Total Pageviews

Saturday, March 12, 2011

വി.എസ്സും ബുദ്ധദേവും



ഒരു പന്തിയില്‍ രണ്ടു വിളമ്പ് എന്നു കേട്ടിട്ടേ ഉള്ളൂ.സി.പി.എം.കേന്ദ്രകമ്മിറ്റി അതു കാണിച്ചു തന്നു.
കേന്ദ്ര കമ്മിറ്റി തീരുമാനം വിശദീകരിച്ചു കൊണ്ട് സ.പ്രകാശ് കാരാട്ട് പറഞ്ഞത് ബംഗാളിലെ തെരഞ്ഞെടുപ്പില്‍ ബുദ്ധദേവ് പാര്‍ട്ടിയെ നയിക്കും;കേരളത്തില്‍ ആരു നയിക്കും എന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിക്കും എന്നാണ്.പ്രാദേശിക,ജാതി രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പോലും പറയാത്ത വിചിത്രമായ തീരുമാനമാണ് ഒരു കമ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറി ഉരുവിട്ടത്.കേരളത്തിലെ പാര്‍ട്ടി ഘടകം കേന്ദ്രകമ്മിറ്റിയ്ക്കും പോളിറ്റ് ബ്യൂറോയ്ക്കും ഒക്കെ മുകളിലാണോ?ബംഗാളില്‍ മുഖ്യമന്ത്രി ബുദ്ധദേവ് തന്നെ തെരഞ്ഞെടുപ്പ് യുദ്ധം നയിക്കട്ടെ എന്നു തീരുമാനിച്ചപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി നയിക്കണമെന്നോ വേണ്ടെന്നോ തീരുമാനിക്കാതെ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തിയതില്‍ നിന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നത് അതാണ്.സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം എടുപ്പിക്കാന്‍, ജനിതക വിത്തിന്റെ വ്യക്താവായ പി.ബി.അംഗത്തെയും കൂട്ടി കേരളത്തില്‍ എത്തിയ ദേശീയ സെക്രട്ടറി, ഉറിപോലെ തിരികെ പോയതോടെ കേന്ദ്ര നേതൃത്വത്തിന്റെ "ശക്തി" ശരിക്കും ബോദ്ധ്യമായിട്ടുണ്ട്.

വി.എസ്.ഇനിയും മത്സരിക്കുമോ എന്ന് വലിയ ഒരു വിഭാഗം ജനങ്ങള്‍ ആകാംക്ഷപ്പെടുന്നുണ്ട്.അ
ദ്ദേഹത്തിന് ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്നു വിശ്വസിക്കുന്ന അവരില്‍ പലരും ഒരു പാര്‍ട്ടിയിലും പെട്ടവരല്ല.അതുകൊണ്ടുതന്നെ അവരുടെ ആഗ്രഹത്തിന് അനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ബാദ്ധ്യതയുമില്ല.പക്ഷേ ബുദ്ധദേവിന് ഒരു നീതിയും അച്യുതാനന്ദന് മറ്റൊരു നീതിയും എന്തുകൊണ്ടെന്നു പാര്‍ട്ടി അണികളോടെങ്കിലും
വിശദീകരിക്കേണ്ട ചുമതല സി.പി.എമ്മിനുണ്ട്.

സംസ്ഥാന കമ്മിറ്റി തീരുമാനിക്കും എന്നൊക്കെ ആധികാരികമായി പറഞ്ഞ ദേശീയ സെക്രട്ടറിയെ,"താന്‍ ആരു കൂവാ അങ്ങനെ ഞങ്ങളോടു കല്പ്പിക്കാന്‍" എന്ന് പറയാതെ പറഞ്ഞ് നോക്കു കുത്തിയാക്കി ഇരുത്തി അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ഒഴികെ സൂര്യനു കീഴെയുള്ള സകലതിനെ കുറിച്ചും ചര്‍ച്ചിച്ച് പിരിയുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്.വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം രണ്ടു ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാത്തത് വലിയ വാര്‍ത്തയാക്കി സംസ്ഥാനത്തെ സൂപ്പര്‍ നേതാക്കള്‍ ആഘോഷിക്കുകയാണ്.വി.എസ്സിനെയല്ല സ്വന്തം ദേശീയ സെക്രട്ടറിയെ ആണ് യഥാര്‍ത്ഥത്തില്‍ തങ്ങള്‍ അപമാനിച്ചത് എന്ന് ഈ ആഘോഷ കമ്മിറ്റി മനസ്സിലാക്കുന്നില്ല.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റിയും മറ്റും ബന്ധപ്പെട്ടവര്‍ വിശദമാക്കും എന്ന്,മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി വി.എസ് പറഞ്ഞത്, അദ്ദേഹത്തിനു പാര്‍ട്ടിക്കര്യങ്ങളില്‍ വിവരമില്ലാഞ്ഞിട്ടാ
ണെന്നും ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരന്‍ അങ്ങനെ പറയില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞതോടെ കാര്യങ്ങളുടെ കിടപ്പ് ഏകദേശം തെളിഞ്ഞു വരുന്നുണ്ട്.സാന്റിയാഗോ മാര്‍ട്ടിനെ പ്പോലുള്ള ഒരു ലോട്ടറി മാഫിയായുടെ കൈയ്യില്‍ നിന്നും ദേശാഭിനിക്കാണെന്നും പറഞ്ഞ് രണ്ടു കോടി കൈപ്പറ്റുന്നതും "പെണറായി" ആണു പ്രസ്ഥാനം എന്ന് ഉളുപ്പില്ലാതെ വാഴ്ത്തിപ്പാടുന്നതും ആണു കമ്യൂണിസമെന്ന് പാവം പഴയ നേതാവിനു പിടികിട്ടിയിട്ടുണ്ടാകില്ല.

മകന്‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ ദു:ഖം കണ്ടാല്‍ മതിയെന്ന മനോഭാവമാണ് അല്പബുദ്ധികളായ നേതൃശുംഭന്മാരെ ഭരിക്കുന്നത് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.അഞ്ചു വര്‍ഷക്കാലവും
ഭരിക്കാന്‍ സമ്മതിക്കാതെ അച്ചടക്കത്തിന്റെ വാളോങ്ങിയും അപവദിച്ചും അപമാനിച്ചും കുറ്റം കണ്ടുപിടിച്ചും മാത്രം 'സഹായിച്ച' പാര്‍ട്ടി നേതൃത്വത്തിനെ നന്നായി മനസ്സിലാക്കിയ അവസ്ഥയില്‍, നിര്‍ബ്ബന്ധിച്ചാല്‍ പോലും മത്സരിയ്ക്കാന്‍ തയ്യാറാകാതിരിക്കുന്നതാണ് വി.എസ്സിനെ സംബന്ധിച്ച് അഭിലഷണീയം.സ്വരം നല്ലപ്പഴേ പാട്ടു നിര്‍ത്തുകയാണു ബുദ്ധി.എവിടെ നിന്നാലും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്പിക്കുമെന്ന് ഉറപ്പുള്ള സ്ഥിതിയ്ക്ക് വിശേഷിച്ചും.അല്ലെങ്കില്‍ തന്നെ ത്യാഗ ധനരായ പഴയ കമ്യൂണിസ്റ്റു നേതാക്കളേക്കാള്‍ ബാലകൃഷ്ണ പിള്ളമാരെയും കുഞ്ഞാലിക്കുട്ടിമാരെയും സാന്തിയാഗോ മാര്‍ട്ടിന്മാരെയും മാതൃകയാക്കി കഴിഞ്ഞവര്‍ നയിക്കുന്നിടത്ത് വി.എസ്സിന് എന്തു കാര്യം?



Fans on the page

7 comments:

dethan said...

"ബംഗാളില്‍ ബുദ്ധദേവ് നയിക്കും.കേരളത്തില്‍ ആരു നയിക്കും എന്നു സംസ്ഥാനകമ്മിറ്റി തീരുമാനിക്കും" എന്ന് പ്രകാശ് കാരാട്ട്.

ഇതെന്തൊരു പാര്‍ട്ടി സഖാവേ?

-ദത്തന്‍

Vinu said...

ഇടമലയാറിനു ശേഷം പാമോലിനും ലാവ്‌ലിനും ഐസ്ക്രീം പാര്‍ലറുമൊക്കെ വീണ്ടും പത്രവാര്‍ത്തയാകുമ്പോള്‍ വി.എസ് മത്സരിക്കണോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിനു സംശയമുണ്ടാവുന്നത് സ്വാഭാവികം തന്നെ. ഇടതും വലതും ഉള്‍പ്പെട്ട കേരളത്തിലെ വിശാല അഴിമതി മുന്നണിക്കാര്‍ക്ക് ഇപ്പോള്‍ മുഖ്യശത്രു വി.എസ് ആണല്ലൊ.

dethan said...

വിനു,
"ഇടതും വലതും ഉള്‍പ്പെട്ട കേരളത്തിലെ വിശാല അഴിമതി മുന്നണിക്കാര്‍ക്ക് ഇപ്പോള്‍ മുഖ്യശത്രു വി.എസ് ആണല്ലൊ." വാസ്തവം.ഇപ്പോള്‍ മാത്രമല്ല എപ്പോഴും.

kaalidaasan said...

ദത്തന്‍,

വി എസ് മത്സരിക്കാതിരിക്കുക എന്നത് ഇപ്പോള്‍ പലരുടെയും ആവശ്യമാണ്.

യു ഡി എഫിന്റെ ആവശ്യം മനസിലാക്കാന്‍ പ്രയാസമില്ല. പക്ഷെ ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കാണണം എന്ന ചില ശകുനികളുടെ നിലപാടാണു മനസിലാക്കാന്‍ പ്രയാസം.

പ്രകാശ് കാരാട്ട് എന്ന പാര്‍ട്ടി സെക്രട്ടറിയുടെ കഴിവു കേടാണിതിനൊക്കെ കാരണം.

sarada said...

ദത്തന്‍,

സഖാക്കള്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ കഴിഞ്ഞ തവണത്തെപ്പോലെ ഒരു ബഹുജനമുന്നേറ്റമുണ്ടാവുകയും അതിന്റെ തിരത്തള്ളലില്‍പ്പെട്ടു രക്ഷയില്ലാതെ വീയെസിനെ വീന്‍ഡും സ്ഥാനാര്‍ത്ഥിയാക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുകയും,വീയെസ്‌ വീണ്ടും വന്‍പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചു കരുത്തനായ മുഖ്യമന്ത്രിയായി ഈപ്പീ ജയരാജന്മാരെ വിലപ്പെട്ട ഒരു പാഠം പഠിപ്പിക്കുകയും...ഇതൊക്കെയാണു എന്റെ സ്വപ്നം. ഈ സ്വപ്നം കാണുന്നവര്‍ വേറെയും ഉണ്ടാവുമെന്നു തന്നെ ഞാന്‍ കരുതുന്നു

dethan said...

കാളിദാസന്‍,
വി.എസ്.മത്സരിക്കാതിരിക്കേണ്ടത് യു.ഡി.എഫിന്റെ മാത്രം ആവശ്യമല്ലെന്ന് ദിവസം പ്രതി വെളിവായി
കൊണ്ടിരിക്കുകയല്ലേ?മുകളിലെ കമന്റില്‍ വിനു സൂചീപ്പിച്ചതു പോലെ കേരളത്തിലെ "അതിവിശാല അഴിമതി മുന്നണിക്കാരുടെ മുഖ്യശത്രു വി.എസ്" ആണ്.പൊതു മുതല്‍ കള്ളനും പെണ്ണുപിടിയനും വര്‍ഗ്ഗീയ വാദിയും എല്ലാം കക്ഷി ഭേദമെന്യേ അദ്ദേഹത്തിനെതിരേ തിരിയുക സ്വാഭാവികം.

പ്രകാശ് കാരാട്ടിന് പണ്ടേ ജയവിജയന്മാരെ പേടിയാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്!
കേന്ദ്ര നേതൃത്വം എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ വേണം!!

dethan said...

ശാരദ,
"സ്വപ്നം ചിലര്‍ക്കു ചില കാലമൊത്തിടാം."എന്ന് ഭാഗവതത്തില്‍ പറയുന്നുണ്ട്.പക്ഷേ ഈ സ്വപ്നം ഫലിച്ചു
കാണാനുള്ള സാദ്ധ്യത വളരെ വിരളമാണ്.എന്തു വന്നാലും ശാരദ സൂചിപ്പിച്ച കഴിഞ്ഞ പ്രാവശ്യത്തെ 'അബദ്ധം' ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍ കരുതലും സഖാക്കള്‍ എടുത്തിട്ടുണ്ടെന്നാണ് ഇതുവരെയുള്ള പോക്കു കണ്ടിട്ട് തോന്നുന്നത്. ഒരു കുടക്കീഴില്‍ ഒന്നിച്ചിരിക്കുന്ന സാമൂഹിക വിരുദ്ധര്‍ ആരെയും വിലയ്ക്കെടുക്കാന്‍ പ്രാപ്തരാണ്.അവരില്‍ പ്രതിപക്ഷത്തുള്ളവര്‍ മാത്രമല്ല ഉള്ളത്.വീ.എസിന്റെ പോരാട്ടത്തിന്റെ ഫലമായി വീണു കിട്ടിയ അവസരം മുതലാക്കുന്നതിനു പകരം അദ്ദേഹത്തെ ഒതുക്കാനേ അവര്‍ നോക്കൂ.