Total Pageviews

Wednesday, February 16, 2011

യു.എന്നി ലെ കുഞ്ഞിത്തൊമ്മന്‍



വളരെ മുമ്പ് കേരള നിയമസഭയില്‍ കുഞ്ഞിത്തൊമ്മന്‍ എന്ന ഒരു സാമാജികന്‍ ഉണ്ടായിരുന്നു.
എങ്ങനെയോ ജയിച്ച് എം.എല്‍.എ ആയ ഒരു മാന്യന്‍.ഒരിക്കല്‍ തിരുവനന്തപുരം മൃഗശാലയില്‍ പുതിയതായി രണ്ടു കാണ്ഡാമൃഗങ്ങളെ കൊണ്ടുവരുന്നതു സംബന്ധിച്ച് വകുപ്പു മന്ത്രി പ്രസ്താവന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കുഞ്ഞിത്തൊമ്മന്‍ ഉറങ്ങിപ്പോയി.അടുത്തിരുന്ന ഫലിതപ്രിയനും പ്രസംഗ ചതുരനുമായ ജോസഫ് ചാഴിക്കാടന്‍ കുഞ്ഞിത്തൊമ്മനെ കുത്തിയുണര്‍ത്തി പറഞ്ഞു:
"കുഞ്ഞിത്തൊമ്മാ നിങ്ങടെ സഭയ്ക്കു കൂടി ഒരെണ്ണം വേണമെന്നു പറ. ഇപ്പോള്‍ ചോദിച്ചാല്‍ ഒരെണ്ണം കിട്ടും".എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്നറിയാതെ, ഉറക്കച്ചടവില്‍ കുഞ്ഞിത്തൊമ്മന്‍ ചാടി എഴുന്നേറ്റ് "ഞങ്ങളുടെ സഭയ്ക്കും കൂടി ഒരെണ്ണം വേണം" എന്ന് ആവശ്യപ്പെട്ടു.

കുഞ്ഞിത്തൊമ്മന്റെ ഉറക്കം കുസൃതിക്കാരനായ ചാഴിക്കാടന്‍ മുതലാക്കിയതിനാല്‍ ഉടലെടുത്തതാണ് നിയമ സഭയിലെ ഈ ഹാസ്യ രംഗം.എങ്കിലും ഉത്തരവാദിത്വം മറന്ന് ഉറങ്ങിയ ഒരു സാമാജികനും അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും ഇതു മൂലം നാണക്കേട് ഉണ്ടായി എന്നത് നേരാണ്.

കഴിഞ്ഞ ഒരു ദിവസം യു.എന്‍.അസംബ്ലിയില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ കെട്ടിയ കോമാളി വേഷം ഇതിനേക്കാള്‍ എത്രയോ നാണം കെട്ടതായിരുന്നു?ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ വിദേശകാര്യമന്ത്രി പോര്‍ച്ചുഗീസ് മന്ത്രി വായിച്ചുപേക്ഷിച്ചു പോയ പ്രസംഗം എടുത്ത് വായിക്കുക!ഇതില്‍ പരം അപമാനം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനു വരാനുണ്ടോ?
ലോക ദൃഷ്ടിയില്‍ സ്വന്തം രാജ്യത്തെ പരിഹാസ്യമാക്കിയ ഈ പോക്കണം കേടു കാണിച്ചിട്ട് അതിനെ ന്യായീകരിക്കുകയാണ് ഈ ഭരണധുരന്ധുരന്‍ ചെയ്തത്.പോര്‍ച്ചുഗീസ് പ്രതിനിധി പ്രസംഗിച്ചപ്പോള്‍ ഇദ്ദേഹം കുഞ്ഞിത്തൊമ്മനെ പോലെ ഉറങ്ങുകയായിരുന്നിരിക്കണം.അല്ലെങ്കില്‍ പോര്‍ച്ചുഗീസ് പ്രസംഗത്തിന്റെ ഏതാനും വരികള്‍ വായിച്ചപ്പോഴെങ്കിലും തിരിച്ചറിയുമായിരുന്നു.

വീറ്റോ പവര്‍ ഉള്ള വന്‍ കിട രാഷ്ട്രങ്ങള്‍ പോലും ഭയഭക്തി ബഹുമാനങ്ങളോടെയായിരുന്നു യു.എന്‍.
അസംബ്ലിയില്‍ ഇന്ത്യയുടെ ശബ്ദം ശ്രവിച്ചിരുന്നത്.വി.കെ.കൃഷ്ണമേനോനെ പോലുള്ളവര്‍ ആണ് അത്തരം അഭിമാനാര്‍ഹമായ സ്ഥാനം നമുക്കു നേടിത്തന്നത്.അതിപ്രഗത്ഭനായ അദ്ദേഹം ഇരുന്ന കസേരയിലാണല്ലോ ഇത്തരം സുന്ദരവിഡ്ഢികള്‍ അവരോധിതരായിരിക്കുന്നത്!മണിക്കൂറുകള്‍ നീണ്ട
പ്രസംഗത്തിനിടയില്‍ തളര്‍ന്നു വീണ വി.കെ.കൃഷ്ണമേനോന്‍,ബോധം തെളിഞ്ഞപ്പോള്‍ മുറിഞ്ഞുപോയ വാചകം പൂര്‍ത്തിയാക്കിക്കൊണ്ടാണ് പിന്നീട് തുടര്‍ന്നത് എന്നാണ് കേട്ടിട്ടുള്ളത്.അത്രയ്ക്ക് ജാഗരൂകവും ഊര്‍ജ്ജസ്വലവും ആയ വ്യക്തിത്വങ്ങളുടെ പിന്‍ഗാമികളായി ഇങ്ങനെയുള്ള കൊഞ്ഞാണന്മാരെ പറഞ്ഞു വിടുന്നതിനു മുമ്പ് ബന്ധപ്പെട്ടവര്‍ നൂറു വട്ടം ആലോചിക്കേണ്ടിയിരിക്കുന്നു.

ഡോ.ബിനായക് സെന്നിനെപ്പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരല്ല;കൃഷ്ണയെപ്പോലുള്ള മണ്ണുണ്ണികളാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍.മന്ത്രിപ്പണിക്ക് വാങ്ങിയ തുക മുഴുവന്‍ ഇദ്ദേഹത്തിനെ ക്കൊണ്ട് തിരിച്ചടപ്പിച്ച് ,മുക്കാലിയില്‍ കെട്ടി ചാട്ടവാറു കൊണ്ടടിച്ച് നാടുകടത്തുകയാണ് വേണ്ടത്.







Fans on the page

3 comments:

dethan said...

യു.എന്‍.അസംബ്ലിയില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ കെട്ടിയ കോമാളി വേഷം എത്ര നാണം കെട്ടതായിരുന്നു?ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ വിദേശകാര്യമന്ത്രി പോര്‍ച്ചുഗീസ് മന്ത്രി വായിച്ചുപേക്ഷിച്ചു പോയ പ്രസംഗം എടുത്ത് വായിക്കുക!ഇതില്‍ പരം അപമാനം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനു വരാനുണ്ടോ?

sarada said...

ദത്തന്‍,

മന്മോഹന്‍ മന്ത്രിസഭയിലെ ഒരു മന്ത്രിയില്‍ നിന്നു ഇത്രയല്ലയേ ഉണ്ടായുള്ളൂ എന്നേ എനിക്കു ചിന്തിക്കാന്‍ കഴിയുന്നുള്ളൂ.സ്പെക്റ്റ്രമും കോമണ്വ്വെല്‍ത്തും മറ്റും മറ്റും കൊണ്ടു മുഖമേ ഇല്ലതായ ഒരു രാജ്യത്തിനു എന്തഭിമാനമിരിക്കുന്നു നഷ്ടപ്പെടാന്‍?

വി.കെ.കൃഷ്ണമേനൊന്റെ ഇന്ത്യ എന്നേ വിസ്മൃതിയിലായി.അതോര്‍ക്കാന്‍ ഒരു അവസരമായി എന്നു മാത്രം!

ഏതായാലും ശശി തരുര്‍ ഹാപ്പി ആയിക്കാണും! ഇതു നമ്മുടെ ആന്റണിക്കു പറ്റിയില്ലല്ലോ എന്നാശ്വസിക്കാം

dethan said...

ശാരദേ,
അഴിമതിയും ഉത്തരവാദിത്തമില്ലായ്മയും വ്യത്യസ്തമാണ്.പക്ഷേ മന്‍മോഹന്‍ മന്ത്രി സഭയിലെ ഒരംഗത്തില്‍
നിന്ന് ഇത്തരം ഒരു വിഡ്ഢിത്തം ഉണ്ടായതില്‍ അത്ഭുതപ്പെടാനില്ല എന്നു പറഞ്ഞത് ശരി.ബ്രിട്ടനില്‍ ചെന്ന്
ഇന്ത്യ പുരോഗമിച്ചത് ഇംഗ്ലീഷുകാര്‍ നമ്മെ ഭരിച്ചതു കൊണ്ടാണെന്നു പ്രസംഗിച്ച ആളാണല്ലോ മന്‍മോഹന്‍ജി.
ഇപ്പോള്‍ എല്ലാ സംശയങ്ങള്‍ക്കും ഒബാമ അപ്പച്ചനെ ആശ്രയിക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവം കൃഷ്ണയെ അറിയാതെ സ്വാധീനിച്ചതുമാകാം.പോര്‍ച്ചുഗലും നമ്മുടെ ഒരു പഴയ ജന്മി ആയിരുന്നല്ലോ.

ശശി തരൂര്‍ എങ്ങനാ ഹാപ്പിയാകുന്നെ?
പുള്ളിക്കാരന്റെ പേരില്‍ അടുത്ത 13.5 ലക്ഷത്തിന്റെ വിയര്‍പ്പിന്റെ
വില പറ്റിയ കേസ് വന്നില്ലേ?