് കേട്ടു. ഭാര്യമാര്‍ പുരുഷന്മാരുടെ ഒരു ഉപഭോഗ ഉപകരണമാണ് എന്നാണ് അദ്ദേഹം ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നുന്നു.
വാക്കുകളുടെ അര്‍ത്ഥം അവയുടെ പ്രയോഗത്തിന്റെയും സന്ദര്‍ഭത്തിന്റെയും അനുസരിച്ചായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സിന്ധു ജോയിയെയും ലതിക സുഭാഷിനെയും പറ്റിയുള്ള അച്യുതാനന്ദന്റെ പരാമര്‍ശങ്ങള്‍ തരം താന്നതല്ലെന്നു ശബ്ദതാരാവലിയോ, വ്യാകരന്നപുസ്തകങ്ങലോ, കുഞ്ചന്‍ നമ്പ്യാരെയോ ഉദ്ധരിച്ചു വാദിച്ചാല്‍ അത് മലയാളിയുടെ സാമാന്യ ബുദ്ധിയെ അവഹേളിക്കുകയായിരിക്കും. അത്തരം കസര്‍ത്തുകള്‍ കൊണ്ടു ഒരു പക്ഷെ നിയമത്തിന്റെ മുന്‍പില്‍ രക്ഷപെടാന്‍ സാധിച്ചേക്കാം (ജയരാജന്‍, സുധാകരന്‍...). പക്ഷെ ജനങ്ങളുടെ മുന്‍പില്‍ അത് വിലപ്പോകയില്ല.